പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പ റോമിലെ റബിബ്ബിയ ജയിലില്‍ ദിവ്യബലിയര്‍പ്പിക്കും

സ്ത്രീകളുടെ ജയിലായ റോമിലെ റബിബ്ബിയില്‍ പെസഹാ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അന്തേവാസികളുമായും ഉദ്യോഗസ്ഥരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. പെസഹാ വ്യാഴാഴ്ചയിലെ ദിവ്യബലിയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് ആരംഭമാകും.

2015-ലെ പെസഹാ വ്യാഴാഴ്ചയും ഫ്രാന്‍സിസ് പാപ്പ ഇവിടെ ദിവ്യബലിയര്‍പ്പിച്ചിരുന്നു. 2023-ലെ പെസഹാ വ്യാഴാഴ്ച റോമിന്റെ പ്രാന്തപ്രദേശത്തുള്ള കാസല്‍ ദെല്‍ മര്‍മോ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലെ യുവതീയുവാക്കളുടെ പാദങ്ങളാണ് കഴുകിയത്.

ബെനഡിക്ട് പതിനാറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പമാര്‍ക്കു ശേഷം റബിബ്ബിയ ജയില്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ.

ആഗോള ബാലദിനത്തിന് റോമില്‍ ഒരുക്കങ്ങള്‍ തുടങ്ങി

ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ആഗോള ബാലദിനം മേയ് 25, 26 തീയതികളില്‍ റോമില്‍ നടക്കും. ആദ്യമായാണ് കത്തോലിക്കാ സഭയില്‍ ആഗോള ബാലദിനം ആചരിക്കുന്നത്. ആഗോള യുവജന ദിനം പോലെ കുട്ടികള്‍ക്കും ഒരു ദിനം വേണമെന്ന് ഒന്‍പതു വയസുകാരനായ അലക്‌സാന്ദ്രോ എന്ന ബാലന്റെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബാലദിനം പ്രഖ്യാപിച്ചത്. ‘ഞാന്‍ എല്ലാം പുതുക്കുന്നു’ എന്ന വെളിപാട് വാക്യമാണ് ആദ്യത്തെ ബാലദിനത്തിന്റെ പ്രമേയം.

പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളെ പ്രകാശംകൊണ്ടും ഊഷ്മളതകൊണ്ടും നിറയ്ക്കുമെന്നും എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെയും മനസമാധാനത്തോടെയും ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കുമെന്നും ആഗോള ബാലദിനത്തിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച സന്ദേശത്തില്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുടുംബാംഗങ്ങളോടൊപ്പം സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഫ്രാന്‍സിസ് പാപ്പ കുട്ടികളോട് ആവശ്യപ്പെട്ടു.

”കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ വാക്കുകള്‍ വെറുതെ ഉരുവിട്ടാല്‍ പോര. അതിന്റെ അര്‍ത്ഥം മനസിലാക്കി വേണം ചൊല്ലാന്‍. കൂടുതല്‍ മാനവികവും നീതിനിഷ്ഠവും സമാധാനപൂര്‍ണവുമായ ഒരു നവലോകത്തിന്റെ നിര്‍മിതിക്കായി ആ പ്രാര്‍ത്ഥനയിലൂടെ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. കരുണയുടെ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക തലത്തിലാണ് വലിയ സേവനങ്ങള്‍ ആരംഭിക്കേണ്ടത്. നാമെല്ലാവരും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ നമ്മുടെ ലോകം മാറും.” – ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

മേയ് 25ന് റോമിലെ ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ ആഗോള ബാലദിന സമ്മേളനം ആരംഭിക്കും. 26ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലാണ് ചടങ്ങുകള്‍. രണ്ടു ദിവസങ്ങളിലും ഫ്രാന്‍സിസ് പാപ്പ കുട്ടികളുമായി സംവദിക്കും.

യുദ്ധങ്ങള്‍ അവസാനിപ്പാക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

ഉക്രൈനിലേയും പാലസ്തീനിലെയും യുദ്ധ ദുരിതം പേറുന്നവരെ യൗസേപ്പിതാവന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പിതാന്റെ തിരുനാള്‍ ആഘോഷിച്ച ശേഷമായിരുന്നു യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന.

യുദ്ധം എപ്പോഴും പരാജയമാണെന്നും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രായേല്‍ പാലസ്തീനെതിരെ യുദ്ധം ആരംഭിച്ചത്. രണ്ടു യുദ്ധങ്ങളിലുമായി പിഞ്ചു കുട്ടികളടക്കം നിരവധി പേര്‍ മരിക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു.

ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ‘ജീവിതം എന്റെ കഥ ചരിത്രത്തിലൂടെ’ 2024 മാര്‍ച്ചില്‍ പുറത്തിറങ്ങും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥാപരമായ പുസ്തകം ‘ജീവിതം, എന്റെ കഥ ചരിത്രത്തിലൂടെ’ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഹാര്‍പര്‍കോളിന്‍സാണു പ്രസാധകര്‍. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും 2024 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി പുസ്തകം പുറത്തിറങ്ങും. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കിടെ മനുഷ്യവംശം കടന്നുപോയ സുപ്രധാന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ജീവിതകഥ പറയുന്നതായിരിക്കും പുസ്തകമെന്നു പ്രസാധകര്‍ മുഖേന പുറത്തുവിട്ട പ്രസ്താവനയില്‍ മാര്‍പാപ്പ പറഞ്ഞു.

പൊതുഭവനമായ ഭൂമി അഭിമുഖീകരിച്ച കാര്യങ്ങളെക്കുറിച്ച് ഒരു വയോധികനില്‍ നിന്നും കേള്‍ക്കാനും കഴിഞ്ഞകാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും യുവജനങ്ങള്‍ക്ക് ഇടയാക്കുന്ന രീതിയിലാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ പത്രപ്രവര്‍ത്തകനായ ഫാബിയോ മര്‍ച്ചീസ് രഗോനയുമായി ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധം, നാസികളുടെ ജൂതവംശഹത്യ, ഹിരോഷിമായിലെയും നാഗസാക്കിയിലെയും ആണവസ്ഫോടനങ്ങള്‍, ഇരട്ടഗോപുരങ്ങളുടെ തകര്‍ച്ച, 2008 ലെ സാമ്പത്തിക മാന്ദ്യം, ബെനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗം, കോവിഡ് 19 പകര്‍ച്ചവ്യാധി തുടങ്ങിയ സംഭവങ്ങള്‍ മാര്‍പാപ്പയുടെ ആത്മകഥയുടെ ഭാഗമാകും. ഭ്രൂണഹത്യ, വംശീയത, കാലാവസ്ഥാവ്യത്യാനം, ആണവായുദ്ധങ്ങള്‍, യുദ്ധം, സാമൂഹികാസമത്വങ്ങള്‍ തുടങ്ങിയ സമകാലിക വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടും.

ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സീയുടെ രണ്ടാം ഭാഗം ലൗദാത്തേ ദേവുമിന്റെ പ്രകാശനം ഇന്ന്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ലൗദാത്തോ സീ’ (അങ്ങേക്ക് സ്തുതി) യെന്ന ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം ‘ലൗ ദാത്തെ ദേവും’ (ദൈവത്തെസ്തുതിക്കുവിന്‍) വിശുദ്ധ ഫ്രാന്‍സിസ് അസ്സീയുടെ തിരുനാള്‍ ദിനമായ ഇന്ന് (ഒക്ടോബര്‍ 4, 2023) പ്രകാശനം ചെയ്യും.

ലോകത്തെ വിസ്മയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്ത ചിന്താധാരയും ബോധ്യങ്ങളുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ, 2015 മെയ് 24-നു പ്രസിദ്ധീകരിച്ച ‘ലൗദാത്തോ സീ’ (അങ്ങേയ്ക്കു സ്തുതി) യെന്ന ചാക്രികലേഖനം. സ്രഷ്ടാവും പ്രപഞ്ചവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്ന ഉള്‍ക്കാഴ്ചയുള്ള മഹത്തായ ദര്‍ശനമാണ് ഈ ചാക്രികലേഖനം നല്‍കിയത്. തന്റെ മുന്‍ഗാമികളുടെ പാരിസ്ഥിതിക വീക്ഷണത്തെ വികസിപ്പിക്കുക മാത്രമല്ല, അവയ്ക്ക് പുതിയൊരു മാനം കൂടി മാര്‍പാപ്പ ഇതില്‍ നല്‍കി. മാഹാമാരികളും കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇന്നിന്റെ ലോകത്ത്, പ്രവചനാത്മകമായ പ്രസക്തിയാണ് ‘അങ്ങേയ്ക്കു സ്തുതി’ക്കുള്ളത്.

നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയുടെ പ്രതിഫലനങ്ങളാണ് തുടരെത്തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി പ്രസ്താവിക്കുന്നു. ഉപഭോഗ ആസക്തിയുടെ ആനന്ദമൂര്‍ച്ഛയില്‍ ദൈവത്തെയും പ്രകൃതിയെയും പരിത്യജിച്ചുകൊണ്ടുള്ള ഈ പ്രയാണം സര്‍വ്വനാശത്തിലേയ്ക്കാണെന്ന് ചാക്രിക ലേഖനത്തില്‍ പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു. ഭൂമിയുടെ നിലവിളിയും പാവങ്ങളുടെ കരച്ചിലും വ്യത്യസ്തമല്ലെന്നും, ജനതകളും രാഷ്ട്രങ്ങളും സമൂഹങ്ങളും ഇതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്നും പാപ്പാ ‘ലൗദാത്തോ സീ’യിലൂടെ വരച്ചുകാട്ടുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ക്കിടയില്‍ മാനവരാശിയും ഉള്‍പ്പെടുമെന്ന തിരിച്ചറിവും ഈ ചാക്രികലേഖനം നല്‍കി.

‘ലൗദാത്തേ ദേവും’ മാര്‍പാപ്പയുടെ ‘ലൗദാ ത്തോ സീ’ക്ക് പൂരകമാകുന്ന അപ്പോസ്തലിക പ്രബോധനമാണ്. ഭൂമിയെ നമ്മുടെ പൊതുഭവനമായി സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചിന്താ പ്രവാഹത്തിന്റെ തുടര്‍ച്ചയാണ് പുതിയ അപ്പസ്‌തോലിക പ്രബോധനം.

പേപ്പല്‍ ഡെലഗേറ്റിന് സ്വീകരണം നല്‍കി

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ എസ്‌ജെ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സീറോമലബാര്‍സഭയുടെ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി ജനറല്‍മാരായ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. ആന്റണി പെരുമായന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാനന്‍നിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിലും പൊന്തിഫിക്കല്‍ ഡെലഗേറ്റിനോടൊപ്പമുണ്ട്. ഇരുവരും സിഎംഐ സമര്‍പ്പിതസമൂഹത്തിന്റെ ജനറലേറ്റായ ചാവറ ഹില്‍സില്‍ താമസിച്ച് ശുശ്രൂഷ നിര്‍വഹിക്കും.

വിശുദ്ധനാടിനും ഉക്രൈനും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

വിശുദ്ധനാട്ടില്‍ തുടരുന്ന സംഘര്‍ഷങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലിനും പാലസ്തീനുമിടയില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമായി പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

”വിശുദ്ധനാട്ടില്‍ വീണ്ടും രക്തച്ചൊരിച്ചിലുണ്ടായതായി സങ്കടത്തോടെ മനസിലാക്കുന്നു. ഹിംസയുടെ തുടര്‍ക്കഥകള്‍ അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകള്‍ തുറക്കാന്‍ ഇരു രാജ്യങ്ങളിലെയും നേതാക്കന്മാരുടെ നേരിട്ടുള്ള ചര്‍ച്ചയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” പാപ്പ പറഞ്ഞു.

യുദ്ധം നാശം വിതച്ചുകൊണ്ടിരിക്കുന്ന ഉക്രൈനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ ഉക്രൈനിലെ ലിയോപോളിയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പാപ്പ പ്രത്യേക ആശംസകള്‍ അര്‍പ്പിച്ചു.

ആശുപത്രി വാസത്തിന് വിരാമം, ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങി

ഒരാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിച്ചുകൊണ്ട് വത്തിക്കാനിലേക്ക് മടങ്ങി. ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി ജൂണ്‍ ഏഴിനാണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പാപ്പയെ പ്രവേശിപ്പിച്ചത്.
ഡിസ്ചാര്‍ജിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് തമാശകള്‍ പറഞ്ഞും തന്നെ കാണാനായി തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്തുമാണ് പാപ്പ മടങ്ങിയത്. ഇപ്പോള്‍ എന്തു തോന്നുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ”ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു” എന്ന മറുപടിയാണ് തമാശ രൂപേണ പാപ്പ പറഞ്ഞത്.
പാപ്പയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിനിമയ കാര്യാലയ ഡയറക്ടര്‍ മത്തേയോ ബ്രൂണി അറിയിച്ചു. ”ശസ്ത്രക്രിയയില്‍ സങ്കീര്‍ണതകളൊന്നുമുണ്ടായിരുന്നില്ല. ആരോഗ്യത്തില്‍ കാര്യമായ പുരോഗതി കാണിക്കുന്നുണ്ട്. പാപ്പയ്ക്ക് ഉടന്‍ തന്നെ അനുദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം.” അദ്ദേഹം പറഞ്ഞു.
വത്തിക്കാനിലേക്കുള്ള യാത്രാ മധ്യേ റോമിലെ മരിയന്‍ ബസിലിക്കയായ മരിയ മേജറിലെ സാലൂസ് പോപ്പുളി റൊമാനിയുടെ രൂപത്തിനു മുന്നില്‍ പാപ്പ പ്രാര്‍ത്ഥനാ നിരതനായി. റോമന്‍ ജനതയുടെ സംരക്ഷക എന്നറിയപ്പെടുന്ന മാതാവിന്റെ രൂപമാണ് സാലൂസ് പോപ്പുളി റൊമാനി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശ്വാസനാള രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും രണ്ടു വര്‍ഷം മുമ്പ് വന്‍കുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും ഫ്രാന്‍സിസ് പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.
വരും ദിവസങ്ങളില്‍ പാപ്പാ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയും മറ്റ് കൂടികാഴ്ചകളുമുണ്ടായിരിക്കുമെങ്കിലും മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച ജൂണ്‍ 21 വരെ റദ്ദാക്കിയിട്ടുണ്ട്. ലോക യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 2 മുതല്‍ 6 വരെ പോര്‍ച്ചുഗലിലേക്കും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ മംഗോളിയയിലേക്കും ഫ്രാന്‍സിസ് പാപ്പാ അപ്പോസ്‌തോലിക യാത്രകള്‍ നടത്താനിരിക്കുകയാണ്.
ഗ്രീസില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ഗ്രീസിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷോയ്ക്ക് പാപ്പ ഇതു സംബന്ധിച്ച അനുശോചന സന്ദേശം അയച്ചു. ദുരന്തത്തില്‍ മരണമടഞ്ഞ കുടിയേറ്റക്കാര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും ഈ ദുരന്തത്തില്‍ ആഘാതമേറ്റ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പാപ്പ കുറിച്ചു.

പാപ്പയുടെ ചിത്രം വരച്ചും ആശംസകള്‍ നേര്‍ന്നും കാന്‍സര്‍ വാര്‍ഡിലെ കുട്ടികള്‍

ആശംസാ കാര്‍ഡുകള്‍ കൈമാറിയും പാപ്പയുടെ ചിത്രങ്ങള്‍ വരച്ചും മാര്‍പാപ്പയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ കുരുന്നുകള്‍.

റോമിലെ ജെമേല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന സ്യൂട്ടിന് സമീപമാണ് പീഡിയാട്രിക് ഓങ്കോളജി വാര്‍ഡ്. കാന്‍സര്‍ ബാധിച്ച കുട്ടികളെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഉദര ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന പാപ്പയ്ക്കായി പ്രാര്‍ത്ഥിച്ചും ആശംസാ കാര്‍ഡുകള്‍ കൈമാറിയും പാപ്പയുടെ ചിത്രങ്ങള്‍ വരച്ചും മാര്‍പാപ്പയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ കുരുന്നുകള്‍.

കുട്ടികള്‍ നല്‍കിയ ആശംസാ കാര്‍ഡിലെ വരികള്‍: പ്രിയപ്പെട്ട പാപ്പാ, അസുഖത്തെത്തുടര്‍ന്ന് അങ്ങ് ഈ ആശുപത്രിയില്‍ അഡ്മിറ്റായതായി ഞങ്ങള്‍ കേട്ടു. അങ്ങ് എത്രയും വേഗം സുഖം പ്രാപിച്ച് അനുദിന ജീവിതത്തിലേക്ക് തിരികെയെത്തട്ടെയെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിരവധി തവണ ഞങ്ങളെ സന്ദര്‍ശിച്ചതിനും ഞങ്ങള്‍ക്കായി ചെയ്ത കാര്യങ്ങള്‍ക്കുമെല്ലാം നന്ദി പറയുന്നു. പാപ്പയെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ കൈവിരിച്ച് കാത്തിരിക്കുന്നു.

ചിത്രങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും കുട്ടികളേകിയ വാത്സല്യത്തിനും സ്‌നേഹത്തിനും പാപ്പാ നന്ദി പറഞ്ഞു. ഇതിന് മുമ്പ് രണ്ടു തവണ ജെമേല്ലി ആശുപത്രിയില്‍ അഡ്മിറ്റായപ്പോള്‍ പീഡിയാട്രിക് ഓങ്കോളജിലെ വാര്‍ഡിലെ കുട്ടികളെ പാപ്പ സന്ദര്‍ശിച്ചിരുന്നു.

അതേ സമയം ജെമേല്ലി ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റിയും പാപ്പയ്ക്ക് ഊഷ്മള പിന്തുണയാണ് നല്‍കിയത്. സ്യൂട്ടിന്റെ ജനവാതിലില്‍ പാപ്പ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പ്രാര്‍ത്ഥനകളും ആശംസാ വചനങ്ങളുമായി അവര്‍ അണിനിരന്നു. ഒരു കൂട്ടം ദന്തല്‍ വിദ്യാര്‍ത്ഥികള്‍ പാപ്പ വേഗം തിരിച്ചു വരട്ടെ, ദീര്‍ഘായുസോടെയിരിക്കട്ടെ എന്ന് ജനവാതില്‍ക്കല്‍ നില്‍ക്കുന്ന പാപ്പയെ നോക്കി ഉച്ചത്തില്‍ വിളിച്ചു പറയുകയും ചെയ്തു.

ഫ്രാന്‍സീസ് പാപ്പായുടെ ശസ്ത്രക്രിയാനന്തര ശാരീരികാവസ്ഥ സാധാരണഗതിയില്‍ തുടരുന്നുവെന്ന് പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്റെ, പ്രസ്സ് ഓഫീസ് മേധാവി മത്തേയൊ ബ്രൂണി വെളിപ്പെടുത്തി. പാപ്പായ്ക്ക് പനിയില്ലെന്നും രക്തചംക്രമണാവസ്ഥ സാധാരണഗതിയിലാണെന്നും ദ്രവരൂപത്തിലുള്ള ഭക്ഷണക്രമം തുടരുന്നുവെന്നും വൈദ്യസംഘത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Exit mobile version