ഷില്‍ജി ഷാജി: ഇന്ത്യന്‍ ടീമിന്റെ ഗോള്‍ മെഷീന്‍
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌ക്കാരം നേടിയ കക്കയംകാരി ഷില്‍ജി ഷാജിയുടെ വിശേഷങ്ങള്‍
കുഞ്ഞാറ്റ… വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും ഷില്‍ജിയെ വിളിക്കുന്നത് അങ്ങനെയാണ്. പേരില്‍ കുഞ്ഞാണെങ്കിലും ഫുട്‌ബോള്‍ കളിക്കളത്തില്‍ ഇമ്മിണി വല്ല്യ ആളാണ് ഷില്‍ജി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച യുവ വനിതാ താരത്തിനുള്ള പുരസ്‌ക്കാരം നേടിയ മിടുക്കിയാണ് പതിനാറുകാരിയായ ഷില്‍ജി. കക്കയം സെന്റ് സെബാസ്റ്റിയന്‍ ഇടവക നീര്‍വിഴാകം ഷാജി ജോസഫ്-എല്‍സി ദമ്പതികളുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ്.
എതിരാളികളെ തറപ്പറ്റിക്കുന്ന ശരവേഗ നീക്കങ്ങള്‍ക്കൊണ്ട് ഫുട്‌ബോള്‍ ഗ്യാലറിയിലെ കളിയാസ്വാദകരുടെ കയ്യടി നേടിയ പ്രതിഭയാണ് ഷില്‍ജിയുടെ പിതാവ് ഷാജി. വീട്ടില്‍ നിന്ന് വിളിപ്പാടകലെയുള്ള കക്കയം പഞ്ചവടി ഗ്രൗണ്ടില്‍ ദിവസേന വൈകുന്നേരം കളിക്കാന്‍ പോകുമ്പോള്‍ ഷില്‍ജിയേയും തോളത്തിരുത്തി കൊണ്ടുപോകും. പിതാവിനും കൂട്ടുകാര്‍ക്കും ഔട്ട് ബോളുകള്‍ പെറുക്കികൊടുത്തിരുന്ന ഷില്‍ജി ചെറുപ്രായത്തിലേ ഗോള്‍വലയിലേക്ക് ഗോളുകള്‍ അടിച്ചു കൂട്ടുന്ന മിന്നും താരമായി. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ അയല്‍പക്കങ്ങളിലെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കൊപ്പം കളത്തിലിറങ്ങി.
കല്ലാനോട് സെന്റ് മേരീസ് സ്‌കൂളിലാണ് ഷില്‍ജി ഏഴാം ക്ലാസ് വരെ പഠിച്ചത്. അക്കാലത്ത് അത്‌ലറ്റിക്‌സില്‍ സബ് ജില്ലാ ചാമ്പ്യനായിരുന്നു. 5-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ടീമിന്റെ ഭാഗമായി. കളിക്കളത്തിലെ ചലന വേഗതയും ഒതുക്കവും കണ്ടറിഞ്ഞ കോച്ച് ബാബു സാറിനും സ്‌കൂള്‍ കായിക അധ്യാപിക സിനി ടീച്ചര്‍ക്കും ഷില്‍ജിയില്‍ അസാമാന്യ കഴിവുണ്ടെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുക്കേണ്ടി വന്നില്ല. ഷില്‍ജി ഉള്‍പ്പെടെ സ്‌കൂള്‍ ടീം അക്കൊല്ലം ജില്ലാ ചാമ്പ്യന്മാരും സംസ്ഥാന ചാമ്പ്യന്മാരുമായി. കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ നടന്ന സുബ്രതോ കപ്പില്‍ പങ്കെടുത്തു.
കാല്‍പന്ത് കളിയുടെ മന്ത്രവും മര്‍മ്മവും പയറ്റിതെളിഞ്ഞാണ് ഷില്‍ജി 13-ാം വയസില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് എത്തുന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ച് പി. വി. പ്രിയയുടെ കീഴില്‍ പരിശീലനം ആരംഭിച്ച ഷില്‍ജി പൈനാല്‍റ്റി കിക്കിന്റെ വേഗതയോടെ സ്വപ്‌ന തുല്യമായ നേട്ടങ്ങളിലേക്ക് ഓടിക്കയറുകയാണ്. അണ്ടര്‍ 17 കേരള ടീമില്‍ സെലക്ഷന്‍ കിട്ടുമ്പോള്‍ പ്രായം വെറും 15. 520 പേരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 23 പേര്‍. ആസാമില്‍ നടന്ന നാഷണല്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍ പെരുമഴ പെയിച്ചാണ് ഷില്‍ജി മടങ്ങിയത്. പഞ്ചാബിനെതിരെ കേരളം നേടിയ ആറില്‍ അഞ്ചു ഗോളും ഷില്‍ജിയുടേതായിരുന്നു. മധ്യപ്രദേശിനെതിരെ നാലും ലഡാക്കിനെതിരെ മൂന്നും ഗോളുകള്‍ നേടി.
2023 ജനുവരിയില്‍ ഷില്‍ജി ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് മൂന്നു പേര്‍ മാത്രം. ജോര്‍ദാന് എതിരെയുള്ള യോഗ്യതാ മത്സരത്തില്‍ ഇന്ത്യ നേടിയ 11 ഗോളില്‍ എട്ടും മലയോര കുടിയേറ്റ ഗ്രാമത്തിന്റെ ചുണക്കുട്ടിയുടേതായിരുന്നു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം റണ്ണര്‍ അപ്പായി. ഷില്‍ജി ടോപ്പ് സ്‌കോററായി. ഗോള്‍ഡന്‍ ബൂട്ട് ഷില്‍ജിക്ക് സ്വന്തം. ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടിയെങ്കിലും കടുത്ത ന്യുമോണിയ കാരണം ആദ്യ റൗണ്ടില്‍ കളിക്കാനായില്ല. രണ്ടാം റൗണ്ടില്‍ ഇറാനെ 3 ഗോളിന് പൂട്ടിക്കെട്ടി ഇന്ത്യ വിജിയച്ചു. കേരളത്തിലെ മികച്ച വനിതാതാരമായി ഷില്‍ജി തിരഞ്ഞെടുക്കപ്പെട്ടു.
ശരവേഗത്തില്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞടുക്കാനുള്ള വൈഭവമാണ് ഫോര്‍വേഡ് പൊസിഷനില്‍ കളിക്കുന്ന ഷില്‍ജിയുടെ പ്രത്യേകത. കിട്ടിയ അവസരങ്ങളും നേടിയ അംഗീകാരങ്ങളും പോലെ കപ്പിനും ചുണ്ടും ഇടയില്‍ നഷ്ടമായതിനെക്കുറിച്ചും ഷില്‍ജിക്ക് പറയാനുണ്ട് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഗോഗുലം എഫ്‌സിയുടെ ഭാഗമായി വുമന്‍സി ലീഗില്‍ കളിക്കാന്‍ സെലക്ഷന്‍ ലഭിച്ചെങ്കിലും പ്രായമായില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ ഉസ്ബക്കിസ്ഥാനില്‍ പോയെങ്കിലും ഇന്ത്യന്‍ ടീമിന് കളിക്കാതെ തിരിച്ചു വരേണ്ടി വന്നു.
2022 ല്‍ ലോകകപ്പ് നടക്കുന്ന സമയം. സകലമാന നാട്ടിലും താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. അന്ന് കക്കയംകാര്‍ ഒരു തീരുമാനമെടുത്തു. കക്കയത്ത് ആരുടെയും കട്ടൗട്ട് വേണ്ട പകരം ഷില്‍ജിയുടെ കട്ടൗട്ട് സ്ഥാപിച്ചു. അതാണ് നാട്ടുകാര്‍ക്ക് ഷില്‍ജി. അവരുടെ സ്വന്തം കുഞ്ഞാറ്റ. പിതാവും മാതാവും ചേച്ചിയും വല്ല്യമച്ചിയും അടങ്ങുന്നതാണ് ഷില്‍ജിയുടെ കുടുംബം. ചേച്ചി ഷില്‍ന ആന്ധ്രാപ്രദേശില്‍ നഴ്‌സിങ് പഠിക്കുന്നു. കുടുംബവും നാട്ടുകാരും നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ഷില്‍ജി പറയുന്നു. ഒപ്പം ദൈവാനുഗ്രഹവും. എവിടെ പോയാലും ബൈബിള്‍ ബാഗഗില്‍ കാണും. എന്നും വായിക്കും. കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചിട്ടേ മത്സരത്തിനിറങ്ങൂ. അതേ, With God I am Hero, Without God I am Zero പുഞ്ചിരിയോടെ കുഞ്ഞാറ്റ പറയുന്നു ജീവിത വിജയത്തിന്റെ ലളിതപാഠം.