Church News

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. അനുശോചന സന്ദേശത്തിന്റെ പൂര്‍ണ രൂപം:

ശ്രീ ഉമ്മന്‍ ചാണ്ടി സാറിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വര്‍ഷം എം.എല്‍.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മന്‍ ചാണ്ടി സാര്‍ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകന്‍.

രാഷ്ട്രീയപ്രവത്തകരുടെയിടയില്‍ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്‌നങ്ങളില്‍ ദൈവഹിതത്തിനു അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മന്‍ ചാണ്ടിയെ തങ്ങളുടെ സ്മരണയില്‍ എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല. ഉമ്മന്‍ ചാണ്ടിസാറിന്റെ പാവനസമരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍!


Leave a Reply

Your email address will not be published. Required fields are marked *