ഒളിംപ്യന്‍ അനില്‍ഡ പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സന്ദര്‍ശിച്ചു


അങ്ങാടിപ്പുറം: മഴയെ അവഗണിച്ച് കായികപരിശീലനം നടത്തുന്ന പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഫാത്തിമ യുപി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് ആവേശം പകരാന്‍ അപ്രതീക്ഷിത അതിഥിയെത്തി, ഒളിംപ്യന്‍ അനില്‍ഡ തോമസ്.

2016 റിയോ (ബ്രസീല്‍) ഒളിംപിക്‌സില്‍ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കുവേണ്ടി ബാറ്റണ്‍ ഏന്തിയ താരമാണ് അനില്‍ഡ. ‘നിരന്തര പരിശീലനമണ് വിജയത്തിന്റെ അടിത്തറ. ശ്രമിച്ചുകൊണ്ടേയിരിക്കുക. നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. തോല്‍വികളും കൂടെയുണ്ടാകും. അത് വിജയത്തിന്റെ മുന്നോടിയായി കരുതണം. കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉണ്ടാകണം. ആരെല്ലാം പിന്നോട്ടു വലിച്ചാലും പതറരുത്. വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് വിജയം കൊയ്യുന്നത്.’ അനില്‍ഡ കുട്ടിത്താരങ്ങളെ ഓര്‍മിപ്പിച്ചു. മോസ്‌കോയിലും ലണ്ടനിലും നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത അനുഭവങ്ങളും അനില്‍ഡ പങ്കുവച്ചു.

അനില്‍ഡയുടെ ഭര്‍ത്താവും ദേശീയ ജാവലിന്‍ ത്രോ ജേതാവുമായ ജിബിന്‍ റെജിയും കുട്ടികളോടു സംസാരിച്ചു.

മരിയന്‍ സ്‌പോര്‍ട്‌ന് അക്കാദമി സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേല്‍, പരിശീലകരായ കെ. എസ്. സിബി, ജസ്റ്റിന്‍ ജോസ്, അധ്യാപകരായ ജോസഫ് പടിയറ, പി. അഞ്ജിത എന്നിവര്‍ ചേര്‍ന്ന് ഒളിംപ്യനെ സ്വീകരിച്ചു.

കോതമംഗലം സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ, പരിയാപുരം സെന്റ് മേരീന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ കെ. എസ്. സിബിയുടെ കീഴില്‍ 7 വര്‍ഷം അനില്‍ഡ തോമസ് പരിശീലനം നേടിയിരുന്നു. ഫാത്തിമ യുപി സ്‌കൂളിലെ കായികാധ്യാപകനും ദേശീയ ഫുട്‌ബോള്‍ റഫറിയുമായ ജസ്റ്റിന്‍ ജോസിന്റെ ഭാര്യാ സഹോദരിയാണ് അനില്‍ഡ.


Leave a Reply

Your email address will not be published. Required fields are marked *