Diocese News

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ


താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ രൂപതാ പ്രസിഡന്റ് ബാബു ചെട്ടിപ്പറമ്പിലിനു നല്‍കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരി മാതാ കത്തിഡ്രലില്‍ നടന്ന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വ്യത്യസ്തമായ പദ്ധതികളാണ് മിഷന്‍ ലീഗ് ഈ വര്‍ഷം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ശാഖയിലേയും പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് രൂപതയുടെ കൗണ്‍സലിങ് സെന്ററായ വേനപ്പാറയിലെ ക്യാമ്പിന്റെ സേവനം ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. ഹെസദ് 2K23 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ്ങും പരിശീലനവും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും.

പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ള മിഷന്‍ലീഗ് അംഗങ്ങള്‍ക്ക് മിഷന്‍ലീഗ് രൂപതാ പ്രെയര്‍ സെല്ലിന്റെ സേവനം ലഭ്യമാക്കും. 9400910328, 9447663859 എന്നീ നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് മെസേജായോ പ്രാര്‍ത്ഥനാ സഹായം തേടാവുന്നതാണ്.

ഓരോ മേഖലയും ഓരോ അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്ന ബേത്സഥാ 2K23 എന്ന പദ്ധതിയും പുതിയ കര്‍മ്മപദ്ധതിയിലുണ്ട്.
ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, ഇടവകതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഇടവകയിലെ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് അവരോടൊപ്പം ആഘോഷിക്കുന്നതിനും നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയും രൂപീകരിച്ചിട്ടുണ്ടെന്ന് മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *