ജൂലൈ 27: വിശുദ്ധ പന്താലെയോന്‍

വലേരിയൂസ് മാക്‌സിമിയാനൂസ് ചക്രവര്‍ത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോന്‍. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടു കേട്ട് അവസാനം പന്താലെയോന്‍ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെര്‍മ്മാലാവൂസ് എന്ന ഒരു വൃദ്ധപുരോഹിതന്‍ പന്താലെയോനെ തന്റെ കുറ്റം ഗ്രഹിപ്പിക്കുകയും തിരുസ്സഭയുടെ മടിയിലേക്ക് അയാളെ വീണ്ടും ആനയിക്കുകയും ചെയ്തു.

പന്താലെയോന്‍ രക്തസാക്ഷിത്വം കൊണ്ട് തന്റെ കുറ്റത്തിനു പരിഹാരം ചെയ്യാനാഗ്രഹിച്ചു. അപ്പോഴാണ് നിക്കൊദേമിയായില്‍ 303-ല്‍ ഡയക്ലീഷന്റെ മതപീഡനം ആരംഭിച്ചത്. തന്റെ സമ്പാദ്യം മുഴുവന്‍ അദ്ദേഹം ദരിദ്രര്‍ക്ക് ഭാഗിച്ചുകൊടുത്തു. അധികം താമസിയാതെ ഇദ്ദേഹത്തെ ബന്ധനത്തിലാക്കി. കൂട്ടത്തില്‍ ഹെര്‍മ്മലാവൂസും ഹെര്‍മിപ്പൂസും ഹെര്‍മോക്രാറ്റസും ബന്ധനസ്ഥരായി. കൂട്ടുകാരുടെ ശിരച്ഛേദനത്തിനുശേഷം പന്താലെയോന്റെ ശിരസ്സും ഛേദിക്കപ്പെട്ടു. വിശുദ്ധ ലുക്കയെപ്പോലെ വിശുദ്ധ പന്താലെയോനും ഭിഷഗ്വരന്മാരുടെ മധ്യസ്ഥനാണ്.

ജൂലൈ 26: വിശുദ്ധ അന്നായും ജൊവാക്കിമും

കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാള്‍ പ്രാചീനകാലം മുതല്‍ക്കും അന്നാമ്മയുടെ തിരുനാള്‍ നാലാം ശതാബ്ദം മുതല്‍ക്കും പൗരസ്ത്യസഭയില്‍ ആഘോഷിച്ചിരുന്നു. പാശ്ചാത്യസഭയില്‍ 15-ാം ശതാബ്ദം മുതല്‍ രണ്ടുപേരുടേയും തിരുനാളുകള്‍ ആഘോഷിച്ചു തുടങ്ങി.

തങ്ങളുടെ അസാധാരണ പുത്രിയുടെ സംസര്‍ഗ്ഗത്തില്‍ ജൊവാക്കിമും അന്നായും അത്യധികം ആദ്ധ്യാത്മികാനന്ദം അനുഭവിച്ചു. തന്റെ കുഞ്ഞ് ഉത്ഭവ പാപരഹിതയും സര്‍വ്വഥാ നിര്‍മ്മലയുമാണെന്നുള്ളതും മാതാപി താക്കന്മാര്‍ക്ക് ആനന്ദകാരണമായിരിക്കുമല്ലോ. മകള്‍ ദൈവമാതാവായി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ നാള്‍ മുതല്‍ അവരുടെ സന്തോഷം എത്ര വര്‍ദ്ധിച്ചിരിക്കും!

ദൈവമാതാവിന്റെ അമ്മയായ അന്നാ എത്രയും വത്സലയാണ്; പേരിന്റെ അര്‍ത്ഥം തന്നെ അനുഗ്രഹദായക എന്നത്രെ. അവളുടെ വാര്‍ധക്യത്തിലാണ് മറിയം ജനിച്ചത്; തന്നിമിത്തം എത്രയും വാത്സല്യത്തോടെയാണ് ഈ ശിശുവിനെ വളര്‍ത്തിയതെന്ന് ഊഹിക്കാമല്ലോ. അമലോത്ഭവയായ ശിശുവിന്റെ ഓരോ കാല്‍വയ്പും അന്നായ്ക്ക് വളരെ കൗതുകമായിരുന്നിരിക്കണം.

യഹൂദശിശുക്കള്‍ ദൈവാലയത്തില്‍ പുരോഹിതന്മാരുടെ മേല്‍നോട്ടത്തില്‍ ശിശുഗൃഹത്തില്‍ താമസിക്കുന്ന ഒരു പതിവുണ്ടായിരുന്നുവെന്നു പറയുന്നുണ്ട്. തദനുസാരം അന്നാ തന്റെ ശിശുവിനു മൂന്നു വയസ്സുള്ളപ്പോള്‍ ദൈവാലയത്തില്‍ കാഴ്ചവെച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്. അതിനാല്‍ തന്റെ നിര്‍മ്മല ശിശുവിന്റെ സഹവാസത്തില്‍നിന്നു ലഭിക്കാമായിരുന്ന ആനന്ദം അന്നാ ബലിചെയ്തു.

ക്രിസ്തീയ കുടുംബങ്ങളുടെ മദ്ധ്യസ്ഥയാണ് അന്നാമ്മ. അവള്‍ നമുക്ക് അമ്മാമ്മയാണല്ലോ. അമ്മാമ്മയുടെ മാധ്യസ്ഥ്യം തേടിയിട്ടുള്ളവര്‍ക്കെല്ലാം അസാധ്യമായ അനുഗ്രഹങ്ങള്‍ സിദ്ധിച്ചിട്ടുണ്ടെന്നു ക്രിസ്തീയ സാഹിത്യം സാക്ഷ്യപ്പെടുത്തുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തി 550-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിശുദ്ധ അന്നാമ്മയുടെ ബഹുമാനാര്‍ത്ഥം ഒരു ദൈവാലയം പണി ചെയ്യുകയുണ്ടായി. 705-ല്‍ വേറൊന്നു ജസ്റ്റീനിയന്‍ ദ്വിതീയന്‍ നിര്‍മ്മിച്ചു. അന്നാമ്മയുടെപേര്‍ക്കു ഒമ്പതു ചൊവ്വാഴ്ച ഭക്തി ഇന്നും അയര്‍ലന്റില്‍ പ്രചാരത്തിലുണ്ട്. അന്നാമ്മയുടെ ശ്രേഷ്ഠത മറിയത്തിന്റെ അമ്മയായതുകൊണ്ട് മാത്രമല്ല, തന്റെ വത്സല പുത്രിയെ ദൈവത്തിനു കാഴ്ച വച്ചത് ദൈവസ്‌നേഹത്തിന്റെ പാരമ്യമല്ലേ?

ജൂലൈ 31: വിശുദ്ധ ഇഗ്‌നേഷ്യസ് ലെയോള

സ്‌പെയിനില്‍ പിറനീസു പര്‍വ്വതത്തിന്റെ പാര്‍ശ്വത്തില്‍ ലെയോള എന്ന മാളികയില്‍ കുലീന മാതാപിതാക്കന്മാരില്‍ നിന്നു ഇനീഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണു കൊട്ടാരത്തില്‍ അദ്ദേഹത്തിനു ലഭിച്ചത്.

പമ്പലോണിയാ യുദ്ധത്തില്‍ ഒരു വെടിയുണ്ടയേറ്റ് രണ്ടു കാലിനും മുറിവേറ്റു. വലതുകാല് ഒടിഞ്ഞു. ആദ്യം കാലു സുഖപ്പെട്ടപ്പോള്‍ വലതു
കാലിനു നീളം കുറഞ്ഞുപോയി. അതിനാല്‍ കാല്‍ ഒടിച്ചു വീണ്ടും മുറിക്കേണ്ടിവന്നു. അങ്ങനെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കിടക്കാനിടയായി. തല്‍സമയം അദ്ദേഹം ക്രിസ്തുനാഥന്റെയും വിശുദ്ധരുടേയും ജീവചരിത്രം ധ്യാനപൂര്‍വ്വം വായിച്ചു.

ഇഗ്‌നേഷ്യസു തന്നോടുതന്നെ ചോദിച്ചു: ‘അവന് ഒരു പുണ്യവാനും അവള്‍ക്ക് ഒരു പുണ്യവതിയുമാകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ഒരു പുണ്യവാനായിക്കൂടാ?’ പിന്നീട് ഒരു ദൈവമാതൃ സ്വരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോയുടെ സേവനത്തിനു മറിയത്തിന്റെ സംരക്ഷണയില്‍ തന്നെത്തന്നെ ഉഴിഞ്ഞുവച്ചു.

ഉടനടി ഇഗ്‌നേഷ്യസു മോണ്ടുസെറാററ്റ് ബെനഡിക്ടന്‍ ആശ്രമത്തില്‍ പോയി കുറേനാള്‍ താമസിച്ചു; അവിടെനിന്ന് അടുത്തുള്ള മന്റേസായിലേക്കു താമസം മാറ്റി. അവിടെ ഒരു ഡൊമിനിക്കന്‍ ആശ്രമവും ഒരാശുപതിയുമുണ്ടായിരുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ഉപവാസവുമായി അവിടെ ഒരു വര്‍ഷം താമസിച്ചു. അവിടെവച്ചാണ് ആധ്യാത്മികാഭ്യാ സങ്ങള്‍ എന്ന ഗ്രന്ഥമെഴുതിയത്.

അവസാനം അദ്ദേഹം വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു; എന്നാല്‍ മുഹമ്മദീയരുടെ എതിര്‍പ്പുനിമിത്തം മതിയാകുവോളം അവിടെ താമസിക്കുവാന്‍ കഴിഞ്ഞില്ല. അടുത്ത 11 വര്‍ഷം പല സര്‍വ്വകലാശാലകളിലും താമസിച്ചു പഠിച്ചു. രണ്ടു പ്രാവശ്യം അദ്ദേഹത്തെ പാഷണ്ഡിയെന്നു സംശയിച്ചു ജയിലില്‍ അടച്ചു.

1534-ല്‍ 33-ാമത്തെ വയസ്സില്‍ ഇഗ്‌നേഷ്യസും ഫ്രാന്‍സിസ് സേവ്യറും ഉള്‍പ്പെടെ ഏഴുപേര്‍ ദാരിദ്ര്യത്തിലും കന്യാവ്രതത്തിലും അനുസരണയിലും ജീവിക്കാന്‍ വ്രതമെടുത്തു; മാത്രമല്ല മാര്‍പാപ്പാ നിയോഗിക്കുന്നിടങ്ങളില്‍ ജോലിചെയ്യാനും അവര്‍ നിശ്ചയിച്ചു. 1538-ല്‍ പുതിയ സംഘടനയ്ക്കു മൂന്നാം പൗലോസു മാര്‍പ്പാപ്പാ അംഗീകാരം നല്കി. ഇഗ്നേഷ്യസ് സുപ്പീരിയര്‍ ജനറലായി. അംഗങ്ങള്‍ പലരും മിഷനിലേക്കു പോയപ്പോള്‍ ഇഗ്നേനേഷ്യസ് റോമയില്‍ താമസിച്ച് താന്‍ സ്ഥാപിച്ച ഈശോസഭയെ ശക്തിപ്പെടുത്താന്‍ തുടങ്ങി. അദ്ദേഹം റോമന്‍ കോളജു സ്ഥാപിച്ചു. ഇഗ്നേഷ്യസ് മരിക്കുമ്പോള്‍ സഭയ്ക്കു 100 ഭവനങ്ങളും 1000 അംഗങ്ങളുമുണ്ടാ യിരുന്നു.

പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്തു കുരുത്ത ഈശോസഭയ്ക്കു പ്രൊട്ടസ്റ്റന്റുകാരുടെ മാനസാന്തരത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഒരു പ്രധാന ലക്ഷ്യം. അന്നു തന്റെ അനുയായികള്‍ക്ക് ഇഗ്‌നേഷ്യസു നല്‍കിയ ഉപദേശം ഇന്നും ഓര്‍മ്മിക്കേണ്ടതാണ്: ‘പാഷണ്ഡികള്‍ സന്നിഹിതരായിരിക്കുമ്പോള്‍ നിത്യസത്യങ്ങള്‍ പ്രതിപാദിക്കുക സൂക്ഷിച്ചുവേണം. ഉപവി യുടേയും ക്രിസ്തീയ ആത്മനിയന്ത്രണത്തിന്റെയും മാതൃക അവര്‍ക്കു കാണാന്‍ സാധിക്കണം. കഠിനപദങ്ങള്‍ ഉപയോഗിക്കരുത്; യാതൊരു പുച്ഛവും പ്രകാശിപ്പിക്കരുത്.’

ജൂലൈ 30: വിശുദ്ധ പീറ്റര്‍ ക്രിസൊളഗസ് മെത്രാന്‍

പാശ്ചാത്യ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റവേന്നായിലെ മെത്രാനായിരുന്ന, സ്വര്‍ണ്ണവചസ്സ് എന്നര്‍ത്ഥമുള്ള ക്രിസോളഗസ് തന്റെ രൂപതയില്‍ പല തെറ്റുകളും വിജാതീയ അന്ധവിശ്വാസങ്ങളും തിരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി കൊച്ചുപ്രസംഗങ്ങള്‍ മുഖേന അവ നീക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.

ആ പ്രസംഗങ്ങള്‍ മിക്കതും നഷ്ടപ്പെട്ടുപോയി. പുതിയ ആശയങ്ങള്‍ അവയില്‍ അധികമില്ലായിരുന്നു; എന്നാല്‍ അവ വളരെ പ്രായോഗികമായിരുന്നു. അഞ്ചാം ശതാബ്ദത്തിലെ ജര്‍മ്മന്‍ ജീവിതരീതി അവയില്‍ തെളിഞ്ഞു കാണാമായിരുന്നു. അധ്യാപനത്തിലും ഭരണത്തിലും തിരുസ്സഭ
യോടു ശരിയായി വിശ്വസ്തത പാലിച്ചുകൊണ്ടു തന്റെ ജോലികളെല്ലാം സമ്യക്കായി അദ്ദേഹം നിര്‍വ്വഹിച്ചുപോന്നു.

സുകൃതം കഴിഞ്ഞാല്‍ മനുഷ്യന് അത്യന്താപേക്ഷിതമായി ട്ടുള്ളതു വിദ്യാഭ്യാസമാണെന്ന ബോധ്യം ക്രിസോളഗസ്സിന്റ പ്രസംഗങ്ങളുടെ മാറ്റുകൂട്ടി. സത്യമതത്തിന് ഏറ്റവും വലിയ താങ്ങ് സുകൃതജീവിതം കഴിഞ്ഞാല്‍ വിദ്യാഭ്യാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. അജ്ഞത സുകൃതമല്ല. വിശുദ്ധ കുര്‍ബാന അടുത്തടുത്തു സ്വീകരിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.

448-ല്‍ എവുറ്റിക്കെസ്സ് ക്രിസ്തുവില്‍ ഏക സ്വഭാവമേയുള്ളുവെന്ന തന്റെ പാഷണ്ഡതയ്ക്കു താങ്ങായി ക്രിസോളഗസ്സിനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘വിശ്വാസത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റോമാ മെത്രാന്റെ സമ്മതം കൂടാതെ നാം ഒന്നും തീരു മാനിക്കരുത്.’ മനുഷ്യാവതാര രഹസ്യം വിശ്വാസദൃഷ്ട്യാ സ്വീകരിക്കാന്‍ ഉപദേശിച്ചുകൊണ്ടു ക്രിസോളഗസ്സ് എവുറ്റിക്കസ്സിനെ ഉദ്‌ബോധിപ്പിച്ചു: ‘തിരുസ്സഭയുടെ സമാധാനം സ്വര്‍ഗ്ഗത്തില്‍ സന്തോഷം ഉളവാക്കുമെങ്കില്‍ ഭിന്നത സങ്കടമുളവാക്കും’

മരണത്തിന് ഏതാനും നാളുകള്‍ക്കുമുമ്പു ജന്മനാടായ ഇമോളയിലേക്കു മടങ്ങി. 450-ല്‍ അവിടെവച്ചു മരിച്ചു.

ജൂലൈ 29: ബഥനിയിലെ വിശുദ്ധ മര്‍ത്ത

ജെറുസലേമില്‍നിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ ബഥനിയെന്ന ഗ്രാമത്തിലാണു മര്‍ത്ത തന്റെ സഹോദരന്‍ ലാസറിന്റെയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മര്‍ത്തായാണ് ഇവര്‍ മൂന്നുപേരിലും മൂത്തതെന്നു പറയപ്പെടുന്നു.

ഈശോ ലാസറിനെ സന്ദര്‍ശിച്ച ഒരു സന്ദര്‍ഭം വിശുദ്ധ ലൂക്കാ വിവരിച്ചിട്ടുണ്ട്. മര്‍ത്ത ഈശോയെ സ്വീകരിച്ചു സല്‍ക്കരിക്കുന്നതില്‍ സര്‍വ്വഥാ വ്യാപൃതയായിരുന്നു. മറിയം അവിടുത്തേ പാദാന്തികത്തിങ്കലിരുന്ന് അവിടുത്തെ വചനങ്ങള്‍ ശ്രവിച്ചുകൊണ്ടിരുന്നു. മര്‍ത്ത ഈശോയുടെ അടുത്തുചെന്ന് ഉണര്‍ത്തിച്ചു: ‘കര്‍ത്താവേ, പരിചരണത്തിനായി എന്റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നതിനെപ്പറ്റി അങ്ങേക്ക് ഒരു ചിന്തയുമില്ലേ? എന്നെ സഹായിക്കാന്‍ അവളോടു കല്പിച്ചാലും.’

കര്‍ത്താവ് ഉത്തരമരുളി: ‘മര്‍ത്താ, മര്‍ത്താ, നീ പല കാര്യങ്ങളെപ്പറ്റി ഉല്‍ക്കണ്ഠാകുലയായിരിക്കുന്നു. എന്നാല്‍ അവശ്യകാര്യം ഒന്നു മാത്രമേയുള്ളൂ. മറിയം ആ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍നിന്നു നീക്കം ചെയ്യപ്പെടുകയില്ല.’

ലാസറിന്റെ ഉയിര്‍പ്പില്‍ മര്‍ത്ത തന്റെ ഭാഗം വഹിച്ചിട്ടുണ്ട്. ഈശോ വരുന്നെന്നു കേട്ടപ്പോള്‍ മര്‍ത്ത അവിടുത്തെ സ്വീകരിക്കാനായി ചെന്നു. എന്നാല്‍ മറിയം വീട്ടില്‍ ഇരുന്നതേയുള്ളൂ. മര്‍ത്താ ഈശോയോട് ആവലാതിപ്പെട്ടു: ‘കര്‍ത്താവേ അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്കുമെന്ന് ഇപ്പോഴുമെനിക്കറിയാം.’

ഈശോ അരുള്‍ ചെയ്തു: ‘നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.’ അപ്പോള്‍ മര്‍ത്താ അവിടുത്തോടു പറഞ്ഞു: ‘അന്തിമനാളില്‍ പുനരുത്ഥാന ഘട്ടത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.’ ഈശോ ലാസറിനെ ഉയിര്‍പ്പിച്ചു. താന്‍ ജീവനും പുനരുത്ഥാനവുമാണെന്ന് അവിടുന്നു വാക്കാലും പ്രവൃത്തിയാലും വിശദമാക്കി.

പലസ്തീനയില്‍ ക്രിസ്തുമത മര്‍ദ്ദനം തുടങ്ങിയപ്പോള്‍ ലാസറിന്റെ കുടുംബാംഗങ്ങളും മറ്റു ചിലരും ഒരു നൗകയില്‍ പാവെന്‍സിലേക്കു പുറപ്പെട്ടു. ലാസറിന്റെ ശവകുടീരം മാര്‍ സേയിലും മര്‍ത്തായുടേത് അവിഞ്ഞോണിലും മേരിയുടേതു സെന്റ് ബോമിലും സ്ഥിതി ചെയ്യുന്നു.

ജൂലൈ 25: വിശുദ്ധ യാക്കോബ് ശ്ലീഹ

സെബദിയുടെയും സാലോമിന്റെയും മകനും യോഹന്നാന്‍ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയെക്കാള്‍ 12 വയസ്സു കൂടുതലുണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്.

സെബദി ഒരു ഗലീലിയന്‍ മുക്കുവനാണ്. മീന്‍പിടുത്തക്കാരനായ പത്രോസിനേയും അന്ത്രയോസിനേയും വിളിച്ചു മനുഷ്യപിടിക്കുന്നവരാ ക്കിയ ശേഷം മുന്നോട്ട് നടന്നപ്പോഴാണ് സെബദീപുത്രന്മാരെ അപ്പസ്‌തോല ജോലിക്ക് വിളിച്ചത്. (മത്താ 4: 22; ലൂക്കാ 5: 11) ഇടിനാദത്തിന്റെ മക്കളെന്നാണ് അവരെ വിളിച്ചിരുന്നത്.

പത്രോസിനോടൊപ്പം സെബദീപുത്രന്മാരേയും താബോറിലേക്കും ഗത്സമനിലേക്കും കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ജായ്‌റോസിന്റെ പുത്രിയെ ഉയിര്‍പ്പിച്ചപ്പോഴും യാക്കോബുണ്ടായിരുന്നു. ക്രിസ്തു പ്രതാപവാനായ ഒരു രാജാവാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തല്‍സമയം തങ്ങള്‍ക്ക് രാജാവിന്റെ ഇരുവശത്തും ഇരിക്കാനുള്ള ഭാഗ്യം അനുവദിക്കണമെന്ന് അമ്മയെക്കൊണ്ട് അവര്‍ ഈശോയോട് ചോദിപ്പിച്ചു. അതിനുള്ള വ്യവസ്ഥ രക്തസാക്ഷിത്വമാണെന്ന് ഈശോ വിശദമാക്കി.

യാക്കോബു ശ്ലീഹാ യഹൂദന്മാരുടെ പന്ത്രണ്ടു ഗോത്രങ്ങളോടും സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. അതിനിടയ്ക്ക് സ്‌പെയിന്‍ സന്ദര്‍ശിച്ചിട്ടുമുണ്ടാകാം.

ഹെറോഡ് അഗ്രിപ്പാ യഹൂദന്മാരെ പ്രീണിപ്പിക്കാന്‍വേണ്ടി ക്രിസ്ത്യന്‍ മതമര്‍ദ്ദനം ആരംഭിച്ചു. ആദ്യത്തെ ഇര വലിയ യാക്കോബായിരുന്നു. 63-ലെ ഉയിര്‍പ്പ് തിരുനാളിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വലിയ യാക്കോബിന്റെ രക്തസാക്ഷിത്വം.

ശ്ലീഹാ വിചാരണയിലും വിധിസമയത്തും പ്രകാശിപ്പിച്ച ധീരത കണ്ടിട്ട് ന്യായാധിപന്‍ മാനസാന്തരപ്പെട്ടു വിളിച്ചുപറഞ്ഞു: ‘ഞാനും ഒരു ക്രിസ്ത്യാനിയാണ്.’ യാക്കോബ് ശ്ശീഹായോടൊപ്പം ന്യായാധിപനും മരണത്തിന് വിധിക്കപ്പെട്ടു. കൊലക്കളത്തേക്ക് പോകുമ്പോള്‍ ന്യായാധിപന്‍ ശ്ലീഹായോട് മാപ്പു ചോദിച്ചു. ജ്ഞാനസ്‌നാനം സ്വീകരിക്കാത്ത ഒരുവനെ സഹോദരനായി സ്വീകരിക്കാമോ എന്ന് അല്പനേരം ചിന്തിച്ചു. രക്തസാക്ഷിത്വം ജ്ഞാനസ്‌നാനത്തിന് മതിയാകുമെന്ന തിരുസ്സഭയുടെ വിശ്വാസം അപ്പോള്‍ ഓര്‍മ്മയില്‍ വന്നു. ഉടനടി ന്യായാധിപനെ ആശ്ലേഷിച്ചുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞു: ‘അങ്ങേക്കു സമാധാനം’, രണ്ടുപേരുടേയും ശിരസ്സ് ഒപ്പം ഛേദിക്കപ്പെട്ടു.

ജൂലൈ 24: വിശുദ്ധ ക്രിസ്റ്റീന

ക്രിസ്റ്റീന ടസ്‌കനിയില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. പിതാവ് ഉര്‍ബെയിന്‍ ധാരാളം സ്വര്‍ണ്ണവിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന കടുത്ത ഒരു വിജാതീയനായിരുന്നു. പലതും ക്രിസ്റ്റീന ഒടിച്ചുപൊടിച്ച് ദരിദ്രര്‍ക്കു ദാനം നല്കി. കോപിഷ്ഠനായ പിതാവ് മകളുടെ മര്‍ദ്ദകനായി. പിന്നീട് ജയിലിലടച്ചു. ക്രിസ്റ്റീനായുടെ വിശ്വാസം അചഞ്ചലമായിത്തന്നെ നിന്നു.

പീഡകര്‍ ക്രിസ്റ്റീനായുടെ മാംസം കൊളുത്തുകള്‍ കൊണ്ട് കീറിവലിച്ചു. പിന്നീട് അവര്‍ അവളെ ഒരു മര്‍ദ്ദനോപകരണത്തില്‍ കിടത്തി അടിയില്‍ തീവച്ചു. തീജ്വാല പീഡകര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ ആ മര്‍ദ്ദനം നിറുത്തി. പിന്നീട് അവളുടെ കഴുത്തില്‍ ഭാരമേറിയ ഒരു കല്ലുകെട്ടി അവളെ ബൊള്‍സേനാ തടാകത്തിലേക്കെറിഞ്ഞു. അവിടെനിന്ന് ഒരു മാലാഖാ അവളെ രക്ഷിച്ചു. പിതാവ് വൈരാഗ്യത്തോടെ മരിച്ചു.

പിതാവിന്റെ മരണത്തിനുശേഷം ന്യായാധിപന്‍ അവളെ ഒരു തീച്ചൂളയിലിട്ടു ദഹിപ്പിക്കാന്‍ ആജ്ഞാപിച്ചു. അഞ്ചുദിവസം അവിടെ യാതൊരു ക്ലേശവും കൂടാതെ ക്രിസ്റ്റീന കഴിച്ചു. പിന്നീട് സര്‍പ്പക്കാട്ടിലേക്ക് എറിയപ്പെട്ടു. അവിടേയും ഈശോ അല്‍ഭുതകരമായി അവളെ രക്ഷിച്ചു. പിന്നീട് അവളുടെ നാവു മുറിച്ചു കളയുകയും അസ്ത്രങ്ങള്‍കൊണ്ട് ദേഹം കുത്തിത്തുളക്കുകയും ചെയ്തു. ബൊള്‍സേനാ തടാകത്തിനരികെ ടൈറോ നഗരത്തില്‍വച്ച് അവള്‍ രക്തസാക്ഷിത്വമകുടം ചൂടി.

ജൂലൈ 23: സ്വീഡനിലെ വിശുദ്ധ ബ്രിഡ്‌ജെറ്റ്

1304-ല്‍ സ്വീഡിഷ് രാജകുടുംബത്തില്‍ ബ്രിഡ്‌ജെറ്റ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ അമ്മ, ഗോത്ത് രാജ് വംശത്തില്‍പ്പെട്ട ഇങ്കെഞ്ചുര്‍ഗിസു മരിച്ചുപോയി. ഭക്തയായ ഒരമ്മായിയാണ് ബ്രിഡ്ജെറ്റിനെ വളര്‍ത്തിക്കൊണ്ടുവന്നത്. മൂന്നു വയസ്സായപ്പോഴേ ബ്രിഡ്ജെറ്റിനു സംസാരശക്തി ഉണ്ടായുള്ളു. ആദ്യം ഉച്ചരിച്ച വാക്കുകള്‍ ദൈവസ്തുതികളാണ്. ബാലസഹജമായ വാശിയോ കോപമോ അനുസരണക്കുറവോ ഒന്നും ബ്രിഡ്ജെറ്റില്‍ കണ്ടിട്ടില്ല.

പത്താമത്തെ വയസ്സില്‍ പീഡാനുഭവത്തെപ്പറ്റി ഒരു പ്രഭാഷണം അവള്‍ ശ്രവിക്കുകയും അതേ രാത്രി ക്രൂശിതനായ ഈശോയുടെ ഒരു കാഴ്ച അവള്‍ക്കുണ്ടാകുകയും ചെയ്തു. ഒരു സ്വരം അവള്‍ കേട്ടു: ‘എന്റെ മകളേ, എന്നെ നോക്കു.’ ശോകാര്‍ത്തയായി അവള്‍ ചോദിച്ചു: ‘ആരാണ് അങ്ങയോട് ഇങ്ങനെ ചെയ്തത്?’ ‘എന്നെ നിന്ദിക്കുന്നവരും എന്റെ സ്‌നേഹം ഗ്രഹിക്കാത്തവരും’ എന്നു കേട്ടതുപോലെ അവള്‍ക്കു തോന്നി. ഈ ദര്‍ശനം എന്നും രാജകുമാരിയുടെ ധ്യാനവിഷയമായി.

പിതാവിന്റെ നിര്‍ദ്ദേശാനുസാരം 16-ാമത്തെ വയസ്സില്‍ ബ്രിഡ്‌ജെറ്റ് സ്വീഡനിലെ ഉള്‍ഫോ രാജകുമാരനെ വിവാഹം ചെയ്തു. എട്ടു മക്കളുണ്ടായശേഷം പൂര്‍ണ്ണ വിരക്തി പാലിക്കുമെന്ന് ഇരുവരും പ്രതിജ്ഞചെയ്തു. അവര്‍ ദരിദ്രര്‍ക്കായി ഒരാശുപത്രി പണിയിച്ചു. അങ്ങനെയിരിക്കേ, ഈ ദമ്പതികള്‍ കമ്പോസ്‌റ്റെല്ലാ എന്ന പ്രദേശത്തേക്ക് ഒരു തീര്‍ത്ഥയാത്ര ചെയ്തു. മടക്കയാത്രയില്‍ രോഗിയായിത്തീര്‍ന്ന ഭര്‍ത്താവിനെ ബ്രിഡ്‌ജെറ്റ് അത്യന്തം സ്‌നേഹത്തോടെ ശുശ്രൂഷിച്ചു. സുഖമായി മടങ്ങിയെത്തിയെങ്കിലും 1344 ല്‍ ഉള്‍ഫോ ഒരു സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമത്തില്‍ കിടന്നു മരിച്ചു. അദ്ദേഹം ആ സഭയില്‍ ചേരാന്‍ ഒരുങ്ങുകയായിരുന്നുവെന്നു പറയുന്നു.

ഭര്‍ത്താവിന്റെ മരണശേഷം കുടുംബസ്വത്തു മക്കള്‍ക്ക് ഭാഗിച്ചുകൊടുത്ത് ബ്രിഡ്‌ജെറ്റ് ഒരു വെള്ളവസ്ത്രം മാത്രം ധരിച്ചുകൊണ്ടിരുന്നു. ഭക്ഷണം അപ്പവും വെള്ളവും മാത്രമായി. വെള്ളിയാഴ്ച ദിവസങ്ങളില്‍ പ്രായശ്ചിത്തം അത്യധികം വര്‍ ദധിപ്പിച്ചു. പുതിയ മഠങ്ങള്‍ പലതു സ്ഥാപിച്ചു. ജീവിത ത്തിലെ അവസാനത്തേ മുപ്പതു വര്‍ഷവും ദിവസന്തോറും ബ്രിഡ്‌ജെററു കുമ്പസാരിച്ചിരുന്നു. കര്‍ത്താവിന്റെ പീഡാനു ഭവത്തിന്റെ പല കാഴ്ചകളും ഈ പുണ്യവതിക്കുണ്ടായിട്ടുണ്ട്. അവയെല്ലാം ജ്ഞാനപിതാക്കന്മാരുടെ വിധിക്ക് അവള്‍ സമര്‍പ്പിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്. ക്രൂശിതനോടുള്ള സ്‌നേഹം നിമിത്തം അവള്‍ പലസ്തീനയിലേക്ക് ഒരു തീര്‍ത്ഥയാത നടത്തുകയുണ്ടായി.

1350-ലെ വിശുദ്ധവത്സരത്തില്‍ തന്റെ വിധവയായ മകള്‍ വിശുദ്ധ കാതറിനോടുകൂടെ റോമയിലേക്കു പോയി ഒരു വര്‍ഷം അവിടെ താമസിച്ചു. മടങ്ങിയെത്തി മൂത്തമകള്‍ ധബിര്‍ജെറ്റിന്റെ കൂടെ താമസിച്ചുവരവേ 1373 ജൂലൈ 23-ന് എഴുപതാമത്തെ വയസ്സില്‍ ബ്രിഡ്‌ജെറ്റ് നിര്യാതയായി. അന്ത്യകൂദാശകള്‍ ചാക്കുവസ്ത്രം ധരിച്ചുകൊണ്ടാണ് സ്വീകരിച്ചത്.

ജൂലൈ 22: വിശുദ്ധ മേരി മഗ്ദലന

നമ്മുടെ കര്‍ത്താവിന്റെ പിഢാനുഭവത്തിലും പുനരുത്ഥാനരംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലനയും ഏഴു പിശാചുക്കള്‍ പുറത്താക്കപ്പെട്ട മേരിയും ബെഥനിയിലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്തു ഈശോയുടെ പാദത്തില്‍ വീണ അജ്ഞാതനായ പാപിനിയും ഒന്നാണെന്നും രണ്ടാണെന്നും മൂന്നാണെന്നുമൊക്കെ അഭിപ്രായമുണ്ട്. ശിമയോന്റെ വിരുന്നിന്റെ നേരത്ത് കര്‍ത്താവിന്റെ പാദങ്ങള്‍ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനി മേരി മഗ്ദലന അല്ലെന്നാണ് ആധുനികര്‍ പലരും പറയുന്നത്.

ഏഴു പിശാചുക്കളുടെ ആസ്ഥാനമായ മേരിയും മേരി മഗ്ദലനയും ലാസറിന്റെ പെങ്ങള്‍ മേരിയും ഒന്നാണെന്ന് അനേകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏഴു പിശാചുക്കള്‍ ആവസിച്ചിരുന്ന മേരി പാപിനിയായിരുന്നിരിക്കണമെന്നു സങ്കല്പിക്കുകയാണെങ്കില്‍ ശിമയോന്റെ ഭവനത്തില്‍ കര്‍ത്താവിന്റെ പാദത്തിങ്കല്‍ വീണ പാപിനി ആ പിശാചഗ്രസ്തയാകാം. അതിനാല്‍ ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ചു മേരിമഗ്ദലനയെ കാണാവുന്നതാണ്.

ഗാഗുല്‍ത്തായില്‍ മേരിമഗ്ദലന കുരിശിനരികെ നിന്നതും മൃതശരീരത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയതും ഉത്ഥിതനായ ഈശോ മേരി മഗ്ദലനയ്ക്ക് ആദ്യം പ്രത്യക്ഷമായതും അനിഷേധ്യ വസ്തുതകളാണ്. തന്നിമിത്തം ഈശോയെ അത്യധികം സ്‌നേഹിച്ച ഒരാളാണ് മേരി മഗ്ദലന. അതു ഈശോയുടെ പാദങ്ങള്‍ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനിയാണെന്നുള്ള പ്രാചീന ചിന്താഗതി സ്വീകരിച്ചു ധ്യാനിക്കുന്നവര്‍ക്ക് ഈ വിശുദ്ധയുടെ ജീവിതം എത്രയും ആശ്വാസദായകമായ ചിന്താവിഷയമാണ്.

മേരി മഗ്ദലന എഫേസൂസില്‍ മരിച്ചുവെന്ന് ഒരഭിപ്രായമുണ്ട്. ഫ്രാന്‍സില്‍ പ്രോവെന്‍സ് എന്ന ഡിസ്ട്രിക്ടില്‍ ലാസറും സഹോദരിയുമൊപ്പം ജീവിച്ചു മരിച്ചുവെന്നും പറയു ന്നുണ്ട്.

https://malabarvisiononline.com/wp-content/uploads/2024/07/July-22.mp4

ജൂലൈ 21: ബ്രിന്റിസിയിലെ വിശുദ്ധ ലോറന്‍സ്

ലാറ്റിന്‍, ഹീബ്രു, ഗ്രീക്ക്, ജര്‍മ്മന്‍, ബൊഹീമിയന്‍, ഫ്രഞ്ച് എന്നീ ഭാഷകള്‍ സരസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിന്‍ വൈദികനാണ് ലോറന്‍സ്. അദ്ദേഹം 1559 ജൂലൈ 22-ന് ഇറ്റലിയില്‍ ബിന്റിസിയില്‍ ജനിച്ചു. ഷഷ്ടിപൂര്‍ത്തി ദിവസം മരിച്ചു.

അദ്ദേഹത്തിന്റെ മാതാപിതാക്കന്മാര്‍ വില്യവും എലിസബത്തു റൂസ്സോയും മകന് പേരിട്ടത് ജൂലിയസ് സീസര്‍ എന്നാണ്. പതിനാറുവയസ്സുള്ളപ്പോള്‍ വെനീസിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ചേര്‍ന്ന് ലോറന്‍സ് എന്ന പേരു സ്വീകരിച്ചു.

പാദുവാ സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 23-ാമത്തെ വയസ്സില്‍ വൈദികനായി. യഹൂദന്മാരെപ്പോലെ ഹീബ്രൂ സംസാരിച്ചതുകൊണ്ട് എട്ടാം ക്‌ളെമന്റ് മാര്‍പാപ്പാ അദ്ദേഹത്തെ യഹൂദന്മാരുടെ ഇടയില്‍ സുവിശേഷ ജോലി ചെയ്യുവാന്‍ നിയോഗിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധഗ്രന്ഥ വിജ്ഞാനം അന്യാദൃശമായിരുന്നു. 1956-ല്‍ കപ്പൂച്ചിന്‍ സഭ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ 15 വാല്യമായി പ്രസിദ്ധീകരിച്ചു.

31-ാമത്തെ വയസ്സില്‍ ഫാ. ലോറന്‍സ് ടസ്‌കനിയിലെ പ്രൊവിന്‍ഷ്യലും 1602-ല്‍ കപ്പൂച്ചിന്‍ സഭയുടെ മിനിസ്റ്റര്‍ ജനറലുമായി. മൂന്നുകൊല്ലം കഴിഞ്ഞ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍ ആ സ്ഥാനം അദ്ദേഹം പാടെ നിഷേധിച്ചു.

1571-ല്‍ ലെപ്പാന്റോ യുദ്ധത്തിനുശേഷം തുര്‍ക്കികള്‍ ഒന്ന് ഒതുങ്ങിയെങ്കിലും സുല്‍ത്താന്‍ മുഹമ്മദ് തൃതീയന്‍ ഹങ്കറിയുടെ കുറെഭാഗം പിടിച്ചടക്കുകയുണ്ടായി. ക്രിസ്തീയ ജര്‍മ്മന്‍ രാജാക്കന്മാരോട് ഒരുമിച്ച് നിന്ന് സമരം ചെയ്യുന്നതിന് വേണ്ട ഉപദേശം നല്കാന്‍ റുഡോള്‍ഫ് ചക്രവര്‍ത്തി ഫാ. ലോറന്‍സിനെ നിയോഗിച്ചു. എണ്‍പതിനായിരം തുര്‍ക്കി പടയാളികള്‍ക്കെതിരെ ഫാ. ലോറന്‍സ് 18000 ക്രിസ്ത്യന്‍ യോദ്ധാക്കളെ നിരത്തി. ഫാ. ലോറന്‍സ് ഒരു കുരിശുരൂപം കൈയില്‍പിടിച്ച് കുതിരപ്പുറത്തിരുന്ന് യോദ്ധാക്കളെ നയിച്ചു. സ്റ്റുള്‍വെയിസെന്‍ബെര്‍ഗില്‍ വച്ച് സൈന്യങ്ങള്‍ ഏറ്റുമുട്ടി. തുര്‍ക്കികള്‍ പലായനം ചെയ്തു.

ജര്‍മ്മനിയില്‍ ഫാ. ലോറന്‍സിനു ധാരാളം മാനസാന്തരങ്ങള്‍ നേടാന്‍ കഴിഞ്ഞു. സ്വദേശമായ നേപ്പിള്‍സിലെ ഒരു തര്‍ക്കം തീര്‍ക്കാന്‍ ഫാ. ലോറന്‍സ് പേപ്പല്‍ പ്രതിനിധിയായി ലിസ്ബണിലേക്ക് പോകുകയുണ്ടായി. അവിടെവച്ച് മൃതികരമായ രോഗം പിടിപെടുകയും 1619 ജൂലൈ 22-ന് ദിവംഗതനാകുകയും ചെയ്തു.

Exit mobile version