ഛത്തീസ്ഗഡില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തുറുങ്കിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരുടെ മോചനത്തിനായി താമരശ്ശേരി രൂപതയില്‍ നാളെ പ്രാര്‍ത്ഥന, ഉപവാസ ദിനമായി ആചരിക്കും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പുറപ്പെടുവിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളിന് ഒരുക്കമായി മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള 15 നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ സിസ്റ്റര്‍മാരുടെ മോചനത്തിനായി പ്രാര്‍ഥനയോടെയും കര്‍ശനമായും പതിനഞ്ച് നോമ്പെടുക്കണമെന്ന് ബിഷപ് സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലറിന്റെ പുര്‍ണ്ണരൂപം:
പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ,
ASMI സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഛത്തിസ്ഗഡിലെ ദുര്‍ഗില്‍ വ്യാജക്കേസില്‍ പെടുത്തി തടവിലാക്കിയ വിവരം നമ്മെ ഏവരെയും അതിയായി വേദനിപ്പിക്കുന്നതാണല്ലോ. കര്‍ത്താവിന്റെ പ്രിയപ്പെട്ട ഈ പ്രേഷിതര്‍ക്ക് എത്രയുംവേഗം ജാമ്യം ലഭിക്കുന്നതിനും നീതി കിട്ടുന്നതിനുമായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.
പ്രാര്‍ഥിച്ചപ്പോള്‍ തടവറകള്‍ തുറക്കപ്പെട്ട അനേകം സംഭവങ്ങള്‍ വിശുദ്ധ ഗ്രന്ഥം വിവരി ക്കുന്നത് നമുക്ക് പ്രത്യാശയും ധൈര്യവും നല്കുന്നു. അപ്പസ്‌തോലന്മാരായ പത്രോസ് ജറുസലേമിലും പൗലോസ് മക്കെദോനിയായിലും കാരാഗൃഹത്തില്‍ അടക്കപ്പെട്ടപ്പോള്‍ ആദിമ ക്രൈസ്തവസമൂഹം അവരുടെ മോചനത്തിനായി തീക്ഷ്ണമായി പ്രാര്‍ഥിക്കുകയും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയും ചെയ്തു. പ്രാര്‍ഥനയുടെ ഫലമായി ശ്ലീഹന്മാരെ ബന്ധിച്ച ചങ്ങലകള്‍ താഴെ വീഴുകയും കാരാഗൃഹത്തിന്റെ അടിത്തറ ഇളകുകയും മാലാഖമാര്‍ ഇരുമ്പുകവാടങ്ങള്‍ തുറക്കുകയും ചെയ്തു (അപ്പ 12, 1-9; 16, 16-40). നമുക്കും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് പ്രിയപ്പെട്ട സഹോദരിമാരുടെ വിമോചനത്തിനായി പ്രാര്‍ഥനയുടെ കരങ്ങളുയര്‍ത്താം.
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളിന് ഒരുക്കമായി മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള 15 നോമ്പിലേക്ക് നാളെ മുതല്‍ നാം പ്രവേശിക്കുകയാണല്ലോ. ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ മോചനത്തിനായി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥന യോടെയും കര്‍ശനമായും പതിനഞ്ച് നോമ്പെടുക്കാം. കൂടാതെ, നാളെ (01.08.2025) സാധി ക്കുന്ന എല്ലാവരും പരിശുദ്ധ കുര്‍ബാനയുടെ ആരാധനയിലും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലും പങ്കുചേര്‍ന്ന് സിസ്റ്റേഴ്സിനായി പ്രാര്‍ഥിക്കണമെന്നും ഉപവാസദിനമായി ആചരിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
പ്രിയപ്പെട്ടവരേ, ഇന്ന് സഭ നേരിടുന്ന പീഡനങ്ങളില്‍ നഷ്ടധൈര്യരാകാതെയും ഹൃദയം തകരാതെയും ‘കുരിശെടുത്ത് എന്റെ പിന്നാലെ വരാന്‍’ (മത്താ 16, 24) ആഹ്വാനം ചെയ്ത ക്രിസ്തുവിനോട് ചേര്‍ന്ന് നമുക്കൊരുമിച്ച് സിസ്റ്റേഴ്‌സിനുവേണ്ടിയും മതസ്വാതന്ത്ര്യത്തിനായും പ്രാര്‍ത്ഥിക്കാം.
മിശിഹായില്‍ സ്‌നേഹപൂര്‍വം
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
(താമരശ്ശേരി രൂപതയുടെ മെത്രാന്‍).

