ജൂലൈ 20: പ്രവാചകനായ വിശുദ്ധ ഏലിയാസ്

പഴയനിയമ കാലത്തെ പ്രവാചകന്മാരില്‍ പ്രധാനിയായ ഒരാളാണ് ഏലിയാസ്. ബാലിന് ഇസ്രായേല്‍ രാജാവായ ആക്കാബ് ഒരു ക്ഷേത്രം പണിതു ബലികള്‍ സമര്‍പ്പിക്കാന്‍ തുടങ്ങി. ഇതിന് ശിക്ഷയായി മൂന്നുവര്‍ഷം മഴയോ മഞ്ഞോ ഇസ്രായേലില്‍ പെയ്യാന്‍ യഹോവ അനുവദിച്ചില്ല. ഈ വരള്‍ച്ചയുടെ ഇടയ്ക്ക് കാരിത്ത് അരുവിയുടെ അരികേ ഏലിയാസ് താമസിച്ചുവരികയായിരുന്നു; കാക്കകള്‍ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തുപോന്നു.

കാരിത്ത് അരുവി വറ്റിക്കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ സപ്തായിലേക്ക് കടന്നുപോയി. അവിടെ അദ്ദേഹത്തെ ഒരു സാധുവിധവ സ്വീകരിച്ചു കുടിക്കാന്‍ വെള്ളം കൊടുത്തു. പ്രവാചകന്‍ അവളോട് ഒരപ്പം ചോദിച്ചു. തന്റെ കലത്തില്‍ ഒരു പിടി മാവും ഒരു കുടത്തില്‍ കുറച്ച് എണ്ണയും മാത്രമേയുള്ളുവെന്ന് മറുപടി നല്കി. ‘സാരമില്ല; ഒരപ്പം ഉണ്ടാക്കിത്തരുക’ എന്ന് ഏലിയാസ് നിര്‍ബന്ധിച്ചു. ‘ഭൂമുഖത്തു മഴ പെയ്യിക്കുന്ന ദിവസംവരെ മാവ് തീരുകയില്ല; കുടത്തില്‍ എണ്ണ വറ്റുകയുമില്ല’ എന്ന് പ്രവാചകന്‍ പറഞ്ഞു. അതിനിടക്ക് വിധവയുടെ മകന്‍ മരിച്ചു. ഏലിയാസ് ആ മകനെ ഉയിര്‍പ്പിച്ചു.

കാര്‍മ്മെലില്‍ ബാലിന്റെ പുരോഹിതന്മാരെ ഒരു മത്സരത്തിന് വിളിച്ചു. ഒരു കാളയെ കൊന്ന് കഷ്ണമാക്കി വിറകടുക്കിവച്ചശേഷം ബാലിന്റെ പുരോഹിതന്മാര്‍ ബാലിനോട് തീയിറക്കി ബലിവസ്തു ദഹിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒരനക്കവുമുണ്ടായില്ല. പിന്നീട് ഏലിയാസ് ഒരു ബലിപീഠം നിര്‍മ്മിച്ചു വിറകടുക്കുകയും കാളയെ കഷ്ണമാക്കി മുറിച്ച് വിറകില്‍ വയ്ക്കുകയും മൂന്നു പ്രാവശ്യം നന്നാലുകുടം വെള്ളം വിറകിന്മേലും ഹോമദ്രവ്യത്തിന്മേലും ഒഴിക്കുകയും ചെയ്തു. അനന്തരം ബലിവസ്തുക്കളെ ദഹിപ്പിക്കാന്‍ ഏലിയാസ് യഹോവയോട് പ്രാര്‍ത്ഥിച്ചു. തീ ഇറങ്ങി കാളയെ ദഹിപ്പിച്ചു. അന്ന് ഏലിയാസ് ബാലിന്റെ 400 പുരോഹിതന്മാരെ വധിച്ചു.

ഇങ്ങനെ യഹോവയോടുള്ള സ്‌നേഹത്താല്‍ എരിഞ്ഞിരുന്ന ഏലിയാസ് തന്റെ പിന്‍ഗാമിയായി എലീസെയൂസിനെ നിശ്ചയിച്ചശേഷം ഒരഗ്നേയ രഥത്തില്‍ ആകാശത്തിലേക്ക് എടുക്കപ്പെട്ടു. (4 രാജാ. 2: 10) ഈശോ താബോറില്‍ മറുരൂപപ്പെട്ടപ്പോള്‍ പത്രോസും യാക്കോബും യോഹന്നാനും ഏലിയാസിനെ കണ്ടു.

ജൂലൈ 19: വിശുദ്ധ യുസ്തായും റുഫീനായും

സ്‌പെയിനിലെ സെവീലില്‍ മണ്‍പാത്രങ്ങള്‍ നിര്‍മിച്ചു വിറ്റ് ഉപജീവനം നടത്തിയിരുന്ന രണ്ടു ക്രിസ്തീയ വനിതകളാണ് യുസ്തായും റുഫിനായും. വിജാതീയ പൂജകള്‍ക്ക് ഉപയോഗിക്കുവാനുള്ള പാത്രങ്ങള്‍ അവര്‍ ആര്‍ക്കും വിറ്റിരുന്നില്ല. കുപിതരായ വിജാതീയര്‍ ആ വനിതകള്‍ വില്ക്കാന്‍ വച്ചിരുന്ന പാത്രങ്ങളെല്ലാം ഉടച്ചുകളഞ്ഞു. ഇതിന് പ്രതികാരമായി ഒരു ദേവിയുടെ വിഗ്രഹം അവര്‍ തകര്‍ത്തു. വിജാതീയര്‍ രോഷം പൂണ്ട് ഗവര്‍ണരോട് ആവലാതിപ്പെട്ടു.

പ്രീഫെക്ട് യുസ്തായോടും റുഫിനായോടും അവര്‍ നശിപ്പിച്ച വിഗ്രഹങ്ങള്‍ ഏതു ദേവന്മാരുടെയാണോ ആ ദേവന്മാര്‍ക്ക് ബലി അര്‍പ്പിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ അതിന് സന്നദ്ധരായില്ലെന്ന് മാത്രമല്ല തങ്ങളുടെ ഗുരു യേശുക്രിസ്തുവാണെന്ന് ഏറ്റുപറയുകയും ചെയ്തു. ഉടനടി അവരെ പീഡന യന്ത്രത്തില്‍ കിടത്തി പീഡിപ്പിക്കാനും ഉദരം മുള്ളുകള്‍കൊണ്ട് കീറാനും പ്രീഫെക്ട് ഉത്തരവിട്ടു.

ബലി അര്‍പ്പിക്കാന്‍ സന്നദ്ധരാകയാണെങ്കില്‍ മോചിക്കാന്‍ വേണ്ടി ഒരു വിഗ്രഹം പീഡനോപകരണത്തിന്റെ അരികെ വച്ചിരുന്നു. ഈ മര്‍ദ്ദനങ്ങള്‍ കൊണ്ടൊന്നും അവരുടെ വിശ്വാസം ചഞ്ചലിച്ചില്ല. യുസ്താ പീഡനയന്ത്രത്തില്‍ കിടന്ന് മരിച്ചു. റുഫിനായുടെ കഴുത്തു ഞെക്കിക്കൊല്ലാനും രണ്ടുപേരുടെ ശരീരം ദഹിപ്പിക്കാനും പ്രീഫെക്ട് ആജ്ഞ നല്കി.

ജൂലൈ 18: വിശുദ്ധ സിംപ്രോസയും ഏഴു മക്കളും

ട്രാജന്‍ ചക്രവര്‍ത്തിയുടെ മതപീഡനം ആഡിയന്‍ ചക്രവര്‍ത്തി തന്റെ വാഴ്ചയുടെ ആരംഭത്തില്‍ തുടര്‍ന്നുവെങ്കിലും കുറേകാലത്തേക്കു നിറുത്തിവെച്ചു; 124-ല്‍ വീണ്ടും തുടങ്ങി. ജൂപ്പിറ്റര്‍ ദേവന്റെ ഒരു ബിംബം ക്രിസ്തു പുനരുത്ഥാനം ചെയ്ത സ്ഥലത്തും വീനസ്സിന്റെ ഒരു മാര്‍ബിള്‍ പ്രതിമ ഗാഗുല്‍ത്തായിലും അഡോണിസ്സിന് പ്രതിഷ്ഠിതമായ ഒരു ഗുഹ ബത്‌ലഹേമ്മിലും അദ്ദേഹം സഥാപിച്ചു.

മതപീഡനം തകൃതിയായി നടന്നു. അദ്ദേഹം പുതുതായി പണിതീര്‍ത്ത അരമനയുടെ പ്രതിഷ്ഠ നടത്തിയ പൂജാരി കര്‍മ്മങ്ങളുടെ ഇടയ്ക്കു വിളിച്ചു പറഞ്ഞു: ‘സിംപ്രോസ എന്ന വിധവയും ഏഴു മക്കളും തങ്ങളുടെ ദൈവത്തെ ആരാധിച്ചുകൊണ്ട് ഞങ്ങളെ നിന്ദിക്കുന്നു. അവര്‍ ഞങ്ങളെ ആരാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കും.’

സിംപ്രോസ തന്റെ സമ്പത്തുമുഴുവനും മതപീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. പുതിയ അരമനയുടെ അരികെയായിരുന്നു അവരുടെ താമസം. ചക്രവര്‍ത്തി സിംപ്രോസിയായെ വിളിച്ചുവരുത്തി ദേവന്മാരെ ആരാധിക്കാന്‍ ഉപദേശിച്ചു. അവള്‍ പ്രതിവചിച്ചു: ‘എന്റെ ഭര്‍ത്താവ് ജെട്ടൂളിയൂസും സഹോദരന്‍ അമാന്‍സിയൂസും അങ്ങയുടെ ട്രൈബുണ്‍ന്മാരായിരിക്കേ യേശുക്രിസ്തുവിനെപ്രതി ക്രൂരമര്‍ദ്ദനങ്ങള്‍ സഹിച്ചു. മനുഷ്യര്‍ അന്ന് അവരെ പുച്ഛിച്ചു; മാലാഖാമാര്‍ അവരെ സ്തുതിച്ചു. ഇന്ന് അവര്‍ നിത്യജീവന്‍ ആസ്വദിക്കയാണ്. ചക്രവര്‍ത്തി കോപത്തോടെ ആജ്ഞാപിച്ചു: ‘ദേവന്മാര്‍ക്ക് ബലി ചെയ്യുക; അല്ലെങ്കില്‍ ഏഴു മക്കളോടുകൂടെ മരിക്കുക.’

സിംപ്രോസയും കുട്ടികളും ദേവന്മാര്‍ക്ക് ബലി ചെയ്യാന്‍ തയ്യാറായില്ല. സിംപ്രോസയുടെ കവിളില്‍ അടിച്ച ശേഷം തലമുടികൊണ്ട് കെട്ടിത്തൂക്കിയിട്ടു. അനന്തരം ഒരു കല്ല് കഴുത്തില്‍ കെട്ടി പുഴയിലേക്കെറിയുവാനായിരുന്നു ചക്രവര്‍ത്തിയുടെ ആജ്ഞ. മക്കളോട് അമ്മയെ അനുകരിക്കാതെ ദേവന്മാരെ ആരാധിക്കുവാന്‍ ചക്രവര്‍ത്തി ഉപദേശിച്ചു. അവരാരും വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പീഡനോപകരണത്തില്‍ വച്ച് അവയവങ്ങള്‍ വലിച്ചുനീട്ടി. മൂത്തമകന്‍ ക്രെഷെന്‍സിനെ തൊണ്ടയില്‍ വെട്ടി ക്കൊന്നു. രണ്ടാമനായ ജൂലിയന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കി. മൂന്നാമന്‍ നെമെസിയൂസിനേയും കുന്തം കൊണ്ട് ചങ്കില്‍ കുത്തി കഥകഴിച്ചു. നാലാമന്‍ പ്രിമിത്തീവൂസിന്റെ വയറു പിളര്‍ന്നു. അഞ്ചാമന്‍ ജെസ്റ്റിനെയും ആറാമന്‍ സ്റ്റാക്തെ യൂസിന്റെ രണ്ട് കുത്തിക്കൊന്നു. ഇളയവന്‍ എവുജേനിയൂസിന്റെ ശരീരം രണ്ടായി പിളര്‍ന്നു.

ജൂലൈ 15: വിശുദ്ധ ബോനവെന്തൂര മെത്രാന്‍

ഫ്രാന്‍സിസ്‌കന്‍ ചൈതന്യം തുളുമ്പുന്ന ഒരു സെറാഫിക് വേദപാരംഗതനാണ് ബോനെവഞ്ചര്‍ മധ്യ ഇറ്റലിയില്‍ ബാഞ്ഞോറേജിയോ എന്ന നഗരത്തില്‍ 1221-ല്‍ ജോണ്‍ ഫിഡെന്‍സാ-മേരി റിഞ്ഞല്ലി ദമ്പതികളുടെ മകനായി ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ കുട്ടിക്ക് കഠിനമായ ഒരു രോഗം പിടിപെട്ടു. അമ്മ ഫാന്‍സിസ് അസീസിയെ സമീപിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. കുട്ടി പൂര്‍ണ്ണസുഖം പ്രാപിച്ചു. വിശുദ്ധന്‍ പിന്നീട് കുട്ടിയെ കണ്ടപ്പോള്‍ സമാധിയില്‍ ‘ബോനാവെന്തൂരാ’ അതായത്, ‘ഉത്തമ ഭാഗ്യം’ എന്നുവിളിച്ചു. അങ്ങനെ ബോനവെന്തൂരാ എന്ന് പേരുണ്ടായി.

22-ാമത്തെ വയസ്സില്‍ അദ്ദേഹം റോമയില്‍ ഫ്രാന്‍സിസ്‌കന്‍ സഭാവസ്ത്രം സ്വീകരിച്ചു. അലെക്‌സ് സാന്റര്‍ ഹെയില്‍സു മുതലായ പണ്ഡിതന്മാരുടെ കീഴില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1257-ല്‍ തന്റെ സ്‌നേഹിതന്‍ തോമസ് അക്വിനാസിനോടൊപ്പം ഡോക്ടറേറ്റു നേടി. അലസമായ ജിജ്ഞാസയായിരുന്നില്ല പഠനലക്ഷ്യം; പ്രാര്‍ത്ഥനാപൂര്‍വ്വം പഠിച്ചുകൊണ്ടിരുന്നു. വിശുദ്ധ തോമസ് അക്വിനാസ് ഒരിക്കല്‍ ബൊനവന്തൂരയെ സന്ദര്‍ശിച്ചപ്പോള്‍ ഈ ജ്ഞാനമൊക്കെ എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചു. ബൊനവെന്തുരാ കുരിശുരൂപം കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു: ‘ഇതാണ് എന്റെ വിജ്ഞാനത്തിന്റെ ഉറവ; ഞാന്‍ ക്രൂശിതനായ യേശുക്രിസ്തുവിനെ മാത്രം പഠിക്കുന്നു.’

പൗരോഹിത്യത്തിന് വളരെ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടെയാണ് ബൊനവെന്തൂരാ ഒരുങ്ങിയത്. 35 വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ സഭയുടെ ജനറലായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു വളരെ കണ്ണുനീരോടുകൂടെ അനുഗ്രഹങ്ങള്‍ക്കായി അപേക്ഷിച്ചു.

വിശുദ്ധ ഫ്രാന്‍സിസിന്റെ നിയമങ്ങള്‍ അതേപടി വേണമെന്ന് ഒരു കൂട്ടരും മയപ്പെടുത്തണമെന്ന് വേറൊരു കൂട്ടരും വാദിക്കുന്ന കാലമായിരുന്നു. ബൊനവെന്തുരാ മദ്ധ്യമാര്‍ഗ്ഗം സ്വീകരിച്ചു. അക്കാലത്താണ് അദ്ദേഹം ഈശോയുടെ ദാരിദ്ര്യമെന്ന ഗ്രന്ഥമെഴുതിയത്. ഒരിക്കല്‍ തോമസ് അക്വിനാസ് വന്നപ്പോള്‍ ബൊനവെന്തുരാ ഫ്രാന്‍സിസ് അസീസ്സിയുടെ ജീവചരിത്രമെഴുതുന്നതു കണ്ടു പറഞ്ഞു: ‘ഒരു പുണ്യവാന്റെ ചരിത്രം വേറൊരു പുണ്യവാന്‍ എഴുതട്ടെ.’

ഒരിക്കല്‍ ബ്രദര്‍ ഗൈല്‍സ് ബൊനവെന്തൂരയോട് ‘ഒരു പടുവിഡ്ഢിക്കു പണ്ഡിതരെപ്പോലെ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുമോ?’ എന്നു ചോദിച്ചു. ‘ഒരു ദരിദ്ര വൃദ്ധയ്ക്ക് ഒരു ദൈവശാസ്ത്രപണ്ഡിതനെക്കാള്‍ കൂടുതലായി ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയു’മെന്നായിരുന്നു മറുപടി. ബ്രദര്‍ ഗൈല്‍സ് വിളിച്ചു പറഞ്ഞു: ‘ദരിദ്രരേ, പാവപ്പെട്ട വൃദ്ധകളെ വരുവിന്‍, നിങ്ങള്‍ക്കു പണ്ഡിതനായ ബൊനവെന്തൂരാ മല്പാനെക്കാള്‍ കൂടുതല്‍ ദൈവത്തെ സ്‌നേഹിക്കാം.’

1265-ല്‍ യോര്‍ക്കിലെ ആര്‍ച്ചു ബിഷപ്പായി ബൊനവെന്തൂരായെ നിയമിച്ചു. തന്നെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. അപ്പോള്‍ അദ്ദേഹത്തെ അല്‍ബാനോയിലെ ബിഷപ്പും കാര്‍ഡിനലുമായി നിയമിച്ചുകൊണ്ടുള്ള കല്പന രണ്ടു പ്രതിനിധികള്‍ വഴി മാര്‍പ്പാപ്പാ കൊടുത്തയച്ചു. പേപ്പല്‍ പ്രതിനിധികള്‍ വന്നപ്പോള്‍ അദ്ദേഹം ഫ്‌ളോറന്‍സിനടുത്ത് മിഗെല്‍ ആശ്രമത്തില്‍ പാത്രങ്ങള്‍ കഴുകുകയായിരുന്നു. സ്ഥാനചിഹ്നങ്ങള്‍ അടുത്തു നിന്നിരുന്ന മരത്തിന്മേല്‍ തൂക്കിയിടാന്‍ നിര്‍ദ്ദേശിച്ചു. പാത്രം കഴുകിക്കഴിഞ്ഞശേഷം പേപ്പല്‍ പ്രതിനിധികളെ അദ്ദേഹം യഥോചിതം സ്വീകരിച്ചു.

ലിയോണ്‍സ് സൂനഹദോസില്‍ പത്താം ഗ്രിഗറി മാര്‍പാപ്പായുടെ വലത് വശത്തിരുന്ന് സൂനഹദോസു നടപടികളില്‍ പങ്കെടുത്തു. 1274 ജൂലൈ 15-ന് പ്രഭാതത്തില്‍ സൂനഹദോസിനിടയ്ക്ക് 53-ാമത്തെ വയസ്സില്‍ ബൊനവെന്തൂരാ നിര്യാതനായി. സുന്ദരങ്ങളായ അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ ഫ്രാന്‍സിസ്‌കനെ നാം അവയില്‍ കണ്ടുമുട്ടുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നവരെല്ലാം അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു.

ജൂലൈ 17: വിശുദ്ധ അലെക്‌സിസ്

അഞ്ചാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന ഒരു റോമന്‍ സെനറ്റര്‍ എവുഫേമിയന്റെ ഏകപുത്രനാണ് അലെക്‌സിസ്. ദാന ധര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കുന്ന തുകകളാണെന്നായിരുന്നു ബാലനായ അലെക്സിന്റെ ബോധം. തന്റെ പക്കല്‍ നിന്ന് ധര്‍മ്മം സ്വീകരിക്കുന്നവരെ തന്റെ ഉപകാരികളെപ്പോലെയത്രെ അലെക്സിസ് ബഹുമാനിച്ചിരുന്നത്.

ജീവിതസുഖങ്ങളും ബഹുമാനങ്ങളും തന്റെ ഹൃദയത്തെ ദൈവത്തില്‍നിന്ന് അകറ്റുമെന്നു വിചാരിച്ച് വിവാഹദിവസം രാത്രി വൈവാഹിക സന്തോഷങ്ങള്‍ ആസ്വദിക്കാതെ ഭാര്യയോട് യാത്ര പറഞ്ഞു വിദൂരദേശത്തേക്ക് പുറപ്പെട്ടു. ദരിദ്ര വേഷമണിഞ്ഞ് എദേസായില്‍ ദൈവമാതാവിന്റെ ഒരാലയത്തിനു സമീപം ഒരു കുടിലില്‍ പരമമായ ഏകാന്തതയില്‍ താമസിച്ചു. കുറെ കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ഒരു കുലീന കുടുംബജാതനാണെന്ന് ജനങ്ങള്‍ക്കു മനസ്സിലായി. ഉടനടി സ്വഭവനത്തിലേക്കു മടങ്ങി. ആ മാളികയുടെ ഒരു മൂലയില്‍ ഒരു ദരിദ്ര ഭിക്ഷുവായി ഭൃത്യന്മാരുടെ നിന്ദനങ്ങള്‍ സ്വീകരിച്ചു 17 കൊല്ലം ജീവിച്ചു. തന്നെ പ്രതി കരയുന്ന ഭാര്യ അഗ്ലയേയും ചവിട്ടിത്തേച്ചുകൊണ്ടിരുന്ന ഭൃത്യരേയും ക്ഷമയോടെ വീക്ഷിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം സമയം ചെലവഴിച്ചു.

ക്രൂരരക്തസാക്ഷിത്വത്തിന് മരണം അറുതിവരുത്തിയപ്പോള്‍ അലെക്‌സസില്‍നിന്നു ലഭിച്ച ഒരെഴുത്തില്‍നിന്ന് മാതാപിതാക്കന്മാര്‍ക്കു മനസ്സിലായി തങ്ങള്‍ അശ്രദ്ധമായി സംരക്ഷിച്ച ഭിക്ഷു സ്വന്തം മകനാണെന്ന്. ഹൊണോരിയൂസു ചക്രവര്‍ത്തിയുടെ കാലത്താണ് അലെക്സിസു മരിച്ചത് . അത്ഭുതങ്ങള്‍ ധാരാളമായി നടന്നു. ‘മാര്‍ അല്ലേശുപാന’ വഴി കേരളീയര്‍ക്ക് ഈ വിശുദ്ധന്‍ സുപരിചിതനാണ്.

ജൂലൈ 16: കര്‍മ്മല മാതാവ്

എല്ലാ രൂപതകളിലും ആഘോഷിക്കുന്ന ദൈവമാതാവിന്റെ ഒരു തിരുനാളാണിത്. കര്‍മ്മലീത്താ സഭ പലസ്തീനയിലെ കര്‍മ്മലമലയില്‍ ആരംഭിച്ചു. കുരിശുയുദ്ധ കാലത്ത് യൂറോപ്പില്‍ പരന്നു. യൂറോപ്പില്‍ ഈ സഭയ്ക്ക് അല്പം എതിര്‍പ്പു നേരിടേണ്ടിവന്നു. ഇംഗ്ലണ്ടിലെ അയില്‍സു ഫോര്‍ഡ് ആശ്രമത്തില്‍ നിവസിച്ചിരുന്ന വിശുദ്ധ സൈമണ്‍ സ്‌റ്റോക്കായിരുന്നു അന്നത്തെ സുപ്പീരിയര്‍ ജനറല്‍. അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, ‘കര്‍മ്മലിലെ സുന്ദര കുസുമമേ, ഫലസമ്പൂര്‍ണ്ണമായ മുന്തിരി, സ്വര്‍ഗ്ഗത്തിന്റെ അന്യാദൃശവും നിര്‍മ്മലവുമായ തേജസ്സേ, നിത്യനിര്‍മ്മല കന്യകയായിരുന്നു ദൈവപുതനെ പ്രസവിച്ചവളേ, ഇന്നത്തെ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേ, സമുദ്രതാരമേ, എന്നെ സഹായിക്കണമേ, രക്ഷിക്കണമേ. അങ്ങു എന്റെ അമ്മയാണെന്ന് കാണിച്ചു തരണമേ.’

1251 ജൂലൈ 16-ന് അര്‍ദ്ധരാത്രി സൈമണ്‍ സ്‌റ്റോക്കു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വാനവഗണങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മല മാതാവ് പ്രത്യക്ഷപ്പെട്ടു കര്‍മ്മലോത്തരീയം നല്കിക്കൊണ്ടു പറഞ്ഞു: ‘എന്റ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമായ ഈ കര്‍മ്മലോത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ചു മരിക്കുന്നവര്‍ നശിക്കുകയില്ല.’

ഈ സംഭവം കാട്ടുതീപോലെ യൂറോപ്പുമുഴുവനും പ്രചരിച്ചു; ക്രമേണ ലോകമാസകലമുള്ള എല്ലാ ദൈവമാതൃഭക്തരും കര്‍മ്മലോത്തരീയം ധരിക്കാന്‍ തുടങ്ങി.

1322-ല്‍ സ്വര്‍ഗ്ഗരാജ്ഞി 22-ാം യോഹന്നാന്‍ മാര്‍പ്പാപ്പായ്ക്ക് കാണപ്പെട്ട് ഉത്തരീയം ധരിച്ച് മരിക്കുന്നവര്‍ക്ക് വേറൊരു വാഗ്ദാനവും കൂടെ ചെയ്തു: ‘കൃപാവരങ്ങളുടെ രാജ്ഞി യായ ഞാന്‍ ശനിയാഴ്ചതോറും ശുദ്ധീകരണ സ്ഥലത്ത് ഇറങ്ങിച്ചെന്ന് ഉത്തരീയം ധരിച്ച് മരിച്ചിട്ടുള്ളവരില്‍ ചില വ്യവസ്ഥകള്‍ പാലിച്ചിട്ടുള്ളവരെയെല്ലാം മോചിക്കും.’

ജൂലൈ 14: ലെലിസ്സിലെ വിശുദ്ധ കമില്ലസ്

പടയാളിയായിരുന്ന പിതാവ് കുറെ പണമുണ്ടാക്കിയെങ്കിലും മകന് പിതൃസ്വത്തായി നല്കാനുണ്ടായത് തന്റെ വാളുമാത്രമാണ്. വാളു കയ്യിലെടുക്കാറായപ്പോള്‍ മുതല്‍ കമില്ലസ്സു പടവെട്ടാന്‍ തുടങ്ങി; പുണ്യപട്ടത്തിനുള്ള ഒരു സ്ഥാനാര്‍ത്ഥിയായി ആരും കമില്ലസ്സിനെ കാണുകയില്ല. ഒരു യുദ്ധം കഴിഞ്ഞ് ഭയങ്കര വ്രണത്തോടെ കമില്ലസ്സു സ്വഭവനത്തി ലേക്കു മടങ്ങി. അഗതിയായ കമില്ലസ്സു ഒരാശുപത്രിയില്‍ ശിപായി ജോലിചെയ്തു വ്രണത്തിനുള്ള ചികില്‍സ നടത്തിക്കൊണ്ടിരുന്നു. കളിക്കാനുള്ള ചീട്ടുപെട്ടി തലയിണയുടെ കീഴ് വച്ചുകൊണ്ടാണ് ആശുപ്രതിയില്‍ ജോലിചെയ്തിരുന്നത്. കളിക്കാന്‍ തക്കം കിട്ടിയാല്‍ രോഗികളെ ഉപേക്ഷിച്ച് കളിക്കാന്‍ പോകും. ഭയങ്കര കോപപ്രകൃതിയുമായിരുന്നതു നിമിത്തം ആശുപത്രിയില്‍നിന്നു കമില്ലസ്സ് ബഹിഷ്‌കരിക്കപ്പെട്ടു.

അദ്ദേഹം വീണ്ടും സൈന്യത്തില്‍ ചേര്‍ന്നു. സൈനിക ജീവിതം അന്ന് എത്രയും കഷ്ടമായിരുന്നു. പുല്ലും കുതിര മാംസവുമാണ് ഭക്ഷണം. അവസാനം സൈന്യത്തിന് തീരെ പറ്റുകയില്ലെന്ന കാരണത്താല്‍ സൈന്യത്തില്‍നിന്ന് കമില്ലസു പിരിച്ചുവിടപ്പെട്ടു. സൈന്യത്തിലെ സമ്പാദ്യം ചൂതുകളി കൊണ്ട് നശിപ്പിച്ചു. അന്ന് കമില്ലസ്സിന് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു കപ്പൂച്ചിന്‍ വൈദികന്റെ ഉപദേശം ആ യുവാവിനെ മാനസാന്തരപ്പെടുത്തി. രണ്ടു പ്രാവശ്യം അദ്ദേഹം കപ്പുച്ചിന്‍ നൊവിഷ്യറ്റില്‍ ചേര്‍ന്നു; എന്നാല്‍ കാലിലെ വ്രണം ഉണങ്ങാഞ്ഞതുകൊണ്ട് രണ്ടു പ്രാവശ്യവും പുറംതള്ളപ്പെട്ടു.

1582-ല്‍ കമില്ലസ്സും മറ്റു ഏതാനും പേരും കൂടി റോമിലുള്ള മാറാരോഗികളുടെ ആശുപത്രിയില്‍ ശുശ്രൂഷ ആരംഭിച്ചു. എല്ലാവരും തോളില്‍ ഒരു ചുവന്ന കുരിശ് അണിഞ്ഞിരുന്നു. അതാണ് ഇന്നത്തെ റെഡ് ക്രോസുപ്രസ്ഥാനത്തിന്റെ പ്രാരംഭം. ഒരു വൈദികനായാല്‍ തന്റെ ജോലി ഒന്നുകൂടി വിജയിക്കുമെന്ന് കരുതി അദ്ദേഹം വിശുദ്ധ ഫിലിപ്പുനേരിയുടെ ഉപദേശ പ്രകാരം വൈദികപഠനം തുടങ്ങി. 34-ാമത്തെ വയസ്സില്‍ പുരോഹിതനായി. നഴ്‌സിങ് ബ്രദേഴ്സിന്റെ ഒരു സഭതന്നെ അദ്ദേഹം സ്ഥാപിച്ചു. സഭാംഗങ്ങള്‍ വീടുകളിലും പോയി ശുശ്രൂഷിച്ചിരുന്നു. പ്‌ളേഗു ബാധിതരെക്കൂടി അവര്‍ ശുശ്രൂഷിച്ചുവന്നു. 1595-ല്‍ ഹങ്കറിയിലും ക്രൊയേഷ്യായിലും യുദ്ധരംഗത്ത് അവര്‍ സേവനം നല്കി. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയാണ് അവര്‍ രോഗീശുശ്രൂഷ നടത്തിയി രുന്നത്.

മരണംവരെ കാലിലെ വ്രണം ഉണങ്ങിയില്ല. അന്തിമരോഗത്തിലും എഴുന്നേറ്റുചെന്ന് അപരരുടെ സുഖാസുഖങ്ങള്‍ അദ്ദേഹം അന്വേഷിച്ചിരുന്നു.

ജൂലൈ 13: വിശുദ്ധ ഹെന്റി ദ്വിതീയന്‍ ചക്രവര്‍ത്തി

ഭക്തനും മുടന്തനുമെന്നുകൂടി അറിയപ്പെടുന്ന ഹെന്റി ദ്വിതീയന്‍ ബവേറിയായിലെ ഹെന്റി രാജാവിന്റെ മകനാണ്. റാറ്റിസ്ബണിലെ ബിഷപ്പ് വിശുദ്ധ വുള്‍ഫ്ഗാത്തിന്റെ ശിക്ഷണത്തില്‍ ഹെന്റിക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. 1002-ല്‍ ഹെന്റി ജര്‍മ്മനിയുടെ രാജാവും വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയുമായി.

അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കുള്ള അപകടങ്ങളെപ്പറ്റി അദ്ദേഹം ബോധവാ നായിരുന്നു. പ്രാര്‍ത്ഥനയും ധ്യാനവും എളിയ വ്യാപാരവും വഴി അധികാരത്തിന്റെ ഉന്മത്തതയെ നിയന്ത്രിച്ചുപോന്നു. ദൈവത്തിന്റെ മഹത്വവും തിരുസ്സഭയുടെ പുകഴ്ചയും ജനങ്ങളുടെ വിശുദ്ധിയും സമാധാനവും അദ്ദേഹം സദാ ലക്ഷ്യംവച്ചു.

വിവേകപൂര്‍വ്വകമായ ധീരതയും കാരുണ്യവും വഴി രക്തം ചിന്താതെ പല കലഹങ്ങളും അവസാനിപ്പിച്ചുപോന്നു ജനങ്ങളുടെ രക്ഷ ആവശ്യപ്പെട്ടിരുന്നപ്പോള്‍ മാത്രം ചക്രവര്‍ത്തി യുദ്ധം ചെയ്തിരുന്നു.

എട്ടാം ബെനഡിക്ട് മാര്‍പ്പാപ്പാ 1014-ല്‍ ഹെന്റി ചക്രവര്‍ത്തി കിരീടം നല്കി. റോമായുടെ ഭരണാധികാരം പല ചക്രവര്‍ത്തിമാരും ചെയ്തിട്ടുള്ളതുപോലെ അദ്ദേഹവും മാര്‍പാപ്പായ്ക്ക് വിട്ടുകൊടുത്തു. യാത്രാമദ്ധ്യേ കണ്ടിരുന്ന ആശ്രമങ്ങള്‍ക്കെല്ലാം ചക്രവര്‍ത്തി ഓരോ കാഴ്ച നല്കിക്കൊണ്ടിരുന്നു. ചക്രവര്‍ത്തി ഒരു സ്ഥലത്തു പോയാല്‍ അവിടെ ദൈവമാതാവിന്റെ സ്തുതിക്കായി സ്ഥാപിച്ചിരുന്ന കപ്പേളകളിലൊക്കെ പ്രാര്‍ത്ഥിച്ചിരുന്നു. സെന്റ് മേരി മേജര്‍ ദൈവാലയത്തില്‍ വച്ച് ഈശോ ദിവ്യബലി സമര്‍പ്പിക്കുന്ന ഒരു കാഴ്ച ഉണ്ടായിട്ടുണ്ടത്രേ.

വിശുദ്ധ ലോറന്‍സ് ആറാം പട്ടക്കാരനും വിശുദ്ധ വിന്‍സെന്റ് അഞ്ചാം പട്ടക്കാരനുമായിരുന്നു. സുവിശേഷ വായനയ്ക്കുശേഷം സുവിശേഷഗ്രന്ഥം ചുംബിക്കാന്‍ ചക്രവര്‍ത്തിക്ക് നല്‍കുകയുണ്ടായിപോലും. അവിടെവച്ച് ഒരു മാലാഖാ തുടയില്‍ പതുക്കെ തൊട്ടുകൊണ്ട് പറഞ്ഞു: ‘നിന്റെ വിരക്തിക്കും നീതിക്കും സമ്മാനമായി ഇത് സ്വീകരിക്കുക.’ അതിനുശേഷം ചക്രവര്‍ത്തി മുടന്തനായി കാണപ്പെട്ടു. പിന്നീട് വിരക്തിക്കെതിരായ പരീക്ഷകള്‍ അദ്ദേഹത്തിനുണ്ടായിട്ടില്ല. 1024 ല്‍ തന്റെ 52-ാമത്തെ വയസ്സില്‍ ഹെന്റി തന്റെ ഭാര്യ കുനെഗുണ്ടയെ കന്യകയായിത്തന്നെ മാതാപിതാക്കന്മാര്‍ക്ക് ഏല്പിച്ചുകൊടുത്തു; സ്വന്തം ആത്മാവിനെ വിശുദ്ധമായി ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.

ജൂലൈ 12: വിശുദ്ധ ജോണ്‍ ഗ്വാല്‍ബെര്‍ട്ട്

ഇറ്റലിയില്‍ ഫ്‌ളോറെന്‍സില്‍ ധനികരും കുലീനരുമായ മാതാപിതാക്കന്മാരില്‍നിന്നു വിശുദ്ധ ജോണ്‍ ജനിച്ചു. ക്രിസ്തീയ തത്വങ്ങള്‍ യൗവ്വനത്തില്‍ തന്നെ അഭ്യസിച്ചുവെങ്കിലും ക്രമേണ ലോകമായകളില്‍ അദ്ദേഹം മുഴുകി. സുകൃതാഭ്യാസനത്തിനുള്ള ന്യായങ്ങള്‍ അദ്ദേഹത്തെ സ്പര്‍ശിക്കാതായി, അങ്ങനെ ഇരിക്കുമ്പോഴാണു തന്റെ ഏക സഹോദരന്‍ ഹ്യൂഗോയെ ഒരു നാട്ടുകാരന്‍ വധിച്ചത്. ഈ വധത്തിനു പ്രതികാരം ചെയ്തി ല്ലെങ്കില്‍ തന്റെ അപമാനം തീരുകയില്ലെന്ന് ജോണ്‍ വിചാരിച്ചു.

അക്കൊല്ലം ദുഃഖവെള്ളിയാഴ്ച ഫ്‌ളോറെന്‍സില്‍ സ്വഭവനത്തിലേക്കു പോകുമ്പോള്‍ ഒരു ഇടുങ്ങിയ വഴിയില്‍വച്ചു സഹോദരന്റെ ഘാതകനെ കണ്ടുമുട്ടി. ഉടനെ വാളൂരി അവന്റെ കഥകഴിക്കണമെന്ന് ജോണ്‍ വിചാരിച്ചു. ഘാതകന്‍ തല്‍ക്ഷണം കുതിരപ്പുറത്തുനിന്നു താഴെ ഇറങ്ങി ജോണിന്റെ പാദത്തിങ്കല്‍ വീണുകൊണ്ട് അന്ന് ആരുടെ പീഡകളുടെ ഓര്‍മ്മ അനുസ്മരിക്കുന്നുവോ അവിടുത്തെയോര്‍ത്ത് തന്നോടു ക്ഷമിക്കണമെന്ന് അഭ്യര്‍തഥിച്ചു. സ്വഘാതകരോടു ക്ഷമിച്ച ക്രിസ്തുനാഥന്റെ ഓര്‍മ്മ യുവാവിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അയാള്‍ പറഞ്ഞു: ‘യേശുക്രിസ്തുവിന്റ നാമത്തില്‍ ചോദിക്കുന്ന യാതൊന്നും ഞാന്‍ തിരസ്‌കരിക്കയില്ല. നിന്റെ ജീവിതം മാത്രമല്ല എന്റെ മൈത്രിയും കൂടെ നിനക്കു ഞാന്‍ തരുന്നു. ദൈവം എന്റെ പാപം ക്ഷമിക്കാന്‍ നീ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.’ പരസ്പരം ആശ്ളേഷിച്ച് അവര്‍ യാത്രപറഞ്ഞു.

ആ സംഭവത്തിനു ശേഷം അദ്ദേഹം പോയതു വിശുദ്ധ ബെന്നറ്റിന്റെ സന്യാസ സഭവക ആശ്രമദൈവാലയത്തിലേക്കാണ്. അവിടെ ജോണ്‍ കുരിശുരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ക്രിസ്തു സ്‌നേഹസൂചകമായി ശിരസ്സു നമിച്ചു. അനുതാപപൂര്‍ണ്ണനായ ജോണ്‍ ആശ്രമത്തില്‍ ചേരാന്‍ അനുവാദം ചോദിച്ചു. ജോണിന്റെ കോപശീലത്തെ ഭയന്ന് ആബട്ട് അല്പം മടിച്ചെങ്കിലും അവസാനം ജോണിനു സഭാവസ്ത്രം നല്കി. കോപിഷ്ഠനായി പിതാവ് ഓടിയെത്തിയെങ്കിലും ചരിത്രംമുഴുവന്‍ കേട്ടപ്പോള്‍ ക്ഷമിച്ചു. പ്രാര്‍ത്ഥനയും നിരന്തര ധ്യാനവും വഴി ജോണ്‍ തന്നിലുണ്ടായ മാനസാന്തരം നിലനിറുത്തി. ക്രമേണ ശാന്തതയിലും എളിമയിലും ഏകാന്തതയിലും ക്ഷമയിലും അത്യധികം പുരോഗമിച്ചു. ആബെട്ടു മരിച്ചപ്പോള്‍ ആ സ്ഥാനത്തേക്കു ജോണിനെ തിരഞ്ഞെടുക്കാന്‍ അംഗങ്ങള്‍ അത്യധികം ആഗ്രഹിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അവിടെനിന്നു കൂടുതല്‍ ഏകാന്തത യ്ക്കായി ടസ്‌കനിയില്‍ ഒരാശ്രമം സ്ഥാപിച്ചു. അതാണു വലബ്രോസന്‍ സഭ (Order of Vallis Umbrosa). 1070-ല്‍ പുതിയസഭ ചാരവസ്ത്രത്തോടെ പ്രത്യക്ഷപ്പെട്ടു. ആജീവനാന്ത മൗനവും കഠിനമായ ആവൃതിയും പുതിയ സഭയുടെ പ്രത്യേകതകളാണ്.

എളിമയും ശാന്തതയും ഉയര്‍ന്ന തോതില്‍ ഫാ. ജോണ്‍ അഭ്യസിച്ചിരുന്നുവെങ്കിലും കുറ്റക്കാരെ ശാസിക്കാന്‍ മറന്നിട്ടില്ല. പുതിയ സഭ സ്ഥാപിച്ചിട്ടു മൂന്നു കൊല്ലമേ സ്ഥാപകന്‍
ജീവിച്ചിരുന്നുള്ളുവെങ്കിലും അതിനിടയ്ക്കു 12 ആശ്രമങ്ങളുണ്ടായി. ആദ്ധ്യാത്മികാധികാര വില്പന മുതലായ വൈദികരുടെ തെറ്റുകള്‍ കുറേയൊക്കെ അദ്ദേഹത്തിനു തിരുത്താന്‍ കഴിഞ്ഞു. 74-ാമത്തെ വയസ്സില്‍ 1073 ജൂലൈ 12-ാം തീയതി ജോണ്‍ ഗ്വാല്‍ബര്‍ട്ടു തന്റെ സ്വര്‍ഗ്ഗീയ സമ്മാനത്തിനായി ഈ ലോകത്തോടു വിടവാങ്ങി. 12-ാം ശതാബ്ദത്തിന്റെ അവസാനമായപ്പോഴേക്കു പുതിയ സന്യാസസഭയുടെ 60 മന്ദിരങ്ങളുണ്ടായി. നിയമങ്ങള്‍ സ്വല്പം ലാഘവപ്പെടുത്തി.

ജൂലൈ 11: വിശുദ്ധ ബെനഡിക്ട്

വാച്യാര്‍ത്ഥത്തിലും യഥാര്‍ത്ഥത്തിലും അനുഗൃഹീതനായ ബെനഡിക്ട് ഇറ്റലിയില്‍ നേഴ്സിയാ എന്ന പ്രദേശത്തു 480-ല്‍ ജനിച്ചു. റോമില്‍ പഠനം ആരംഭിച്ചു. എന്നാല്‍ റോമന്‍ യുവാക്കളുടെ സുഖലോലുപതയോടു പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാതെ വന്നതിനാല്‍ അദ്ദേഹം സുബിയാക്കോ പര്‍വ്വതനിരകളില്‍ ഒരു ഗുഹയില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചു. റോമാനൂസ് എന്ന ഒരു സന്യാസിക്കുമാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. അദ്ദേഹമാണു ബെനഡിക്ടിനു ഭക്ഷണവും വസ്ത്രവും നല്കിക്കൊണ്ടിരുന്നത്.

കാലാന്തരത്തില്‍ അദ്ദേഹത്തിന്റെ വിശുദ്ധിയെപ്പററി കേട്ടറിഞ്ഞ് പലരും വന്ന് അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. അങ്ങനെ പാശ്ചാത്യസന്യാസ മുറയ്ക്ക് ആരംഭമിട്ടു. അദ്ദേഹത്തിന്റെ നിയമങ്ങളുടെ കാര്‍ക്കശ്യം ചില ശിഷ്യന്മാര്‍ക്ക് അസഹനീയമായിത്തോന്നുകയും അവര്‍ ബെനഡിക്ടിനുള്ള ഭക്ഷണം വച്ചിരുന്ന കോപ്പയില്‍ വിഷം വയ്ക്കുകയും ചെയ്തു. ബെനഡിക്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആശീര്‍വ്വദിച്ചപ്പോള്‍ കോപ്പ തകര്‍ന്നുവീണു.

ബെനഡിക്ട് യുവാക്കളുടെ ക്രിസ്തീയ വിദ്യാഭ്യാസത്തിനുവേണ്ടി സ്‌ക്കൂളുകള്‍ തുടങ്ങി. അവയുടെ വിജയം കണ്ടിട്ടു അസൂയാലുക്കള്‍ വര്‍ദ്ധിച്ചു. 28 വര്‍ഷം സുബിയാക്കോയില്‍ താമസിച്ചതിനിടയ്ക്കു പന്ത്രണ്ട് അംഗങ്ങളുള്ള പന്ത്രണ്ട് ആശ്രമങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. ഓരോ ആശ്രമത്തിലും ഓരോ സുപ്പീരിയറുണ്ടായിരുന്നു. അക്കാലത്ത് പ്‌ളാസിഡൂസ് എന്ന ശിഷ്യന്റെ പിതാവു മോന്തെകസിനോ ബെനഡിക്ടിനു ദാനം ചെയ്തു. അദ്ദേഹം 529-ല്‍ അവിടെ ഒരാശ്രമം പണിത് അങ്ങോട്ടു താമസം മാറ്റി. മൂന്നു കൊല്ലം മുമ്പ് അദ്ദേഹം എഴുതിയുണ്ടാക്കിയ നിയമം എല്ലാ ആശ്രമങ്ങള്‍ക്കും ബാധകമാക്കി . ദാരിദ്ര്യം, കന്യാവ്രതം, അനുസരണം എന്ന മൂന്നു വ്രതങ്ങളും കൂട്ടജീവിതവും സന്യാസജീവി തത്തിന്റെ ഘടകങ്ങളാക്കി.

പ്രാര്‍ത്ഥനയും കൃഷിയും പഴയ കയ്യെഴുത്തു പ്രതികള്‍ പകര്‍ത്തലും സന്യാസികളുടെ കാര്യപരിപാടിയിലുള്‍പ്പെടുത്തി. ആശ്രമങ്ങള്‍ക്ക് ഐക്യം ഉളവാക്കിയതു മോന്തെകസിനോയിലെ മഹാ ആശ്രമമാണ്. വ്യക്തികള്‍ ഏകാന്തത്തില്‍ ജീവിക്കുന്ന സന്യാസമുറയ്ക്കു പകരം കൂട്ടജീവിതവും സുവിശേഷ പുണ്യങ്ങളുടെ അനുഷ്ഠാനവും പ്രചാരത്തിലായി. പ്രാര്‍ത്ഥന, പഠനം, കൈത്തൊഴില്‍ എന്നിവ സന്യാസികളുടെ ജീവിതത്തില്‍ സ്ഥാനം പിടിച്ചു; അഥവാ സന്യാസജീവിതരീതി മോന്തെകസിനോയില്‍ വിശുദ്ധ ബെനഡിക്ടിന്റെ നിയമസംഹിതയില്‍നിന്ന് ഉടലെടുത്തു.

മരിക്കുന്നതിനു ആറു ദിവസം മുമ്പ് തനിക്കുള്ള ശവകുടീരം തുറക്കാന്‍ ബെനഡിക്ട് ആജ്ഞാപിച്ചു. താമസിയാതെ പനി തുടങ്ങി. ആറാം ദിവസം 543 മാര്‍ച്ചു 21-ാം തീയതി അദ്ദേഹം തന്നെ ദൈവാലയത്തിലേക്കു സംവഹിക്കുവാന്‍ ആവശ്യപ്പെട്ടു. ഒരു ശിഷ്യന്റെ മേല്‍ ചാരിക്കൊണ്ടു വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും താമസിയാതെ മരിക്കുകയും ചെയ്തു. ജീവിതത്തില്‍ത്തന്നെ വിശുദ്ധ ബെനഡിക്ട് മരിച്ച ഒരു യുവാവിനെ ഉയിര്‍പ്പിച്ചതായി ജീവചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബെനഡിക്ടന്‍സഭയില്‍ നിന്ന് 24 മാര്‍പ്പാപ്പാമാരും 4600 മെത്രാന്മാരും 5000 വിശുദ്ധന്മാരും വിരിഞ്ഞു വന്നു എന്നത് ചരിത്രം.

Exit mobile version