Special Story

പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയം


‘വിജയിച്ച ഒരു പ്രസ്ഥാനം കാണുമ്പോള്‍ ഓര്‍ക്കുക ആരോ ഒരിക്കല്‍ ധൈര്യപൂര്‍വം എടുത്ത തീരുമാനത്തിന്റെ ഫലപ്രാപ്തിയാണതെന്ന്’.

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ കണ്ണൂരില്‍ സാധാരണ കുടുംബത്തില്‍ പിറന്ന് അസാധാരണനായി വളര്‍ന്ന വ്യക്തിയാണ്. സൈന്യത്തില്‍ ക്യാപ്റ്റനായി സേവനം അനുഷ്ഠിച്ച് പിരിഞ്ഞശേഷം കണ്ണൂരില്‍ മില്ലും തുണിക്കയറ്റുമതിയുമായി കഴിഞ്ഞിരുന്ന കൃഷ്ണന്‍ നായര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി നടത്തിയ വിദേശ യാത്രയിലാണ് ആഡംബര ഹോട്ടലുകളുടെ സാധ്യത മനസിലാക്കിയത്.

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ മാത്രം വിഹരിച്ചിരുന്ന ആഡംബര ഹോട്ടല്‍ വ്യവസായത്തില്‍ അവരെ വെല്ലുവിളിച്ചുകൊണ്ട് കൃഷ്ണന്‍ നായരുടെ ലീലാ ഹോട്ടല്‍ മുംബൈയില്‍ തലയെടുപ്പോടെ ഉയര്‍ന്നപ്പോള്‍ വമ്പന്‍മാര്‍ ഞെട്ടി.

ഒരിക്കല്‍ മൈസൂരില്‍ ദസറ ആഘോഷത്തിന് കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡേ കൃഷ്ണന്‍ നായരെ മുഖ്യാതിഥിയായി ക്ഷണിച്ചു.

മൈസൂര്‍ കൊട്ടാരം പോലെ ഒരു ഹോട്ടല്‍ ബാംഗ്‌ളൂരില്‍ പണിതുകൂടേയെന്ന് ഹെഗ്‌ഡേ കൃഷ്ണന്‍ നായരോടു ചോദിച്ചു.

അതിനു മറുപടിയായി മൈസൂര്‍ കൊട്ടാരത്തിന്റെ വാസ്തു ശില്‍പ്പ മാതൃകയില്‍ എട്ടേക്കറില്‍ 357 മുറികളുമായി ബാഗ്‌ളൂരില്‍ 2001ല്‍ കൃഷ്ണന്‍ നായര്‍ ‘ലീലാ പാലസ്’ നിര്‍മിച്ചു.

ലീലാ പാലസ് സന്ദര്‍ശിച്ച മൈസൂര്‍, ജോധ്പൂര്‍, ജയ്പൂര്‍, ബറോഡ മഹാരാജാക്കന്മാര്‍ പറഞ്ഞു- ‘ഇത് മൈസൂര്‍ കൊട്ടാരത്തെക്കാള്‍ മനോഹരം’.

വിവേകപൂര്‍വം ചങ്കൂറ്റത്തോടെ എടുക്കുന്ന തീരുമാനമാണ് ഒരാളെ വിജയിയാക്കുന്നത്. വെറുതെയിരിക്കാന്‍ ആര്‍ക്കും സാധിക്കും പക്ഷെ, പ്രവര്‍ത്തിക്കാന്‍ ആത്മശക്തി വേണമെന്നാണ് കൃഷ്ണന്‍ നായര്‍ പറയുക.

ആദ്യമായി വേണ്ടത് ആഗ്രഹമാണ്. ജീവിതത്തില്‍ ആരെങ്കിലും ആകണമെന്ന തീവ്രമായ ആഗ്രഹം.
ഓര്‍ക്കുക
പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മനസില്‍ ഉറയ്ക്കുന്ന ലക്ഷ്യത്തിലേക്കാണ് പില്‍ക്കാലത്ത് ഒരാള്‍ എത്തുക.
എന്തെങ്കിലും ആകട്ടെ എന്നു കരുതി ജീവിച്ചാല്‍ ഒന്നുമാകില്ല.
തീവ്രമായി ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ അറിയാതെ തന്നെ നീങ്ങിക്കൊണ്ടിരിക്കും.

കുട്ടികളില്‍ ലക്ഷ്യബോധമുറപ്പിക്കാന്‍ പല രക്ഷിതാക്കളും ശ്രദ്ധിക്കാറില്ല. കുട്ടി തന്നെ എന്തെങ്കിലും ആയിക്കൊള്ളുമെന്നു കരുതുന്നത് മൗഢ്യമാണ്. അപകര്‍ഷതാബോധം മാറ്റി കഴിവുള്ളവരാണെന്ന ബോധം കുട്ടികള്‍ക്കു ലഭിക്കേണ്ടത് വീടുകളില്‍ തന്നെയാണ്. നല്ല വായനയും ചിന്തയും ചര്‍ച്ചയും നടക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് ലക്ഷ്യ ബോധം ഉറപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വത്തെക്കുറിച്ച് വലിയ ചിത്രം സങ്കല്‍പ്പിക്കുവാന്‍ അവസരം കൊടുക്കണം. പുഴുക്കളെപ്പോലെ ജീവിക്കാനല്ല വലിയ ദൗത്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന ആത്മബോധം പകരാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം.

ലക്ഷ്യം ഉറപ്പിച്ചു കഴിഞ്ഞാല്‍ അതു നേടാനുള്ള വഴികള്‍ തേടണം. ലക്ഷ്യങ്ങള്‍ യഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാകണം. മക്കളെ ഒരു കോഴ്‌സിനു വിടുമ്പോള്‍ ജോലി സാധ്യതയ്‌ക്കൊപ്പം അതിനു സാമ്പത്തിക ശേഷിയുണ്ടോ എന്ന കാര്യം കൂടി പരിഗണിക്കണം.

വലിയ ലക്ഷ്യം ഒറ്റയടിയ്ക്കു നേടാനാവില്ല. അതിലേക്കു പടിപടിയായാണ് എത്തുക. ആദ്യം ഒരാഴ്ചത്തേക്കുള്ള ലക്ഷ്യം വയ്ക്കുക. പിന്നീട് ഒരു മാസത്തേക്ക്. ഒരു വര്‍ഷത്തേക്ക്. അവസാനം ഒരു ആയുസിലേക്ക്.

സമയത്തിന്റെയും പഠനത്തിന്റെയും ചിട്ടയായ ചെലവഴിക്കലാണ് ടൈംടേബിള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ടിവി കാണാനും ഉല്ലാസ ആവശ്യങ്ങള്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കാനും ദിവസം എത്ര സമയം ചെലവഴിക്കാമെന്ന് നേരത്തെതന്നെ തീരുമാനിക്കാമല്ലോ. പഠിക്കാനും കളിക്കാനും ഉല്ലസിക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം വേണ്ട സമയം ഓരോ ദിവസത്തെയും ആസൂത്രണത്തില്‍ ഉണ്ടാകണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണ കാലത്ത് ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കി. അഞ്ചു വര്‍ഷം കൊണ്ടു നേടുന്ന വികസന അജണ്ടയായിരുന്നു നെഹ്രു വിഭാവനം ചെയ്തത്.

രാജ്യങ്ങളുടെ ബജറ്റില്‍ രാജ്യ രക്ഷയ്ക്കും റോഡുകളും പാലങ്ങളും പണിയാനും വിദ്യാഭ്യാസത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കുമെല്ലാം തുക വകയിരുത്തും. ഇതു തന്നെയാണ് വ്യക്തികളും ചെയ്യുന്നത്. നമ്മുടെ കഴിവുകളേയും ശേഷിയേയും സാമ്പത്തിക അവസ്ഥയേയും വ്യക്തമായി ആസൂത്രണം ചെയ്ത് വിജയം നേടുക.

പ്രശസ്ത അമേരിക്കന്‍ കവിയും ചിന്തകനും ഉപന്യാസകാരനുമായ റാള്‍ഫ് വാള്‍ഡോ എമേഴ്‌സണ്‍ പറഞ്ഞു:
‘Once you make a decision,
The universe conspires
to make it happen’

(നിങ്ങള്‍ ഒരിക്കല്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതു നടപ്പാക്കിക്കിട്ടാന്‍ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന ചെയ്യും)
അപ്പോള്‍ തീരുമാനമെടുക്കലാണ് പ്രധാനം.


Leave a Reply

Your email address will not be published. Required fields are marked *