താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ ബഥാനിയായില്‍ നടക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 25-ന് സമാപിക്കും. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ 101 ദിനരാത്രങ്ങളായി 2424 മണിക്കൂറും ഈ ദേശം മുഴുവന്‍ പ്രാര്‍ത്ഥിച്ചത് പ്രത്യേകനിയോഗങ്ങളായ ലോകസമാധാനത്തിനും കുടുംബവിശുദ്ധീകരണത്തിനും വേണ്ടിയാണ്.
അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ നൂറാം ദിനമായ ഒക്ടോബര്‍ 24 (വെള്ളിയാഴ്ച) വൈകുന്നേരം 6.30 ന് മെഴുകുതിരിയേന്തി ജപമാല റാലിയും തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
സമാപന ദിവസമായ ഒക്ടോബര്‍ 25 (ശനിയാഴ്ച) രാവിലെ 10.30-ന് സമാപന ജപമാല ആരംഭിക്കും. 11-ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ ആശീര്‍വാദം, സ്നേഹ വിരുന്ന് എന്നിവയോടെ അഖണ്ഡ ജപമാല സമര്‍പ്പണത്തിന് സമാപനമാകും. 2025 ജൂലൈ 17-നായിരുന്നു അഖണ്ഡ ജപമാല സമര്‍പ്പണം ആരംഭിച്ചത്.
‘താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയും അഖണ്ഡ ജപമാല ആചരണത്തിന്റെ രജത ജൂബിലിയും ഒന്നിച്ച് ആഘോഷിക്കാന്‍ അവസരം ലഭിച്ചത് ദൈവത്തിന്റെ പ്രത്യേക പരിപാലനയാണ്. പ്രശ്നകലുഷിതമായ ഈ കാലഘട്ടത്തില്‍ കുടുംബങ്ങളുടെ വിശു ദ്ധീകരണത്തിനും ലോകസമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള വലിയ ഉത്തരവാദിത്തം ഏവരിലും നിക്ഷിപ്തമായിരിക്കുന്നുവെന്ന തിരിച്ചറിവോടെ പതിനായിരക്കണക്കിനാളുകളാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കാളികളായത്. വലിയ ദൈവാനുഗ്രഹങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലേക്കും നിയോഗങ്ങളിലേക്കും കുടുംബങ്ങളിലേക്കും പരിശുദ്ധ അമ്മ വഴി വര്‍ഷിക്കപ്പെട്ടു.’ – ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍ പറഞ്ഞു.
