ഒക്ടോബര്‍ 4: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി
അസീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്രവ്യാപാരിയായ പീറ്റര്‍ ബെര്‍ണാര്‍ഡിന്റെ മൂത്തമകനാണു വിശുദ്ധ ഫ്രാന്‍സിസ്. അമ്മ മകനെ പ്രസവിക്കാറായപ്പോള്‍ ഒരജ്ഞാത മനുഷ്യന് ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്ക് പോകുവാന്‍ ഉപദേശിച്ചു. അവള് അങ്ങനെ ചെയ്യുകയും ഫ്രാന്‍സിസ് ക്രിസ്തുവിനേപ്പോലെ കാലിത്തൊഴുത്തില്‍ ജനിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്.
ഫ്രാന്‍സിസ് ഫ്രഞ്ചും ലാറ്റിനും കൈവശമാക്കി. യുവമേളകളില്‍ അദ്ദേഹം യഥേഷ്ടം പങ്കെടുത്തിരുന്നു. പിതാവ് ദാനധര്‍മ്മം നിരുല്‍സാഹപ്പെടുത്തിയിരുന്നതിനാല്‍ ഫ്രാന്‍സിസ് ഭിക്ഷുക്കളെ അവഗണിക്കുകയായിരുന്നു; എങ്കിലും ദരിദ്രരോടുള്ള അനുകമ്പ അദ്ദേഹത്തില്‍ അന്തര്‍ലീനമായിക്കിടന്നു. ഒരിക്കല്‍ പിതാവിന്റെ കടയിലിരുന്ന് പട്ടുവസ്ത്രം വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഷ്ഠരോഗി സഹായം അഭ്യര്‍ത്ഥിച്ചു. ആദ്യം അത് നിഷേധിച്ചു. പിന്നീട് പെട്ടിയില്‍നിന്ന് ഒരുപിടി പണം വാരിയെടുത്ത് ഭിക്ഷുവിന്റെ കൈയില്‍ ഇട്ടുകൊടുത്തു. ഭിക്ഷുവിനെ ആശ്ളേഷിച്ചു. വഴി യാത്രകളിലും ഈ സംഭവം ആവര്‍ത്തിച്ചിട്ടുണ്ട്. ഭിക്ഷുവായ കുഷ്ഠരോഗിയെ ആശ്ലേഷിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചാലെന്നപോലെ ഒരനുഭവമാണുണ്ടായിരുന്നത്.
ലൗകായതികത്വവും ദൈവസ്നേഹവും കലര്‍ന്ന ആ ജീവിതത്തില്‍ കൂട്ടുകാരോടുകൂടെ ഉല്ലസിച്ചിരുന്ന ഒരു രാത്രി ഫ്രാന്‍സിസും ദൈവത്തിന്റെ സ്വരം കേട്ടു: ‘ആരെ സേവിക്കയാണുത്തമം. യജമാനനെയോ ദാസനേയോ?’ ‘യജമാനനെത്തന്നെ’ എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. ‘എന്നാല്‍ വീട്ടിലേയ്ക്കു മടങ്ങൂ. പിന്നീട് എന്തു ചെയ്യണമെന്ന് അവിടെ ചെല്ലുമ്പോള്‍ അറിയിക്കാം.’ അങ്ങനെ പുതിയ ജീവിതം ആരംഭിച്ചു.
അക്കാലത്ത് വിശുദ്ധ പീറ്റര്‍ ഡാമിയന്റെ ദേവാലയം കേടുവന്നുകിടക്കു ന്നതും താന്‍ അത് താങ്ങിയിരിക്കുന്നതും ഫ്രാന്‍സിസ് സ്വപ്നത്തില്‍ കണ്ടു. അദ്ദേഹം ഉടനെ വീട്ടില്‍നിന്ന് പണമെടുത്തു ദേവാലയം കേടുപോക്കി. പിതാവ് ഫ്രാന്‍സിസിനെ അടിച്ചു; മെത്രാനച്ചനോട് പരാതിപ്പെടുകയും ചെയ്തു. ഫ്രാന്‍സിസ് അരമനയില്‍ ചെന്ന് വിലപിടിച്ച തന്റെ വസ്ത്രങ്ങള്‍ അഴിച്ചുവച്ച് അവയും കുടുംബസ്വത്തിലുള്ള തന്റെ ഓഹരിയും പിതാവ് യഥേഷ്ടം ഉപയോഗിച്ചുകൊള്ളട്ടെ എന്ന രേഖപ്പെടുത്തി ഒരു രോമവസ്ത്രത്തോടെ തെരുവീഥിയിലേക്കിറങ്ങി.
ഫ്രാന്‍സിസു തന്നോടുതന്നെ പറഞ്ഞു: ‘ഇനിമേല്‍ ദൈവം മാത്രമേ എനിക്ക് പിതാവായിട്ടുള്ളൂ. എനിക്കിപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന് പരമാര്‍ത്ഥമായി വിളിക്കാം.’ ‘എന്റെ ദൈവമേ, എന്റെ സര്‍വസ്വമേ’ എന്ന തായി ജീവിതതത്വം.
തെരുവീഥിയിലേക്കിറങ്ങിയ ഫ്രാന്‍സിസിന് ശിഷ്യന്മാര് ധാരാളമുണ്ടായി. അങ്ങനെ ഫ്രാന്‍സിസ്ക്കന്‍ സഭ ആരംഭിച്ചു. ആറു പട്ടംവരെ അദ്ദേഹം സ്വീകരിച്ചു; എന്നാല്‍ പൗരോഹിത്യം സ്വീകരിക്കാന്‍ വിനയം അനുവദിച്ചില്ല.
കുമാരി ദാരിദ്ര്യവും ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം പ്രസിദ്ധമാണ്. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ’ എന്ന പ്രാര്‍ത്ഥന. സൂര്യകീര്‍ത്തനം മുതലായവ അനേകരെ സ്പര്‍ശിച്ചിട്ടുള്ള കൃതികളാണ്. സൂര്യചന്ദ്രനക്ഷത്രാദികളും സസ്യലതാദികളുമെല്ലാം ഫ്രാന്‍സിസിന് സഹോദരരാണ്; അവയും ദൈവത്തിന്റെ സൃഷ്ടികളല്ലേ?
മരണശയ്യയില്‍ ‘സൂര്യകീര്‍ത്തന’ത്തിന്റെ അന്തിമവാക്യം കൂട്ടിച്ചേര്‍ത്തു: ‘സഹോദരി മരണത്തെ പ്രതി കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ. എളിമയുടേയും ദാരിദ്ര്യത്തിന്റെയും മൂര്‍ത്തീകരണമായ ഫ്രാന്‍സിസ് നഗ്നമായി തറയില്‍ കിടന്ന് മരിക്കുകയാണ് ചെയ്തത്. മരിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് ക്രിസ്തു തന്റെ പഞ്ചക്ഷ തങ്ങള്‍ അദ്ദേഹത്തില്‍ പതിക്കുകയുണ്ടായി.
സ്റ്റാറ്റസ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ: