മലബാര്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്‍ഫാം
മലബാര്‍ മേഖലയില്‍ ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇന്‍ഫാം ദേശീയ ഭാരവാഹികള്‍. തലശ്ശേരി ബിഷപ്സ് ഹൗസില്‍ നടന്ന മലബാര്‍ റീജ്യണല്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിലാണ് ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, മലബാര്‍ റീജ്യണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ എന്നിവര്‍ കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചത്.
കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുമെന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും കര്‍ഷക കൂട്ടായ്മകള്‍ വഴി ആരംഭിക്കുമെന്നും ഇന്‍ഫാം ഭാരവാഹികള്‍ പറഞ്ഞു.
തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇന്‍ഫാം യൂണിറ്റുകള്‍ ആരംഭിക്കുവാനുള്ള സഹായം നല്‍കണമെന്ന് ബല്‍ത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ രൂപത ബിഷപ്പുമാരോട് ഇന്‍ഫാം ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.