Obituary

ആത്മബന്ധങ്ങളുടെ തോഴന്‍


സെപ്റ്റംബര്‍ 30: ഫാ. ജോണ്‍ മണലില്‍ അനുസ്മരണ ദിനം

ഷിമോഗ കുടിയൊഴിപ്പിക്കലിന്റെ ബാക്കിപത്രമായി കുടിയിറക്കപ്പെട്ട മുള്ളൂര്‍ കുടുംബത്തിലെ ജോസഫ് എന്ന കുട്ടി ഹൈസ്‌കൂള്‍ പഠനത്തിനായി എത്തിപ്പെട്ടത് വേനപ്പാറ ബാലഭവനിലാണ്. അക്കാലത്താണ് കാലിന് ഗുരുതരപരിക്കുമായി ഫാ. ജോണ്‍ മണലില്‍ വേനപ്പാറയില്‍ വിശ്രമത്തിന് എത്തിയത്. ഇരുവരും അന്നു പരിചയപ്പെട്ടു. അന്ന് തുടങ്ങിയ സൗഹൃദം നാലു തലമുറകള്‍ കടന്ന് ജോണച്ചന്റെ മരണം വരെ തുടര്‍ന്നു.

ജീവിതത്തിലെ പ്രധാന സംഭവങ്ങളിലെല്ലാം ഇരുവരും പരസ്പരം പങ്കുകൊണ്ട് സൗഹൃദം ശക്തിപ്പെടുത്തി. ജോസഫിന്റെ വിവാഹം നടത്തിക്കൊടുത്തതും മക്കളുടെയും പേരക്കിടാങ്ങളുടെയും വിവിധ കൂദാശകള്‍ പരികര്‍മ്മം ചെയ്തതും ജോണച്ചന്‍ തന്നെയായിരുന്നു. ഇതായിരുന്നു ഫാ. ജോണ്‍ മണലിലിന്റെ സൗഹൃദ ശൈലി. കൂട്ടായി വരുന്നവനെ കൂടോടെ ജീവനുതുല്യം മരണം വരെയും സ്‌നേഹിക്കുമായിരുന്നു അദ്ദേഹം.

പാവങ്ങളെ സൗഹൃദംകൊണ്ട് ധന്യമാക്കുക എന്നത് അച്ചന് ഏറെ ഹരമായിരുന്നു. ജോണച്ചന്‍ പയ്യനാട് പള്ളിയില്‍ വികാരിയായിരിക്കവേ ഒരിക്കല്‍ അച്ചന്റെ ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നും ജോണച്ചനെ സന്ദര്‍ശിക്കുവാന്‍ എത്തി. നട്ടുച്ച സമയത്ത് അവര്‍ അങ്ങനെ സംസാരിച്ചിരിക്കെ ഭിക്ഷ യാചിച്ച് ഒരു മനുഷ്യന്‍ അവിടെയെത്തി. ഒരു നേരത്തെ ഭക്ഷണത്തിനുള്ള പൈസയാണ് ധര്‍മ്മം തേടി വന്നവന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവനെ അച്ചന്റെയും ജ്യേഷ്ഠന്റെയും ഒപ്പമിരുത്തി അവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണം പകുത്തുനല്‍കി ആ യാചകനെ അമ്പരപ്പിച്ചു.

പടത്തുകടവില്‍ വികാരിയായിരിക്കവേ ജന്മംകൊണ്ട് ഹൈന്ദവനും ജീവിതംകൊണ്ട് ക്രിസ്ത്യാനിയുമായ വിജയന്‍ പതിവായി ജോണച്ചനെ കാണാന്‍ എത്തുമായിരുന്നു. വിജയന്‍ ശാലോം ശുശ്രൂഷകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏറെ ആകൃഷ്ടനും കൂടെക്കൂടെ നവീകരണ ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തിയുമാണ്. അഭിഷിക്തനെ കണ്ട് ആത്മീയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക എന്നത് ജീവിതത്തില്‍ ഏറെ ധന്യത ലഭിക്കുന്ന കാര്യമായി വിജയന്‍ കരുതിയിരുന്നു. ജോണച്ചന്റെ ഒഴിവുവേളകള്‍ കണ്ടെത്തി മണിക്കൂറുകളോളം ഈശ്വരചിന്തയില്‍ ലയിക്കുവാന്‍ വിജയന്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ഈ ആത്മീയ സംഭാഷണങ്ങള്‍ തന്റെ വിശ്വാസജീവിത പാതയില്‍ തിരുപാഥേയം പോലെയാണു വിജയന്‍ സ്വീകരിച്ചിരുന്നത്. അങ്ങിനെ നശ്വരമായ വിശപ്പിനേക്കാള്‍ വലുതാണ് ആത്മീയ വിശപ്പ് എന്ന് കണ്ടറിഞ്ഞവരാണ് അച്ചനും വിജയനും. പിന്നീട് അച്ചന്‍ സ്ഥലം മാറിയിട്ടും വിജയന്റെ മനസ്സില്‍ ആ സൗഹൃദം മായാതെ നിലകൊണ്ടു.

ജോണച്ചന്‍ കുപ്പായക്കോട് വികാരിയായിരിക്കവേ ഒരു പള്ളിത്തിരുനാള്‍ വേളയില്‍ സംഭവിച്ച ഒരു കുഞ്ഞുകാര്യം കൂടി കുറിക്കുകയാണ്: പ്രധാന തിരുനാള്‍ ദിനത്തില്‍ രൂപതാധ്യക്ഷന്‍ ദിവ്യബലി അര്‍പ്പിക്കുന്ന വേളയില്‍ പിതാവിന് കുടിക്കാനായി ഒരു ഗ്ലാസ് ചൂടുവെള്ളം സങ്കീര്‍ത്തിക്ക് സമീപത്തു ദേവാലയ ശുശ്രൂഷി വച്ചിരുന്നു. അമ്മവീട്ടില്‍ പെരുന്നാള്‍ കൂടുവാന്‍ കൊതിയോടെ വന്ന ഒരു കുഞ്ഞ് ദാഹംകൊണ്ട് അലമുറയിട്ടു. പെട്ടെന്ന് കുഞ്ഞിന്റെ അപ്പന്‍ അവിടെയിരുന്ന ചൂടുവെള്ളം കുഞ്ഞിനു കുടിക്കാന്‍ നല്‍കി. ഇത് കണ്ട ചിലര്‍ അവര്‍ക്ക് സമീപത്തേക്ക് വന്നു. ഭാര്യയുടെ ഇടവകയില്‍ വച്ച് അപമാനിതനാകുമെന്ന് ആ കുഞ്ഞിന്റെ അപ്പന് തോന്നി. സ്തബ്ധനായി നില്‍ക്കുന്ന കുഞ്ഞിന്റെ അപ്പന്റെ സമീപത്തേക്ക് വികാരിയായ ജോണച്ചനെത്തി ശാന്തമായി പറഞ്ഞു: ”കുഞ്ഞിന്റെ വായ് പൊള്ളാതെ നോക്കണേ.”

അതോടെ രംഗം ശാന്തമായി. വലിയൊരു അപമാനത്തിന്റെ വക്കില്‍ നിന്ന് വികാരിയച്ചന്റെ സമയോചിതവും സ്‌നേഹനിര്‍ഭരവുമായ ഇടപെടലിലൂടെ അപ്പനും കുഞ്ഞും രക്ഷപ്പെട്ടു. ഇന്നും ഭാര്യയുടെ ഇടവകയില്‍ വരുമ്പോഴെല്ലാം അദ്ദേഹം ഓര്‍ക്കും വലിയ മനസ്സുള്ള ആ വികാരിയച്ചനെ.

ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ ആര്‍ക്കും ഒരിക്കലും മറക്കുവാന്‍ കഴിയാത്ത വിധം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു ജോണച്ചന്റേത്.

ചങ്ങനാശേരി അതിരൂപതയില്‍ കുട്ടനാട്ടിലെ മുട്ടാര്‍ ഇടവകയില്‍ മണലില്‍ ദേവസ്യ – ക്ലാരമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായി 1943 ജൂണ്‍ ഒന്നിന് ജനിച്ചു. മുട്ടാറില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1959 ല്‍ പാലാ രൂപതയുടെ ഗുഡ് ഷെപ്പേഡ് സെമിനാരിയില്‍ തലശ്ശേരി രൂപതയ്ക്കുവേണ്ടി വൈദിക വിദ്യാര്‍ത്ഥിയായി. തുടര്‍ന്ന് തലശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരി, ആലുവ പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1968 ഡിസംബര്‍ 20ന് ആലുവ സെമിനാരിയില്‍ വച്ച് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. കുട്ടനാട്ടിലെ മുട്ടാര്‍ ഇടവകയില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് മിഷന്‍ സ്വപ്‌നങ്ങളോടെ മലബാറിലേക്ക് വണ്ടി കയറി. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യനിയമനം. അതോടൊപ്പം സ്റ്റേഷന്‍ പള്ളിയായിരുന്ന പാലാങ്കരയുടെ ചുമതലയും ജോണച്ചനായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പാലാങ്കരയുടെ വികാരിയായി. വികസനം എത്താത്ത ദേശമായിരുന്നു പാലാങ്കര. കാളവണ്ടി ആയിരുന്നു അവിടുത്തെ പ്രധാന വാഹനം. വിശ്വാസികള്‍ സാധാരണക്കാരായ കര്‍ഷകര്‍. കപ്പയാണ് പ്രധാന കൃഷി. പള്ളിമുറി ഇല്ലാതിരുന്നതിനാല്‍ സങ്കീര്‍ത്തിയിലായിരുന്നു അച്ചന്റെ താമസം. ഒരിക്കല്‍ അവിടുത്തെ സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്കായി ഒരു ടൂര്‍ സംഘടിപ്പിച്ചു. 1973 ഏപ്രില്‍ ഒന്നിന് അധ്യാപകര്‍ക്കൊപ്പം മൈസൂരിലേക്ക് യാത്ര പുറപ്പെട്ടു. മൈസൂര്‍ എത്താന്‍ ഏതാനും കിലോമീറ്റര്‍ മാത്രം ശേഷിക്കേ നിയന്ത്രണംവിട്ട ജീപ്പ് മരത്തിലിടിച്ചു മറിഞ്ഞു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പക്ഷേ ജോണച്ചന്റെ വലതുകാല്‍ മുട്ടിനുതാഴെ ഒടിഞ്ഞു തൂങ്ങി. വേദനകൊണ്ട് പുളഞ്ഞ അച്ചനെ നാട്ടുകാര്‍ മൈസൂര്‍ കൃഷ്ണരാജേന്ദ്ര ആശുപത്രിയിലെത്തിച്ചു. രൂപതാ കേന്ദ്രത്തില്‍നിന്ന് സഹായത്തിനായി ജോസഫ് കാപ്പിലച്ചനെ വള്ളോപ്പിള്ളി പിതാവ് മൈസൂരിലേക്ക് അയച്ചു. നാലു ദിവസങ്ങള്‍ക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി അച്ചനെ മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒന്നരവര്‍ഷം വേനപ്പാറ ബാലഭവനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

1975 ല്‍ ഈരൂട് വികാരിയായി കര്‍മ്മമണ്ഡലത്തിലേക്ക് തിരിച്ചെത്തി. നഗരകേന്ദ്രമായ താമരശ്ശേരിയില്‍ ഒരു പള്ളി വേണമെന്ന വള്ളോപ്പിള്ളി പിതാവിന്റെ ആഗ്രഹപ്രകാരം 1976 ല്‍ താമരശ്ശേരി ടൗണിനോടനുബന്ധിച്ച് എട്ടു സെന്റ് സ്ഥലം കണ്ടെത്തി പള്ളി സ്ഥാപിച്ചത് ജോണച്ചനായിരുന്നു. ഈരൂട് വികാരി ആയിരിക്കെ തന്നെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ താമരശ്ശേരിയില്‍ ആരംഭിച്ച പുതിയ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കും അച്ചന്‍ നേതൃത്വം നല്‍കി.

1980 -ല്‍ പയ്യനാട് വികാരിയായി സ്ഥലം മാറി. കൂമന്‍കുളം സ്റ്റേഷന്‍ പള്ളിയുടെ ചാര്‍ജും ജോണച്ചനായിരുന്നു. മഞ്ചേരി ടൗണില്‍ അന്ന് പള്ളിയില്ല. നഗരത്തിലെ വിശ്വാസികളെ സംഘടിപ്പിച്ചു പള്ളി നിര്‍മ്മിക്കുവാന്‍ അച്ചന്‍ തീരുമാനിച്ചു. 1986-ല്‍ തലശ്ശേരി രൂപത വിഭജിച്ച് താമരശ്ശേരി രൂപത നിലവില്‍വന്നു. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പ്രഥമ ബിഷപ്പായി. അതേ വര്‍ഷം നവംബറില്‍ പണികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ മഞ്ചേരി പള്ളി വെഞ്ചരിച്ചു ദിവ്യബലി ആരംഭിച്ചു. 1987- ല്‍ ജോണച്ചന്‍ മഞ്ചേരി ഇടവക വികാരിയായി സ്ഥാനമേറ്റു. സ്റ്റേഷനായ കൂമന്‍കുളത്ത് പള്ളി നിര്‍മ്മിക്കുന്നതിന് അച്ചന്‍ മുന്‍കൈയെടുത്തു. 1988- ഫെബ്രുവരിയില്‍ കൂമന്‍കുളത്ത് പുതിയ പള്ളി നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1990-ല്‍ മരഞ്ചാട്ടി ഇടവക വികാരിയായി സ്ഥലം മാറി. അവിടെയും പള്ളിയും പള്ളിമുറിയും ഉണ്ടായിരുന്നില്ല. സ്‌കൂളിലെ ഒരു ക്ലാസില്‍ ഇടദിവസങ്ങളില്‍ കുര്‍ബാനയര്‍പ്പിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും സ്‌കൂള്‍ ഹാളിലായിരുന്നു ദിവ്യബലി. ഇടവക ജനങ്ങളുടെ സഹകരണത്തോടെ പുതിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു. 1995 ഡിസംബര്‍ 16ന് പുതിയ പള്ളി കൂദാശ ചെയ്തു.

1996 -ല്‍ കട്ടിപ്പാറ വികാരിയായി. രണ്ടായിരത്തില്‍ കുളിരാമുട്ടിയിലേക്ക് സ്ഥലം മാറി. ഒരു വര്‍ഷത്തോളം സേവനം ചെയ്ത ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ വാലില്ലാപ്പുഴയിലേക്ക് സ്ഥലം മാറി. സണ്‍ഡേസ്‌കൂള്‍ ഷെഡ്ഡിന്റെ രണ്ടാം നിലയില്‍ ആയിരുന്നു അന്ന് പള്ളി. പുതിയ പള്ളി നിര്‍മിക്കുന്നതിന് വികാരി അച്ചന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. മേല്‍ക്കൂരയും മുഖവാരവും പണിതീര്‍ത്തു. ഇതിനിടെ ജോണച്ചന് ബൈപ്പാസ് സര്‍ജറി നടത്തേിവന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പള്ളി പണി തീരും മുമ്പേ ചുണ്ടത്തുംപൊയിലിലേക്ക് സ്ഥലം മാറി. തുടര്‍ന്ന് കുപ്പായക്കോട്, പടത്തുകടവ്, കല്ലുരുട്ടി ഇടവകകളിലും വികാരിയായി.

തിരുപ്പട്ടം സ്വീകരിച്ച് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നേരിടേണ്ടി വന്ന വലിയ അപകടം വലതുകാലിന് ഏല്‍പ്പിച്ച പരിക്ക് ഏറെ ഗൗരവമുള്ളതായിരുന്നു. പിന്നീട് ജീവിതത്തിലുടനീളം അല്പം മുടന്തുള്ള കാലോടുകൂടിയാണ് ജീവിതം മുന്നോട്ടു പോയത് എങ്കിലും അതെല്ലാം വിളിച്ചവനോടുള്ള സ്‌നേഹത്തെപ്രതി യാതൊരു പരാതിയും പരിഭവവും ഇല്ലാതെ സഹിക്കുന്ന ശാന്തപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

2014 മെയ് 11 മുതല്‍ മേരിക്കുന്ന് ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2021 സെപ്റ്റംബര്‍ 15ന് കോവിഡ് ബാധിതനായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 30 വ്യാഴാഴ്ച രാവിലെ 4.15ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മേരിക്കുന്നിലുള്ള വൈദിക വിശ്രമ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ജോണച്ചന്‍ അവിടെ വരുന്ന സന്ദര്‍ശകരോട് കുശലം പറയുന്നതിനും പരിചയപ്പെടുന്നതിനും ഏറെ മുന്നിലായിരുന്നു. പ്രീസ്റ്റ് ഹോമിനെ ചടുലമായി നിലനിര്‍ത്തുന്നതില്‍ അച്ചന്‍ വലിയ പങ്കുവഹിച്ചു. ആത്മീയ ജീവിതത്തിലോ അനുദിന ഉത്തരവാദിത്വങ്ങളിലോ ഒരു മുടക്കവും വരുത്താതെയും ആര്‍ക്കും ഒരു ഭാരമാകാതെയും ജീവിക്കുവാന്‍ അച്ചന്‍ പരിശീലിച്ചിരുന്നു. ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, ചാപ്പലില്‍ ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ജോണച്ചന്‍ വൈദിക വിശ്രമ മന്ദിരത്തിന് ശബ്ദവും ഊര്‍ജവും ആയിരുന്നു.

2018-ല്‍ ജോണച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മണലില്‍ കുടുംബം പുറത്തിറക്കിയ ‘സഹനത്തിന്റെ വഴിത്താരയില്‍’ എന്ന പുസ്തകം അച്ചന്റെ ജീവിതകഥ വ്യക്തമാക്കുന്നു.

പലവട്ടം മരണത്തെ മുഖാഭിമുഖംക ജോണച്ചന്‍ കഴിഞ്ഞ ജൂണില്‍ അസുഖബാധിതനായി വെന്റിലേറ്ററിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തി. ഇനി ഞാന്‍ മരണത്തിന് എപ്പോഴും ഒരുങ്ങിയിരിക്കുകയാണന്ന് ജോണച്ചന്‍ പറയുമായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചപ്പോള്‍ തന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിച്ചു വെന്ന് തിരിച്ചറിഞ്ഞ അച്ചന്‍ ആത്മീയമായി സമ്പൂര്‍ണ്ണ ഒരുക്കത്തില്‍ രോഗീലേപനം സ്വീകരിച്ചു. താന്‍ അനുഭവിച്ച ദൈവസ്‌നേഹം കലവറയില്ലാതെ പകര്‍ന്നുനല്‍കിയവന്‍, ലാളിത്യം ജീവിതവ്രതമാക്കിയവന്‍, കരുണാമയന്റെ നേര്‍ക്കാഴ്ചയായവന്‍, ക്രിസ്ത്വാനുകരണം പോലെ ധന്യമായ ജീവിതം. സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയില്‍ നമുക്കും പ്രചോദനമാകട്ടെ ആ പാവന ജീവിതം.


Leave a Reply

Your email address will not be published. Required fields are marked *