നിത്യതയിലേക്ക് തുറക്കുന്ന വാതില്‍

പരിമിതികളോടും, സാഹചര്യങ്ങളോടും നല്ല യുദ്ധം ചെയ്തു ജീവിതം പൂര്‍ത്തിയാക്കി നമുക്കു മുമ്പേ സ്വര്‍ഗീയ വസതിയണഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനുള്ള ദിനങ്ങളാണ് നവംബര്‍. ചുറ്റുമുള്ള ഓരോ അണുവിലും വ്യക്തമായ വിരലടയാളങ്ങള്‍ പതിപ്പിച്ച് കടന്നുപോയ തലമുറയുടെ ഓര്‍മകളാണ് നമുക്കു സ്വന്തമായുള്ളത്.

ജീവിതത്തെ സ്നേഹിക്കാനും, നല്ല ദിനങ്ങള്‍ മറ്റുള്ളവര്‍ക്കും സ്വന്തമായും സൃഷ്ടിക്കാന്‍ കഴിയുമ്പോഴുമാണ് ജീവിതം ധന്യമാകുക എന്ന് നമുക്കു മുമ്പേ പോയവര്‍ പറഞ്ഞു തരുന്നു. മരണാന്തര നിമിഷങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ എന്തൊക്കെ കാണാനും കേള്‍ക്കാനനുമായിരിക്കും നാം ഇഷ്ടപ്പെടുക.

ഉയര്‍ത്തെഴുന്നേറ്റ ലാസറിനെപ്പറ്റി പാരമ്പര്യങ്ങള്‍ പറയുന്നത് രണ്ടു വിധത്തിലാണ്. ഒരുകൂട്ടര്‍ പറയും, ലാസറൊരിക്കലും പിന്നീട് ചിരിച്ചിട്ടില്ലെന്ന്. ജീവന്‍, മരണം, നിത്യത തുടങ്ങിയവയെപ്പറ്റി അവബോധം ലഭിച്ചവന് എങ്ങനെയാണ് സാദാ തമാശകള്‍ കേട്ട് ചിരിക്കാനാകുക. വേറൊരുകൂട്ടര്‍ പറയും, ലാസര്‍ എപ്പോഴും ചിരിക്കുകയായിരുന്നെന്ന് ഓരോരുത്തരുടെയും പരക്കം പാച്ചിലുകളും മത്സരങ്ങളും കാണുമ്പോള്‍ അയാള്‍ക്ക് ചിരിയടക്കാനായിട്ടില്ലത്രേ?

എല്ലാ ഓട്ടമത്സരങ്ങളും പൂര്‍ത്തിയാകുന്നത് ആറടി മണ്ണിന്റെ സുരക്ഷിതത്വത്തിലാണ് എന്നറിയുന്നവന് ജീവിത നിലപാടുകളില്‍ വ്യത്യസ്തത വരുത്താനാകും. പരമാവധി 25000 ദിനങ്ങള്‍ നീളുന്ന ജീവിതമെത്രയോ വേഗം പൂര്‍ത്തിയാകുന്നു. പലപ്പോഴും ലക്ഷ്യം തേടിയുള്ള ദ്രുതചലനങ്ങള്‍ക്കൊടുവില്‍ കുഴഞ്ഞുവീഴുമ്പോള്‍ അധികമൊന്നും അകലത്തില്‍ എത്തിയിട്ടില്ലെന്നു നാമറിയുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെയും മരിക്കാനുള്ള നമ്മെയും സംബന്ധിച്ച് ഏറെ ധ്യാനങ്ങളും വിചിന്തനങ്ങളും ആവശ്യമാണ്.

സെമിത്തേരികളെ നാമേറെ സ്നേഹിക്കുന്ന മാസമാണല്ലോ നവംബര്‍. ഏറെ ഓട്ടങ്ങള്‍ക്കൊടുവില്‍ നാം സ്വന്തമാക്കുന്ന വിശ്രമകേന്ദ്രം. ഈ വിശ്രമ ഇടങ്ങളെ നമുക്കല്‍പ്പംക്കൂടി പ്രസാദാത്മകമായി കാണാം. ക്രിസ്തു നല്‍കുന്ന ശൂന്യമായ കല്ലറയുടെ സൂചന നമുക്കന്യമാകരുത്. ജീവിച്ചിരിക്കുന്നവരെ നാമെന്തിനു മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കണം എന്ന തിരുത്തലില്‍ പൊതിഞ്ഞ ചോദ്യം നമുക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കും. മണ്ണടരുകള്‍ക്ക് ജീര്‍ണിപ്പിക്കാനാകുന്ന ചിലതൊക്കെയുണ്ട് എന്ന് തിരുശേഷിപ്പുകളില്ലാത്ത ശൂന്യമായ കല്ലറ നമ്മെ ഓര്‍മിപ്പിക്കുന്നു.

മരണം അടഞ്ഞ വാതിലല്ല. നിത്യതയിലേക്ക് തുറക്കപ്പെടുന്നൊരു വാതിലാണെന്ന അറിവിന്റെ പ്രകാശത്തില്‍ ജീവിതത്തെ കൂറേക്കൂടി പ്രസാദ പൂര്‍ണമാക്കാം. നല്ല ജീവിതങ്ങള്‍ക്ക് മരണമെന്ന യാഥാര്‍ഥ്യം തിരശീല വീഴ്ത്തുകയല്ല മറിച്ച് തുടര്‍ച്ച നല്‍കുകയാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നിത്യതയിലേക്ക് നോക്കി ജീവിക്കാന്‍ നമുക്കാകണം. നിത്യതയില്‍ ഒരുമിക്കുന്നതുവരെ മാത്രമാണ് നമുക്കുമുമ്പേ മരണമടഞ്ഞവര്‍ നമുക്കകലെയാകുന്നത്.

ക്രിസ്തു തൊടുമ്പോള്‍ മൃതപ്രായമായതെന്തും ജീവന്‍ നേടും. ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി വന്ന ക്രിസ്തുവിനെ പോലെ ഭൂമിയിലെ ജീവനെ വീണ്ടെടുക്കുക എന്നതാവണം ക്രിസ്തുശിഷ്യന്റെ ധര്‍മ്മം. അതിനാലാണ് പറഞ്ഞയക്കുമ്പോള്‍, ‘മൃതരെ ഉയര്‍പ്പിക്കാനുള്ള കല്‍പ്പനകൂടി അവന്‍ പ്രിയ ശിഷ്യര്‍ക്കേകുന്നത്’. ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കണമെന്നര്‍ത്ഥം. എവിടെയൊക്കെ മൃതമായ അവസ്ഥയുണ്ടോ, അവിടെയൊക്കെ ജീവന്റെ പ്രചാരകരാകണം. അവിടെ ദൈവത്തിന്റെ പകരക്കാരനാകണം.

ജീവിക്കുക എന്നതിന് മനുഷ്യോചിതമായി വ്യാപരിക്കുക എന്നാണര്‍ത്ഥം. മരണമെന്ന യാഥാര്‍ഥ്യത്തെ സ്വര്‍ഗയാത്രയുടെ കവാടമായി കണ്ട് നമുക്ക് ഈ ജീവിതത്തെ സ്നേഹിക്കാം. നാമെല്ലാവരും ക്രിസ്തുവിന്റെ മുമ്പില്‍ ഒന്നുചേരുന്ന ദിനമാണ് നമ്മുടെ ലക്ഷ്യം. മൃതരുണരുന്ന നിത്യവിരുന്നില്‍ അവനോടൊപ്പം പങ്കുചേരാനുള്ള മോഹം നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളെ കൂടുതല്‍ പ്രകാശമുള്ളതാക്കും.

നവംബര്‍ 2: സകല മരിച്ചവരുടേയും ഓര്‍മ്മ

മരിക്കുന്നവരെല്ലാം ദൈവത്തെ അഭിമുഖം ദര്‍ശിക്കാന്‍തക്ക യോഗ്യതയുള്ളവരായിരിക്കയില്ല; അതേസമയം ശപിക്കപ്പെട്ട ആത്മാക്കളുടെ ഗണത്തില്‍ തള്ളപ്പെടാന്‍ മാത്രം പാപം എല്ലാവരിലും ഉണ്ടായിരിക്കയില്ല. അതിനാല്‍ മരിക്കുന്നവരില്‍ ചിലര്‍ ദൈവത്തെ സ്‌നേഹിക്കുന്ന വരായിരിക്കും; എന്നാല്‍ അവര്‍ തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തിട്ടില്ലെന്നുവരാം. ദൈവത്തിന്റ കാരുണ്യം അവരെ നിത്യശിക്ഷയില്‍നിന്ന് ഒഴിവാക്കുന്നു; അവിടുത്തെ നീതി അവരുടെ വിശുദ്ധീകരണം ആവശ്യപ്പെടുന്നു. അതിനാല്‍ സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയ്ക്ക് ശുദ്ധീകരണസ്ഥലം എന്നൊരു ശിക്ഷാകേന്ദ്രമുണ്ടെന്നു സഭ പഠിപ്പിക്കുന്നു.

11-ാംശതാബ്ദത്തില്‍ മരിച്ചവരുടെ ഓര്‍മ്മ പെരുന്നാള്‍ സഭയില്‍ സാര്‍വ്വത്രികമായി. അഞ്ചാം ശതാബ്ദം മുതല്‍ മരിച്ചവര്‍ക്കായി കുര്‍ബാന ചൊല്ലി കാഴ്ചവച്ചിരുന്നതായി കാണാം .

എല്ലാ മതക്കാരും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രാര്‍ത്ഥന ഏതെങ്കിലും വിധത്തില്‍ ഉപകരിക്കുന്നുണ്ടെന്നായിരിക്കണമല്ലോ അവരുടെ ബോദ്ധ്യം. സ്വര്‍ഗ്ഗവാസികള്‍ക്ക് പ്രാര്‍ത്ഥന ആവശ്യമില്ല; നരകവാസികള്‍ക്ക് പ്രാര്‍തഥന പ്രയോജനപ്പെടുകയുമില്ല. നിശ്ചിതകാലത്തെ ശുദ്ധീകരണത്തിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് പോകാവുന്ന ആത്മാക്കളുണ്ടെന്നാണല്ലോ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ സ്പഷ്ടമാക്കുന്നത്.

യൂദാസ് മക്കബേയൂസ് തന്റെ കൂടെ അടരാടി പോര്‍ക്കള ത്തില്‍ മരിച്ചവര്‍ക്കുവേണ്ടി ബലികള്‍ സമര്‍പ്പിക്കാന്‍ പന്തീരായിരം നാണയം പിരിച്ചെടുത്തു ജെറുസലേമിലേക്ക് അയച്ചു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു പരിശുദ്ധവും രക്ഷാകരവുമായ ഒരു ചിന്തയാണെന്ന ബോധ്യത്തോടുകൂടെയാണ് യൂദാസ് അങ്ങനെ ചെയ്തത് (2 മക്കാ 12, 46).

നാം എല്ലാ വരും ഒരു ശരീരത്തിലെ അവയവങ്ങളാകയാല്‍ ഒരാളുടെ പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ആ ശരീരത്തിലേ മറ്റ് അംഗങ്ങള്‍ക്ക് പ്രയോജനകരമായി തീരുന്നു. ദിവ്യബലി മരിച്ചവരുടെ കടങ്ങള്‍ ക്ഷമിക്കാന്‍ ഉതകുമെന്നു ട്രെന്റ് സൂനഹദോസിന്റെ നിര്‍വ്വചനവുമുണ്ട്.

മോനിക്കാ പുണ്യവതി മരണനേരത്ത് തന്റെ കണ്ണീരിന്റെ പുത്രനായ വിശുദ്ധ അഗസ്തീനോസിനോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു. ‘മകനേ, നീ ബലിപീഠത്തില്‍ നില്ക്കുമ്പോള്‍ എന്നെ ഓര്‍മ്മിക്കുക.’

നവംബര്‍ 1: സകല വിശുദ്ധര്‍

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നല്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കും സമ്മാനത്തിനും നന്ദിപറയാനും വിവിധ സാഹചര്യങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പുണ്യപദം പ്രാപിച്ചിട്ടുള്ളവരുടെ സുകൃതങ്ങള്‍ അനുകരിക്കുന്നതിന് നമ്മളെ പ്രോത്സാഹിപ്പിക്കാനും അവര്‍ ആസ്വദിക്കുന്ന അവര്‍ണ്ണനീയമായ ആനന്ദത്തെപ്പറ്റി ചിന്തിക്കാനും നമ്മുടെ അറിവില്‍പെടാത്ത വിശുദ്ധരില്‍ ദൈവത്തെ മഹത്വപ്പെടുത്താനുമാണ് സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിക്കുന്നത്.

വിശുദ്ധരുടെ പട്ടികയില്‍ തിരുസഭ ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളവരുടെ ഓര്‍മ്മ ഏതെങ്കിലും സ്ഥലങ്ങളില്‍ എന്നെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ വിശുദ്ധരെന്നു നാമകരണം ചെയ്യപ്പെടാത്ത കോടാനു കോടി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലുണ്ടല്ലോ. അതിനാല്‍ സര്‍വ്വ സ്വര്‍ഗ്ഗവാസികളുടേയും തിരുനാള്‍ ആഘോഷിക്കുന്നതിന് തിരുസ്സഭ ഇന്നു നമ്മളെ ആഹ്വാനം ചെയ്യുന്നു. അവരുടെ ഗണത്തില്‍ നമ്മുടെ വീട്ടുകാരും നാട്ടുകാരും മിത്രങ്ങളുമൊക്കെ അനുസ്മരിക്കപ്പെടുന്നുണ്ടെന്നുള്ളത് ഒരു സന്തോഷമല്ലേ? അവരുടെ ഗണത്തില്‍ ചെന്നുചേരാന്‍ അവരുടെ മധ്യസ്ഥപ്രാര്‍ത്ഥന നമുക്ക് സഹായകമായിരിക്കും. ആത്മനാ ദരിദ്രരും ഹൃദയ ശാന്തതയുള്ളവരും തങ്ങളുടെ പാപങ്ങളെപ്രതി കരഞ്ഞിരുന്ന വരും നീതിയെ ദാഹിച്ചിരുന്നവരും കരുണാശീലരും ഹൃദയശുദ്ധിയുള്ളവരും സമാധാന പാലകരും നീതിയെപ്രതി പീഡകള്‍ സഹിച്ചിട്ടുള്ളവരുമാണ് വിശുദ്ധര്‍. അവരെ അനുകരിക്കാന്‍ ഇന്നത്തെ തിരുനാള്‍ നമുക്ക് ഉത്തേജനം നല്‍കട്ടെ.

യാക്കോബിന്റെ സന്തതികളുടെ പന്ത്രണ്ടു ഗോത്രങ്ങളില്‍ നിന്ന് പന്തീരായിരം വീതവും സമസ്തജാതി ജനങ്ങളില്‍നിന്ന് കുഞ്ഞാടിന്റെ രക്തത്തില്‍ കഴുകി വെളുപ്പിച്ച വസ്ത്രം അണിഞ്ഞ് അനേകായിരവും ഇന്ന് നമ്മുടെ സ്മരണയില്‍ വരുന്നു. അവര്‍ക്ക് വിശപ്പില്ല, ദാഹമില്ല; വെയിലോ ചൂടോ അവരെ തട്ടുന്നില്ല. ദൈവം അവരുടെ കണ്ണില്‍നിന്ന് കണ്ണീരെല്ലാം തുടച്ചുകളഞ്ഞിരിക്കുന്നു. (വെളി. 7)

ദൈവം അയയ്ക്കുന്ന പീഡകള്‍ സഹിച്ച് കുഞ്ഞാടിന്റെ രക്തത്തില്‍ നമ്മുടെ വസ്ത്രങ്ങള്‍ കഴുകി സകല വിശുദ്ധരുടേയും ഗണത്തില്‍ ചേരാന്‍ നമുക്ക് യത്‌നിക്കാം.

ഒക്ടോബര്‍ 31: വിശുദ്ധ അല്‍ഫോന്‍സ് റൊഡ്രിഗെസ്

ഈശോസഭയിലെ ഒരത്മായ സഹോദരനാണ് അല്‍ഫോന്‍സ് റോഡ്രിഗെസ്. സ്‌പെയിനില്‍ സെഗോവിയായില്‍ ഭക്തരായ മാതാപിതാക്കന്മാരുടെ മകനായി 1531 ജൂലൈ 25-ന് അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല്‍ അല്‍ഫോന്‍സ് ദൈവമാതൃ ഭക്തതനായിരുന്നു. ദൈവമാതൃ ചിത്രം ചുംബിക്കാനുണ്ടായിരുന്ന താല്പര്യം ഉറച്ച ഒരു ഭക്തിയായി വികസിച്ചു. 12-ാമത്തെ വയസ്സിലേ ജപമാല ചൊല്ലാന്‍ ബാലന്‍ പഠിച്ചുള്ളൂ; അന്നുമുതല്‍ ജപമാല മുടക്കിയിട്ടില്ല.

അല്‍കാലായിലേയും വലെന്‍സിയായിലേയും സര്‍വ്വകലാശാലകളില്‍ അവന്‍ അധ്യയനം ചെയ്തു. പിതാവു മരിക്കയാല്‍ വിദ്യാഭ്യാസം നിര്‍ത്തി കുടുംബകാര്യം അന്വേഷിക്കേണ്ടിവന്നു. ദിവസന്തോറും അവന്‍ വിശുദ്ധ കുര്‍ബാന കാണുകയും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുകയും ചെയ്തിരുന്നു. അല്‍ഫോന്‍സ് വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടായി. താമസിയാതെ അമ്മയും കുട്ടിയും മരിച്ചു.

വേറൊരു വിവാഹത്തെപ്പറ്റി അല്‍ഫോന്‍സ് ചിന്തിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് ഈശോസഭാ നൊവിഷ്യറ്റില്‍ ഒരു അത്മായ സഹോദരനെന്നനിലയില്‍ പ്രവേശനം ലഭിച്ചു. ആറുമാസത്തിനുശേഷം മജോര്‍ക്കായിലുള്ള മോണ്ടെഷന്‍ കോളേജിലേക്ക് മാറ്റം കിട്ടി. അവിടെവച്ചാണ് വ്രതമെടുത്തത്. അമ്പതു കൊല്ലത്തോളം അദ്ദേഹം ആ കോളജില്‍ പോര്‍ട്ടര്‍ജോലി ചെയ്തു. ഒഴിവുസമയം അദ്ദേഹം ധ്യാനനിമഗ്നനായി കഴിഞ്ഞു. അല്ലെങ്കില്‍ ജപമാലയോ സുകൃതജപങ്ങളോ ചൊല്ലിക്കൊണ്ടിരുന്നു.

പഠനം കാര്യമായിട്ടില്ലായിരുന്നെങ്കിലും ദൈവനിവേശിതമായ വിജ്ഞാനത്തിന്റെ പ്രകാശത്താല്‍ ദൈവശാസ്ത്രജ്ഞന്മാരും കാനന്‍ നിയമ പടുക്കളും കേവലം താത്വികമായ പ്രശന ങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. വിശുദ്ധ പീറ്റര്‍ ക്ലേവര്‍ പോലും ഈ സഹോദരന്റെ ഉപദേശം തേടിയിട്ടുണ്ട്.

ഇതിനിടയ്ക്ക് രോഗങ്ങളും ക്ലേശങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഏതാനും മാസങ്ങള്‍ അദ്ദേഹം രോഗിയായിക്കിടന്നു. 1617 ഒക്ടോബര്‍ 31-ന് അദ്ദേഹം അന്തരിച്ചു. വിശുദ്ധന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആധ്യാത്മിക കുറിപ്പുകള്‍ ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. ക്രിസ്തീയ പരിപൂര്‍ണ്ണത എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. 1887-ല്‍ ലെയോന്‍ മാര്‍പാപ്പാ അദ്ദേഹത്തെ പുണ്യവാന്‍ എന്ന് പേര്‍ വിളിച്ചു.

ഒക്ടോബര്‍ 30: വിശുദ്ധ തെയൊണെസ്തൂസ്

രക്തസാക്ഷികളുടെ ചരിത്രം വായിക്കുമ്പോള്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഒരു പരമാര്‍ത്ഥമുണ്ട്. റോമന്‍ ചക്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കത്തോലിക്കാ സഭാംഗങ്ങളെ ആദ്യ ശതകങ്ങളില്‍ വധിച്ചിട്ടുള്ളത് ഈശോ ദൈവമല്ലെന്ന് വാദിച്ചിരുന്ന ആര്യന്‍ പാഷണ്ഡികളാണ്. അവരുടെ ക്രോധത്തിനിരയായ ഒരു ബിഷപ്പാണ് തെയൊണെസ്തൂസ്. അദ്ദേഹം മാസെഡോണിയായിലെ ഫിലിപ്പി രൂപതയുടെ മെത്രാനായിരുന്നു.

ആര്യന്‍ പാഷണ്ഡികള്‍ അദ്ദേഹത്തേയും വിശുദ്ധ ആല്‍ബന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ വിശ്വാസികളേയും നാടുകടത്തി. മാര്‍പാപ്പാ അവരെ ജര്‍മ്മനിയില്‍ സുവിശേഷ പ്രഘോഷണത്തിനായി അയച്ചു. അവര്‍ മെയിന്‍സിലെത്തിയപ്പോള്‍ വാന്റല്‍സിന്റെ ആക്രമണം ഉണ്ടാകുകയും തെയോണെസ്തൂസ് പലായനം ചെയ്യുകയും ചെയ്തു. എന്നാല്‍ വെനേറ്റോയില്‍ ആള്‍ട്ടിനോ എന്ന സ്ഥലത്തുവച്ചു വധിക്കപ്പെട്ടു.

ഒക്ടോബര്‍ 29: വിശുദ്ധ നാര്‍സിസ്സസ്

ജെറുസലേമിലെ മുപ്പതാമത്തെ മെത്രാനാണ് വിശുദ്ധ നാര്‍സിസ്സസ്. മെത്രാനായപ്പോള്‍ 80 വയസ്സുണ്ടായിരുന്നു. പരിശുദ്ധനായ ബിഷപ്പിനോടു ജനങ്ങള്‍ക്കു വളരെ മതിപ്പും സ്‌നേഹവുമുണ്ടായിരുന്നു. പല അത്ഭുതങ്ങളും അവര്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചതായി കാണുന്നു. ഒരു ഉയിര്‍പ്പു തിരുനാളിന്റെ തലേദിവസം ഡീക്കന്മാരുടെ വിളക്കുകളില്‍ എണ്ണ ഉണ്ടായിരുന്നില്ല. ബിഷപ് നാര്‍സിസ്സസ് വിളക്കുകളില്‍ വെള്ളം കോരി ഒഴിക്കാന്‍ ആജ്ഞാപിച്ചു. ചരിത്രകാരനായ എവുസേബിയൂസു പറയുന്നത് ആ വെള്ളം ഉടനടി എണ്ണയായെന്നാണ്.

ഇദ്ദേഹത്തിന്റെ പ്രശസ്തി സര്‍വ്വ വ്യാപകമായിരുന്നെങ്കിലും ഏഷണിക്കാര്‍ എന്തോ ഒരു മഹാ കുറ്റം അദ്ദേഹത്തില്‍ ആരോപിച്ചു. താന്‍ പറയുന്നതു വാസ്തവമെങ്കില്‍ തീ വീണു ചാവട്ടെ എന്നൊരാളും കുഷ്ഠരോഗം പിടിക്കട്ടെ എന്നു വേറൊരാളും അന്ധനാകട്ടെ എന്നു മൂന്നാമതൊരാളും ആണയിട്ടു പറഞ്ഞു. ഒരാള്‍ തീയില്‍ ദഹിക്കുകയും വേറൊരാള്‍ കുഷ്ഠ രോഗിയാകയും മുന്നാമത്തെയാള്‍ കുരുടനുമായപ്പോള്‍ മെത്രാനച്ചന്റെ വിശുദ്ധി നാട്ടുകാര്‍ക്കു ഒന്നുകൂടി ബോധ്യമായി.

പക്ഷെ, ഏഷണിക്കാരുടെ ആരോപണങ്ങളെ ഭയന്ന് അദ്ദേഹം വേറൊരു മെത്രാനെ നിയമിച്ച് ഏകാന്തത്തില്‍ ധ്യാനനിരതനായിക്കഴിഞ്ഞു. ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞു നാര്‍സിസ്സസ് വീണ്ടും രൂപതാഭരണം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ സഹായ മെത്രാന്‍ വിശുദ്ധ അലക്‌സാണ്ടര്‍ പ്രസ്താവിച്ചതു പോലെ 116-ാമത്തെ വയസില്‍ നിര്യാതനാകുകയും ചെയ്തു.

ഒക്ടോബര്‍ 28: ശ്ലീഹന്മാരായ വിശുദ്ധ ശിമയോനും യൂദാതദേയൂസും

കനാന്യനായ അഥവാ തീക്ഷ്ണമതിയായ ശിമയോന്‍ ക്രിസ്തുവിന്റെ അപ്പസ്‌തോലന്മാരിലൊരാളാണ്. കനാന്യന്‍ എന്ന വിശേഷണത്തെ ആസ്പദമാക്കി ചിലര്‍ അദ്ദേഹത്തിന്റെ ജന്മദേശം കാനാന്‍ ആണെന്നു പറയുന്നത് പൊതുവേ ആരും സ്വീകരിക്കുന്നില്ല. അദ്ദേഹം ഗലീലിയന്‍ തന്നെയാണ്. യഹൂദരുടെ ഇടയില്‍ മതനൈര്‍മ്മല്യം സംരക്ഷിക്കാന്‍ അത്യുത്സുകരായ ഒരു വിഭാഗമുണ്ട്-തീക്ഷണമതികള്‍. ആ വിഭാഗത്തില്‍പ്പെട്ടവനാണ് ശിമയോനെന്നും കാണുന്നു. കാനായിലെ കല്ല്യാണത്തിലെ മണവാളന്‍ ഈ ശിമയോനാണെന്നു ഗ്രീക്കുകാര്‍ പ്രസ്താവിക്കുന്നു.

പന്ത്രണ്ടു ശ്ലീഹന്മാരുടെ പേരു കൊടുത്തിട്ടുള്ളിടത്തു ശിമയോന്റെ നാമം ചേര്‍ത്തിട്ടുള്ളതില്‍ കവിഞ്ഞു യാതൊന്നും ശിമയോനെപ്പറ്റി സുവിശേഷങ്ങളിലില്ല. മറ്റ് അപ്പസ്‌തോലന്മാരോടൊപ്പം ശിമയോനും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു വിശ്വസ്തതയോടും തീക്ഷണതയോടുംകൂടെ സുവിശേഷ പ്രചരണത്തിനായി അദ്ധ്വാനിച്ചു. ഈജിപ്തിലും സിറീനിലും മൗറിറ്റാനിയായിലും അദ്ദേഹം സുവിശേഷം പ്രസംഗിച്ചിട്ടുണ്ടെന്നു പറയുന്നു. വിഗ്രഹാരാധകരായ പുരോഹിതര്‍ ശിമയോനെ പേര്‍ഷ്യയില്‍ വച്ചു കുരിശില്‍ തറച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്.

യൂദാതദേവൂസ്

യൂദാ സ്‌ക്കറിയോത്തയായി തെറ്റിദ്ധരിക്കാതിരിക്കാന്‍ ഈ അപ്പസ്‌തോലനെ യൂദാതദേവൂസ് എന്നാണു വിളിക്കാറുള്ളത്. കൊച്ചുയാക്കോബിന്റെ സഹോദരനാണു യൂദാ. മറ്റു സഹോദരന്മാരാണു ജെറുസലേമിലെ സീമോനും ജോസെസ്സും. നാലുപേരെയാണ് ഈശോയുടെ സഹോദരന്മാരെന്ന പദം കൊണ്ടു സുവിശേഷകര്‍ വിവക്ഷിക്കാറുള്ളത്. ദൈവമാതാവിന്റെ സഹോദരിയായ മേരിയുടേയും ക്‌ളെയോഫാസിന്റെയും മക്കളാണിവര്‍. അപ്പസ്‌തോല സ്ഥാനത്തേക്കുള്ള ദൈവവിളി സുവിശേഷങ്ങളില്‍ വിവരിച്ചിട്ടില്ല.

തന്നെ സ്‌നേഹിക്കുന്നവര്‍ക്കു തന്നെ വെളിപ്പെടുത്തിക്കൊ ടുക്കുമെന്ന് ഈശോ പറഞ്ഞപ്പോള്‍ യൂദാ ചോദിച്ചു: എന്താണ് അങ്ങ് ലോകത്തിനു സ്വയം വെളിപ്പെടുത്താത്തത്?” (യോഹ. 14: 22). രക്ഷകന്റെ രാജ്യം ലൗകികമായിരിക്കുമെന്നായിരുന്നു യൂദായുടെ വിചാരം . ലോകം അതിനു യോഗ്യമല്ലെന്നായിരുന്നു ദിവ്യഗുരുവിന്റെ മറുപടി.

വിശുദ്ധ യൂദാ സമരിയാ, യൂദെയാ, ഇദമേയാ, സിറിയാ, ലിബിയാ, മെസൊപ്പോട്ടേമിയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. കൊച്ചു യാക്കോബിന്റെ രക്തസാക്ഷിത്വത്തിനുശേഷം 62-ല്‍ തിരിച്ചുവന്നു സ്വസഹോദരന്‍ ശിമയോന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. സകല പൗരസ്ത്യസഭകളേയും അഭിവാദനം ചെയ്ത് അദ്ദേഹം ഒരു ലേഖനമെഴുതി. അവിടങ്ങളിലാണല്ലോ അദ്ദേഹം അദ്ധ്വാനിച്ചത്. പാഷണ്ഡികളെ മാര്‍ഗ്ഗഭ്രംശം വന്ന നക്ഷത്രങ്ങളെന്ന് യൂദാ വിളിക്കുന്നു. അഹങ്കാരവും അസൂയയും ജഡികമോഹങ്ങളുമാണ് അവരുടെ അധഃപതനത്തിന് കാരണമെന്നു അദ്ദേഹം കരുതുന്നു. അധഃപതിച്ചവരോട് അനുകമ്പാപൂര്‍വ്വം വ്യാപരിക്കാന്‍ ശ്‌ളീഹാ ഉപദേശിക്കുന്നു. പേര്‍ഷ്യയിലോ ബെയ്‌റൂട്ടിലോ ആണ് യൂദായുടെ രക്തസാക്ഷിത്വം. കുരിശില്‍ ചേര്‍ത്തു കെട്ടിയശേഷം അസ്ത്രമയച്ചു കൊല്ലുകയാണു ചെയ്തതത്രേ. യൂദായെ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി ആധുനിക ലോകം സമാദരിക്കുന്നു.

ഒക്ടോബര്‍ 26: വിശുദ്ധ എവറിസ്തൂസ് പാപ്പാ

വിശുദ്ധ ക്ലമെന്റ് മാര്‍പാപ്പായുടെ പിന്‍ഗാമിയാണ് എവറിസ്തൂസ് പാപ്പാ. ബത്‌ലഹേമില്‍ നിന്ന് അന്ത്യോക്യയില്‍ കുടിയേറി പാര്‍ത്ത ഒരു യഹൂദന്റെ മകനാണ് അദ്ദേഹമെന്നു പറയുന്നു. അദ്ദേഹമാണു റോമാനഗരത്തെ ആദ്യമായി ഇടവകകളായി തിരിച്ചത്. അങ്ങനെ 25 ഇടവകകള്‍ സ്ഥാപി ക്കുകയും ഓരോ ഇടവകയ്ക്കും ഓരോ വൈദികനെ നിയമിക്കുകയും ചെയ്തു. ഏഴു ഡീക്കന്മാരെക്കൂടി അദ്ദേഹം നിയമിച്ചു. ഡിസംബറിലാണു വൈദികപട്ടം നല്കിയിരുന്നത്; നോമ്പില്‍ മെത്രാന്മാരെ അഭിഷേചിച്ചിരുന്നു. ഉപവാസ കാലത്തു പട്ടം കൊടുക്കുന്നതു കൂടുതല്‍ ഭക്തിനിര്‍ഭരമായിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചു.

സോളമന്‍ ജെറൂസലേം ദേവാലയത്തിന്റെ പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച പ്രാര്‍ത്ഥനയ്ക്കു തുല്യമായി ഒരു പ്രാര്‍ത്ഥന അദ്ദേഹം പള്ളിക്കൂദാശയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. വിശുദ്ധ കുര്‍ബാനകൂടി കൂദാശാക്രമത്തില്‍ മാര്‍പാപ്പാ ഉള്‍പ്പെടുത്തി. ഈ മാര്‍പാപ്പായുടെ കാലത്തായിരിക്കണം വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ മരണം.

പ്രാചീന ഗ്രന്ഥങ്ങളില്‍ എവറിസ്തൂസ് പാപ്പായെ രക്തസാക്ഷിയെന്നാണു വിളിച്ചിരിക്കുന്നത്. അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാര്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ചിന്തയില്‍ അഗാധമായി മുഴുകിയിരുന്നതിനാല്‍ അവര്‍ ഈ ലോകത്തുള്ളവരാണന്നുപോലും തോന്നുകയില്ല.

ഒക്ടോബര്‍ 25: വിശുദ്ധ ക്രിസ്പിനും ക്രിസ്പീരിയാനും

പ്രസിദ്ധരായ ഈ രക്ത സാക്ഷികള്‍ ഗോളില്‍ മിഷന്‍പ്രവര്‍ത്തനത്തിനായി പോയ രണ്ട് റോമന്‍ സഹോദരരാണ്. അവര്‍ സ്വാസ്റ്റോണില്‍ താമസിച്ചു സുവിശേഷം പ്രസംഗിച്ച് അനേകരെ ക്രിസ്തുമതത്തിലേക്കാനയിച്ചു. രാത്രി ചെരുപ്പു കുത്തിയുണ്ടാക്കിയും മറ്റും ഉപജീവനം കഴിച്ചുവന്നു. അവരുടെ മാതൃകാജീവിതം, ഉപവി, നിസ്സ്വാര്‍ത്ഥത, ദൈവസ്‌നേഹം, സ്ഥാനമാനങ്ങളോടുള്ള അവജ്ഞ എന്നിവ അനേകരുടെ മാനസാന്തരത്തിന് കാരണമായി.

കുറേകൊല്ലം കഴിഞ്ഞപ്പോള്‍ മാക്‌സിമിയന്‍ ഹെര്‍കുലിസ് ചക്രവര്‍ത്തി ആ പ്രദേശത്തു വരാനിടയായി. ക്രിസ്പിന്‍ സഹോദരന്മാര്‍ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ചിലര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ ആവലാതി ബോധിപ്പിച്ചു. അന്ധവിശ്വാസിയായ ചക്രവര്‍ത്തി അവരെ റിക്ടിയൂസുവാരൂസ് എന്ന ഗവര്‍ണറുടെ അടുക്കലേക്കാനയിക്കാന്‍ ഉത്തരവായി.

ആ ഗവര്‍ണര്‍ ക്രിസ്ത്യാനികളുടെ ബദ്ധ ശത്രുവായിരുന്നു. അവരെ വെള്ളത്തില്‍ മുക്കിയും തിളപ്പിച്ചും കൊല്ലാന്‍ ആജ്ഞാപിച്ചു. ഇവയൊന്നും അവരെ കൊല്ലാന്‍ പര്യാപ്തമായില്ല. നിരാശയോടെ റിക്ടിയൂസു ക്രിസ്പിന്‍ സഹോദരര്‍ക്കായി തയ്യാറാക്കിയ ചിതയില്‍ ചാടിച്ചത്തു. ഉടനെ ചക്രവര്‍ത്തി അവരുടെ ശിരസ്സു ഛേദിക്കുവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ രക്തസാക്ഷിത്വമകുടം ചൂടി.

ഫ്രാന്‍സിസ് പാപ്പയുടെ ചാക്രിക ലേഖനം ദിലെക്‌സിത് നോസ് പ്രസിദ്ധീകരിച്ചു

ആധുനിക യുഗത്തില്‍ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചും ഈ സ്‌നേഹസംസ്‌കാരം നേരിടുന്ന നിരവധി വെല്ലുവിളികളെക്കുറിച്ചുമുള്ള ഒരു പുതിയ അവബോധത്തിനായി ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പുതിയ ചാക്രിക ലേഖനം ഡിലെക്സിത് നോസ് (‘അവിടുന്ന നമ്മെ സ്നേഹിച്ചു’) പുറത്തിറക്കിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു: ”ഉപരിപ്ലവതയുടെ ഒരു യുഗത്തില്‍, എന്തുകൊണ്ടെന്നറിയാതെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഭ്രാന്തമായി പായുകയും, നമ്മുടെ ജീവിതത്തിന്റെ ആഴമേറിയ അര്‍ത്ഥത്തെക്കുറിച്ച് ഉത്കണ്ഠയില്ലാത്ത കമ്പോളത്തിന്റെ സംവിധാനങ്ങളുടെ തൃപ്തികരമല്ലാത്ത ഉപഭോക്താക്കളും അടിമകളുമായി നമ്മുടെ ജീവിതം അവസാനിക്കുകയും ചെയ്യുന്നു’ (no 2).
‘യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെക്കുറിച്ചുള്ള കത്ത്’ എന്ന ഉപശീര്‍ഷകത്തിലുള്ള ഈ രേഖ 1956-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഹൗരിയേറ്റിസ് അക്വാസിന് ശേഷം പൂര്‍ണ്ണമായും തിരുഹൃദയത്തിനായി സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ ചാക്രിക ലേഖനമാണ്.
2024 ഒക്ടോബര്‍ 24-ന് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനം, യേശുവിന്റെ തിരുഹൃദയത്തിലൂടെ പ്രകടമാകുന്ന ദൈവികവും മാനുഷികവുമായ സ്നേഹത്തിന്റെ അഗാധമായ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോ പ്രത്യക്ഷപ്പെട്ടത് മുതലും, അതിനു മുമ്പുമുള്ള തിരുഹൃദയഭക്തിയുടെ സമ്പന്നമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ് ലേഖനം. യുദ്ധം, സാമൂഹിക അസന്തുലിതാവസ്ഥ, വ്യാപകമായ ഉപഭോക്തൃ സംസ്‌കാരം, സാങ്കേതിക ആധിപത്യം എന്നിവയുടെ ആധുനിക വെല്ലുവിളികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പരിവര്‍ത്തന ശക്തിയെ വീണ്ടും കണ്ടെത്തുന്നതിന് ഈ സന്ദേശത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെയും ലോകത്തെയും ക്ഷണിക്കുന്നു.

ദിലെക്‌സിത് നോസ് (അവിടുന്ന് നമ്മെ സ്‌നേഹിച്ചു) എന്ന തലക്കെട്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്രിസ്തുവിന്റെ സ്‌നേഹത്തെ ഊന്നിപ്പറയുകയും ഈ സ്‌നേഹത്തെക്കുറിച്ച് ധ്യാനിക്കുന്നത് വ്യക്തിപരവും സഭാപരവുമായ നവീകരണത്തിലേക്ക് എങ്ങനെ നയിക്കുമെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളുടെ ആത്മീയപാരമ്പര്യത്തില്‍ ആഴ്ന്നിറങ്ങിയ ഈ ഭക്തി, ധാര്‍മ്മികവും ആത്മീയവുമായ കേന്ദ്രം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്തിന് പ്രത്യാശയുടെയും ദിശാസൂചനയുടെയും വെളിച്ചം നല്‍കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലേഖനത്തിലൂടെ.

വിശുദ്ധ മാര്‍ഗ്ഗരറ്റ് മേരി അലകൊക്കിന് തിരുഹൃദയത്തിന്റെ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 350-ാംവാര്‍ഷിക പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ചാക്രിക ലേഖനം, തിരുവചനത്തിന്റെയും സഭാ പാരമ്പര്യങ്ങളുടെയും വെളിച്ചത്തില്‍, മുന്‍പാപ്പമാരുടെ ഈ വിഷയത്തിലുള്ള പഠനങ്ങളെയും ആഴത്തില്‍ ചിന്താവിഷയമാക്കുന്നുണ്ട്. മനുഷ്യപാപത്താല്‍ മുറിവേറ്റിട്ടും മനുഷ്യരാശിക്ക് അതിരുകളില്ലാത്ത കരുണയും സ്‌നേഹവും ചൊരിയുന്ന ക്രിസ്തുവിന്റെ ഹൃദയത്തെക്കുറിച്ച് ചിന്തിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഈ രേഖ സമകാലിക പശ്ചാത്തലത്തില്‍ തിരുഹൃദയ ഭക്തി ആഴപ്പെടുത്താന്‍ വീണ്ടും നിര്‍ദ്ദേശിക്കുന്നു. അങ്ങനെ, ഇന്നത്തെ പ്രതിസന്ധികളോട് അനുകമ്പയോടും ധാര്‍മ്മികമായ സത്യസന്ധതയോടും കൂടെ പ്രതികരിക്കാന്‍ വിശ്വാസികളെ വഴികാട്ടി, സ്നേഹത്തിന്റെയും വിനയത്തിന്റെയും സേവനത്തിന്റെയും മാതൃകയായി തിരുഹൃദയത്തെ സ്വീകരിക്കണമെന്ന് ഡിലെക്സിത് നോസിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുകയാണ്.

അഞ്ച് അദ്ധ്യായങ്ങളിലായി രചിക്കപ്പെട്ട ഈ ചാക്രിക ലേഖനത്തിന്റെ പ്രധാന പ്രതിപാദന വിഷയങ്ങള്‍ താഴെപ്പറയുന്നയാണ്:

യേശുവിന്റെ ദിവ്യവും മാനുഷികവുമായ സ്‌നേഹം:
യേശുക്രിസ്തുവിന്റെ തിരു ഹൃദയത്തിലൂടെ പ്രകടമാകുന്ന സ്‌നേഹം ദൈവികവും, ദൈവത്തിന്റെ നിരുപാധികമായ കാരുണ്യത്തെ പ്രതിഫലിപ്പിക്കുന്നതും, മാനുഷികവുമാണ്; ഈ ലോകത്തില്‍ യേശുവിന്റെ അനുകമ്പയുള്ള സാന്നിധ്യം അത് ഉയര്‍ത്തിക്കാട്ടുന്നു.

സഭാ നവീകരണം:
ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അധിഷ്ഠിതമായി, സഭയ്ക്കുള്ളില്‍ ഒരു നവീകരണത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. തിരുഹൃദയത്തെക്കുറിച്ച് ധ്യാനിക്കുന്നത് സഭാപരവും ആത്മീയവുമായ നവീകരണത്തിലേക്കുള്ള പാത പ്രകാശിപ്പിക്കുമെന്നും സഭയെ കൂടുതല്‍ സ്നേഹമുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹമായി മാറാന്‍ സഹായിക്കുമെന്ന് ഈ ചാക്രിക ലേഖനം ഊന്നിപ്പറയുന്നു.

ആഗോള പ്രതിസന്ധികളോടുള്ള പ്രതികരണം:
യുദ്ധം, സാമൂഹിക അസമത്വം, ഉപഭോക്തൃ സംസ്‌കാരം, സാങ്കേതികവിദ്യയുടെ അന്യവല്‍ക്കരിക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്നിവ പോലുള്ള സമകാലിക ആഗോള വെല്ലുവിളികളെ ഈ ചാക്രിക ലേഖനം അഭിസംബോധന ചെയ്യുന്നു. ഈ പ്രശ്നങ്ങളെ ചെറുക്കുന്നതിന്, സ്നേഹത്തോടും അനുകമ്പയോടും കൂടി സഹവസിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മനുഷ്യരാശിയോട് അഭ്യര്‍ത്ഥിക്കുന്നു.

അനുകമ്പയുടെയും സഹനത്തിന്റെയും പ്രതീകമായി ഹൃദയം:
മനുഷ്യപാപത്താല്‍ മുറിവേറ്റ തിരുഹൃദയം, കഷ്ടപ്പാടുകളുടെയും അതിരുകളില്ലാത്ത കരുണയുടെയും പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു. ഈ ആശയം, വ്യക്തിപരവും സാമൂഹ്യവുമായ പാപത്തെക്കുറിച്ചുള്ള പര്യാലോചനയും ധ്യാനവും ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന് നാം കൂടുത ഊന്നല്‍ നല്‍കേണ്ടത് ഏറ്റവും പ്രസക്തമാണ്.

തിരുഹൃദയത്തോടുള്ള ഭക്തി:
യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ പ്രസക്തി, പ്രത്യേകിച്ച്, ഈ വെളിപാടിന്റെ 350-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍, ഈ ചാക്രിക ലേഖനം വീണ്ടും ഉറപ്പിക്കുന്നു. പാപികളെ സുഖപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള ക്രിസ്തുവിന്റെ ദൗത്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ഭക്തിയെ ബന്ധിപ്പിക്കുന്നു.

ചുരുക്കത്തില്‍, അഭൂതപൂര്‍വമായ ധാര്‍മ്മികവും സാമൂഹികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു ലോകത്ത് ക്രിസ്തുവിന്റെ സ്‌നേഹം ഉള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനുമുള്ള സഭയുടെ ദൗത്യം ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചാക്രിക ലേഖനത്തിലൂടെ വീണ്ടും ഉറപ്പിക്കുകയാണ്. യേശുവിന്റെ തിരുഹൃദയത്തെ നമ്മുടെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുക വഴി, സഭയും സമൂഹവും, കാരുണ്യത്തിലും അനുകമ്പയിലും അധിഷ്ഠിതമായ ജീവിത നവീകരണത്തിലേക്ക് നടന്നടുക്കുമെന്ന് മാര്‍പാപ്പ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആത്യന്തികമായി, എല്ലാ വിശ്വാസികളെയും, അവരുടെ വ്യക്തിജീവിതത്തിലും അവരുടെ സമൂഹത്തിലും ഒരു പരിവര്‍ത്തന ശക്തിയായി ‘ഈ സ്‌നേഹം’ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ എഴുത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നു.

തയ്യാറാക്കിയത്: ഡോ. രഞ്ജിത് ചക്കുംമൂട്ടില്‍

Exit mobile version