ഉപ്പിന്റെ ഉറ കെട്ടുപോകുമ്പോള്‍
പാചകക്കുറിപ്പുകളില്‍ പാചകത്തിന് ആവശ്യമുള്ള സാധനങ്ങളുടെ അളവ് കൃത്യമായി പറയും. കറിയില്‍ ഇടേണ്ട കടുകിന്റെയും കറിവേപ്പിലയുടെയും വരെ തൂക്കവും അളവും ഇത്രയെന്ന് സൂചിപ്പിക്കുമെങ്കിലും ഉപ്പിന്റെ കാര്യമെത്തുമ്പോള്‍ ‘ഉപ്പ് പാകത്തിന്’ എന്ന് പറഞ്ഞ് പാചക വിദഗ്ധന്‍ ഒഴിഞ്ഞുമാറും. കാരണം കറിക്ക് ഉപ്പു വേണ്ടത് ഓരോരുത്തര്‍ക്കും ഓരോ അളവിലാണ്. ഉപ്പ് കൂടി, അല്ലെങ്കില്‍ കുറഞ്ഞു എന്ന പരാതി വീടുകളില്‍ പലപ്പോഴും ഉയര്‍ന്നു വരും. ഈ പ്രശ്‌നമുള്ളതുകൊണ്ടാകാം ഉപ്പ് പ്രത്യേക പാത്രത്തില്‍ തീന്‍മേശയില്‍ വയ്ക്കുന്ന പതിവ് പലനാടുകളിലും തുടങ്ങിയത്.
മറ്റു പല ഭക്ഷണ സാധനങ്ങളെയും വച്ചു നോക്കിയാല്‍ വില കുറഞ്ഞ വസ്തുവാണ് ഉപ്പ്. പക്ഷേ, ഉപ്പിടാത്ത കഞ്ഞിയെക്കുറിച്ചോ കറിയെക്കുറിച്ചോ ചിന്തിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടു പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും?’ എന്ന യേശു വചനം ധ്യാനിക്കേണ്ടത്.
സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും രുചി കൂട്ടുന്ന എന്തു പ്രവൃത്തിയാണ് ചെയ്യാന്‍ കഴിയുക എന്നു മനസിലാക്കണം. ഓരോരുത്തര്‍ക്കും സമൂഹത്തില്‍ ഉപ്പായി പ്രവര്‍ത്തിക്കാനുള്ള ശേഷി വ്യത്യസ്തമായിരിക്കും. ‘ഉപ്പ് പാകത്തിന്’ എന്ന് പാചക വിദഗ്ധന്‍ പറയുന്നത് ഇവിടെയും പ്രസക്തം.
ഉപ്പ് ഭക്ഷണ സാധനങ്ങളുടെ ആയുസ് കൂട്ടുന്നു. കേടുകൂടാതെ അച്ചാറിനെ മാസങ്ങളോളം സൂക്ഷിക്കാന്‍ സഹായിക്കുന്നത് ഉപ്പിന്റെ സാന്നിധ്യമാണ്. മത്സ്യവും മാംസവും ഉപ്പിലിട്ട് സൂക്ഷിക്കാം. ഇതുപോലെ ഉപ്പായി പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിന്റെ സംരക്ഷകരാകും. പ്രളയകാലത്ത് പാവപ്പെട്ട മത്സ്യതൊഴിലാളികളടക്കം അനേകം പേര്‍ ഭൂമിയുടെ ഉപ്പായി മാറി വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.
ഉപ്പ് ശക്തമായ അണുനാശിനിയാണ്. അത് മരുന്നില്‍ ഉപയോഗിക്കുന്നു. ഉപ്പാകുന്നവര്‍ മുറിവേറ്റ മനസുകളില്‍ ഔഷധമായി, സാന്ത്വനമായി പെയ്തിറങ്ങുന്നു. അവര്‍ സംഘര്‍ഷ മേഖലകളില്‍ ശാന്തിയുടെ പതാക വാഹകരാകുന്നു.
ഭൂമിയില്‍ പെയ്യുന്ന മഴയില്‍ നിന്നാണ് പാറയിലെയും മണ്ണിലെയും ഘടകങ്ങള്‍ ഒഴുകി കടലിലെത്തി ഉപ്പാകുന്നത്. കടലിലെ ഉപ്പ് ഭൂമിയില്‍ മൊത്തം വിതറിയാല്‍ 40 നില കെട്ടിടത്തിന്റെ ഉയരത്തില്‍കൂട്ടിവയ്ക്കാന്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അത്രയും ലവണ സാന്ദ്രമാണ് കടല്‍ വെള്ളം.
സോഡിയം ക്ലോറൈഡ് എന്നാണ് ഉപ്പിന്റെ രാസനാമം. രക്തത്തില്‍ സോഡിയം കുറയുന്നത് പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അസുഖമാണ്. സോഡിയം കുറഞ്ഞാല്‍ തലയ്ക്ക് വെളിവു നഷ്ടപ്പെട്ടതുപോലെ സംസാരിക്കും. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രമേ രക്ഷിക്കാനാവൂ.
രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുന്നവരോട് പ്രതിവിധിയായി ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കാന്‍ ഡോക്ടര്‍ പറയും. ഉപ്പാണ് ഇവിടെയും രക്ഷകനാകുന്നത്.
പുരാതന കാലം മുതല്‍ മനുഷ്യന്‍ ഉപ്പിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ ഉപ്പു വിതറിയാണ് നിരത്തുകളില്‍ വീണുകിടന്നിരുന്ന മഞ്ഞ് ഉരുക്കിയിരുന്നത്.
ഉപ്പിനെ ബന്ധപ്പെടുത്തി ഏറെ അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. ഉപ്പ് തൂകിപ്പോകുന്നത് ദൗര്‍ഭാഗ്യമായി കരുതി. ഇടതു തോളിനു മുകളിലൂടെ ഒരു നുള്ള് ഉപ്പെറിഞ്ഞ് ഭാഗ്യം കൈവരുത്തുന്ന പതിവുമുണ്ടായിരുന്നു. അങ്ങനെ ഉപ്പെറിയുമ്പോള്‍ അവിടെ ഒളിച്ചിരിക്കുന്ന പിശാചിന്റെ മുഖത്താണത്രേ കൊള്ളുക. അതോടെ പിശാച് ഓടിപ്പോകുകയും ഭാഗ്യം വരുകയും ചെയ്യുമെന്ന് വിശ്വസിച്ചിരുന്നു.
ഉപ്പ് ദൈവത്തിനുള്ള സമര്‍പ്പണ വസ്തുവായിരുന്നു. അത് ദൈവവുമായുള്ള ഉടമ്പടിയുടെ മുദ്രയായും കരുതി. ‘ധാന്യബലിയില്‍ നിന്ന് നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പ് നീക്കിക്കളയരുത്. എല്ലാ ധാന്യബലിയോടും കൂടി ഉപ്പ് സമര്‍പ്പിക്കണം’ എന്ന് ലേവ്യരുടെ പുസ്തകത്തില്‍ വായിക്കുന്നു.
കേരളത്തിനു പുറത്ത് പാവപ്പെട്ടവര്‍ക്ക് അടുപ്പു കത്തിക്കാനുള്ള ഇന്ധനമാണ് ചാണകം. ചാണകം വലിയ പപ്പട വലുപ്പത്തില്‍ പരത്തി വീടിന്റെ മുകളില്‍ ഉണക്കാനിട്ടിരിക്കുന്നത് കര്‍ണാടക, തമിഴ്‌നാട് ഗ്രാമങ്ങളിലെ സാധാരണ കാഴ്ചയാണ്. ഈ ചാണകവരളി കത്തിക്കാന്‍ ഉപയോഗിക്കും.
ഒട്ടകച്ചാണകവും കഴുതച്ചാണകവും ഇതുപോലെ ഉണക്കി പലസ്തീന നാട്ടിലും അടുപ്പു പുകയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഇന്നും പാലസ്തീനിലെ പാവപ്പെട്ടവര്‍ കളിമണ്‍ അടുപ്പുകളില്‍ ചാണകം ഉണക്കി ഇന്ധനമാക്കുന്നു. പെട്ടെന്ന് തീ പിടിക്കാന്‍ ചാണകത്തില്‍ കുറച്ച് ഉപ്പു കൂടി ചേര്‍ക്കും.
കൂടുതല്‍ നേരം ചൂടു നില്‍ക്കാന്‍ അടുപ്പിന്റെ അടിയില്‍ കനത്തില്‍ ഉപ്പു വിതറും കുറേക്കാലം കഴിയുമ്പോള്‍ ചൂടുപിടിച്ചു നിര്‍ത്താനുള്ള ഉപ്പിന്റെ കഴിവു നഷ്ടപ്പെടും. അപ്പോള്‍ ഉപ്പുവാരി പുറത്ത് വഴിയിലേക്കെറിയും. പിന്നീട് ആളുകളുടെ ചവിട്ടുകൊള്ളാനാണ് ആ ഉപ്പിന്റെ വിധി.
ഒറ്റ ദിവസം കൊണ്ടല്ല മനുഷ്യനിലെ ഉപ്പിന്റെ ഉറ ഇല്ലാതാകുന്നത്. തെറ്റായ പ്രവൃത്തികളിലൂടെ വര്‍ഷങ്ങള്‍കൊണ്ട് അയാള്‍ ഉറ നശിപ്പിക്കുന്നു. ഉപ്പു കലക്കുമ്പോള്‍ ആവശ്യത്തിലേറെ വെള്ളം ചേര്‍ത്താല്‍ ഉപ്പിന്റെ ഉറ നഷ്ടപ്പെടുമെന്നാണ് വീട്ടമ്മമാര്‍ പറയുക. തിന്മകള്‍ ചെയ്തുകൂട്ടി മനുഷ്യനും അവന്റെ ഉപ്പിന്റെ ഉറ കളയുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഉപ്പു മറന്ന് പ്രവര്‍ത്തിച്ച് തെരുവിലേക്ക് എറിയപ്പെട്ട് അവഹേളിതരാകുന്നത് നമ്മള്‍ നിരന്തരം കാണുന്നു. ദൈവം നല്‍കുന്ന ദാനമാണ് കഴിവും കര്‍മ്മശേഷിയുമാകുന്ന ഉപ്പ്. അതിന്റെ ഉറ നശിപ്പിച്ചാല്‍ ഉറകൂട്ടാനാവില്ലെന്ന് യേശു ഓര്‍മിപ്പിക്കുന്നു. പിന്നെ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും കൊള്ളുകയില്ലെന്ന വചനം ഭയഭക്തിയോടെ മനസില്‍ സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.