മണിപ്പൂര്‍: ലെറ്റര്‍ ക്യാമ്പയ്‌ന് തുടക്കമിട്ട് കെസിവൈഎം
താമരശ്ശേരി: മണിപ്പൂരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎം സംസ്ഥാന സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തുകളയയ്ക്കും. സംസ്ഥാന സമിതിയും രൂപതകളും സംയുക്തമായാണ് ജൂലൈ രണ്ടു വരെ തപാല്‍ വഴി കത്തുകളയയ്ക്കുക.
മണിപ്പൂര്‍ ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്. കലാപത്തിന് പിന്നിലുള്ള കാരണം കണ്ടെത്തി ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ കടമായണ്. മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം- കെസിവൈഎം ലെറ്റര്‍ ക്യാമ്പയ്‌ന്റെ ഭാഗമായുള്ള കത്തില്‍ പറയുന്നു.
ഫൊറോന, യൂണിറ്റ് തലങ്ങളില്‍ നിന്നും പരമാവധി കത്തുകള്‍ അയയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മണിപ്പൂര്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഡ്യമാണിതെന്നും കെസിവൈഎം രൂപതാ സമിതി അറിയിച്ചു.