ജൂലൈ മൂന്നിലെ പരീക്ഷകള്‍ മാറ്റണം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍
കാക്കനാട്: ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്‌സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേരള, എം.ജി., കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കി.
ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യമുള്ളതും പാവനമായി ആചരിച്ചു പോരുന്നതുമായ ദിവസമാണ് ജൂലൈ മൂന്ന് ദുക്‌റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവര്‍ത്തിദിവസമാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ ടൈം ടേബിള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതി നിഷേധവുമാണ്. ഈ സാഹചര്യത്തില്‍ ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.