Daily Saints

ഡിസംബര്‍ 8: കന്യകാമറിയത്തിന്റെ അമലോത്ഭവം


സര്‍പ്പത്തിന്റെ തല തകര്‍ത്തവളും നന്മനിറഞ്ഞവളുമായ കന്യകാമറിയം ഉത്ഭവപാപരഹിതയാണെന്നുള്ള വിശ്വാസ സത്യം സാവധാനത്തിലാണ് തിരുസഭയ്ക്ക് തെളിവായത്. ഒരു പ്രൊട്ടസ്റ്റന്റു കവിയായ വേഡ്‌സ്‌വര്‍ത്ത് ”പാപപങ്കിലമായ മനുഷ്യപ്രകൃതിയുടെ ഏക സ്തുതി പാത്രമേ” എന്ന് മറിയത്തെ സംബോധന ചെയ്തിട്ടുണ്ട്.

1854 ഡിസംബര്‍ എട്ടിന് അവര്‍ണ്ണനീയ ദൈവം എന്ന തിരുവെഴുത്തുവഴി ഒമ്പതാം പീയൂസ് മാര്‍പാപ്പ അമലോത്ഭവ സത്യം ഇങ്ങനെ നിര്‍വചിച്ചു, ”അഖണ്ഡവും പരിശുദ്ധവുമായ ത്രിത്വത്തിന്റെ സ്തുതിക്കും കന്യകയായ ദൈവമാതാവിന്റെ മഹത്വത്തിനും അലങ്കാരത്തിനും കത്തോലിക്കാ വിശ്വാസത്തിന്റെ പുകഴ്ച്ചയ്ക്കും കത്തോലിക്കാ സഭയുടെ പ്രചാരത്തിനുമായി നമ്മുടെ കര്‍ത്താവീശോ മിശിഹായുടെയും പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും നമ്മുടെയും അധികാരത്തോടുക്കൂടെ നാം ആദ്യവസാനം ചെയ്യുകയും നിര്‍വചിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എത്രയും ഭാഗ്യപ്പെട്ട കന്യകാമറിയം ഉത്ഭവത്തിന്റെ പ്രഥമ നിമിഷം മുതല്‍ മനുഷ്യവംശത്തിന്റെ രക്ഷകനായ ഈശോ മിശിഹായുടെ യോഗ്യതകളെ പ്രതി സര്‍വ്വശക്തനായ ദൈവം നല്‍കിയ പ്രത്യേക വരത്താലും ആനുകൂല്യത്താലും ഉത്ഭവ പാപത്തിന്റെ സകല മാലിന്യത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടുവെന്നുള്ളത് ദൈവം വെളിപ്പെടുത്തിയതും അതിനാല്‍ ഉറച്ചുവിശ്വസിക്കേണ്ടതുമാണ്.”

മാര്‍പാപ്പയുടെ ഈ പ്രഖ്യാപനത്തെ ഉറപ്പിച്ചുകൊണ്ട് 1858 മാര്‍ച്ച് 25ന് ലൂര്‍ദില്‍ ദൈവമാതാവ് വിശുദ്ധ ബര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ”ഞാന്‍ അമലത്ഭവയാണ്.”


Leave a Reply

Your email address will not be published. Required fields are marked *