ആകാശ് ബഷീറിന്റെ നാമകരണത്തിനായി പ്രാര്‍ത്ഥനകളോടെ പാകിസ്ഥാന് ക്രൈസ്തവസമൂഹം
പാകിസ്താനിലെ യൂഹാനബാദ് സെന്റ് ജോണ്‍ കത്തോലിക്കാ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം തടഞ്ഞതിനെത്തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ആകാശ് ബഷീറിന്റെ നാമകരണത്തിനായി പാകിസ്ഥാനിലെ ക്രൈസ്തവസമൂഹം പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നു. പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ദൈവദാസനായ ആകാശ് ബഷീറിന്റെ കബറിടത്തിലേക്ക് ആയിരക്കണക്കിനാളുകളാണ് ദിനവും തീര്‍ത്ഥാടനത്തിനായി എത്തുന്നത്. കൊല്ലപ്പെടുമ്പോള്‍ 21 വയസുമാത്രമായിരുന്നു ആകാശിന്റെ പ്രായം.
1994 ജൂണ്‍ 22-ന് ഒരു ദരിദ്രകുടുംബത്തിലായിരുന്നു ആകാശിന്റെ ജനനം. ലാഹോറിലെ സലേഷ്യന്‍ സഭയുടെ നേതൃത്വത്തിലുള്ള ഡോണ്‍ ബോസ്കോ സാങ്കേതിക പഠനകേന്ദ്രത്തില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭീകരാക്രമണങ്ങളില്‍ നിന്നും ദേവാലയങ്ങളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ആകാശ്. ”ഞാന്‍ മരിച്ചാലും നിന്നെ ഞാന്‍ അകത്തേക്കു വിടില്ല” എന്നു പറഞ്ഞുകൊണ്ടാണ് തെഹ്രിക്-ഇ-താലിബാന് ചാവേറിനെ ആകാശ് തടഞ്ഞത്. ഉടന്‍ തന്നെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2015-ലെ വലിയ നോമ്പുകാലത്ത് നടന്ന ഈ ആക്രമണത്തില്‍ ആകാശ് ഉള്‍പ്പടെ 17 പേര് കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനം നടക്കുമ്പോള്‍ ആയിരത്തോളം പേര് പള്ളിയിലുണ്ടായിരുന്നു. ആകാശ് ചാവേറിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ വലിയ ദുരന്തമായേനെ.
2022 മാര്‍ച്ച് 15 ന്, അദ്ദേഹത്തിന്റെ ഏഴാം ചരമവാര്‍ഷികത്തില്‍, രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായുള്ള കാനോനിക്കല്‍ പ്രക്രിയയുടെ ആരംഭം കുറിച്ചു. ”വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും ത്യാഗത്തിന്റെയും ശക്തമായ സാക്ഷ്യമായി വര്‍ത്തിക്കുന്ന ദൈവദാസന്റെ ജീവിതം ഏവര്‍ക്കും ഒരു വലിയ മാതൃകയാണ്. വിശുദ്ധ ഡോണ്‍ ബോസ്കോ ആഗ്രഹിച്ചതുപോലെ സത്യസന്ധനായ പൗരനും, നല്ല ക്രിസ്ത്യാനിയുമായി ജീവിക്കാനുമുള്ള ആകാശിന്റെ ആഗ്രഹമാണ് ഇന്ന് അദ്ദേഹത്തെ അള്‍ത്താരയിലേക്ക് നയിക്കുന്നത്,” പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. പിയര്‍ലൂജി കാമറോണി പറഞ്ഞു.