‘കാലഘട്ടത്തെ സൃഷ്ടിച്ച വ്യക്തി:’ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി അനുസ്മരണം
താമരശ്ശേരി: രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 29ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ കത്തീഡ്രലില്‍ നടന്നു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി ഫൊറോന വികാരി ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. ജോണ്‍സണ്‍ പാഴൂക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ഫാ. ജോണ്‍സണ്‍ പാഴൂക്കുന്നേല്‍ മാര്‍ മങ്കുഴിക്കരി അനുസ്മരണ സന്ദേശം നല്‍കി. കത്തി ജ്വലിച്ചിരുന്ന വിളക്കായിരുന്നു മാര്‍ മങ്കുഴിക്കരിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ക്രാന്തദര്‍ശിയായ പുരോഹിത ശ്രേഷ്ഠനായിരുന്നു മാര്‍ മങ്കുഴിക്കരി. പാവങ്ങളെ ചേര്‍ത്തുപിടിച്ചു. ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. സ്വാര്‍ത്ഥതയില്ലാതെ കൊടുത്തു തീര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിവിധ മതസ്ഥരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. മാര്‍ മങ്കുഴിക്കരിയുടെ മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയ നാനാജാതി മതസ്ഥര്‍ അതിന് ഉദാഹരണമാണ്. ഏതു കാര്യത്തെക്കുറിച്ചും കൃത്യമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സഞ്ചരിക്കുന്ന വിജ്ഞാനകോശമെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. കാലഘട്ടത്തെ സൃഷ്ടിച്ച വ്യക്തിയാണ് മാര്‍ മങ്കുഴിക്കരി – അനുസ്മരണ സന്ദേശത്തില്‍ ഫാ. ജോണ്‍സണ്‍ പാഴൂക്കുന്നേല്‍ പറഞ്ഞു.
ശ്രാദ്ധ ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു പുളിമൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതാ വൈദികരും സന്യസ്തരും അല്‍മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു.