ഈശോയുടെ പീഡാനുഭവ വഴികളിലെ ത്യാഗസ്മരണകള്‍ പുതുക്കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്കിയ എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം പ്രാര്‍ത്ഥനാ നിര്‍ഭരമായി സമാപിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നിന്നും രാത്രി പത്തിന് ആരംഭിച്ച തീര്‍ത്ഥയാത്ര മലബാറിന്റെ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രമായ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ രാവിലെ എട്ടു മണിയോടെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ പീഡാനുഭവ സന്ദേശം പങ്കുവച്ചു.
കര്‍ത്താവിന്റെ മുറിവുകളെക്കുറിച്ചുള്ള ധ്യാനം നമ്മെ സൗഖ്യപ്പെടുത്തുമെന്നും കുരിശിന്റെ വഴി ദൈവത്തിലേക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കുമെന്നും ഫാ. ജേക്കബ് അരീത്തറ പറഞ്ഞു. ‘സഹനങ്ങളുടെ അര്‍ത്ഥം കണ്ടെത്തി ദൈവത്തിന് നന്ദി പറയാന്‍ സാധിക്കണം. കുരിശിലെ സഹനം പ്രത്യാശയുടേതാണ്. സഹനങ്ങള്‍ ഏറുമ്പോള്‍ പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങണം. ക്രൈസ്തവ ജീവിതം വിശ്വാസത്തിന്റെ പ്രഘോഷണമാണ്. വിശ്വാസത്തിന്റെ ആഴത്തിലേക്ക് കടന്നുചെന്നാല്‍ മാത്രമേ പരസ്യമായി വിശ്വാസം പ്രഘോഷിക്കാന്‍ സാധിക്കൂ.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി.

നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏഴു വര്‍ഷമായി താമരശ്ശേരി രൂപത സംഘടിപ്പിച്ചുവരുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ വൈദികരും സന്യസ്തരും അല്മായരുമടക്കം നിരവധിപേരാണ് പങ്കുചേരുന്നത്. മരുതോങ്കര, വിലങ്ങാട് ഫൊറോനകളിലെ വിശ്വാസികളും അതത് ഇടവകകളില്‍ നിന്ന് കാല്‍നടയായി കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തി.
ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രത്യാശയുടെ വര്‍ഷം, താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി, മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വാര്‍ഷികം തുടങ്ങിയ സവിശേഷതകള്‍ ഒന്നിക്കുന്ന വര്‍ഷമാണെന്ന പ്രത്യേകതയും ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്.
കുളത്തുവയല്‍ തീര്‍ത്ഥാടന ചിത്രങ്ങള്‍:




















































































