Editor's Pick

‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’: പേരിന്റെ ആവശ്യകതയും ആശങ്കകളും


ഇക്കഴിഞ്ഞ ജൂലൈ 8ന് സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം നമ്പറായി അതുവരെ ഉണ്ടായിരുന്ന ‘സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്)’ എന്ന പേര് മാറ്റി പകരം ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിലവിലുള്ള സീറോ മലബാര്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് തങ്ങളുടെ സഭാ-സമുദായ വ്യക്തിത്ത്വത്തെ കുറച്ചുകൂടി വ്യക്തത വരുത്തുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ട്.

നിലവിലെ സ്ഥിതി

പരമ്പരാഗതമായി സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലും മറ്റും തങ്ങളുടെ ജാതി വ്യത്യസ്ത പേരുകളിലാണ് രേഖപ്പെടുത്തി പോകുന്നത്. റോമന്‍ കാത്തലിക് (RC), റോമന്‍ കാത്തലിക് സിറിയന്‍ (RCS), റോമന്‍ കാത്തലിക് സിറിയന്‍ കാത്തലിക് (RCSC), സിറിയന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, ക്രിസ്ത്യന്‍ RC, ക്രിസ്ത്യന്‍ RCSC, സീറോ മലബാര്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് പലരും ഉപയോഗിക്കുന്നത്. ഈ വ്യത്യസ്തത മൂലം സീറോ മലബാര്‍ കത്തോലിക്കാസഭാ വിശ്വാസികളുടെ ഇടയില്‍ തന്നെ ചില വിഭാഗീയതയും കടന്നുകൂടിയിട്ടുണ്ട്. ഒപ്പം സ്‌കൂളുകളിലേയും പൊതുപരീക്ഷകളുടെയും അപേക്ഷകളിലും മറ്റും ഈ ഐക്യമില്ലായ്മ പല പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ പേരുകള്‍ എല്ലാം ചേര്‍ന്ന് ഒരു പൊതുസമുദായ നാമം ആവശ്യമായി വന്നത്. അത്തരമൊരു ആവശ്യത്തെ മുന്‍ നിര്‍ത്തിയാണ് 2021 ജൂണ്‍ മൂന്നിലെ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സംവരണേതര വിഭാഗങ്ങളുടെ അഥവാ മുന്നോക്ക വിഭാഗങ്ങളുടെ (ആ പ്രയോഗത്തിന് ഇപ്പോള്‍ പ്രസക്തിയില്ല) 164 അംഗ പട്ടികയില്‍ 163-ാമത്തെ പേരായി സീറോ മലബാര്‍ സഭാഗങ്ങളുടെ പേര് സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്ന് പ്രസിദ്ധീകരിച്ചിരുന്നത്. ആ പേരാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പറം വീണ്ടും മാറി ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്ന് പുതുക്കിയ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളണ്ട്.

പഴയ ‘RC’ ആയാല്‍ എന്താണ് കുഴപ്പം?

സീറോ മലബാര്‍ ക്രിസ്ത്യാനികളില്‍ ഒരു നല്ല വിഭാഗവും പരമ്പരാഗതമായി ഉപയോഗിച്ച് പോയിരുന്നത് റോമന്‍ കാത്തലിക് എന്നോ അതിന്റെ തന്നെ ‘ഷോര്‍ട്ട് ഫോം’ ആയ ‘RC’ എന്നോ ആണ്. റോമിന്റെ, മാര്‍പാപ്പയുടെ കീഴില്‍ വരുന്ന കത്തോലിക്കരെ മുഴുവനായും സൂചിപ്പിക്കാവുന്ന ഒരു പേരാണ് ഇത്. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍, സീറോ മലബാര്‍ കത്തോലിക്കര്‍, മലങ്കര കത്തോലിക്കര്‍ എന്നിവര്‍ക്കെല്ലാം ഈ റോമന്‍ കാത്തലിക് (RC) എന്നുള്ള പ്രയോഗത്തിന് അര്‍ഹതയുണ്ട്. അതു കൊണ്ടു ഈ മൂന്നു വിഭാഗങ്ങളേയും തിരിച്ചറിയാന്‍ വ്യത്യസ്തമായ സമുദായ നാമങ്ങള്‍ ആവശ്യമായി വരുന്നു. അതു മാത്രമല്ല അതില്‍ തന്നെയുള്ള ലത്തീന്‍ കത്തോലിക്കര്‍ സംവരണ വിഭാഗവും സീറോ മലബാര്‍, മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ സംവരണേതര വിഭാഗവുമാണ്. അതുകൊണ്ടുതന്നെ സഭാപരമായും സമുദായപരമായും ഒരു കൃത്യത സീറോമലബര്‍ വിശ്വാസികള്‍ക്ക് ആവശ്യമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചിരിക്കുന്ന ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നുള്ള പേര് ഈ സമൂഹത്തിനു ഉചിതമാണ്. ‘RC’ എന്നുള്ള പ്രയോഗം അതില്‍തന്നെ തെറ്റില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ ‘LC’ എന്നും സീറോ മലബാര്‍ കത്തോലിക്കര്‍ ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നും മലങ്കര സുറിയാനി കത്തോലിക്കര്‍ ‘മലങ്കര കാത്തലിക്’ എന്നും തന്നെ രേഖപ്പെടുത്തുന്നത് ആയിരിക്കും ഉചിതം.

എന്താണ് ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്ന പേരിന്റെ പ്രസക്തി?

ഈ പുതിയ പേരിന്റെ പ്രത്യേകത എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട് . ഈ പേരിലെ ആദ്യഭാഗത്തെ ‘സീറോ മലബാര്‍’ എന്നതിലെ ‘സീറോ'(Syro) തന്നെയാണ് രണ്ടാമത്തെ ഭാഗത്തെ ‘സിറിയന്‍ കാത്തലിക്’ എന്നതിലെ ‘സിറിയന്‍’ എന്നും അതിനാല്‍ ഈ പേരിലൊരു ആവര്‍ത്തനമുണ്ട് എന്നു കരുതുന്നവരുമുണ്ട്. ആയതിനാല്‍ ‘സീറോ മലബാര്‍ കാത്തലിക്’ എന്ന് മാത്രം പോരെ എന്നാണ് ഇത്തരക്കാരുടെ വാദം. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം സീറോ മലബാര്‍ കത്തോലിക്കരുടെ ഇടയില്‍ തന്നെ ‘ക്‌നാനായ കത്തോലിക്കര്‍’, ‘ദളിത് കത്തോലിക്കര്‍’, ‘നാടാര്‍ കാത്തലിക്’ എന്നിങ്ങനെ പല വിഭാഗങ്ങളുമുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ സമുദായ നാമവും ഉണ്ട്. അതില്‍ തന്നെ സംവരണ വിഭാഗവും സംവരണേതര വിഭാഗവും കാണാം. അത്തരം സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ ഒന്നിലും പെടാത്ത സീറോമലബാര്‍ സമുദായ വിശ്വാസിസമൂത്തിന് കുറച്ചുകൂടി കൃത്യതയും വ്യക്തയും വരുത്തുവാന്‍ ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നു തന്നെ ഉപയോഗിക്കേണ്ടി വരുന്നു.

മാത്രമല്ല ഈ പേര് സുറിയാനി പാരമ്പര്യം പേറുന്ന സീറോമലബാര്‍ സഭയുടെ ഉത്ഭവത്തിന്റെയും (Origin) പാരമ്പര്യത്തിന്റെയും (Legacy) ആധികാരികത ഉറപ്പിച്ചുകൊണ്ടു സഭയുടെ തനതായ വ്യക്തിത്വം (Idendity) കാത്തു സൂക്ഷിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ‘സീറോ മലബാര്‍’ എന്നത് സഭയുടെ നാമമായും. എന്നാല്‍ ‘സിറിയന്‍ കാത്തലിക്ക്’ എന്നത് സമുദായ നാമമായും കാണാവുന്നതാണ്. ഇത് രണ്ടും കൂടി പറഞ്ഞാല്‍ മാത്രമേ ആ പേരിനു ഒരു പൂര്‍ണ്ണതയും വ്യക്തത വരുകയുള്ളൂ. കേരളത്തിന്റെ നിലവിലെ ചുറ്റുപാടില്‍ സഭയും സമുദായവും ഒരു നാണയത്തിന്റെ ഇരു വശങ്ങളായിങ്ങളായി കണക്കാക്കാവുന്നതാണ്.

ചില പ്രായോഗിക പ്രശ്‌നങ്ങള്‍

സിറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്കപ്പെട്ടിരിക്കുന്ന പുതിയ പേര് തിരിച്ചും അനുയോജ്യമാണ്. എങ്കിലും അതുമൂലം ഉണ്ടാകുന്ന ചില പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇത് ഇടവരുന്നു. അതായത് നിലവില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്ന സീറോമലബാര്‍ വിശ്വാസികള്‍ 2021 ജൂണ് 3 ലെ ഉത്തരവ് പ്രകാരം പുതിയ പേരായ സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്നു ഉപയോഗിക്കാന്‍ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും നല്‍കപ്പെട്ട ഈ പുതിയ പേര് കുട്ടികളുടെ SSLC പോലുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ വീണ്ടും മാറ്റേണ്ടി വരുമോ എന്നുള്ള ആശങ്കയ്ക്ക് ഇട നല്‍കുന്നു. മാത്രമല്ല, സീറോമലബര്‍ ക്രിസ്ത്യാനികള്‍ നിലവില്‍ വ്യത്യസ്ത പേരുകളാണ് ഉപയോഗിക്കുന്നത്. ആ പേരുകള്‍ രേഖപ്പെടുത്തിയ സര്‍ടിഫിക്കറ്റുകള്‍ പുതിയ പേരിലേക്ക് മാറ്റിയെടുക്കണോ എന്നുള്ള സംശയവും നിലനില്‍ക്കുന്നു.

ഇതിനു പുറമേ, പുതിയതായി ഇറക്കിയ സംവരണേതര വിഭാഗത്തിന്റെ പട്ടികയില്‍ സീറോമലബാര്‍ ക്രിസ്ത്യാനികള്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന പേരുകള്‍ ഇല്ലാത്തതു മൂലം EWS പോലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുവാന്‍ പലര്‍ക്കും കഴിയാതെ വരുന്നു എന്നുള്ള ഒരു പ്രശനവും ഉണ്ട്. മാത്രമല്ല സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന പഴയ പേരുകള്‍ അതിന്റെ പുതിയ നാമമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ തന്നെയാണ് എന്നുള്ള വിവരം പല ഓഫീസര്‍മാര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. അതായത് തന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ റോമന്‍ കാത്തലിക് (RC) എന്ന് രേഖപ്പെടുത്തിയ ഒരു സീറോ മലബാര്‍ വിദ്യാര്‍ത്ഥി EWS സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസ് സമീപിക്കുമ്പോള്‍ EWS ന് അര്‍ഹമായ സംവരണ രഹിത വിഭാഗങ്ങളുടെ പട്ടികയില്‍ ആ പേര് കാണുന്നില്ല എന്നുള്ള കാരണത്താല്‍ EWS സര്‍ട്ടിഫിക്കറ്റ് ആ വ്യക്തിക്ക് നിഷേധിക്കപ്പെടുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിനു സര്‍ക്കാര്‍ നല്‍കിയ മറുപടി, മുന്നോക്ക വിഭാഗങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ EWS സര്‍ഫിക്കേറ്റ് നല്‍കുകയുളൂ എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും നിലവില്‍ എസ്.സി, എസ്.ടി, ഓ.ബി.സി എന്നീ സംവരണ വിഭാഗത്തില്‍ പെടാത്ത ഏതൊരാള്‍ക്കും EWS സംവരണത്തിന് അര്‍ഹതയുണ്ട് എന്നുമാണ്. എന്നാല്‍ ഓഫീസര്‍മാരുടെ അറിവില്ലായ്മയും സംശയവും കടുംപിടുത്തവും മൂലം പലപ്പോഴും EWS പോലുള്ള അനുകൂല്യങ്ങള്‍ സമുദായത്തിന്റെ പേരിലുള്ള ചില വ്യത്യാസം മൂലം അര്‍ഹതപെട്ടവര്‍ക്ക് നഷ്ടപ്പെടുന്നു എന്നുള്ളതാണ് സത്യം. അങ്ങനെ വന്നാല്‍ അത്തരം പരാതികള്‍ മുന്നോക്ക വിഭാഗ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കാം എന്നുണ്ടെങ്കിലും പലരും അതിനു തുനിയാറില്ല എന്നുള്ളതാണ് വാസ്തവം.

ഇത്തരമൊരു സാഹചര്യത്തില്‍ സീറോമലബാര്‍ ക്രിസ്ത്യാനികള്‍ മുന്‍പ് ഉപയോഗിച്ചുകൊണ്ടിരുന്ന വ്യത്യസ്ത പേരുകളും നിലവില്‍ പുതിയതായി നല്‍കപ്പെട്ട ‘സിറോമലബര്‍ സിറിയന്‍ കാത്തലിക്ക്’ എന്ന നാമവും ഒന്നാണ് എന്ന ഒരു വിജ്ഞാപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയാണെങ്കില്‍ ഈ പ്രശങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവും എന്നു വേണം അനുമാനിക്കാന്‍.

കടപ്പാട്: ഫാ. നൗജിന്‍ വിതയത്തില്‍ (ഇരിങ്ങാലക്കുട രൂപത)


Leave a Reply

Your email address will not be published. Required fields are marked *