Uncategorized

ഇതില്‍ ആരാ എന്റെ കിച്ചുവേട്ടന്‍?


കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവം. നാട്ടിന്‍പുറത്തെ ബസ് സ്റ്റോപ്പില്‍ ഒരു പെണ്‍കുട്ടി കുറേ നേരമായി ഒറ്റയ്ക്കിരിക്കുന്നു. അന്തി മയങ്ങിത്തുടങ്ങിയിട്ടും പെണ്‍കുട്ടി അവിടെ ഇരിപ്പു തുടര്‍ന്നപ്പോള്‍ പ്രായമായവര്‍ എന്താ ഒറ്റയ്ക്കിരിക്കുന്നത് എന്നു തിരക്കി.

ധ്യാനം കൂടാന്‍ വന്നതാ. വീട്ടില്‍ നിന്ന് ആളു വന്ന് കൂട്ടിക്കൊണ്ടു പോകുമെന്ന മറുപടി കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയമായി. കാരണം അപ്പോള്‍ അവിടെ ധ്യാനം നടക്കുന്നില്ല.

കുറച്ചു കഴിഞ്ഞ് ജീപ്പില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ബസ് സ്റ്റോപ്പിനടുത്തെത്തി. പെണ്‍കുട്ടി ഉത്സാഹത്തോടെ ജീപ്പിനരികിലെത്തി ചോദിച്ചു ‘ഇതില്‍ ആരാ എന്റെ കിച്ചുവേട്ടന്‍?’ പെണ്‍കുട്ടി ചോദ്യം ആവര്‍ത്തിച്ചിട്ടും ജീപ്പിലുള്ളവര്‍ മറുപടി പറഞ്ഞില്ല.

രംഗം കണ്ടു നിന്ന നാട്ടുകാര്‍ ഇടപെട്ടു. ചെറുപ്പക്കാരെ ചോദ്യം ചെയ്തു. ഒരു മിസ്ഡ് കോള്‍ പ്രണയത്തിന്റെ ക്ലൈമാക്‌സാണിതെന്ന് അപ്പോഴാണ് നാട്ടുകാര്‍ക്ക് മനസിലായത്.

പെണ്‍കുട്ടി മിസ്ഡ് കോളിലൂടെ പ്രണയിച്ച ചെറുപ്പക്കാരന്‍ ജീപ്പിലുണ്ട്. പക്ഷേ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അയാളുടെ ആവേശം തണുത്തു. കാരണം ശബ്ദം കേട്ടപ്പോള്‍ മനസില്‍ തോന്നിയ രൂപമോ ഭംഗിയോ പെണ്‍കുട്ടിക്കില്ല.

കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമക്കാരനായ അയാള്‍ അവളെ കൂട്ടാന്‍ കൂട്ടുകാരുമായി ജീപ്പില്‍ എത്തിയതാണ്. പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അയാള്‍ക്ക് ഇതില്‍ നിന്നു രക്ഷപ്പെട്ടാല്‍ മതിയെന്നായി.

കിച്ചുവേട്ടനെ തിരിച്ചറിയാനാവാതെ പെണ്‍കുട്ടി ബഹളം തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എല്ലാവരേയും സ്റ്റേഷനിലെത്തിച്ചു.

മാതാപിതാക്കളെ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പറഞ്ഞയച്ചു. അങ്ങനെ അവള്‍ രക്ഷപ്പെട്ടു.

മിസ്ഡ് കോള്‍-ഫെയ്‌സ് ബുക്ക്-വാട്‌സാപ്പ് പ്രണയങ്ങളും അനാശാസ്യ ബന്ധങ്ങളും ദുരന്തങ്ങളും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു.

നഴ്‌സറിക്കുട്ടികള്‍ വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. കുട്ടികള്‍ പഠിക്കുന്നത് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ പരിജ്ഞാനം നേടേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ കുട്ടികള്‍ എന്താണു ചെയ്യുന്നതെന്ന് മനസിലാവുകയുള്ളു.

അക്ഷരം പഠിക്കാത്തവനെ നിരക്ഷരന്‍ എന്നു വിളിച്ചിരുന്നതു പോലെ ഇന്നത്തെ കാലത്ത് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ കഴിയാത്തവനാണ് നിരക്ഷരന്‍. ജീവിത വ്യാപാരങ്ങളെല്ലാം അത്രമാത്രം ഇന്റര്‍നെറ്റ് നിയന്ത്രിതമായിക്കഴിഞ്ഞു.

ട്രെയിനിലായാലും ബസിലായാലും ആളുകള്‍ തമ്മില്‍ സംസാരിക്കുന്നത് വളരെ കുറഞ്ഞു. എല്ലാവരും സ്മാര്‍ട്ട് ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്നു. അവരവരുടെ സ്വകാര്യ ലോകത്തേക്ക് ഒതുങ്ങി ചിത്രങ്ങള്‍ കണ്ടും ഷെയര്‍ ചെയ്തും ലൈക്ക് അടിച്ചും അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തും സമയം തീര്‍ക്കുന്നു.

സമൂഹ ജീവിയായ മനുഷ്യന്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ടും സഹായിച്ചും പ്രശ്‌നങ്ങളോടു പ്രതികരിച്ചുമാണു കഴിയേണ്ടത്. ഡിജിറ്റല്‍ കാലത്ത് ഇടപെടലുകളെല്ലാം പ്രതിബിംബങ്ങളോടായി. യഥാര്‍ത്ഥ മനുഷ്യനു പകരം മനുഷ്യരുടെ ചിത്രങ്ങള്‍ വരുന്നു. ഇവയോടു മാത്രം പ്രതികരിച്ചു കൊണ്ടിരുന്നാല്‍ വസ്തുതകളുടെ ആഴം മനസിലാകാതെ പോകാം.

കുട്ടികളെ യഥാര്‍ത്ഥ മനുഷ്യ ബന്ധങ്ങള്‍ പരിചയപ്പെടുത്തണം. സമപ്രായക്കാരായ ബന്ധുക്കളും മുതിര്‍ന്ന അംഗങ്ങളും കൂടിച്ചേരുന്ന അവസരങ്ങളില്‍ കുടുംബത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജവും ഊഷ്മളതയും അവരെ ബോധ്യപ്പെടുത്തണം. രോഗികളും അവശരുമായ വല്യപ്പനെയും വല്യമ്മയെയും കാണാന്‍ അവര്‍ക്ക് ഇടയ്ക്കിടെ അവസരം ഒരുക്കണം.

കല്യാണ വീട്ടിലെ സന്തോഷത്തിലേക്കു മാത്രമല്ല, മനുഷ്യ ജീവിതം ഇത്രയേയുള്ളു എന്നു ബോധ്യപ്പെടുത്താന്‍ ആശുപത്രികളിലേക്കും ശവസംസ്‌കാര ശുശ്രൂഷകളിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ടു പോകണം.

സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ എപ്പോഴും ഫോണിലും കമ്പ്യൂട്ടറിലും നോക്കി ഇരിക്കാന്‍ അനുവദിക്കാതെ കളികളിലും അവര്‍ക്കു പറ്റിയ സംഘടനകളിലും ഇടപെടാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണം.

കുട്ടികള്‍ എന്താണു ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കണം. എപ്പോഴും ഉള്‍വലിയുന്ന സ്വഭാവവും അമിത കോപവും അലസതയുമെല്ലാം ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ തുടക്കമാകാം. ഇതിനു ചികിത്സ വേണ്ടി വരും.

പഠിക്കാനുള്ള വിഷയം തിരയുമ്പോഴാകും അശ്ലീല സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ ചാടി വരുന്നത്. ഈ സൈറ്റുകളിലെല്ലാം അലഞ്ഞ് സ്വഭാവ വൈകൃതങ്ങളിലെത്താനും സാധ്യതയുണ്ട്.

കുടുംബ പ്രാര്‍ത്ഥനയും ആത്മീയ അനുഷ്ഠാനങ്ങളും കുട്ടികള്‍ക്ക് ബലവത്തും സജീവവുമായ ജീവിത ദര്‍ശനം നല്‍കും.

കുട്ടികളെ ആര്‍ക്കും അടച്ചു പൂട്ടി വളര്‍ത്താനാവില്ല. ലോകത്തിലെ നന്മയും തിന്മയും കണ്ടും അറിഞ്ഞും നല്ലത് തെരഞ്ഞെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. പ്രാവുകളുടെ നിഷ്‌കളങ്കതയും സര്‍പ്പത്തിന്റെ വിവേകവും കൈവരിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്കാണ് മനുഷ്യരുടെയും ദൈവത്തിന്റെയും പ്രീതിയില്‍ വളരാന്‍ കഴിയുക.


Leave a Reply

Your email address will not be published. Required fields are marked *