കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി
സെപ്റ്റംബര്‍ 6: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മദിനം. അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിക്കുന്നു.
കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ്. തനിക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുത്ത് ഇടയനില്ലാത്ത ആടുകളുടെ അടുത്തേക്ക് അജപാലനത്തിനായി അയച്ച യേശു, വന്ദ്യ പിതാവിനെ ശുശ്രൂഷക്കായി വിളിച്ച് ഇടയനില്ലാത്തവരുടെ ഇടയനായി നിയോഗിച്ചു. പൗലോസ് ശ്ലീഹായെപ്പോല ‘യേശുക്രിസ്തു എന്നെ സ്വന്തമാക്കി’ എന്ന ആത്മബോധത്തോടെ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് സധൈര്യം കടന്നുചെന്ന് ജീവിതം സുവിശേഷമാക്കിയ വലിയ ഇടയനായിരുന്നു അദ്ദേഹം.
തൃശ്ശൂര്‍ അതിരൂപതയുടെ പ്രഗത്ഭനായ വികാരി ജനറല്‍ എന്ന നിലയില്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി അടുത്ത് പരിചയപ്പെടുന്നത് 1991 ല്‍ കാനന്‍ നിയമത്തിലെ തുടര്‍പരിശീലനത്തിനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു. പിന്നീട് താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ മെത്രാനായി വന്നപ്പോള്‍ രൂപതാഭരണത്തില്‍ അദ്ദേഹത്തോടൊപ്പം 10 വര്‍ഷം രൂപതാ ചാന്‍സലര്‍ എന്ന നിലയില്‍ ചേര്‍ന്നു നടക്കാനും 2010 മുതല്‍ പിതാവിന്റെ മരണംവരെ ആ ആത്മീയ തണലില്‍ ആശ്രയിച്ച് സുകൃതം സ്വന്തമാക്കാനും എനിക്ക് അപൂര്‍വ്വമായ ഭാഗ്യം ദൈവം നല്കി. ഏറ്റവും അടുത്ത് ഇടപഴകിയ വ്യക്തി എന്ന നിലയില്‍ എനിക്ക് നിസ്സംശയം പങ്കുവെക്കാന്‍ കഴിയും, അദ്ദേഹത്തിന്റെ സ്ഥാനം സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വേദസാക്ഷികളുടെ നിരയിലാണ്.
കറതീര്‍ന്ന സഭാസ്നേഹിയായിരുന്നു പിതാവ്. ‘ഇതാ ഞാന്‍ യേശുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനി മേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു’ എന്ന അപ്പസ്തോലന്റെ ആദ്ധ്യാത്മികത അക്ഷരാര്‍ത്ഥത്തില്‍ പിതാവിലും തെളിഞ്ഞു നിന്നിരുന്നു. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ എന്ന ചൈതന്യത്തിലായിരുന്നു പിതാവിന്റെ പ്രവര്‍ത്തനങ്ങളത്രയും.
അപ്രതീക്ഷിതമായ ദൈവവിളി, ഉപരിപഠനത്തിനായി റോമിലേക്കുള്ള യാത്ര, വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്ന കാലഘട്ടം, തൃശ്ശൂര്‍ രൂപതയിലെ സാഹസികമായ ആരംഭകാല പ്രവര്‍ത്തനങ്ങള്‍, സിനഡില്‍ സഭാപിതാക്കന്മാരോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍, സിനഡ് ഭരമേല്പിച്ച ശുശ്രൂഷകള്‍ മുതലായ നിരവധിയായ അനുഭവങ്ങള്‍ എനിക്ക് പരിചിതമാണ്. അഭിവന്ദ്യ പോള്‍ പിതാവിനെ ദൈവം ഏല്പിച്ച ദൗത്യങ്ങളെല്ലാം നൂറുശതമാനം വിജയിപ്പിക്കാന്‍ പിതാവ് അവിശ്രാന്തം പരിശ്രമിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച കാര്യം തന്റെ ശുശ്രൂഷയുടെ വിജയകരമായ ചരിത്രം പങ്കുവെക്കുമ്പോള്‍ ഒരിക്കല്‍പോലും ‘ഞാന്‍’ എന്ന പദം കടന്നു വരാറില്ലായിരുന്നു. ദൈവം എന്നെ ഒരു ഉപകരണമാക്കി, പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായികളെ തന്ന് ദൈവം അനുഗ്രഹിച്ചു എന്നുമാത്രമാണ് ആവര്‍ത്തിച്ചിരുന്നത്. ‘കൃപയുടെ വഴിയില്‍’ എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം എഴുതുന്നു- ‘സാര്‍വത്രിക സഭ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തിസഭ എടുക്കുന്ന തീരുമാനങ്ങളും എനിക്ക് വ്യക്തിപരമായ ആശയങ്ങളും അഭിപ്രായങ്ങളും ഉെണ്ടങ്കില്‍തന്നെയും പൂര്‍ണ്ണമായി പാലിക്കുവാനും അനുസരിക്കുവാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.’ കറതീര്‍ന്ന സഭാസ്നേഹിക്കു മാത്രമേ ആത്മാര്‍ത്ഥത നിറഞ്ഞ ഈ വാക്കുകള്‍ കോറിയിടാന്‍ കഴിയൂ.