Special Story

പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാള്‍


ജന്മദിനം ജീവിതത്തില്‍ ഏവര്‍ക്കും ആഹ്ലാദം തരുന്ന സുദിനമാണ്. അതിനേക്കാള്‍ ഏറെ നാം സന്തോഷിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ പിറന്നാളുകള്‍ ആഘോഷിക്കുന്ന വേളയിലാണ്. അതുകൊണ്ടുതന്നെ ലോകരക്ഷകന്റെ അമ്മയുടെ പിറവിദിനം നമുക്ക് ആനന്ദത്തിന്റെയും അനുഗ്രഹത്തിയും പുണ്യനാളാണ്.

പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ അന്ന – ജൊവാക്കിം, ഇവരെപറ്റി ബൈബിളില്‍ ഒന്നുംതന്നെ കാണുന്നില്ല. വിശുദ്ധ ജോണ്‍ ഡമഷീന്റെ പ്രസംഗവും, സഭാപിതാക്കന്മാരുടെ പഠനങ്ങളും, അപ്രമാണിക ഗ്രന്ഥങ്ങളും, സഭാപാരമ്പര്യവുമാണ് ഇവരെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നത്. ജോവാക്കിം എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിനായി ഒരുക്കപ്പെട്ടവനെന്നും,’ അന്ന എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ ദാനം’ എന്നുമാണ്. അന്ന ഗര്‍ഭംധരിച്ച് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അവര്‍ തങ്ങളുടെ കുഞ്ഞിന് ‘മറിയം’ എന്നുപേരിട്ടു. മറിയത്തിനു പന്ത്രണ്ടു വയസാകുന്നതിനുമുമ്പ് അവളുടെ മാതാപിതാക്കള്‍ മരണമടഞ്ഞുവെന്ന് കണക്കാക്കപ്പെടുന്നു. യേശുവിന്റെ ജനനം ബി.സി 6 എന്ന കണക്കനുസരിച്ച് ബി.സി 22 ല്‍ നസ്രത്തില്‍ മറിയം ജനിച്ചു. വിശുദ്ധ ജോണ്‍ ഡമഷീന്‍ ഇപ്രകാരം എഴുതി: ”ജൊവാക്കിമിന്റെയും അന്നയുടെയും എത്രയും പവിത്രയായ പുത്രീ, നീ ദൈവത്തിന്റെ മണവാട്ടിയും അമ്മയുമാകുവാന്‍ വേണ്ടി അധികാരങ്ങളിലും ശക്തികളിലും നിന്നും മറയ്ക്കപ്പെട്ട് പരിശുദ്ധാത്മാവിന്റെ മണവറയില്‍ വസിക്കുകയും, മാലിന്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.”

ഹീബ്രുവിലെ ‘മിറിയാം’ എന്ന വാക്കില്‍ നിന്നാണ് ‘മേരി’ എന്ന പേരുണ്ടായത്. മേരി എന്നതിന് സമുദ്രതാരം, രാജകുമാരി, സൗന്ദര്യവതി, പരിപൂര്‍ണ്ണത എന്നൊക്കെ അര്‍ത്ഥമുണ്ട്. ഹീബ്രുവില്‍ മിറിയാം എന്നും, അരമായ ഭാഷയില്‍ മറിയം എന്നും, ഗ്രീക്ക്, ലാറ്റിന്‍ ഭാഷയില്‍ മരിയ എന്നും, ഇംഗ്ലീഷിലും മലയാളത്തിലും മേരിയെന്നും അവള്‍ അറിയപ്പെടുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള ആദിമ സഭയുടെ പാരമ്പര്യം യാക്കോബിന്റ സുവിശേഷത്തില്‍ (ഗോസ്പല്‍ ഓഫ് ജെയിംസ് – ഒരു അപ്പോക്രിഫല്‍ സുവിശേഷം) രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നു. അതിപ്രകാരമാണ്. മറിയത്തിന്റെ മാതാപിതാക്കളായ അന്നയും ജൊവാക്കീമും വൃദ്ധരും മക്കളില്ലാത്തവരുമായിരുന്നു. ജൊവാക്കീം ജെറുസലേം ദേവാലയത്തിലെ പുരോഹിതനായിരുന്നു. കര്‍ത്താവിന്റെ മഹാദിനത്തില്‍ ക്രമമനുസരിച്ച് മറ്റു പുരോഹിതന്മാര്‍ക്ക് മുന്‍പേ ദേവാലയത്തിലേക്ക് കാഴ്ചസമര്‍പ്പണം കൊണ്ടുവന്ന ജൊവാക്കീമിനെ റൂബന്‍ എന്നയാള്‍ തടഞ്ഞു. കാരണം മക്കളില്ലാതിരുന്ന ജൊവാക്കിമിനെ ശപിക്കപ്പെട്ടവനായാണ് അയാള്‍ കരുതിയത്.

ദുഃഖിതനായ ജൊവാക്കീം അനുഗ്രഹീതരായ പൂര്‍വ്വപിതാക്കളുടെ പട്ടികയെടുത്തു പരിശോധിച്ചപ്പോള്‍ എല്ലാവര്‍ക്കും മക്കളുണ്ടായിരുന്നതായി കണ്ടെത്തി. തീവ്രദുഃഖത്താല്‍ വലഞ്ഞ ജൊവാക്കീം മരുഭൂമിയില്‍ കൂടാരമടിച്ചു നാല്‍പതു ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥിച്ചു. ദീര്‍ഘകാലമായി അന്നയും ഒരു കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ദൈവം ഒടുവില്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു. ഒരു മാലാഖ അന്നയ്ക്ക് പ്രത്യക്ഷപ്പെട്ടു മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പു നല്‍കി. ജൊവാക്കീം മരുഭൂമിയില്‍ നിന്ന് ഭവനത്തിലേക്ക് തിരുച്ചു വന്നു. പന്നീട് അന്ന ഗര്‍ഭം ധരിക്കുകയും മറിയത്തെ പ്രസവിക്കുകയും ചെയ്തു. നാലു വയസ്സായപ്പോള്‍ അവര്‍ മറിയത്തെ ജെറുസലേം ദേവാലയത്തില്‍ സമര്‍പ്പിച്ചു.

മാതാവിന്റെ ജനനതിരുനാള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് 1007 ല്‍ മിലാന്‍ നഗരത്തിലാണ്. ആ വര്‍ഷത്തില്‍ സാന്താ മരിയ ഫ്‌ളൂക്കോറിന എന്ന ദേവാലയം പരിശുദ്ധ അമ്മയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടു. 1513 മുതല്‍ സ്‌പെയിനിലും 1671 മുതല്‍ നേപ്പിള്‍സിലും മറിയത്തിന്റെ ‘മധുരനാമ തിരുനാള്‍’ ആഘോഷിക്കുവാന്‍ തുടങ്ങി. 2002 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സെപ്റ്റംബര്‍ 12- പരിശുദ്ധ അമ്മയുടെ നാമതിരുനാള്‍ -സഭാ കലണ്ടറില്‍ ഉള്‍പ്പെടുത്തി. വിശുദ്ധ ലോറന്‍സ് റിച്ചാര്‍ഡ് ഇപ്രകാരം പറയുന്നു: ”യേശുവിന്റെ നാമം കഴിഞ്ഞാല്‍ ഇതുപോലെ ശക്തമായതും മഹത്വമേറിയതുമായ നാമം വേറെയില്ല. പാപമില്ലാതെ ജനിക്കുകയും ജീവിക്കുകയും ചെയ്ത ദൈവത്തിന്റെ ആദ്യസൃഷ്ടി, ഒരേയൊരു സൃഷ്ടി പരിശുദ്ധ കന്യകാമറിയം മാത്രമാണ്.”

വിശുദ്ധ ബര്‍ണ്ണാര്‍ദ് പറയുന്നു: ”ലോകസാഗരത്തില്‍ കൊടുങ്കാറ്റുകളുടെ ഇടയില്‍ ഞാന്‍ ഇളകി മറിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കല്ലോല മാലകള്‍ എന്നെ വിഴുങ്ങാതിരിക്കാന്‍ മറിയമെ ഞാന്‍ എന്റെ ദൃഷടി അങ്ങയുടെ നേര്‍ക്ക് തിരിക്കുന്നു.” വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി കുറിക്കുന്നു: ‘മറിയത്തിന്റെ ഉത്ഭവസമയത്ത് അവള്‍ സ്വര്‍ഗ്ഗത്തിലെത്തിയിട്ടുള്ള ഏതു വിശുദ്ധരെക്കാളും പ്രസാദവര പൂര്‍ണയായിരുന്നു.’ വിശുദ്ധിയുടെ നിറകുടമായ മറിയത്തില്‍ നമുക്ക് അഭയം തേടാം. അമലോത്ഭവയായ ദൈവമാതാവിന്റെ ജനനത്തില്‍ സ്വര്‍ഗ്ഗവാസികളോടൊപ്പം നമുക്കും ആഹ്ലാദിക്കാം


Leave a Reply

Your email address will not be published. Required fields are marked *