സ്തുതി ഗീതങ്ങളാല്‍ മുഖരിതമായി ‘മാലാഖ കുഞ്ഞുങ്ങ’ളുടെ മെഗാ സംഗമം


താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം ‘ഏയ്ഞ്ചല്‍സ് മീറ്റ്’ പുല്ലൂരാംപാറ ബഥാനിയായില്‍ നടത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

ഈശോ സ്‌നേഹമാണെന്നും ഈശോയെ സ്‌നേഹിച്ചാല്‍ നമ്മളും സ്‌നേഹമായി തീരുമെന്നും ബിഷപ് പറഞ്ഞു. ‘ഈശോയെ സ്‌നേഹിക്കുമ്പോള്‍ തിന്മയുടെ ശക്തികള്‍ നമ്മെ സമീപിക്കില്ല. ചുറ്റുമുള്ളവരിലേക്കും സ്‌നേഹം പകരാന്‍ നമുക്കു കഴിയും. കുഞ്ഞുങ്ങളുടെ സ്തുതികളാണ് ഈശോയ്ക്ക് ഏറ്റവും ഇഷ്ടം.” – ബിഷപ് പറഞ്ഞു.

ജിനോ തറപ്പുതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎംഎല്‍ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, ക്രിസ് ബി. ഫ്രാന്‍സിസ്, ബാബു ചെട്ടിപ്പറമ്പില്‍, ജിന്റോ തകിടിയേല്‍, ആന്‍ലിയ തെരേസ്, അരുണ്‍ ജോസഫ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരുബാല സഖ്യം ആന്തവും രൂപതയെ അറിയാന്‍, സ്‌നേഹിക്കാന്‍ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. രാവിലെ 10-ന് നടന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍. അബ്രഹാം വയലില്‍, ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ എന്നിവര്‍ സഹകാര്‍മികരായി.

സിഎംഎല്‍ രൂപത മാനേജിങ് കമ്മിറ്റിയും വൈസ് ഡയറക്ടേഴ്‌സ്, ഓര്‍ഗനൈസേഴ്‌സ് സംഗമവും തിരുബാല സഖ്യം ആനിമേറ്റര്‍മാരുടെ യോഗവും ഇതോടനുബന്ധിച്ച് നടത്തിയിരുന്നു.