ജനുവരി 2: വിശുദ്ധ ബാസില്‍ മെത്രാന്‍ (വേദപാരംഗതന്‍)

ഏഷ്യാമൈനറില്‍ സേസരയാ എന്ന സ്ഥലത്ത് വിശുദ്ധ ബാസില്‍ ജനിച്ചു. ലൗകികാര്‍ഭാടങ്ങളെ ഭയന്ന് സന്യാസ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സേസരയായിലെ മെത്രാനായ എവുസേബിയസ് ബാസിലിനെ വിളിച്ച് പട്ടംകൊടുത്തതും ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരായി സമരം ചെയ്യാന്‍ ക്ഷണിച്ചതും. 364-ല്‍ അദ്ദേഹം വൈദികനും 370-ല്‍ മെത്രാനുമായി. അദ്ദേഹത്തിന്റെ മനോദാര്‍ഢ്യവും ഊര്‍ജസ്വലതയും പാണ്ഡിത്യവും വാഗ്വിലാസവും കറയില്ലാത്ത എളിമയും തപശ്ചര്യയും സര്‍വ മെത്രാന്മാര്‍ക്കും മാതൃകയാണ്. സഭയുടെ ഐക്യമായിരുന്ന അദ്ദേഹത്തിന്റെ അഭിനിവേശം.

”നിങ്ങള്‍ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവര്‍ക്കുള്ളതാണ്. വെറുതെ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ വസ്ത്രം നഗ്നര്‍ക്കുള്ളതാണ്. നിങ്ങള്‍ ധരിക്കാത്ത ചെരിപ്പുകള്‍ നിഷ്പാദുകരുടേതാണ്. നിങ്ങള്‍ പൂട്ടി സൂക്ഷിക്കുന്ന പണം ദരിദ്രരുടേതാണ്. നിങ്ങള്‍ ചെയ്യാത്ത ഉപവിപ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുന്ന അനീതിയാണ്.” വിശുദ്ധ ബാസിലിന്റെ ഈ വാക്കുകള്‍ നമുക്കു മറക്കാതിരിക്കാം.

379 ജനുവരി ഒന്നിന് ”കര്‍ത്താവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ബാസില്‍ മരണമടഞ്ഞു. പൗരസ്ത്യ സന്യാസികളുടെ പിതാവാണ് ബാസില്‍.

ജനുവരി 1: പരിശുദ്ധ കന്യാമറിയം – ദൈവമാതാവ്

നവവത്സരം കന്യാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാളോടുകൂടെ ആരംഭിക്കുന്നു. നവവത്സരത്തില്‍ ദൈവമാതാവിനെ നമ്മുടെ അമ്മയായി കാണുക. ‘എന്റെ കര്‍ത്താവിന്റെ അമ്മ എന്നെ സന്ദര്‍ശിക്കുവാന്‍ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി’ (ലൂക്കാ 1: 43) എന്ന എലിസബത്തിന്റെ ചോദ്യം ദൈവമാതൃത്വത്തിന്റെ അധികാരമാണ്.

സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അതിശയിക്കുന്ന മഹത്വത്തിനും ഉത്ഭവപാപം കൂടാതെയുള്ള ജനനത്തിനും നിദാനം അവര്‍ണ്ണനീയമായ ദൈവമാതൃത്വമാണ്. മറിയം ദൈവമാതാവാണെന്നുള്ള വിശ്വാസ സത്യം എഫേസൂസ് സുനഹദോസ് പ്രഖ്യാപിച്ചു. കന്യാമറിയത്തിനു ദൈവമാതൃത്വ സ്ഥാനം നല്‍കി മഹത്വപ്പെടുത്തിയ ദൈവത്തിന് നമുക്ക് നന്ദി പറയാം.

ഡിസംബര്‍ 31: വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ

കോണ്‍സ്റ്റന്റിയിന്‍ ചക്രവര്‍ത്തിയുടെ 313-ലെ വിളംബരം വഴി സ്വാതന്ത്ര്യം പ്രാപിച്ച തിരുസഭയുടെ പ്രഥമ മാര്‍പാപ്പയായ സില്‍വെസ്റ്റര്‍ ഒരു റോമാക്കാരനായിരുന്നു. അമ്മ യുസ്ത മകനെ ദൈവഭയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു. കരീനിയൂസ് എന്ന ഒരു വിദഗ്ദ വൈദികന്റെ ശിക്ഷണത്തിനു ശേഷം മര്‍സെല്ലിനൂസ് പാപ്പാ ആ യുവാവിന് പട്ടം കൊടുത്തു.

ഡിയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പുരോഹിത ശുശ്രൂഷ വളരെ ദുഷ്‌ക്കരമായിരുന്നെങ്കിലും ഫാ. സില്‍വെസ്റ്റര്‍ പലരുടെയും പ്രശംസാപാത്രമായി തീര്‍ന്നു. 314-ല്‍ മെല്‍ക്കിയാദെസു പാപ്പാ അന്തരിച്ചപ്പോള്‍ സില്‍വെസ്റ്ററിനെ മാര്‍പാപ്പയായി തിരെഞ്ഞെടുത്തു. 314-ല്‍ ആര്‍സില്‍ നടത്തിയ സുനഹദോസില്‍ തന്റെ പ്രതിനിധകളെ അയച്ച് ഡൊണാറ്റിസ്റ്റ് ശീശ്മ അവസാനിപ്പിച്ചു.

65 മെത്രാന്മാരെയും 42 വൈദികരെയും 25 ഡീക്കന്മാരെയും അദ്ദേഹം വാഴിച്ചിട്ടുണ്ട്. എല്ലാ ചുമതലകളും കൃത്യനിഷ്ഠയോടെ നിര്‍വഹിച്ച് സില്‍വെസ്റ്റര്‍ പാപ്പാ 335 സിസംബര്‍ 31-ന് കാലം ചെയ്തു. 21 കൊല്ലവും 11 മാസവും അദ്ദേഹം പാപ്പാ സ്ഥാനം അലങ്കരിച്ചു.

ഡിസംബര്‍ 30: വിശുദ്ധ സബാനൂസും കൂട്ടരും (രക്തസാക്ഷികള്‍)

ക്രിസ്ത്യാനികള്‍ക്കെതിരായി ഡയക്‌ളീഷ്യനും മാക്‌സിമിയനും 303ല്‍ പ്രസിദ്ധം ചെയ്ത വിളംബര പ്രകാരം അസ്സീസിയിലെ മെത്രാനായ സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരിയായിലെ ഗവര്‍ണര്‍ വെനൂസ്തിയാനൂസു വന്നപ്പോള്‍ സബിനൂസ് ഒരു വിശ്വാസപ്രകടനം നടത്തി. ഉടനടി അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിനീക്കി. അദ്ദേഹത്തിന്റെ ഡീക്കന്മാരായ മര്‍സെല്ലൂസിനെയും എക്‌സുപ്പെരാന്‍സിയൂസിനെയും പ്രഹരിക്കുകയും ഇരുമ്പാണികൊണ്ട് ശരീരം വലിച്ചു കീറുകയും ചെയ്തു. സബിനൂസ് അന്ധനായ ഒരു കുട്ടിക്ക് കാഴ്ച്ച നല്‍കി. ഗവര്‍ണര്‍ വെനൂസ്തിയാനൂസിന്റെ കണ്ണിലുണ്ടായിരുന്ന അസുഖവും അദ്ദേഹം നീക്കി. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ലൂസിയൂസ് സ്‌പോളെറ്റോയില്‍വച്ച് സബിനൂസിനെ അടിച്ചുകൊല്ലാന്‍ വിധിച്ചു. മൗനമായി സഹിക്കുക എന്ന ക്രിസ്ത്യാനിയുടെ ആദര്‍ശം അക്ഷരാര്‍ത്ഥത്തില്‍ ജീവിച്ചവരാണ് ഈ രക്ഷിതാക്കള്‍.

ഡിസംബര്‍ 29: വിശുദ്ധ തോമസ് ബെക്കെറ്റ് മെത്രാന്‍, രക്തസാക്ഷി

1170 ഡിസംബര്‍ 29ന് സ്വന്തം കത്തീഡ്രലില്‍ വച്ച് വധിക്കപ്പെട്ട കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് വിശുദ്ധ തോമസ് ബെക്കെറ്റ്. അദ്ദേഹം 1117 ഡിസംബര്‍ 21ന് ലണ്ടനില്‍ ജനിച്ചു. 1138 ല്‍ പിതാവ് മരിച്ചു. ഭക്തയായ അമ്മ മോഡ് അഥവാ മെറ്റില്‍ദെസ് തോമസിനെ ദൈവഭയത്തില്‍ വളര്‍ത്തി. ഒരിക്കല്‍ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹത്താല്‍ വെള്ളത്തില്‍ മുങ്ങിയിട്ടും രക്ഷപ്പെട്ടു. അന്നു മുതല്‍ അദ്ദേഹം പ്രാര്‍ത്ഥനയാലും ഉപവാസത്താലും ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ തുടങ്ങി. 1161 ല്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പായി നിയോഗിക്കപ്പെട്ടു. എന്നാല്‍ രാജാവിന്റെ അവകാശവാദങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ അദ്ദേഹം സ്വമേധയാ വിപ്രവാസിയായി ഫ്രാന്‍സില്‍ താമസമാക്കി. തക്കം നോക്കി രാജാവ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ചാര്‍ച്ചക്കാരെ നാടുകടത്തി. 1170 ല്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ആര്‍ച്ച് ബിഷപ് കാന്റര്‍ബറിയിലേക്ക് മടങ്ങി. രാജാവിന്റെ ഇഷ്ടക്കാരായ മെത്രാന്മാര്‍ക്കുണ്ടായിരുന്ന മഹറോന്‍ ശിക്ഷ ആര്‍ച്ച് ബിഷപ് നീക്കുകയില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ രാജാവ് ഉത്തരവിട്ടു. കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ നാലു യോദ്ധാക്കള്‍ ചേര്‍ന്ന് വധിച്ചു.

ഡിസംബര്‍ 28: കുഞ്ഞിപ്പൈതങ്ങള്‍

ഈശോയുടെ ജനനവാര്‍ത്ത പൗരസ്ത്യരാജാക്കന്മാരില്‍ നിന്ന് മനസിലാക്കിയ ഹേറോദേസ് കുഞ്ഞിനെ ആരാധിച്ചു മടങ്ങുമ്പോള്‍ തന്റെ പക്കല്‍ വന്ന് വിവരങ്ങള്‍ അറിയിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സ്വര്‍ഗ്ഗീയ സന്ദേശമനുസരിച്ച് അവര്‍ മറ്റൊരു വഴിയേ തിരിച്ചുപോയി. ഇതുമനസിലാക്കിയ ഹേറോദേസ് അത്യധികം കുപിതനായി. ജ്ഞാനികളില്‍ നിന്ന് മസിലാക്കിയ സമയത്തെ ആസ്പദമാക്കി അദ്ദേഹം ബദ്‌ലഹേമിലും പരിസരത്തുമുള്ള രണ്ടോ അതില്‍ താഴയോ പ്രായമുള്ള എല്ലാ ആണ്‍കുട്ടികളെയും വധിപ്പിച്ചു. 22 പേരാണ് ഇങ്ങനെ വധിക്കപ്പെട്ടതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈശോയെ പ്രതി മരിച്ച ഈ കുഞ്ഞിപ്പൈതങ്ങളെ തിരുസഭ രക്തസാക്ഷികളായി കരുതുന്നു.

ഡിസംബര്‍ 27: വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ

ബെത്ത്‌സെയ്ദക്കാരനായ സെബെദിയുടെയും സലോമിയുടെയും ഇളയ മകനാണ് യോഹന്നാന്‍. അദ്ദേഹവും ജ്യേഷ്ഠന്‍ വലിയ യാക്കോബും സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു. ഒടുവിലത്തെ അത്താഴത്തില്‍ ഈശോയുടെ മാറില്‍ ചാരിക്കിടന്നിരുന്ന അവിടുത്തെ ശ്രേഷ്ഠ ശിഷ്യനായിരുന്നു യോഹന്നാന്‍.

ഈശോ മരണനേരത്ത് തന്റെ അമ്മയെ ഏല്‍പ്പിച്ചത് യോഹന്നാനെയാണ്. 52-ാമാണ്ടുവരെ യോഹന്നാന്‍ ജെറുസലേമില്‍ തന്നെ താമസിച്ചു. പിന്നീട് അദേഹം എമ്മാവൂസിലേക്ക് പോയെന്നും അവിടെവച്ച് മരിച്ചുവെന്നുമാണ് പാരമ്പര്യം. അതിനിടയ്ക്ക് കുറെക്കാലം പാത്മോസില്‍ വിപ്രവാസമായിക്കഴിഞ്ഞു.

വിപ്രവാസത്തിനു മുമ്പ് ഡോമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആജ്ഞാനുസരണം അദ്ദേഹത്തെ തിളയ്ക്കുന്ന എണ്ണയിലിട്ടു വറുത്തു നോക്കിയെങ്കിലും അത്ഭുതകരമാം വിധം ശ്ലീഹാ സംരക്ഷിക്കപ്പെട്ടുവെന്ന് തെര്‍ത്തൂല്യന്‍ പറയുന്നു. യോഹന്നാന്റെ സുവിശേഷവും മൂന്ന് ലേഖനങ്ങളും വെളിപാടും വളരെ ശ്രദ്ധേയമാണ്. അധ്യാത്മിക സുവിശേമെന്ന് യോഹന്നാന്റെ സുവിശേഷത്തെ വിളിക്കാറുണ്ട്. ദൈവം സ്‌നേഹമാകുന്നു, സ്‌നേഹത്തില്‍ വസിക്കുന്നവന്‍, ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” എന്ന ശ്ലീഹായുടെ വാക്യം വിശുദ്ധ ഗ്രന്ഥത്തിന്റെ സംക്ഷേപമാണെന്നും പറയാം.

ഡിസംബര്‍ 26: പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍

പന്തക്കൂസ്ത കഴിഞ്ഞ് ക്രിസ്ത്യാനികളുടെ എണ്ണം പെരുകിയപ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്ലീഹന്മാര്‍ക്ക് സമയം തികയാതെ വന്നു. വിവേകമതികളും പരിശുദ്ധാത്മനിറവുള്ളവരുമായ ഏഴുപേരെ തെരെഞ്ഞെടുത്ത് അവരുടെ മേല്‍ കൈകള്‍ വച്ച് ഡീക്കന്മാരായി നിയമിച്ചു. അവരിലൊരാളാണ് സ്റ്റീഫന്‍.

കൃപാവരവും ഭക്തിയും നിറഞ്ഞിരുന്ന സ്റ്റീഫന്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വിജ്ഞാനപൂര്‍ണ്ണമായിരുന്നു. അവയെ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹം മോശയ്ക്കും ദൈവത്തിനുമെതിരായി ദൂഷണം പറയുന്നുവെന്നാരോപിച്ച് യഹൂദ പുരോഹിത്മാരുടെ അടുക്കലേക്ക് ആനയിക്കപ്പെട്ടു.

പ്രധാനപുരോഹിതന്റെ ചോദ്യത്തിന് സ്റ്റീഫന്‍ നല്‍കിയ പ്രഗത്ഭമായ മറുപടി നടപടി പുസ്തകം ഏഴാം അധ്യായത്തില്‍ കാണാം. ”ദുശ്ശാഠ്യക്കാരെ നിങ്ങളും നിങ്ങളുടെ പിതാക്കന്മാരെപ്പോലെ സദാ പരിശുദ്ധാത്മാവിനെ എതിര്‍ക്കുന്നു. പ്രവാചകന്മാരില്‍ ആരെയെങ്കിലും നിങ്ങള്‍ മര്‍ദ്ദിക്കാതിരുന്നിട്ടുണ്ടോ? ദൈവദൂതന്മാര്‍ വഴി നിങ്ങള്‍ക്ക് ന്യായപ്രമാണങ്ങള്‍ ലഭിച്ചു. എന്നാല്‍ നിങ്ങള്‍ അത് അനുസരിച്ചില്ല. ഇതാ സ്വര്‍ഗ്ഗകവാടം തുറന്നിരിക്കുന്നു. മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗത്ത് നില്‍ക്കുന്നത് ഞാന്‍ കാണുന്നു.” ഉടനെ ജനങ്ങള്‍ അദ്ദേഹത്തെ പിടിച്ചു നഗരത്തിനു വെളിയില്‍ കൊണ്ടുപോയി കല്ലെറിഞ്ഞു. തല്‍സമയം സ്റ്റീഫന്‍ പ്രാര്‍ത്ഥിച്ചു, ”കര്‍ത്താവായ ഈശോയെ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ… കര്‍ത്താവേ ഈ പാപം അവരുടെ മേല്‍ ചുമത്തരുതേ” ഇത്രയും പറഞ്ഞ് അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ഡിസംബര്‍ 25: ക്രിസ്തുമസ്

ആദം പാപം ചെയ്ത് സ്വര്‍ഗരാജ്യം നഷ്ടപ്പെടുത്തിയതിന് ശേഷം ദൈവം വാഗ്ദാനം ചെയ്ത രക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം – ക്രിസ്തുമസ്. സമയത്തിന്റെ പൂര്‍ണ്ണതയില്‍ അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം ജനസംഖ്യ എടുത്ത അവസരത്തില്‍ താന്താങ്ങളുടെ നഗരത്തില്‍ പേരു ചേര്‍ക്കണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ വിശുദ്ധ യൗസേപ്പും കന്യാകാമറിയവും ബദ്‌ലഹേമിലെത്തി. ആരും അവര്‍ക്ക് താമസിക്കാന്‍ സ്ഥലം കൊടുക്കാത്തതിനാല്‍ മറിയം ഒരു കാലിത്തൊഴുത്തില്‍ പ്രസവിച്ചു. കുട്ടിയെ പുല്‍ത്തൊട്ടിയില്‍ കിടത്തി. ആ പ്രദേശത്തെ പുല്‍തകിടികളില്‍ ആട്ടിടയന്മാര്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു ദൈവദൂതന്‍ അവരുടെ അടുത്തെത്തി പറഞ്ഞു: ഭയപ്പെടേണ്ട, ഇതാ ലോകത്തിനു മുഴുവന്‍ ആനന്ദദായകമായ ഒരു സദ് വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ ഭവനത്തില്‍ നിങ്ങള്‍ക്ക് ഒരു രക്ഷകന്‍ കര്‍ത്താവായ മിശിഹാ ജനിച്ചിരിക്കുന്നു. പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. ഉടനെ ഒരു ഗണം മാലാഖമാര്‍ പ്രത്യക്ഷപ്പെട്ട് ”അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” എന്നു പാടി.

ഡിസംബര്‍ 24: വിശുദ്ധ ത്രസീലിയായും വിശുദ്ധ എമിലിയാനയും

മഹാനായ വിശുദ്ധ ഗ്രിഗോറിയോസ് പാപ്പായുടെ സഹോദരിമാരായിരുന്നു ത്രസീലിയായും എനിലിയാനയും. ഇവര്‍ രണ്ടുപേരും കന്യകാത്വം നേര്‍ന്ന് സ്വഭവനത്തില്‍ തന്നെ സന്യാസജീവിതം നയിച്ചു. ലോകസുഖങ്ങള്‍ ഉപേക്ഷിച്ച് ഒരേ ദിവസം ഇരുവരും തപോ ജീവിതമാരംഭിച്ചു. സുകൃതാഭ്യാസത്തിന് അവര്‍ പരസ്പരം പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. ഇന്ദ്രീയങ്ങളെ നിഗ്രഹിച്ചും ഭൗമീകസുഖങ്ങളെ പരിത്യജിച്ചും ദൈവത്തോട് ഐക്യപ്പെട്ട് അവര്‍ ജീവിച്ചു.

മഹനായ വിശുദ്ധ ഗ്രിഗറി പറയുന്നു: ”ഒരു ദിവസം ത്രിസീലിയാ അവളുടെ അമ്മാവന്‍ ഫെലിക്‌സു പാപ്പായെ കണ്ടുവെന്നും, അദ്ദേഹം അവളെ പ്രകാശത്തിന്റെ ഭവനത്തിലേക്ക് ക്ഷണിച്ചുവെന്നും പിറ്റേ ദിവസം അവള്‍ക്ക് പനി പിടിപ്പെടുകയും അന്നു തന്നെ ഈശോ എന്ന നാമം വിളിച്ച് മരിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് സഹോദരി എമിലിയാനയ്ക്കും ഇതുപോലൊരു ദര്‍ശനമുണ്ടായി. ദനഹാ തിരുനാള്‍ ആഘോഷിക്കുവാന്‍ ക്ഷണിച്ചു. ജനുവരി 8ന് അവളും നിര്യാതയായി.”

‘നീതിമാന്മാരുടെ മരണം ദൈവദൃഷ്ടിയില്‍ അമൂല്യമാണ്’എന്ന സങ്കീര്‍ത്തന വചനം അന്വര്‍ത്ഥമാക്കുമാറ് നീതിയോടും വിശുദ്ധിയോടും കൂടിയാണ് ഈ സഹോദരിമാര്‍ ജീവിച്ചത്.

Exit mobile version