ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യുജിസി, നെറ്റ് പരിശീലനത്തിന് അവസരം
ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും സൗജന്യ യുജിസി, നെറ്റ് പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത 25 സ്ഥാപനങ്ങള്‍ മുഖാന്തരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. പഠനം പൂര്‍ത്തിയാക്കിയവര്‍ 55% മാര്‍ക്കോടെ വിജയിച്ചവരാകണം. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യക പരിഗണനയുണ്ട്. കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
കോഴിക്കോട് ജില്ലയില്‍ ദേവഗിരി സെന്റ്. ജോസഫ്‌സ് കോളജ്, കോടഞ്ചേരി ഗവ. കോളജ്, ഫാറൂഖ് കോളജ്, മലപ്പുറം ജില്ലയില്‍ ചുങ്കത്തറ മാര്‍ തോമാ കോളജ്, കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, അരീക്കോട് സുല്ലാമുസ്ലാം സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അപേക്ഷാ ഫോം ഈ സെന്ററുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം നേരിട്ടോ തപാല്‍ വഴിയോ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓഡിനേറ്റര്‍ക്ക് ഡിസംബര്‍ 10ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ബിരുദാനന്തര ബിരുദ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567179342