Spirituality

മനുഷ്യന്റെ അന്ത്യങ്ങള്‍


നവംബര്‍ 2: സകല മരിച്ചവരുടെയും ഓര്‍മ്മ

ആധുനികകാലഘട്ടത്തില്‍ മരണാനന്തരജീവിതത്തെക്കുറിച്ച് ആളുകളുടെ ഇടയില്‍ ധാരാളം സംശയങ്ങള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ക്രിസ്തീയവിശ്വാസത്തെ ക്ഷതപ്പെടുത്തുന്ന ബാഹ്യശക്തികള്‍ക്കൊപ്പം ദൈവശാസ്ത്രപരമായ അറിവില്ലായ്മയും നമുക്കു ചുറ്റും വ്യാപിക്കുന്നുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമുള്ള ദൈവശാസ്ത്രപരമായ തര്‍ക്കവിതര്‍ക്കങ്ങള്‍ വിശ്വാസികളെ പലപ്പോഴും വിഷമസന്ധിയിലാക്കുന്നു. വിവിധതരത്തിലുള്ള വിഘടിത്രഗ്രൂപ്പുകള്‍ ഈ പ്രതിസന്ധിയെ മുതലെടുത്തു രംഗത്തുവരുന്നുണ്ട്. ഭൗതികവാദം, ഭീകരവാദം നിരീശ്വരവാദം തുടങ്ങിയവയെല്ലാം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ അകറ്റുന്നു. ദൈവശാസ്ത്ര പഠനങ്ങളെക്കുറിച്ചുള്ള അജ്ഞത നമ്മെ പലപ്പോഴും നിസ്സംഗതയിലേക്കു നയിക്കുന്നു. സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്ന് ഭക്തിപ്രസ്ഥാനത്തില്‍ മുഴുകുന്നതും ഭാവിലോകത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ ഭൗമികകാര്യങ്ങളില്‍ മാത്രം വ്യാപരിക്കുന്നതും ക്രൈസ്തവവിശ്വാസത്തിനു ഭൂഷണമല്ല.

മനുഷ്യന്റെ അന്ത്യങ്ങളായ മരണം, വിധി, സ്വര്‍ഗ്ഗം, നരകം എന്നിവയുടെ വിശകലനമാണ് ചുവടെ.

മരണം

മരണം പ്രകൃതിയുടെ ഒരു പ്രവര്‍ത്തനമാണ്. അതു ജീവനുള്ള എല്ലാവരും അനുഭവിക്കേണ്ടിവരുന്ന യാഥാര്‍ത്ഥ്യമാണ്. മരണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പൊതുതത്ത്വമാണ് അല്ലെങ്കില്‍ അനിവാര്യമായ ഒരു പ്രതിഭാസം. വിശുദ്ധ ഗ്രന്ഥവും ഇതുതന്നെയാണു പഠിപ്പിക്കുന്നത്. ജോഷ്വാ തന്റെ ഈലോകജീവിതാന്ത്യം അടുത്തപ്പോള്‍ ഈ പൊതുനിയമത്തെക്കുറിച്ച് ഇങ്ങനെ ഓര്‍മ്മിപ്പിച്ചു: ”ഇതാ, സകല മര്‍ത്യരും പോകേണ്ട വഴിയേ എനിക്കും പോകാറായിരുക്കുന്നു” (ജോഷ്വ 21, 14). ഇസ്രായേലിന്റെ എക്കാലത്തെയും ശക്തനായ രാജാവും ദൈവത്തിന്റെ പ്രീതിപാത്രവുമായ ദാവീദ് തന്റെ മരണമടുത്തപ്പോള്‍ സോളമനെ അടുത്തുവിളിച്ചു പറഞ്ഞു: ”മര്‍ത്യന്റെ പാതയില്‍ ഞാനും പോകുന്നു. ധീരനായിരിക്കുക. പൗരുഷത്തോടെ പെരുമാറുക” (1 രാജ 2, 2).

മനുഷ്യന്റെ ഈ ലോകജീവിതത്തിന്റെ അന്ത്യമാണു മരണം. ശരീരം ചലനമറ്റതാകുന്നു. ഒരു വ്യക്തിയെ എന്നും ജീവനോടെ സൂക്ഷിച്ചിരുന്ന ദൈവികാംശത്തിന്റെ വേര്‍പെടലും ഇവിടെ നടക്കുന്നു. എല്ലാ ബന്ധങ്ങളും ചരിത്രവും അവസാനിക്കുന്ന വേദനാജനകമായ അവസ്ഥയും അനുഭവവുമാണു മരണം. മരണത്തിന്റെ അര്‍ത്ഥപൂര്‍ണ്ണവുമായ മറ്റൊരു വശത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മരണമില്ലാതെ ഉത്ഥാനം സാധ്യമല്ല എന്നതാണു യാഥാര്‍ത്ഥ്യം. മരണം ഇഹലോകജീവിതത്തിന്റെ അന്ത്യം എന്നു പറയുമ്പോള്‍ നിത്യതയിലേയ്ക്ക് മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥാടനത്തിന്റെ അന്ത്യമെന്നാണു മനസ്സിലാക്കേണ്ടത്. ഈ ലോകത്തിലെ അന്ത്യം നിത്യജീവന്റെ ആരംഭമാണ്. ഈ അവസ്ഥയിലേയ്ക്ക് കടന്നു കഴിഞ്ഞാല്‍ ജീവിതനവീകരണത്തിനും പ്രായശ്ചിത്തത്തിനും ഒരിക്കലും സാധ്യമല്ല. ഉപമകളിലൂടെ സുവിശേഷം ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് (യോഹ 3, 4; മത്താ 24, 42, 25, 13). മരണമെന്നതു കര്‍ത്താവിലുള്ള മരണമാണെന്നു മനസ്സിലാക്കിയാല്‍ മരണത്തോടെ കര്‍ത്താവിന്റെ ഉയിര്‍പ്പിന്റെ മഹത്വത്തിലുള്ള ജീവിതം ആരംഭിക്കുകയാണ് എന്നു ബോധ്യമാകും. ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മരണം ഒരു രഹസ്യമാണ്. മനുഷ്യന്‍ സ്ഥലകാല പരിമിതികളെ മറികടന്ന് അനന്തതയെ പുല്‍കുന്ന അവസരമാണ് മരണം.

വിധി

മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാന്‍ കര്‍ത്താവു യുഗാന്ത്യത്തില്‍ മഹത്വത്തോടെ എഴുന്നള്ളി വരുമെന്നതു സഭയുടെ വിശ്വാസസത്യമാണ്. അതേസമയം, മരണത്തോടെ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു നടത്തിയ തിരഞ്ഞെടുപ്പുകള്‍ക്കനുസൃതമായി കര്‍ത്താവിന്റെ അനന്തകരുണയുടെ മുന്നില്‍ നിന്നുകൊണ്ടു ശരീരത്തില്‍നിന്നു വേര്‍പെട്ട് ആത്മാവു താന്‍ ആയിരുന്ന സ്ഥിതിയും ആയിരിക്കാമായിരുന്ന അവസ്ഥയും മനസ്സിലാക്കുന്നു. ഇതു മനസ്സിലാക്കുന്ന ആത്മാവ് സ്വര്‍ഗത്തിലോ നരകത്തിലോ ശുദ്ധീകരണ സ്ഥലത്തോ എത്തിച്ചേരുന്നു. ഇതാണു തനതുവിധി. ഇതു സഭയുടെ വിശ്വാസപാരമ്പര്യത്തില്‍ വളര്‍ന്നുവന്ന ഒരു സാധാരണ പ്രബോധനമാണ്. തനതുവിധിയെപ്പറ്റിയുള്ള വിശുദ്ധ തോമസ് അക്വീനാസിന്റെ പഠനവും വാദഗതികളും മനസ്സിലാക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും മനോഭാവങ്ങള്‍ക്കും പ്രതിഫലവും യോഗ്യതയും നമുക്കു ലഭിക്കണം. ഇതിനുള്ള സാധ്യത മരണത്തോടെ അവസാനിക്കുകയാണ്. അതുകൊണ്ട്, അതിനുള്ള വിധി മരണത്തോടെ നടന്നിരിക്കണം. ആയതിനാല്‍, തന്റെ വിധിയുടെ ഫലത്തെക്കുറിച്ച് അയാള്‍ അജ്ഞനും ഉത്കണ്ഠാകുലനുമായി കര്‍ത്താവിന്റെ മഹത്വത്തിലുള്ള വരവുവരെ തുടരേണ്ടിവരും. അതിനാല്‍, മരണത്തോടെ ഓരോ വ്യക്തിയുടെയും വിധി നടത്തിയിരിക്കണമെന്നാണു വിശുദ്ധന്റെ ദൈവശാസ്ത്രനിഗമനം. കൂടുതല്‍ വ്യക്തമായ ഭാഷയില്‍ ഈ ആശയം വിശുദ്ധന്‍ തന്നെ തുടരുന്നതിങ്ങനെയാണ്; ദൈവതിരുമുമ്പിലായിരിക്കുന്ന ആത്മാവു ദൈവത്തിന്റെ തീരുമാനം മനസ്സിലാക്കുന്നു. പൊതുവിധിയില്‍ ഇത് സകല സൃഷ്ടികളുടെയും മുന്‍പില്‍ വെളിവാക്കുന്ന ”വിധിവാചകം ദൈവം ഉച്ചരിക്കുന്നു. എന്നാല്‍, തനതുവിധിയില്‍ ഇതു നടക്കുന്നില്ല; ആത്മാവുതന്നെയാണു തീരുമാനത്തിലെത്തുന്നത്. മരണത്തോടെ തനതുവിധി ഉണ്ടാകുമെന്നതിനു വിശുദ്ധ ഗ്രന്ഥത്തില്‍ (2 കൊറി 5, 10) തെളിവുണ്ട്. പാരമ്പര്യത്തിലും സഭയുടെ പഠനങ്ങളിലും ഇതിനു കൂടുതല്‍ വ്യക്തത തരുന്ന രേഖകള്‍ കാണാം.

സ്വര്‍ഗ്ഗം

വിശുദ്ധ അഗസ്തീനോസ് സ്വര്‍ഗത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരം ആണ് ‘ദൈവത്തില്‍ എത്തുക എന്നത് മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന ആഗ്രഹവും കഴിവും ആണ്. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനായി മനുഷ്യന്‍ പര്‍ശ്രമിക്കേണ്ടിയിരിക്കുന്നു. ഈ പരിശ്രമഫലമായി ദൈവത്തോട് ഒപ്പമായിരിക്കുന്നതാണ് സ്വര്‍ഗവും സ്വര്‍ഗീയ അനുഭവവും.
ശരീരങ്ങളുടെ ഉയിര്‍പ്പ് ലോകാവസാനത്തിലേ സംഭവിക്കുകയുള്ള എങ്കിലും ദൈവവുമായുള്ള പൂര്‍ണ്ണമായ ഐക്യത്തില്‍ മരിക്കുന്നവര്‍ ഉടനെ സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്നു. പാപം ചെയ്തിട്ടില്ലാത്തവരും യഥാര്‍ത്ഥ പശ്ചാത്താപത്തിലൂടെ പാപത്തില്‍നിന്നു പൂര്‍ണ്ണമായ മുക്തി കിട്ടിയവരുമാണ് ഇപ്രകാരം മോക്ഷം പ്രാപിക്കുക: ”നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും” (ലൂക്കാ 23, 43) എന്ന യേശുവിന്റെ വാഗ്ദാനം ഇതിനു തെളിവാണ്. സ്വര്‍ഗ്ഗഭാഗ്യത്തെക്കുറിച്ച് അനേകം ഉപമകളിലൂടെയും ഉപമകള്‍ കൂടാതെയും യേശുനാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. ”എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍” (മത്താ 25, 34) ഉദാഹരണമാണ്.

സ്വര്‍ഗ്ഗം എവിടെയാണെന്ന ചോദ്യത്തിനു സഭ ഇങ്ങനെയാണു ഉത്തരം നല്‍കുന്നത്. ”സ്വര്‍ഗ്ഗത്തില്‍ ജീവിക്കുക എന്നതു ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നതാണ്. തെരെഞ്ഞെടുക്കപ്പെട്ടവര്‍ അവിടുന്നില്‍ ജീവിക്കണം. എന്നാല്‍, അവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ വ്യക്തിത്വവും തങ്ങളുടെ തന്നെ പേരും നിലനിര്‍ത്തുന്നു. അഥവാ കണ്ടെത്തുന്നു. ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നതാണു ജീവിതം. കാരണം, ക്രിസ്തു എവിടെയോ അവിടെയാണു രാജ്യം” (CCC 1025). മഹത്വീകൃതനായ മിശിഹാ ആയിരിക്കുന്ന പിതാവിന്റെ ഭവനമാണു സ്വര്‍ഗ്ഗം. അതുകൊണ്ട്, സ്വര്‍ഗ്ഗം എവിടെ ചോദ്യത്തിന് പ്രസക്തി ഇല്ല. സ്വര്‍ഗ്ഗം എന്താണ് എന്ന ചോദ്യത്തിനും മതബോധന ഗ്രന്ഥം ഉത്തരം നല്‍കുന്നുണ്ട് അതുപ്രകാരം ആണ് ”തന്റെ മരണവും ഉത്ഥാനവും വഴി ഈശോമിശിഹാ നമുക്കു സ്വര്‍ഗ്ഗം തുറന്നുതന്നു. ക്രിസ്തു പൂര്‍ത്തിയാക്കിയ രക്ഷ യുടെ ഫലങ്ങള്‍ തികവോടും പൂര്‍ണ്ണതയോടുംകൂടി സ്വന്തമാക്കുന്നതിലാണ് അനുഗ്രഹീതരുടെ ജീവിതം അടങ്ങിയിരിക്കുന്നത്. അവിടുന്നില്‍ വിശ്വസിക്കുകയും അവിടുത്തെ ഇഷ്ടത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്തവരെ അവിടുന്നു തന്റെ സ്വര്‍ഗ്ഗീയ മഹത്വീകരണത്തില്‍ പങ്കുകാരാകുന്നു. പരിപൂര്‍ണ്ണമായി അവിടുന്നിലേയ്ക്കു ചേര്‍ന്നവരുടെ അനുഗൃഹീത സമൂഹമാണു സ്വര്‍ഗ്ഗം” (CCC 1026).

നരകം

സഭയുടെ വിശ്വാസത്തില്‍ നിത്യശിക്ഷ ഉണ്ട്. എന്നാല്‍ ദൈവം ആരെയും അതിലേക്ക് തള്ളിവിടുന്നില്ല. ഒരുവന്‍ പോലും നരഗത്തില്‍ നിത്യശിക്ഷ അനുഭവിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. നരകം നിത്യമായി നിലനില്‍ക്കുന്ന ഒന്നാണ്. എന്റെ തന്നെ തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഞാന്‍ നരകത്തില്‍ ആയിരിക്കുക. ദൈവം സമ്മാനമായി നല്‍കിയ സ്വാതന്ത്ര്യം ഞാന്‍ ദൈവത്തിനെതിരായി നിരന്തരം ഉപയോഗിച്ച് തിരഞ്ഞെടുക്കുന്നതാണ് നരകം. ഇതില്‍നിന്നു മനസ്സിലാക്കാവുന്നത് നരകം ഒരു യാഥാര്‍ത്ഥ്യമാണ് എന്നതാണ്. അതിലായിരിക്കുക എന്നത് ഒരു സാധ്യതയാണ്, അനുതപിക്കാതെയും പാപമോചനം നേടാതെയും മാരകപാപാവസ്ഥയില്‍ മരിക്കുന്നവര്‍ തനതുവിധിയിലൂടെ ദൈവത്തെയും അവന്റെ സാന്നിദ്ധ്യത്തെയും നിഷേധിച്ച് അവന്റെ മുഖദര്‍ശനത്തില്‍നിന്നു നിത്യമായി അകന്നിരിക്കുന്ന അവസ്ഥയാണ് നരകം.

മാരകമായ പാപം വഴി ദൈവികജീവനില്‍ നിന്നു വിച്ഛേദിക്കപ്പെട്ടവര്‍ മരണത്തോടെ നിത്യശിക്ഷയ്ക്ക് ഇരയായിത്തീരുന്നു: ”ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍നിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍” (മത്താ 25, 41) എന്ന വചനം നിത്യശിക്ഷയുടെ ഉദാഹരണമാണ്. ദൈവത്തില്‍നിന്ന് എന്നേയ്ക്കുമായി അകറ്റപ്പെടുക (മത്താ 7, 23), വിരുന്നുശാലയില്‍ നിന്നു പുറത്താക്കപ്പെടുക (മത്താ 22, 13), മണവറയില്‍ പ്രവേശനം നിഷേധിക്കപ്പെടുക (മത്താ 25, 13), അഗ്നികുണ്ടത്തിലേക്കു വലിച്ചെറിയപ്പെടുക (മത്താ 13, 42) എന്നിങ്ങനെ അനേകം പ്രതീകങ്ങളിലൂടെ നിത്യശിക്ഷയെക്കുറിച്ച് യേശു പഠിപ്പിച്ചിട്ടുണ്ട്. കത്തോലിക്കാസഭയുടെ പ്രബോധനം വളരെ വ്യക്തമാണ്: മനസ്തപിച്ച് ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹം സ്വീകരിക്കാതെ മാരകപാപത്തില്‍ മരിക്കുക എന്നതിന്റെ അര്‍ത്ഥം, നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തില്‍നിന്ന് വേര്‍പെട്ടുനില്ക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസര്‍ഗത്തില്‍ നിന്ന് സുനിശ്ചിതമായി നമ്മെ വേര്‍പെടുത്തി നിറുത്തുന്ന അവസ്ഥയെ നരകം എന്നു വിളിക്കുന്നു (CCC 1033).

ശുദ്ധീകരണം

ഈ ഭൂമിയിലായിരുന്ന കാലത്ത് ചെയ്ത ചെറിയ തെറ്റുകള്‍ക്കുള്ള താല്കാലിക ശിക്ഷയില്‍ നിന്ന് വിടുതല്‍ നേടി സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ ദൈവം നല്‍കുന്ന അവസരമാണ് ശുദ്ധീകരണസ്ഥലം. ശുദ്ധീകരണസ്ഥലം എന്നാല്‍ ഒന്നാമതായി അത് നിത്യമായ ഒരവസ്ഥയല്ല ഈശോയുടെ രണ്ടാമത്തെ ആഗമനംവരെ മാത്രം നിലനില്‍ക്കുന്ന ഒരവസ്ഥയാണ്. രണ്ടാമതായി എല്ലാ ശുദ്ധീകരണാത്മാക്കളും അന്തിമമായി സ്വര്‍ഗത്തില്‍ എത്തിച്ചേരുന്നു.

മാരകമായ പാപത്തോടെയല്ലെങ്കിലും ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണത കൈവരിക്കാതെ മരണമടയുന്നവര്‍ക്ക് സ്വര്‍ഗ്ഗപ്രവേശനത്തിന് ഒരുക്കമായ ശുദ്ധീകരണത്തിന് സാധ്യത ദൈവം നല്‍കുന്നുണ്ടെന്ന് അനേകം സൂചനകള്‍ ബൈബിളില്‍ കാണാം. ശുദ്ധീകരണസ്ഥലത്തിലായിരിക്കുന്ന ആത്മാക്കള്‍ക്ക് മാത്രമാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും മരണാനന്തര കര്‍മ്മങ്ങള്‍കൊണ്ടും എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നത്. കാരണം സ്വര്‍ഗത്തിലായിരിക്കുന്നവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനാസഹായം ആവശ്യമില്ല. അവര്‍ ദൈവത്തെ മുഖാമുഖം കണ്ട് വിശുദ്ധ പദവിയില്‍ എത്തിക്കഴിഞ്ഞവരാണ്. നരകത്തിലായിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിലും കാര്യമില്ല. കാരണം നരകത്തിലായിരിക്കുന്നവര്‍ നിത്യനാശത്തിലാണ്. അവരെ അവിടെ നിന്ന് ആര്‍ക്കും ഒരിക്കലും രക്ഷിക്കാന്‍ ആവില്ല. കാരണം നരകം നിത്യമാണ്. എന്നാല്‍ ശുദ്ധീകരണസ്ഥലം വ്യത്യസ്തമായ അവസ്ഥയാണ്. അതുകൊണ്ടുതന്നെ ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് അര്‍ത്ഥമുണ്ട്. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്ന 2 മക്കാ 12, 42-45 ഈ വിഷയത്തില്‍ ഏറ്റം പ്രധാനപ്പെട്ട ബൈബിള്‍ ഭാഗമാണ്. മരണശേഷം ലഭിക്കുന്ന ലഘുവായ ശിക്ഷയെയും മോചനത്തെയും കുറിച്ചുള്ള പുതിയനിയമത്തിലെ പരാമര്‍ശങ്ങളും ഒരു ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു. ”അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍ അവന്‍ ലഘുവായ പ്രഹരിക്കപ്പെടുകയുള്ളൂ (ലൂക്കാ 12, 44), ‘അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം അവിടെനിന്നു പുറത്തുവരുകയില്ല” (മത്താ 15, 16) എന്ന വചനം കാലികമായ ഒരു ശിക്ഷയെ സൂചിപ്പിക്കുന്നു. വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയെ ‘അഗ്‌നിയിലൂടെന്നവണ്ണം രക്ഷപ്രാപിക്കുന്ന” വരെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട് (1 കോറി 3, 15). വചനത്തിലും പാരമ്പര്യത്തിലും മരണശേഷം ആത്മാവിന് സംഭവിക്കുന്ന ശുദ്ധീകരണത്തെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്.

ഭൗമികജീവിതത്തില്‍ ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനങ്ങളാണ് അയാളുടെ നിത്യജീവന്റെ അടിസ്ഥാനമായി നില്‍ക്കുന്നത്. ജീവിതത്തില്‍ ക്രിസ്തുവെന്ന രക്ഷകനില്‍ വിശ്വസിച്ചുകൊണ്ടും അവനുവേണ്ടിയും എടുക്കുന്ന തീരുമാനങ്ങളാണു കര്‍ത്താവില്‍ മരിക്കുവാനുള്ള തീരുമാനത്തിലെത്തിക്കുന്നത്. ഈ അര്‍ത്ഥത്തില്‍, മരണം ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുടെയും തീരുമാനമാണ്. ഈ അന്തിമതീരുമാനമാണു മരണത്തോടുള്ള മനോഭാവം രൂപപ്പെടുത്തുന്നതും മരണാനന്തരജീവിതം ക്രമപ്പെടുത്തുന്നതും. ക്രിസ്തുവിലുള്ള വിശ്വാസവും പ്രതീക്ഷയും ജീവിതത്തില്‍ കൈമുതലായി ഉള്ളവന് മരണം നിത്യ ജീവനിലേക്ക് കടക്കുവനുള്ള വാതില്‍ മാത്രമാണ്. നിരന്തരം ഒരുങ്ങി കടന്നു പോകേണ്ട യാഥാര്‍ത്ഥ്യമാണ് മരണം അതിനാല്‍ മരണത്തില്‍ നിന്നും ഓടി അകലാതെ പാപത്തില്‍ നിന്നും അകന്നു ജീവിക്കാന്‍ പരിശ്രമിക്കാം.

തയ്യാറാക്കിയത്: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍


Leave a Reply

Your email address will not be published. Required fields are marked *