കൂട് മാറാം, കൂറ് മാറരുത്
വിദേശം നല്‍കുന്ന സാധ്യതകള്‍ മലയാളിക്ക് എന്നും ഒരു ആകര്‍ഷണമായിരുന്നു. ഇന്നത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നമ്മുടെ നാടിനെ വളര്‍ത്തിയതില്‍ വിദേശത്തു ജോലി ചെയ്ത് നേടിയ സമ്പാദ്യത്തിന് വലിയൊരു പങ്കുണ്ട്. അറേബ്യന്‍ രാജ്യങ്ങളായിരുന്നു ഒരു കാലത്ത് മലയാളിയുടെ ഇഷ്ട ഇടം എങ്കില്‍ ഇന്നത് യൂറോപ്യന്‍ രാജ്യങ്ങളായി മാറിക്കഴിഞ്ഞു. മികച്ച തൊഴില്‍ സംസ്‌കാരവും ഏതു ജോലിക്കും ലഭിക്കുന്ന അംഗീകാരവും ഉയര്‍ന്ന വേതനവും മികച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങളുമൊക്കെ കൂടുതലായി നമ്മുടെ ആളുകളെ അവിടേക്ക് ആകര്‍ഷിക്കുകയാണ്. കൂടാതെ വിദേശ സര്‍വകലാശാലകള്‍ നല്‍കുന്ന പഠന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നല്ല ഒരു വിഭാഗം പഠനത്തിനായും കടല്‍ കടക്കുകയാണ്.
വിദേശ കുടിയേറ്റം നാടിന് നല്‍കുന്ന നന്മകള്‍ ഏറെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ അവശേഷിപ്പിക്കുന്ന ചില മുറിപ്പാടുകള്‍ കാണാതിരിക്കാനാവില്ല. ഗള്‍ഫിലേക്കുള്ള കുടിയേറ്റം നാടിന് ഒരു ഉണര്‍വായിരുന്നു. സമ്പാദിക്കുന്ന പണം തിരികെ വരുന്ന കാലത്തിലേക്കായി വീടായും സ്ഥലമായും ബിസിനസ്സായുമൊക്കെ രൂപാന്തരപ്പെട്ടപ്പോള്‍ അത് നാടിന്റെ സമ്പദ്‌വ്യവസ്ഥക്ക് താങ്ങായി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അവിടെത്തന്നെ സ്ഥലവും വീടും ഒപ്പം അവിടുത്തെ സ്ഥിരതാമസക്കാര്‍ എന്ന ലേബലും സ്വന്തമാക്കുന്നതോടെ നാടിന് അവരെയും അവരുടെ സാമ്പത്തിക പിന്തുണയും നഷ്ടമാവുകയാണ്. ജനിച്ച നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹിച്ചാലും സുസ്ഥിരമായ ചുറ്റുപാടുകള്‍ ഉറപ്പു നല്‍കാത്ത സംവിധാനങ്ങള്‍ക്ക് നാം ആരെ പഴി പറയണം.
മക്കളൊക്കെ നല്ല നിലയിലായി എന്ന് അഭിമാനിക്കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ? എന്നാല്‍ മക്കള്‍ നല്ല നിലയില്‍ എത്തിക്കഴിഞ്ഞാല്‍ നാട്ടില്‍ തനിച്ചാവുന്ന മാതാപിതാക്കള്‍ ഇന്നത്തെ നൊമ്പരകാഴ്ചയാണ്. കൊച്ചുമക്കളെ താലോലിക്കാന്‍ കൊതിയോടെ അവരുടെ വരവിനായി കാത്തിരിക്കുന്ന വൃദ്ധമനസ്സുകളെ കാണാതെ പോകരുത്. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അവധിക്കാലം അവിടെത്തന്നെ ആഘോഷിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമൊക്കെ അതൊരു വേദനയാണ്; ബന്ധങ്ങള്‍ മുറിയാതിരിക്കട്ടെ. നിങ്ങള്‍ അവിടെ ജീവിച്ചോളൂ, പക്ഷേ ജന്മനാട് നിങ്ങള്‍ക്ക് അന്യമാകരുത്. നമ്മുടെ മക്കള്‍ അവിടെ വളര്‍ന്നോട്ടെ, പക്ഷേ നമ്മുടെ നാടിന്റെ നന്മയുള്ള സംസ്‌ക്കാരം കൂടെ അവര്‍ക്ക് നല്‍കണം. ഈ നാടിനോട് കൂറുള്ള ഒരു ജനത ലോകത്തിന്റെ നാനാദിക്കിലും ഉെന്നത് ഈ നാടിന് ആത്മവിശ്വാസം പകരട്ടെ.