സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് വെറ്റിലപ്പാറ ഇടവക
വെറ്റിലപ്പാറ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ആഗസ്റ്റിനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഇടവക രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി തിരി തെളിയിച്ച് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 2024 ആഗസ്റ്റ് 28 വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇടവകാംഗവും താമരശ്ശേരി രൂപതയുടെ മെത്രാനുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ മുന്‍ വികാരി ഫാ. മാത്യു കണ്ടശാംകുന്നേല്‍, വികാരി ഫാ. ജോസഫ് വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പരിപാടികള്‍ക്ക് കൈകാരന്മാരായ സെനിത്ത് മറ്റപ്പള്ളിത്തടത്തില്‍, മാത്യു കുരിശിങ്കല്‍, നോബിള്‍ കണിയാംകുഴിയില്‍, ഷിനോയി കടപ്പൂരാന്‍ എന്നിവരും ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജോസ് നിലയ്ക്കപ്പള്ളിലും നേതൃത്വം നല്‍കി.
1959നാണ് വെറ്റിലപ്പാറയിലേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. കുടിയേറി വന്നവര്‍ ആദ്യകാലങ്ങളില്‍ കൂടരഞ്ഞി പള്ളിയിലും പിന്നീട് തോട്ടുമുക്കം ഇടവക രൂപീകരണത്തോടെ അവിടെയും ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും പങ്കുകൊണ്ടു. 1969 മുതല്‍ വെറ്റിലപ്പാറയില്‍ ദിവ്യബലി അര്‍പ്പിച്ചു തുടങ്ങി. തോട്ടുമുക്കം വികാരിയായിരുന്ന ഫാ. ജോസഫ് മാമ്പുഴയാണ് വെറ്റിലപ്പാറയില്‍ ആദ്യമായി ദിവ്യബലി അര്‍പ്പിക്കുന്നത്. 1974ല്‍ വെറ്റിലപ്പാറ ഇടവക രൂപീകരിച്ചു. ഫാ. ജോര്‍ജ് ചിറയിലായിരുന്നു ആദ്യ വികാരി.
താമരശ്ശേരി രൂപതയില്‍ വിശുദ്ധ അഗസ്തീനോസിന്റെ നാമഥേയത്തിലുള്ള ഏക ഇടവകയാണ് വെറ്റിലപ്പാറ.