നവംബര്‍ 11: ടൂഴ്‌സിലെ വിശുദ്ധ മാര്‍ട്ടിന്‍

മാര്‍ട്ടിന്‍ ജനിച്ചത് 316-ല്‍ ഇന്നത്തെ ഹങ്കറിയിലാണ്. മാതാപിതാക്കന്മാര്‍ അവനെ ശിശുപ്രായത്തില്‍ തന്നെ ഇറ്റലിയില്‍ പാവിയായിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെയായിരുന്നു അവന്റെ വിദ്യാഭ്യാസം. പിതാവ് ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. ബാലന്‍ പത്താമത്തെ വയസ്സു മുതല്‍ മാതാപിതാക്കന്മാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അടുത്ത പള്ളിയില്‍ പോയി മതപഠനം നടത്തിവന്നിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ നിര്‍ബന്ധപ്രകാരം അവന്‍ സൈന്യത്തില്‍ ചേര്‍ന്നെങ്കിലും സൈനികരുടെ തിന്മകള്‍ക്ക് അവന്‍ വിധേയനായില്ല.

മാര്‍ട്ടിന്റെ അനുകമ്പയേയും ഉപവിയേയും സംബന്ധിച്ച് വിശുദ്ധ സള്‍പീസിയൂസു വിവരിച്ചിരിക്കുന്ന ഒരു സംഭവം പ്രസിദ്ധമാണ്. മഞ്ഞുകാലത്ത് ആമീന്‍സു നഗരത്തില്‍ തണുത്തു വിറയ്ക്കുന്ന ഒരു ഭിക്ഷുവിനെ കണ്ട് അനുകമ്പ തോന്നി തന്റെ മേലങ്കി വാളുകൊണ്ട് രണ്ടായി മുറിച്ച് ഒരു കഷണം ആ ഭിക്ഷുവിനു കൊടുത്തു. കൂട്ടുകാര്‍ മാര്‍ട്ടിന്റെ പ്രവൃത്തി കണ്ട് അവനെ പരിഹസിച്ചു. അന്നു രാതി മാര്‍ട്ടിന്‍ താന്‍ ഭിക്ഷുവിനുകൊടുത്ത വസ്ത്രക്കഷണം അണിഞ്ഞിരുന്ന യേശു ക്രിസ്തുവിനെ നിദ്രയില്‍ കണ്ടു. ഒരു നവശിഷ്യനായ മാര്‍ട്ടിന്‍ നല്കിയതാണ് ഈ വസ്ത്രമെന്ന് ഈശോ പറയുന്നത് മാര്‍ട്ടിന്‍ ശ്രവിച്ചു. ഈ കാഴ്ച ജ്ഞാനസ്‌നാനം ഉടനടി സ്വീകരിക്കാന്‍ മാര്‍ട്ടിന് പ്രേരണ നല്കി. 18-ാമത്തെ വയസ്സില്‍ മാര്‍ട്ടിന്‍ ജ്ഞാനസ്‌നാനപ്പെട്ടു. താമസിയാതെ സൈന്യത്തില്‍ നിന്ന് രാജിവച്ചു പോയിറ്റിയേഴ്സിലെ ഹിലരിയോടുകൂടെ താമസിച്ചു. അവിടെ അടുത്ത് മാര്‍ട്ടിന്‍ ഒരാശ്രമം നിര്‍മിച്ചു.

56-ാമത്തെ വയസ്സില്‍ മാര്‍ട്ടിന്‍ ടൂഴ്സിലെ മെത്രാനായി. രൂപതാംഗങ്ങള്‍ പേരിന് ക്രിസ്ത്യാനികളായിരുന്നുവെങ്കിലും ഹൃദയം വിജാതീയമായിരുന്നു. നിരായുധനായി ഏതാനും സന്യാസികളോടുകൂടെ വിജാതീയ ക്ഷേത്രങ്ങളും കാവുകളും അദ്ദേഹം നശിപ്പിച്ചു. വിനീതമായ അദ്ധ്വാനത്താല്‍ തന്റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവം അത്ഭുതങ്ങള്‍ വഴി അദ്ദേഹത്തിന്റെ വിശുദ്ധി പ്രകാശിതമാക്കി. പ്രസംഗങ്ങളും അത്ഭുതങ്ങളും വഴി ജനങ്ങളെ അദ്ദേഹം മനസ്സുതിരിച്ചു. പാഷണ്ഡികളെ വധിക്കുന്ന സമ്പ്രദായം വിശുദ്ധ അംബ്രോസിനെപ്പോലെ മാര്‍ട്ടിനും എതിര്‍ത്തു. തന്നിമിത്തം അദ്ദേഹം വളരെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.

പനിപിടിച്ചാണ് മാര്‍ട്ടിന്‍ മരിച്ചത്. ആ പനിയുടെ ഇടയ്ക്കും അദ്ദേഹം രാത്രി പ്രാര്‍ത്ഥിച്ചിരുന്നു. ചാരത്തിലാണ് കിടന്നിരുന്നത്. ഒരു ക്രിസ്ത്യാനി ചാരത്തില്‍ കിടന്നു മരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. 397 നവംബര്‍ 8-ാം തീയതി മാര്‍ട്ടിന്‍ നിര്യാതനായി.

നവംബര്‍ 10: മഹാനായ ലിയോ പാപ്പാ

ലിയോ റോമയില്‍ ജനിച്ചു. വിശുദ്ധ സെലെസ്റ്റിന്‍ പാപ്പാ അദ്ദേഹത്തെ റോമന്‍ സഭയുടെ ആര്‍ച്ചുഡീക്കനാക്കി. സെലസ്റ്റിന്‍ പാപ്പായുടേയുംസിക്‌സ്റ്റസ് ദ്വിതീയന്‍ പാപ്പയുടെയും കാലത്ത് അദ്ദേഹത്തിന് തിരുസഭാ ഭരണത്തില്‍ നല്ല പങ്കുണ്ടായിരുന്നു. സിക്സ്റ്റസ് മാര്‍പാപ്പായുടെ കാലശേഷം ലിയോയെ മാര്‍പാപ്പായായി തിരഞ്ഞെടുത്തു.

ഒരു പരീക്ഷണഘട്ടമായിരുന്നു അത്. വാന്റല്‍സും ഹണ്‍സും റോമാസാമ്രാജ്യത്തെ ആക്രമിച്ചുവരികയായിരുന്നു. നെസ്‌റ്റോറിയന്‍ പാഷണ്ഡതയും പെലാജിയന്‍ പാഷണ്ഡതയും ആത്മാക്കള്‍ക്ക് കൂടുതല്‍ ദ്രോഹം ചെയ്തുകൊണ്ടിരുന്നു.

ഈ പാഷണ്ഡതകളെ ലിയോ ചെറുത്തുവരവേ പുതിയ ഒരു പാഷണ്ഡത പൊന്തിവന്നു – ഏക സ്വഭാവവാദം. ലിയോന്‍ പാപ്പാ ആ പാഷണ്ഡതയെ നേരിട്ടെങ്കിലും ബൈസന്റയില്‍ രാജധാനിയുടെ തണലില്‍ ഈ പാഷണ്ഡത പൗരസ്ത്യ സന്യാസികളുടേയും മെത്രാന്മാരുടേയും ഇടയില്‍ വളരെ പ്രചരിച്ചു. മൂന്നുകൊല്ലത്തെ നിരന്തര പരിശ്രമത്തിനുശേഷം കാല്‍സെഡോണ്‍ സൂനഹദോസ് ഈ പാഷണ്ഡതയെ ശപിച്ചു. പിതാക്കന്മാര്‍ വിളിച്ചുപറഞ്ഞു: ‘പത്രോസ് ലിയോവഴി സംസാരിച്ചിരിക്കുന്നു.’

അധികം താമസിയാതെ ഹണ്‍സ് വര്‍ഗ്ഗക്കാര്‍ അറ്റിലായുടെ നേതൃത്വത്തില്‍ ഇറ്റലിയിലേക്ക് പ്രവേശിച്ചു. നഗരങ്ങള്‍ക്കു തീവച്ചശേഷം അവര്‍ റോമയുടെ നേര്‍ക്ക് മാര്‍ച്ചു ചെയ്തു. ലിയോപാപ്പാ അറ്റിലായെ നേരില്‍ കണ്ടു മടങ്ങിപോകാന്‍ പ്രേരിപ്പിച്ചു. അദ്ദേഹം മടങ്ങുകയും ചെയ്തു. മിലാന്‍, പാവിയാ മുതലായ നഗരങ്ങളെ ചുട്ടുപൊടിച്ച നേതാവ് റോമാപിടിക്കാതെ മടങ്ങിയതെന്താണെന്ന് സൈന്യാധിപന്മാര്‍ ചോദിച്ചപ്പോള്‍ അററിലാ പറഞ്ഞത് ലിയോയുടെ പിറകില്‍ പത്രോസും പൗലോസും അണിനിരന്നിരിക്കുന്നത് താന്‍ കണ്ടുവെന്നും ആ കാഴ്ച തന്നെ സ്പര്‍ശിച്ചുവെന്നുമാണ്. രണ്ടു കൊല്ലത്തിനുശേഷവും വാന്റല്‍സ് റോമാ ആക്രമിച്ചപ്പോഴും ലിയോ പാപ്പാ നഗരത്തെ സംരക്ഷിച്ചു.

വിശുദ്ധ ഗ്രന്ഥത്തെ അധിഷ്ഠിതമാക്കി ലിയോ പാപ്പാ ചെയ്തിട്ടുള്ള പ്രസംഗങ്ങള്‍ അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നു. വിശുദ്ധിക്കുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അദ്ദേഹത്തിന്റെ പ്രഭാ ഷണം ഇന്നും പ്രശസ്തമാണ്. പ്രാചീന മാര്‍പാപ്പാമാരില്‍ പാണ്ഡിത്യം കൊണ്ടും ഭരണപാടവം കൊണ്ടും വിശുദ്ധികൊണ്ടും പ്രശസ്തനായ ലെയോ 21 കൊല്ലത്തെ വാഴ്ചയ്ക്കുശേഷം 461-ല്‍ അന്തരിച്ചു. ഇദ്ദേഹത്തേയും ഗ്രിഗറി പ്രഥമനേയും നിക്കൊളാസ് പ്രഥമനേയും സഭാചരിത്രം മഹാന്മാര്‍ എന്നു വിളിക്കുന്നു.

നവംബര്‍ 9: വിശുദ്ധ തെയൊഡോര്‍ ടീറോ

പൗരസ്ത്യ പ്രദേശത്ത് ഒരു കുലീന കുടുംബത്തിലാണു തെയൊഡോര്‍
ജനിച്ചത്. യുവാവായിരിക്കുമ്പോള്‍ത്തന്നെ അവന്‍ സൈന്യത്തില്‍ ചേര്‍ന്നു. 306-ല്‍ ചക്രവര്‍ത്തി ഒരു വിളംബരം വഴി എല്ലാ ക്രിസ്ത്യാനികളും വിഗ്രഹത്തിനു ബലി സമര്‍പ്പിക്കണമെന്ന് ആജ്ഞാപിച്ചു. തെയൊഡോര്‍ സൈന്യത്തില്‍ ചേര്‍ന്നു പോന്തൂസിലേക്കു മാര്‍ച്ചു ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഒന്നുകില്‍ മതത്യാഗംഅല്ലെങ്കില്‍ മരണം എന്നു വിധി ഉണ്ടായത്. അദ്ദേഹം സൈന്യാധിപനോടു പറഞ്ഞു താന്‍ ക്രിസ്ത്യാനിയാണെന്നും തന്റെ ഓരോ അവയവവും വെട്ടിമുറിച്ചു ദൈവത്തിനു സമര്‍പ്പിക്കപ്പെടാവുന്നതാണെന്നും. ശാന്തതകൊണ്ടു തെയൊഡോറിനെ മാനസാന്തരപ്പെടുത്താമെന്നു കരുതി സൈന്യാധിപന്‍ കുറെ നേരത്തേക്ക് ഒരു തീരുമാനവും പറഞ്ഞില്ല.

ന്യായാധിപന്‍ വിശ്വാസം ഉപേക്ഷിച്ചു ജീവന്‍ രക്ഷിക്കാന്‍ തെയൊഡോറിനെ ഉപദേശിച്ചു. തെയൊഡോര്‍ കുരിശടയാളം വരച്ചുകൊണ്ടു പറഞ്ഞു: ‘ഞാന്‍ ശ്വസിക്കുന്നിടത്തോളംകാലം ക്രിസ്തുവിന്റെ നാമം ഉച്ചരിക്കും.’ ക്രൂരമായി തെയൊഡോറിനെ മര്‍ദ്ദിച്ചശേഷം ന്യായാധിപന്‍ ചോദിച്ചു: ‘എത്ര ലജ്ജാവഹമായ ഒരു നിലയിലാണു ക്രിസ്തു താങ്കളെ എത്തിച്ചിട്ടുള്ളതെന്നു കാണുന്നില്ലേ?’ ‘ഇതു ഞാനും ക്രിസ്തുവിന്റെ നാമം ഉച്ചരിക്കുന്നവരും സ്വാഗതം ചെയ്യുന്നു.’ തെയോഡര്‍ പ്രതിവചിച്ചു.

തീയിലിട്ടു തെയൊഡോറിനെ ദഹിപ്പിക്കാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. തീ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഒരാത്മാവു സ്വര്‍ഗ്ഗത്തിലേക്കു പറന്നു കയറി.

നവംബര്‍ 8: വിശുദ്ധ ഗോഡ്‌ഫ്രെ

ഫ്രഞ്ച് മാതാപിതാക്കന്മാരില്‍നിന്നു സ്വാസ്സോണിനു സമീപം ഗോഡ്‌ഫ്രെ ജനിച്ചു. അമ്മ മരിച്ചുപോയപ്പോള്‍ പിതാവ് അവനെ ദൈവത്തിനു പ്രതിഷ്ഠിച്ചു. അഞ്ചു വയസുള്ളപ്പോള്‍ അവനെ അവന്റെ ജ്ഞാനസ്‌നാന പിതാവായിരുന്ന ആബട്ട് ഗോഡ്‌ഫ്രെയുടെകൂടെ താമസിപ്പിച്ചു. രാപകല്‍ അവന്‍ പ്രാര്‍ത്ഥനയിലാണു സമയം ചെലവഴിച്ചിരുന്നത്. 25-ാമത്തെ വയസ്സില്‍ അവന്‍ വൈദികനായി. താമസിയാതെ തന്നെ നശിക്കാറായിരുന്ന നോജെന്റ് ആശ്രമത്തിന്റെ ആബട്ടായി നിയമിക്കപ്പെട്ടു. അദ്ദേഹം ആശ്രമം പുതുക്കി പണിയുകയും ആദ്ധ്യാത്മിക ചൈതന്യം ഉളവാക്കുകയും ചെയ്തു.

1103-ല്‍ ആമീന്‍സിലെ ബിഷപായി നിയമിക്കപ്പെട്ടു. അനുതാപവസ്ത്രം ധരിച്ചു നഗ്നപാദനായിട്ടാണ് അദ്ദേഹം നഗരത്തി ലേക്കു പ്രവേശിച്ചത്. മെത്രാസനഭവനത്തില്‍ ഒരു സന്യാസിയെപ്പോലെത്തന്നെ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ ശാന്തതയും ക്ഷമയും അന്യാദൃശമായിരുന്നു. ക്രിസ്തുവിന്റെയും 12 അപ്പസ്‌തോലന്മാരുടെയും ഓര്‍മ്മയ്ക്കു ദിനംപ്രതി 13 ദരിദ്രര്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം മേശയില്‍ ഭക്ഷണം കൊടുത്തിരുന്നു. പലപ്പോഴും അദ്ദേഹം കുഷ്ഠരോഗാശുപത്രി സന്ദര്‍ശിച്ചു രോഗികളെ ആശ്വസിപ്പിച്ചിരുന്നു.

റീംസിലെ മെത്രാപ്പോലീത്തായെ സന്ദര്‍ശിക്കാന്‍ പോയ വഴിക്ക് അദ്ദേഹം രോഗപ്പെട്ട് അന്ത്യകൂദാശകള്‍ സ്വീകരിച്ചു. 1115 നവംബര്‍ എട്ടിന് സ്വാസ്സോണ്‍സില്‍ വിശുദ്ധ ക്രിസ്പിന്റെ ആശ്രമത്തില്‍വച്ച് അന്തരിച്ചു.

നവംബര്‍ 7: വിശുദ്ധ വില്ലിബ്രോര്‍ഡ്

നോര്‍ത്തമ്പര്‍ലന്റില്‍ 658-ല്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു വില്ലിബ്രോര്‍ഡ് ജനിച്ചു. ഏഴു വയസ്സാകുന്നതിനു മുമ്പുതന്നെ ബാലനെ വിശുദ്ധ വില്‍ഫ്രിഡിന്റെ കീഴിലുള്ള ആശ്രമത്തില്‍ പഠിക്കാനയച്ചു. വിശുദ്ധന്റെ പിതാവു വില്‍ഗിസ് വാര്‍ദ്ധക്യത്തില്‍ ഒരാശ്രമം സ്ഥാപിച്ച് അതില്‍ താമസിച്ചു മരിക്കയാണു ചെയ്തത്. 20 വയസ്സുള്ളപ്പോള്‍ വില്ലിബ്രോര്‍ഡ് ആബട്ടിന്റെ അനുവാദത്തോടുകൂടെ ഉപരിപഠനത്തിനായി അയര്‍ലന്‍ഡിലേക്കു പോയി. അവിടെ വിശുദ്ധ എഗ്ബര്‍ട്ടിന്റെയും വാഴ്ത്തപ്പെട്ട വിഗ്‌ബെര്‍ട്ടിന്റെയും കീഴില്‍ 12 വര്‍ഷം താമസിച്ചു. വിനയവും എളിമയും ശാന്തതയും അദ്ദേഹത്തിന്റെ പ്രകൃതിയെ എത്രയും മധുരമാക്കി. വില്ലി ബ്രോര്‍ഡ് വൈദികനായി.

ജര്‍മ്മനിയില്‍ സുവിശേഷം പ്രസംഗിക്കാനാണു ഫാ. വില്ലിബ്രോര്‍ഡിനെ നിയോഗിച്ചത്. വിശുദ്ധ സ്വിഡ് ബെര്‍ട്ടും വേറെ പത്തു സന്യാസികളും അദ്ദേഹത്തിന്റെ കൂടെപ്പോയി. വിശുദ്ധ സ്വിഡ്‌ബെര്‍ട്ടു ബെര്‍ഗ്ഗില്‍ മെത്രാനായി നിയമിതനായി. ഈ മിഷനറിമാരുടെ സുവിശേഷപ്രസംഗം വമ്പിച്ച വിജയമായിരുന്നു. അന്നത്തെ രാജാവു പെപ്പിന്‍ വില്ലിബ്രോര്‍ഡിനെ മെത്രാനാക്കാന്‍ ശുപാര്‍ശ ചെയ്തു. വളരെ വൈമുഖ്യത്തോടെ
അദ്ദേഹം മെത്രാന്‍പദം സ്വീകരിച്ചു യുട്രെക്ടില്‍ താമസിക്കാന്‍ തുടങ്ങി.

പ്രസന്നവദനനും മധുരഭാഷിയുമായ ആര്‍ച്ചുബിഷപ് അക്ഷീണം ദൈവത്തിന്റെ സഭയ്ക്കുവേണ്ടി അധ്വാനിച്ചു. അനേകര്‍ മാനസാന്തരപ്പെട്ടു. പള്ളികള്‍ പലത് അദ്ദേഹം സ്ഥാപിച്ചു; അത്ഭുതങ്ങള്‍ അനേകം പ്രവര്‍ത്തിച്ചു. ദൈവത്തിനും മനുഷ്യനും സംപ്രീതനായി അമ്പതുകൊല്ലം അദ്ദേഹം യുക്ട് മെത്രാപ്പോലീത്താ സ്ഥാനം വഹിച്ചു. ഫ്രീസിയരുടെ ഇടയില്‍ അദ്ദേഹം വമ്പിച്ച വിജയം വരിച്ചു; ഹെലി ഗോളന്റിലും ഡെന്‍മാര്‍ക്കിലും അദ്ദേഹത്തിന് അത്രയും വിജയമുണ്ടായില്ല.

ഐറിസ്റ്റാലിലെ പെപ്പിന്റെ സഹായത്തോടുകൂടെ ലക്‌സംബര്‍ഗില്‍ എക്ടെര്‍നാക്കില്‍ ഒരാശ്രമം സ്ഥാപിച്ചു, വാര്‍ദ്ധക്യത്തില്‍ അവിടേക്കു താമസം മാറി. 81-ാമത്തെ വയസ്സില്‍ അദ്ദേഹം ഭാഗ്യമോടെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

നവംബര്‍ 6: നോബ്‌ളാക്കിലെ വിശുദ്ധ ലെയൊനാര്‍ഡ്

ക്ലോവിസ് പ്രഥമന്‍ രാജാവിന്റെ കൊട്ടാരത്തിലെ ഒരു – പ്രശസ്ത ഉദ്യോഗസ്ഥനായിരുന്നു ലെയൊനാര്‍ഡ്. വിശുദ്ധ റെമീജിയൂസാണ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തിയത്. സ്വര്‍ഗ്ഗീയ മഹത്വത്തെപ്പറ്റി പഠിച്ച ഉടനെ അദ്ദേഹം കൊട്ടാരത്തിലെ ഉദ്യോഗം ഉപേക്ഷിച്ചു വിശുദ്ധ റെമീജിയൂസിന്റെ ശിഷ്യനായി.

ഗുരുവിന്റെ ഉപദേശങ്ങള്‍ ലെയൊനാര്‍ഡിന്റ ഹൃദയത്തെ സ്പര്‍ശിച്ചു; ഗുരുവിന്റെ നിഷ്‌കപടതയും വിനയവും ഉപവിയും തീക്ഷ്ണതയും ലെയോനാര്‍ഡ് പകര്‍ത്തിക്കൊണ്ടിരുന്നു. കുറേനാള്‍ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. രാജാവു ലെയൊനാര്‍ഡിനെ പിന്നെയും പിന്നെയും കൊട്ടാരത്തിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നതിനാല്‍ ആ സ്ഥലം വിട്ട് ഓര്‍ലീന്‍സിലുള്ള വിശുദ്ധ മെസിന്റെ ആശ്രമത്തില്‍ ചേര്‍ന്നു സന്യാസവസ്ത്രം സ്വീകരിച്ച്, വിശുദ്ധ മെസ്മിന്റെ ഉപദേശാനുസാരം ജീവിച്ചു.

കൂടുതല്‍ ഏകാന്തത ആഗ്രഹിച്ചു ലെയൊനാര്‍ഡ് വിശുദ്ധ മെസ്മിന്റെ അനുവാദത്തോടുകൂടെ വനത്തിലേക്കു പുറപ്പെട്ടു. ബെറി എന്ന സ്ഥലത്തു സുവിശേഷം പ്രസംഗിച്ച് ഏതാനും വിഗ്രഹാരാധകരെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തി. അനന്തരം ലിമൂസിന്‍ എന്ന സ്ഥലത്ത് ഒരു വനത്തില്‍ ഒരു പ്രാര്‍ത്ഥനാലയം ഉണ്ടാക്കി അവിടെ താമസിച്ചു.

നോബ്‌ളാക്ക് എന്നാണ് വനത്തിന്റെ പേര്. അവിടുത്തെ സസ്യങ്ങളും പഴങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ഈ പ്രായശ്ചിത്തമൊക്കെ കാണാന്‍ കുറേനാള്‍ ദൈവം തന്നെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹത്തിന് അനുയായികളുണ്ടായി പ്രവര്‍ത്തനരഹിതനായിരിക്കുന്നതു പ്രയാസമായിരുന്നതിനാല്‍ അദ്ദേഹം തടവുകാരെ സന്ദര്‍ശിച്ച് അവരെ നല്ല വഴിയിലേക്കു തിരിച്ചുവിട്ടുകൊണ്ടിരുന്നു. അങ്ങനെ 559-ല്‍ അദ്ദേഹം നിര്യാതനായി.

നവംബര്‍ 5: വിശുദ്ധ സക്കറിയാസും എലിസബത്തും

ഹെറോദോസ് രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തില്‍ ജനിച്ച ഒരു പുരോഹിതനാണ് സക്കറിയാസ്. അഹറോന്റെ പുത്രിമാരിലൊരാളായ എലിസബത്തായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവള്‍ വന്ധ്യയായിരുന്നതിനാല്‍ അവര്‍ക്ക് മക്കളില്ലായിരുന്നു. ഇരുവരും വയോവൃദ്ധരായി.

അങ്ങനെയിരിക്കേ ഒരു ദിവസം ധൂപാര്‍പ്പണസമയത്ത് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ‘സക്കറിയാസേ, ഭയപ്പെടേണ്ടാ. നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും, അവന് യോഹന്നാനെന്നു പേരിടണം.’ സക്കറിയാസ് ഈ വാക്കുകള്‍ വിശ്വസിച്ചില്ല. അപ്പോള്‍ ദൈവദൂതന്‍ പറഞ്ഞു: ‘ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ദൈവം എന്നെ അയച്ച താണ്; അവ നീ വിശ്വസിക്കായ്കയാല്‍ ഇത് സംഭവിക്കുന്നതു വരെ നീ സംസാരശക്തി നഷ്ടപ്പെട്ട ഊമനായിരിക്കും.’

മാലാഖായുടെ വചനം പോലെതന്നെ സംഭവിച്ചു. എലിസബത്ത് യഥാകാലം ഒരാണ്‍കുട്ടിയെ പ്രസവിച്ചു. കുട്ടിക്ക് പേരിടേണ്ട ദിവസം വന്നപ്പോള്‍ യോഹന്നാനെന്ന് പേരിടണമെന്ന് എലിസബത്ത് പറഞ്ഞു. അങ്ങനെ ആ കുടുംബത്തിലാര്‍ക്കും പേരില്ലല്ലോ എന്ന് ചിലര്‍ വാദിച്ചപ്പോള്‍ പിതാവിന്റെ അഭിപ്രായം എഴുതിക്കാണിക്കാന്‍ ആവശ്യപ്പെട്ടു. ‘യോഹന്നാന്‍ എന്നായിരിക്കണം അവന്റെ പേര്’ എന്ന് എഴുത്തുപലകയില്‍ അതെഴുതി. എല്ലാവരും അത്ഭുതപ്പെട്ടുപോയി.

സക്കറിയാസ് ദൈവത്തെ സ്തുതിച്ചു, ‘ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ,’ (ലൂക്കാ 1: 68-79) എന്ന സങ്കീര്‍ത്തനം പാടി. പ്രസ്തുത സങ്കീര്‍ത്തനത്തില്‍ സക്കറിയാസ് ഇങ്ങനെ പ്രവചിച്ചു: ‘കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്ന് നീ വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ നീ അവിടുത്തെ മുമ്പേ പോകും.’

ദൈവമാതാവ് ഗര്‍ഭിണിയായ എലിസബത്തിനെ സന്ദര്‍ശിച്ച് ശുശ്രൂഷിക്കുകയുണ്ടായിട്ടുണ്ട്.

നവംബര്‍ 4: വിശുദ്ധ ചാള്‍സ് ബൊറോമിയോ

1538 ഒക്ടോബര്‍ രണ്ടിന് മിലാനിലെ പ്രസിദ്ധമായ ബൊറോമിയാ കുടുംബത്തില്‍ ചാള്‍സ് ജനിച്ചു. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ത്തന്നെ ചാള്‍സ് പിതാവിനോടു പറഞ്ഞു തനിക്കുള്ള ആദായത്തില്‍നിന്ന് ചെലവുകഴിച്ച് ബാക്കി മുഴുവനും ദരിദ്രര്‍ക്കുള്ളതാണെന്ന്. തന്റെ അമ്മാവന്‍ കര്‍ദ്ദിനാള്‍ ദെമെദീച്ചി 1559-ല്‍ നാലാം പീയൂസ് മാര്‍പാപ്പായായി സ്ഥാനമേറ്റു. 1560 ഫെബ്രുവരിയില്‍ വെറും അല്‍മേനിയായിരുന്ന ചാള്‍സിനെ കര്‍ദ്ദിനാള്‍ ഡീക്കനായി നിയമിച്ചു. സാമര്‍ത്ഥ്യം പരിഗണിച്ച് അദ്ദേഹത്തിന് വത്തിക്കാനില്‍ പല ഉദ്യോഗങ്ങളും നല്കി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൂടിയായി.

25-ാമത്തെ വയസ്സില്‍ ചാള്‍സ് പൗരോഹിത്യം സ്വീകരിച്ചു. അധികം താമസിയാതെ മിലാനിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. എന്നാല്‍ ട്രെന്റ് സൂനഹദോസിന്റെ ജോലികള്‍ നിര്‍വ്വഹിക്കാനുണ്ടായിരുന്നതിനാല്‍ അദ്ദേഹം മിലാനില്‍ ചെന്നു താമസിച്ചില്ല. പത്തുകൊല്ലത്തോളം മുടങ്ങിപ്പോയ കൗണ്‍സില്‍ 1562-ല്‍ പുനരാരംഭിക്കുവാന്‍ മാര്‍പാപ്പായെ പ്രേരിപ്പിച്ചതു ബിഷപ് ചാള്‍സാണ്.

ഇടക്കിടയ്ക്ക് കൗണ്‍സില്‍ പിരിഞ്ഞു പോകത്തക്ക സാഹചര്യങ്ങള്‍ ഉളവായിക്കൊണ്ടിരുന്നെങ്കിലും ബിഷപ് ചാള്‍സിന്റെ രഹസ്യപരിശ്രമംകൊണ്ട് സമുചിതമായ അന്ത്യത്തിലെത്തി. അവസാനകാലത്തെ എഴുത്തുകുത്ത് ചാള്‍സ് ഏറ്റെടുത്തു.

സൂനഹദോസു കഴിഞ്ഞ് പൂര്‍ണ്ണസമയവും മിലാന്‍ രൂപതയ്ക്കുവേണ്ടി ചെലവാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു പ്രാദേശിക സൂനഹദോസു നടത്തി വൈദികരുടെയും അല്‍മേയരുടെയും ജീവിതപരിഷ്‌കരണത്തിനുവേണ്ട പരിപാടികള്‍ നിര്‍ണ്ണയിച്ചു. ജനങ്ങള്‍ മനസ്സുതിരിയണമെങ്കില്‍ വൈദികര്‍ മാതൃകാജീവിതം നയിക്കണമെന്ന് സൂനഹദോസ് ഊന്നിപറഞ്ഞു. ആര്‍ച്ചുബിഷപ് ചാള്‍സ് തന്നെ മാതൃക കാണിച്ച് തനിക്കുള്ള ആദായം മുഴുവനും ഉപവി പ്രവൃത്തികള്‍ക്കായി മാറ്റിവച്ചു.

1567-ലെ പ്ലേഗിനും പഞ്ഞത്തിനുമിടയ്ക്കു അദ്ദേഹം ദിനംപ്രതി 60,000 മുതല്‍ 70,000 പേരെവീതം പോറ്റിക്കൊണ്ടിരുന്നു. വളരെയേറെ സംഖ്യ കടം വാങ്ങിച്ചാണ് ഇത് സാധിച്ചത്. സര്‍ക്കാര്‍ അധികാരികള്‍ ഓടിപ്പോയപ്പോള്‍ ആര്‍ച്ചുബിഷപ് ചാള്‍സ് പ്ലേഗിന്റെ ഇടയില്‍ താമസിച്ചു രോഗികളെ ശുശ്രൂഷിക്കുകയും മരിക്കുന്നവരെ സംസ്‌കരിക്കുകയും ചെയ്തു. മിലാന്‍ രൂപതയിലെ പൊന്നാഭരണങ്ങളെല്ലാം ദരിദ്രര്‍ക്കായി ചെലവഴിച്ചു.

കഠിനമായ അധ്വാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തു. 46-ാമത്തെ വയസ്സില്‍ തന്റെ സമ്മാനം വാങ്ങാനായി ചാള്‍സ് ഈ ലോകത്തോട് യാത്രപറഞ്ഞു. അദ്ദേഹം തന്റെ 3000 വൈദികരേയും സുകൃതജീവിതത്തിലേക്ക് തിരിച്ചുവിട്ട് ആറു ഉത്തമ സെമിനാരികള്‍ സ്ഥാപിച്ചു. ക്രിസ്തീയ തത്വ സഖ്യം സ്ഥാപിച്ച് അതിന്റെ അംഗങ്ങളെ വേദോപദേശം പഠി പ്പിക്കാനിറക്കി, അദ്ദേഹം തന്നെ ചിലപ്പോഴൊക്കെ വൃദ്ധരെ വേദോപദേശം പഠിപ്പിക്കുകയുമുണ്ടായെന്നു കാണുന്നു.

നവംബര്‍ 3: വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറെസ്സ്

സുന്ദരിയായ റോസ പുണ്യവതി ജനിച്ച ലീമാ നഗരത്തിലാണ് ഈ നീഗ്രോ പുണ്യവാന്റെയും ജനനം. ജ്ഞാനസ്‌നാന സര്‍ട്ടിഫിക്കറ്റ് വായിക്കേണ്ടതുതന്നെ. ‘1579 നവം ബര്‍ 9-ന് ബുധനാഴ്ച ഞാന്‍ മാര്‍ട്ടിനെ ജ്ഞാനസ്‌നാനപ്പെടുത്തി. പിതാവ് അജ്ഞാതനാണ്. അമ്മ അന്നാ വെലാസ് കെസ്സ് ഹോരയാണ്. ജ്ഞാനസ്‌നാന പിതാക്കന്മാര്‍ ജൂവാന്‍ ഡെബ്രിവിയെസ്‌ക്കായും അന്നാ ഡെ എത്ത് കാര്‍സെനയുമാണ് എന്ന് ഇടവക വികാരി ഡോണ്‍ ജൂവാന്‍ അന്തോനിയോ പൊളാങ്കോ.’

അച്ഛന്‍ അജ്ഞാതനൊന്നുമായിരുന്നില്ല. ജൂവാന്‍ഡെ പോറസു പ്രഭുവാണെന്ന് എല്ലാ അയല്‍ക്കാര്‍ക്കും അറിയാവുന്ന സംഗതിയാണ്. അമ്മ പനാമക്കാരിയായ ഒരു നീഗ്രോ ആയിരുന്നു. ന്യായമായ ഒരു വിവാഹമായിരുന്നില്ല അവരുടേത്. മാര്‍ട്ടിന്‍ അമ്മയെപ്പോലെ നീഗ്രോയും സഹോദരി ജൂവാന അച്ഛനെപ്പോലെ യൂറോപ്യന്‍ വര്‍ണ്ണമുള്ളവളുമായി രുന്നു. കൂട്ടുകാര്‍ ഓടിക്കളിക്കുമ്പോള്‍ മാര്‍ട്ടില്‍ വിശുദ്ധ സെബാസ്റ്റിയന്റെ ദൈവാലയത്തില്‍ ഭക്തസ്തീകളെപ്പോലെ പ്രാര്‍ത്ഥിക്കുകയായിരുന്നു പതിവ്. അമ്മ മാര്‍ട്ടിനു കൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും അവന്‍ ദരിദ്രര്‍ക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്.

മാര്‍ട്ടിന്റെ സ്വഭാവഗുണത്തെപ്പറ്റി കേട്ട പിതാവ് രണ്ടു കുട്ടികളേയും ഇക്വഡോറിലേക്കു കൊണ്ടുപോയി ഇളയച്ഛന്റെ കൂടെ നിര്‍ത്തി പഠിപ്പിച്ചു. മാര്‍ട്ടിന്‍ എഴുതാനും വായിക്കാനും പഠിച്ചു. പത്തു വയസ്സുള്ളപ്പോള്‍ അവന്‍ അമ്മയുടെ അടുക്കലേക്കു മടങ്ങി. ഉദ്ദേശം പതിമൂന്നു വയസ്സുള്ളപ്പോള്‍ മാര്‍ട്ടിന്‍ ഒരു ഡോക്ടരുടെ സഹായിയായി. സ്വാമിനിയോട് ഒരു തിരി വാങ്ങി രാത്രി ഏതെങ്കിലും സദ്ഗ്രന്ഥം വായിച്ചിരുന്നു. ആശുപത്രിയില്‍ എല്ലാവര്‍ക്കും നല്ല സേവനം നല്കണമെന്ന് ഒരാഗ്രഹം മാത്രമേ മാര്‍ട്ടിനുണ്ടായിരുന്നുള്ളൂ. പതിനഞ്ചു വയസ്സുള്ളപ്പോള്‍ മാര്‍ട്ടിന്‍ ഡൊമിനിക്കന്‍ സഭയില്‍ ആത്മായ സഹോദരനായി ചേര്‍ന്നു അങ്ങേയറ്റം സ്‌നേഹത്തോടും ത്യാഗത്തോടുംകൂടെ രോഗികളെ ശുശ്രൂഷിച്ചു വന്നു.

മാര്‍ട്ടിന്റെ ഉപവിയും എളിമയും പ്രാര്‍ത്ഥനയിലുള്ള തീക്ഷണതയും കണ്ട് 9 വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. പല രാത്രികളും പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലുമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. പകല്‍ രോഗികളെ വര്‍ണ്ണഭേദം കൂടാതെ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ആഫ്രിക്കയില്‍നിന്ന് വന്ന അടിമകള്‍ക്കായി ഒരു അനാഥശാല അദ്ദേഹം സ്ഥാപിച്ചു.

ആഴ്ചതോറും 26,000 രൂപയുടെ ദാനധര്‍മ്മം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഈ സംഖ്യ മുഴുവനും ധനികരില്‍നിന്ന് പിരിച്ചെടുത്തതാണ്. പുതപ്പോ, മെഴുകുതിരിയോ, കുപ്പായമോ, ഭക്ഷണമോ ആവശ്യമുള്ളവര്‍ക്കൊക്കെ അദ്ദേഹം കൊടുത്തിരുന്നു. ഉപവിയുടെ മാര്‍ട്ടിന്‍ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്.

ക്രമേണ ജനങ്ങള്‍ അദ്ദേഹത്തെ അത്ഭുതപ്രവര്‍ത്തകനും പരഹൃദയജ്ഞാനിയുമായ ഒരു വിശുദ്ധനായി പരിഗണിക്കാന്‍ തുടങ്ങി. വെറും സ്പര്‍ശനം കൊണ്ടോ കുരിശടയാളം വരച്ചോ അദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രാര്‍ത്ഥനാ വേളയില്‍ അദ്ദേഹത്തിന്റെ ശരീരം വായുവില്‍ ഉയര്‍ന്നിരുന്നുവത്രെ. ഒരിക്കല്‍ അദ്ദേഹം ആശ്രമ ദൈവാലയത്തിന്റെ കുരിശു രൂപത്തിന്റെ മുമ്പില്‍ നില്ക്കുമ്പോള്‍ കര്‍ത്താവിന്റെ പാദം വരെ അദ്ദേഹത്തിന്റെ പാദം ഉയര്‍ന്നതായി പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നു. ദ്വിസ്ഥലസാന്നിദ്ധ്യവും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.

മാര്‍ട്ടിന്‍ 60-ാമത്തേ വയസ്സിലാണ് മരിച്ചത്; ലീമാ മുഴുവനും വിലപിച്ചു. പെറുവിലെ വൈസ്റോയിയും രണ്ടു മെത്രാന്മാരും ഒരു പ്രഭുവുമാണ് ശവമഞ്ചം വഹിച്ചത്.

നിത്യതയിലേക്ക് തുറക്കുന്ന വാതില്‍

പരിമിതികളോടും, സാഹചര്യങ്ങളോടും നല്ല യുദ്ധം ചെയ്തു ജീവിതം പൂര്‍ത്തിയാക്കി നമുക്കു മുമ്പേ സ്വര്‍ഗീയ വസതിയണഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനുള്ള ദിനങ്ങളാണ് നവംബര്‍. ചുറ്റുമുള്ള ഓരോ അണുവിലും വ്യക്തമായ വിരലടയാളങ്ങള്‍ പതിപ്പിച്ച് കടന്നുപോയ തലമുറയുടെ ഓര്‍മകളാണ് നമുക്കു സ്വന്തമായുള്ളത്.

ജീവിതത്തെ സ്നേഹിക്കാനും, നല്ല ദിനങ്ങള്‍ മറ്റുള്ളവര്‍ക്കും സ്വന്തമായും സൃഷ്ടിക്കാന്‍ കഴിയുമ്പോഴുമാണ് ജീവിതം ധന്യമാകുക എന്ന് നമുക്കു മുമ്പേ പോയവര്‍ പറഞ്ഞു തരുന്നു. മരണാന്തര നിമിഷങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ എന്തൊക്കെ കാണാനും കേള്‍ക്കാനനുമായിരിക്കും നാം ഇഷ്ടപ്പെടുക.

ഉയര്‍ത്തെഴുന്നേറ്റ ലാസറിനെപ്പറ്റി പാരമ്പര്യങ്ങള്‍ പറയുന്നത് രണ്ടു വിധത്തിലാണ്. ഒരുകൂട്ടര്‍ പറയും, ലാസറൊരിക്കലും പിന്നീട് ചിരിച്ചിട്ടില്ലെന്ന്. ജീവന്‍, മരണം, നിത്യത തുടങ്ങിയവയെപ്പറ്റി അവബോധം ലഭിച്ചവന് എങ്ങനെയാണ് സാദാ തമാശകള്‍ കേട്ട് ചിരിക്കാനാകുക. വേറൊരുകൂട്ടര്‍ പറയും, ലാസര്‍ എപ്പോഴും ചിരിക്കുകയായിരുന്നെന്ന് ഓരോരുത്തരുടെയും പരക്കം പാച്ചിലുകളും മത്സരങ്ങളും കാണുമ്പോള്‍ അയാള്‍ക്ക് ചിരിയടക്കാനായിട്ടില്ലത്രേ?

എല്ലാ ഓട്ടമത്സരങ്ങളും പൂര്‍ത്തിയാകുന്നത് ആറടി മണ്ണിന്റെ സുരക്ഷിതത്വത്തിലാണ് എന്നറിയുന്നവന് ജീവിത നിലപാടുകളില്‍ വ്യത്യസ്തത വരുത്താനാകും. പരമാവധി 25000 ദിനങ്ങള്‍ നീളുന്ന ജീവിതമെത്രയോ വേഗം പൂര്‍ത്തിയാകുന്നു. പലപ്പോഴും ലക്ഷ്യം തേടിയുള്ള ദ്രുതചലനങ്ങള്‍ക്കൊടുവില്‍ കുഴഞ്ഞുവീഴുമ്പോള്‍ അധികമൊന്നും അകലത്തില്‍ എത്തിയിട്ടില്ലെന്നു നാമറിയുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെയും മരിക്കാനുള്ള നമ്മെയും സംബന്ധിച്ച് ഏറെ ധ്യാനങ്ങളും വിചിന്തനങ്ങളും ആവശ്യമാണ്.

സെമിത്തേരികളെ നാമേറെ സ്നേഹിക്കുന്ന മാസമാണല്ലോ നവംബര്‍. ഏറെ ഓട്ടങ്ങള്‍ക്കൊടുവില്‍ നാം സ്വന്തമാക്കുന്ന വിശ്രമകേന്ദ്രം. ഈ വിശ്രമ ഇടങ്ങളെ നമുക്കല്‍പ്പംക്കൂടി പ്രസാദാത്മകമായി കാണാം. ക്രിസ്തു നല്‍കുന്ന ശൂന്യമായ കല്ലറയുടെ സൂചന നമുക്കന്യമാകരുത്. ജീവിച്ചിരിക്കുന്നവരെ നാമെന്തിനു മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കണം എന്ന തിരുത്തലില്‍ പൊതിഞ്ഞ ചോദ്യം നമുക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കും. മണ്ണടരുകള്‍ക്ക് ജീര്‍ണിപ്പിക്കാനാകുന്ന ചിലതൊക്കെയുണ്ട് എന്ന് തിരുശേഷിപ്പുകളില്ലാത്ത ശൂന്യമായ കല്ലറ നമ്മെ ഓര്‍മിപ്പിക്കുന്നു.

മരണം അടഞ്ഞ വാതിലല്ല. നിത്യതയിലേക്ക് തുറക്കപ്പെടുന്നൊരു വാതിലാണെന്ന അറിവിന്റെ പ്രകാശത്തില്‍ ജീവിതത്തെ കൂറേക്കൂടി പ്രസാദ പൂര്‍ണമാക്കാം. നല്ല ജീവിതങ്ങള്‍ക്ക് മരണമെന്ന യാഥാര്‍ഥ്യം തിരശീല വീഴ്ത്തുകയല്ല മറിച്ച് തുടര്‍ച്ച നല്‍കുകയാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നിത്യതയിലേക്ക് നോക്കി ജീവിക്കാന്‍ നമുക്കാകണം. നിത്യതയില്‍ ഒരുമിക്കുന്നതുവരെ മാത്രമാണ് നമുക്കുമുമ്പേ മരണമടഞ്ഞവര്‍ നമുക്കകലെയാകുന്നത്.

ക്രിസ്തു തൊടുമ്പോള്‍ മൃതപ്രായമായതെന്തും ജീവന്‍ നേടും. ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി വന്ന ക്രിസ്തുവിനെ പോലെ ഭൂമിയിലെ ജീവനെ വീണ്ടെടുക്കുക എന്നതാവണം ക്രിസ്തുശിഷ്യന്റെ ധര്‍മ്മം. അതിനാലാണ് പറഞ്ഞയക്കുമ്പോള്‍, ‘മൃതരെ ഉയര്‍പ്പിക്കാനുള്ള കല്‍പ്പനകൂടി അവന്‍ പ്രിയ ശിഷ്യര്‍ക്കേകുന്നത്’. ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കണമെന്നര്‍ത്ഥം. എവിടെയൊക്കെ മൃതമായ അവസ്ഥയുണ്ടോ, അവിടെയൊക്കെ ജീവന്റെ പ്രചാരകരാകണം. അവിടെ ദൈവത്തിന്റെ പകരക്കാരനാകണം.

ജീവിക്കുക എന്നതിന് മനുഷ്യോചിതമായി വ്യാപരിക്കുക എന്നാണര്‍ത്ഥം. മരണമെന്ന യാഥാര്‍ഥ്യത്തെ സ്വര്‍ഗയാത്രയുടെ കവാടമായി കണ്ട് നമുക്ക് ഈ ജീവിതത്തെ സ്നേഹിക്കാം. നാമെല്ലാവരും ക്രിസ്തുവിന്റെ മുമ്പില്‍ ഒന്നുചേരുന്ന ദിനമാണ് നമ്മുടെ ലക്ഷ്യം. മൃതരുണരുന്ന നിത്യവിരുന്നില്‍ അവനോടൊപ്പം പങ്കുചേരാനുള്ള മോഹം നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളെ കൂടുതല്‍ പ്രകാശമുള്ളതാക്കും.

Exit mobile version