Spirituality

ജപമാല രാജ്ഞിയോടൊപ്പം


ജപമാല മാസത്തിന്റെ നിര്‍മ്മലതയിലേക്ക് ഈ ദിനങ്ങളില്‍ നാം പ്രവേശിക്കുകയാണ്. നാമോരോത്തരുടെയും ആത്മീയ ജീവിതത്തിന് ഓജസ്സും തേജസ്സും നല്‍കുന്ന ദിവസങ്ങളാണിത്. പരിശുദ്ധ അമ്മയുടെ മടിത്തട്ടിലിരുന്ന് രക്ഷാകര രഹസ്യങ്ങളെ ധ്യാനിച്ച് ദൈവത്തിങ്കലേക്ക് ചുവടുകള്‍ വയ്ക്കുവാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം. ‘പുത്രന്‍ വഴിയായിട്ടല്ലാതെ ആര്‍ക്കും പിതാവിന്റെ സവിധത്തില്‍ അണയാന്‍ സാധിക്കാത്തതുപോലെ ഓരോരുത്തര്‍ക്കും പരിശുദ്ധ മറിയം വഴിയല്ലാതെ പുത്രനെ സമീപിക്കുവാന്‍ സാധ്യമല്ല’ (13-ാം ലെയോ മാര്‍പാപ്പ). കാലിത്തൊഴുത്തിലും കാനായിലും കാല്‍വരിയിലും ദൈവപുത്രനോട് കൂടിയായിരുന്ന പരിശുദ്ധ അമ്മ തന്റെ ജീവിതത്തെ മുഴുവന്‍ ദൈവപദ്ധതിക്ക് സമര്‍പ്പിച്ചു. രക്ഷാകര രഹസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി കിരീടം ധരിപ്പിക്കപ്പെട്ടു. പരിശുദ്ധ അമ്മ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ അമ്മയും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്ന സ്വര്‍ഗീയ രാജ്ഞിയുമാണ്.

ക്രൈസ്തവ ആത്മീയതയുടെ ഊടും പാവും നെയ്യുന്ന ജപമാല രക്ഷാകരസംഭവങ്ങളുടെ ധ്യാനാത്മകമായ പ്രാര്‍ത്ഥനയാണ്. കേരള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത മഹത്തായ പാരമ്പര്യമാണ് പരിശുദ്ധ അമ്മയോടുള്ള സ്‌നേഹവും ജപമാല ഭക്തിയും. ഇന്നും നമ്മുടെ ശക്തിസ്രോതസ്സാണിത്. പോള്‍ ആറാമന്‍ മാര്‍പാപ്പ ജപമാലയെക്കുറിച്ച് പറയുന്നത്, ‘ക്രിസ്തു കേന്ദ്രീകൃതമായ ധ്യാനാത്മക പ്രാര്‍ത്ഥനയാണ് ജപമാല’ എന്നാണ്.

ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ ചെറിയ മണികള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ നടന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. മരുഭൂമിയിലെ പിതാക്കന്മാര്‍ ബി.സി. നാലാം നൂറ്റാണ്ട് മുതല്‍ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നതിനായി ചെറിയ ജപചരടുകള്‍ ഉപയോഗിച്ചിരുന്നു. ജപമാലയുടെ ഉത്ഭവത്തെക്കുറിച്ച് പല വിശ്വാസ പാരമ്പര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 1214 ല്‍ വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെടുകയും ജപമാല നല്‍കുകയും ചെയ്തു എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എല്ലാ ദിവസവും ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്ന ഒരു പതിവ് ക്രിസ്തീയ സന്യാസ ആശ്രമങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാത്ത സാധാരണ സന്യാസികള്‍ക്ക് ഇത് ബുദ്ധിമുട്ടായിരുന്നതിനാല്‍ അവര്‍ 150 തവണ കര്‍ത്തൃപ്രാര്‍ത്ഥന ആവര്‍ത്തിക്കുവാന്‍ തുടങ്ങി. ഇതാവാം കൊന്തയുടെ ആദ്യ രൂപം.

സഭയുടെ ചരിത്രത്തില്‍ ഒട്ടുമിക്ക മാര്‍പാപ്പാമാരും ഈ ഭക്ത അഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 1571 ല്‍ പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പാ കൊന്തയെ സഭയുടെ പഞ്ചാംഗത്തില്‍ ഉള്‍പ്പെടുത്തി. അതിന് പിന്നില്‍ ചരിത്രപരമായ ഒരു കാരണമുണ്ട്. യൂറോപ്പ് പിടിച്ചടക്കി റോമാനഗരം അഗ്‌നിക്കിരായാക്കുക എന്ന ലക്ഷ്യത്തോടെ തുര്‍ക്കികള്‍ 1571-ല്‍ സൈനിക നീക്കം നടത്തി. പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ക്രൈസ്തവരാഷ്ട്രങ്ങള്‍ സംയുക്തമായി തുര്‍ക്കിയെ നേരിട്ടു. ലെപ്പാന്‍തോ നഗരത്തില്‍ വച്ച് നടന്ന യുദ്ധത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പത്ത് ദിവസം തുടര്‍ച്ചയായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 7-ാം തീയ്യതി ജപമാല ചൊല്ലുന്നതിനിടയില്‍ വിജയവാര്‍ത്തകേട്ട് മാര്‍പാപ്പ ഒക്ടോബര്‍ 7 ജപമാല രാജ്ഞിയുടെ തിരുനാളായി പ്രഖ്യാപിച്ചു. ലെയോ 13-ാമന്‍ മാര്‍പാപ്പയാണ് ഒക്ടോബര്‍ മാസത്തെ ജപമാല മാസമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കാലഘട്ടത്തില്‍ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന ജപത്തിനു മാറ്റം വരുത്താന്‍ ശ്രമം ഉണ്ടായെങ്കിലും പോള്‍ ആറാമന്‍ പാപ്പ അതിനു സമ്മതിച്ചില്ല. ഇത്രയേറെ പ്രചാരവും സ്വീകാര്യവും കിട്ടിയ ഒരു പ്രാര്‍ത്ഥനയെ മാറ്റി മറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്ന് മാര്‍പാപ്പാമാര്‍ ഭയന്നു. കൊന്തയില്‍ പാരമ്പര്യമായി ചൊല്ലാറുള്ളത് 15 രഹസ്യങ്ങള്‍ ആണ്. ദീര്‍ഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടില്‍ പീയൂസ് അഞ്ചാമന്‍ മാര്‍പാപ്പ തയ്യാറാക്കിയതാണിത് – സന്തോഷം, ദുഃഖം, മഹിമ ഗണങ്ങള്‍. 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടെ കൂട്ടിച്ചേര്‍ത്തു. അതോടെ രഹസ്യങ്ങളുടെ എണ്ണം 20 ആയി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ അപ്പസ്‌തോലിക ലേഖനത്തില്‍ പറയുന്നതുപോലെ, ‘ജപമാലയിലൂടെ നാം മറിയത്തോടൊപ്പം ക്രിസ്തുവിനെ സ്മരിക്കുന്നു. മറിയത്തില്‍ നിന്ന് ക്രിസ്തുവിനെ മനസ്സിലാക്കുന്നു. മറിയത്തോടൊപ്പം ക്രിസ്തുവിന് അനുരൂപരാകുന്നു. മറിയത്തിനോടൊപ്പം ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുന്നു’. തിന്മയുടെ അരാജകത്വം എവിടെയും നിറയുന്ന ഈ കാലഘട്ടത്തില്‍ ഒരോ ക്രൈസ്തവന്റെയും കടമയാണ് ജപമാല കൈകളിലെടുക്കുകയെന്നത്. വ്യക്തികളും കുടുംബങ്ങളും, സഭയും സമൂഹവും ദൈവാനുഗ്രഹം കൊണ്ട് നിറയുവാന്‍ ജപമാല പോലെ ഉന്നതമായ മറ്റൊരു മാര്‍ഗ്ഗമില്ല.


Leave a Reply

Your email address will not be published. Required fields are marked *