ഫീദെസ് ഫാമിലി ക്വിസ് 2024: ആദ്യ ഘട്ട മത്സരം ഒക്ടോബറില്‍
താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഫീദെസ് ഫാമിലി ക്വിസ് 2024-ന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ ഒക്ടോബറില്‍ നടക്കും. ലിറ്റര്‍ജി കമ്മീഷന്‍ മേരിക്കുന്ന് പിഎംഒസിയുടെ സഹകരണത്തോടെ തയ്യാറാക്കിയ താമരശ്ശേരി രൂപതാ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് ഫീദെസ് ക്വിസ് സംഘടിപ്പിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ഈ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ 100 ചോദ്യങ്ങള്‍ ആണുള്ളത്. ഈ ചോദ്യങ്ങള്‍ അടങ്ങിയ ക്യു ആര്‍ കോഡ് 2024 സെപ്റ്റംബര്‍ -ഒക്ടോബര്‍ ലക്കം മലബാര്‍ വിഷനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
താമരശ്ശേരി രൂപയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഫീദെസ് ക്വിസില്‍ പങ്കെടുക്കാം. ഓരോ കുടുംബവും ആണ് ഒരു ടീം. ഒരു കുടുംബത്തില്‍ നിന്ന് കുറഞ്ഞത് രണ്ടു പേര്‍ക്കും കൂടിയത് മൂന്നുപേര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്.
താമരശ്ശേരി രൂപത കലണ്ടര്‍ 2024 (60%), വിശുദ്ധ കുര്‍ബാന പുസ്തകം- റാസക്രമം (30%), സഭാ സംബന്ധമായ പൊതു ചോദ്യങ്ങള്‍ (10%) എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ സിലബസ്. ആദ്യഘട്ടത്തിലെ സിലബസിന്റെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ റഫര്‍ ചെയ്ത് അയയ്ക്കാവുന്നതാണ്. ഗൂഗിള്‍ ഫോം വഴിയാണ് ഉത്തരങ്ങള്‍ അയയ്‌ക്കേണ്ടത്. അവസാന തീയതി 2024 ഒക്ടോബര്‍ 31 ആണ്.
ആദ്യഘട്ടത്തില്‍ ശരിയുത്തരം അയയ്ക്കുന്നവരില്‍ നിന്ന് ഓരോ ഇടവകയിലെയും രണ്ടു ടീമുകള്‍ (കുടുംബങ്ങളെ) ഫൈനല്‍ മത്സരത്തിന് യോഗ്യത നേടും. ഫൈനലില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മഞ്ചേരി കെം ഫാര്‍മ സ്‌പോണ്‍സര്‍ ചെയ്യുന്ന 15,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് മഞ്ചേരി ഫാത്തിമ ഡ്രഗ് ലൈന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 10,000 രൂപ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനക്കാര്‍ക്ക് മഞ്ചേരി മാരുതി ഓട്ടോ ഹൗസ് സ്‌പോണ്‍സര്‍ ചെയ്യുന്ന 5000 രൂപ ക്യാഷ് പ്രൈസും സമ്മാനം. പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണെന്ന് താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍ അറിയിച്ചു.