Vatican News

പാപ്പയുടെ അപ്പസ്‌തോലിക് യാത്ര: അടയാളചിഹ്നങ്ങളും, ആദര്‍ശവചനങ്ങളും പ്രസിദ്ധീകരിച്ചു


ഈ വര്‍ഷം സെപ്തംബര്‍ മാസം 3 മുതല്‍ 13 വരെ ഫ്രാന്‍സിസ് പാപ്പാ നടത്തുന്ന അന്താരാഷ്ട്ര യാത്രകളുടെ അടയാളചിഹ്നങ്ങളും, ആദര്‍ശവചനങ്ങളും പ്രസിദ്ധീകരിച്ചു. ഇന്തോനേഷ്യ, പപ്പുവാ ന്യൂ ഗിനിയ, തിമോര്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങളിലേക്കാണ് പാപ്പാ അപ്പസ്‌തോലികയാത്ര നടത്തുന്നത്. വിശ്വാസത്തിന്റെ ഒരു അനുഭവമെന്നാണ് പാപ്പായുടെ ഈ യാത്രകളെ പൊതുവായി വിശേഷിപ്പിക്കുന്നത്.

ഇന്തോനേഷ്യ

സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് ഇന്തോനേഷ്യയില്‍ പാപ്പാ സന്ദര്‍ശനം നടത്തുന്നത്. ‘വിശ്വാസം, സാഹോദര്യം, അനുകമ്പ’ എന്നീ മൂന്നു വാക്കുകളാണ് ഇന്തോനേഷ്യയിലെ പാപ്പായുടെ സന്ദര്‍ശനത്തിനായുള്ള ആപ്തവാക്യം. പരമ്പരാഗത ‘ബാറ്റിക്’ തുണിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ച, ഇന്തോനേഷ്യയുടെ ദിവ്യചിത്രമായ സ്വര്‍ണ്ണഗരുഡനു മുന്‍പില്‍ കൈകളുയര്‍ത്തി നില്‍ക്കുന്ന പാപ്പായുടെ ചിത്രമാണ്, യാത്രയുടെ അടയാള ചിഹ്നം.

പപ്പുവാ ന്യൂ ഗിനിയ

സെപ്തംബര്‍ ആറു മുതല്‍ ഒന്‍പതുവരെ പപ്പുവാ ന്യൂ ഗിനിയയില്‍ പാപ്പാ സന്ദര്‍ശനം നടത്തും. ‘കര്‍ത്താവേ, പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ’ (ലൂക്കാ 11:1) എന്ന ശിഷ്യന്മാരുടെ അഭ്യര്‍ത്ഥനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ‘പ്രാര്‍ത്ഥിക്കുക’, എന്ന ആപ്തവാക്യമാണ് പാപ്പായുടെ യാത്രയില്‍ ഉള്‍ക്കൊള്ളിച്ചരിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയയുടെ സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും അനുസ്മരിപ്പിക്കുന്ന നിറങ്ങളില്‍ മധ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്ന കുരിശാണ് അടയാളചിഹ്നം. സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കുന്ന അതുല്യമായ ബലിയെ ഇത് പ്രതിനിധീകരിക്കുന്നു. ഒപ്പം പറുദീസയിലേക്കു കടക്കുന്ന ഒരു പക്ഷിയെയും ചിത്രീകരിച്ചിരിക്കുന്നു.

തിമോര്‍ ഈസ്റ്റ്

സെപ്റ്റംബര്‍ ഒന്‍പതിന് തിമോര്‍ ഈസ്റ്റില്‍ എത്തുന്ന പാപ്പാ തുടര്‍ന്ന് പതിനൊന്നാം തീയതി വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തും. തിമോര്‍ ജനതയ്ക്ക് ദൈവത്തില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണത്തെ സൂചിപ്പിക്കുന്ന രീതിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വദിക്കുന്ന ചിത്രമാണ് അടയാള ചിഹ്നത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭൂപടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിമോര്‍ ജനതയുടെ പാരമ്പര്യങ്ങള്‍ക്കനുസൃതമായി, സംസ്‌കാരധിഷ്ഠിതമായി വിശ്വാസം ജീവിക്കാനുള്ള ഉദ്‌ബോധനവും പ്രോത്സാഹനവുമാണ് ആപ്തവാക്യം.

സിംഗപ്പൂര്‍

സന്ദര്‍ശനത്തിന്റെ അവസാനഘട്ടം സിംഗപ്പൂരിലാണ് പൂര്‍ത്തിയാവുന്നത്. പതിനൊന്നു മുതല്‍ പതിമൂന്നുവരെയാണ് പാപ്പാ രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്. ഐക്യവും, പ്രത്യാശയുമെന്ന രണ്ടു വചനങ്ങളാണ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. സഭയിലും സമൂഹത്തിലുമുള്ള ഐക്യവും, ഈ മേഖലയിലെ ക്രിസ്ത്യാനികള്‍ക്ക്, പ്രത്യേകിച്ച് വിവേചനവും പീഡനവും അനുഭവിക്കുന്നവര്‍ക്ക് ഈ യാത്ര പ്രത്യാശയും പ്രദാനം ചെയ്യുന്നതാണ് ആപ്തവാക്യം. വത്തിക്കാന്റെയും, സിംഗപ്പൂരിന്റെയും പതാകയുടെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് അടയാളചിഹ്നം രൂപകല്പന ചെയ്തിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *