കെസിവൈഎം വിദേശ യുവജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
പഠനവും ജോലിയുമായി വിദേശത്തുള്ള യുവജനങ്ങളെ കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോര്‍ത്തിണക്കുന്ന വിദേശ യുവജന കൂട്ടായ്മ ‘താമരക്കൂട്ടം’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള താമരശ്ശേരി രൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയാണ് താമരക്കൂട്ടം. ആദ്യഘട്ടത്തില്‍ യുകെ, യുഎസ്എ, ജര്‍മ്മനി, ഓസ്‌ട്രേലിയ, അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലാണ് കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്.
വിദേശത്ത് ഒറ്റപ്പെടുന്ന യുവജനങ്ങള്‍ക്ക് ഈ പദ്ധതി വലിയ ഉത്തേജനം പകരുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. താമരക്കൂട്ടത്തിന്റെ ആദ്യ മീറ്റിങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ രാജ്യങ്ങളിലുള്ള യുവജനങ്ങള്‍ പങ്കെടുത്തു. രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ സൈമണ്‍, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം റിച്ചാര്‍ഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.