Editor's Pick

ഇഷ്ടമുള്ള പള്ളിയില്‍ വച്ച് വിവാഹം കഴിക്കാമോ?


ഒരു വിവാഹം ആശീര്‍വദിക്കപ്പെടേണ്ട സ്ഥലം ഏതാണ് എന്നതിന് സഭാനിയമം വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. പൗരസ്ത്യ സഭാനിയമമനുസരിച്ച്, ”വിവാഹം നടത്തേണ്ടത് ഇടവക ദൈവാലയത്തിലോ, സ്ഥലമേലധ്യക്ഷന്റെയോ, സ്ഥലത്തെ വികാരിയുടെയോ അനുവാദത്തോടു കൂടി മറ്റേതെങ്കിലും വിശുദ്ധ സ്ഥലത്തോ വച്ചാണ്. എന്നാല്‍ സ്ഥലമേലധ്യക്ഷന്റെ അനുവാദം കൂടാതെ ഇതര സ്ഥലങ്ങളില്‍ വച്ച് വിവാഹം നടത്തുവാന്‍ സാധിക്കില്ല” (CCEO c. 838 §1). ലത്തീന്‍ സഭാനിയമത്തിലും സമാനമായ നിര്‍ദേശമാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. ഇവിടെയും ഒരു കത്തോലിക്കന്റെ വിവാഹം ഇടവക ദൈവാലയത്തിനു പുറത്ത് വച്ച് നടത്തുന്നതിന് അനുവാദം ആവശ്യമാണെന്ന് വ്യക്തമാക്കുന്നു.

എന്നാല്‍, ഒരു കത്തോലിക്കനും മാമ്മോദീസ സ്വീകരിക്കാത്ത ഒരു വ്യക്തിയും തമ്മിലുള്ള വിവാഹം പള്ളിയില്‍ വച്ചോ, ഉചിതമായ മറ്റൊരു സ്ഥലത്തു വച്ചോ നടത്താമെന്ന് നിയമം പറയുന്നു (CIC c. 1118). ഇടവക ദൈവാലയത്തിന്റെ പ്രസക്തിയും ഒരു വിശ്വാസിയുടെ വിശ്വാസ രൂപീകരണത്തിലും വളര്‍ച്ചയിലും ആ വ്യക്തി അംഗമായിരിക്കുന്ന ഇടവക ദൈവാലയത്തിനുള്ള സ്ഥാനവും ഇവിടെ വ്യക്തമാണ്. വിവാഹം പരികര്‍മ്മം ചെയ്യുന്നതിനുള്ള അനുയോജ്യമായ സ്ഥലം ഇടവക ദൈവാലയമാണ്. കാരണം ഈ സമൂഹത്തിലാണ് ക്രൈസ്തവ ജീവിതത്തിന്റെ രൂപീകരണം നടക്കുന്നത്.

അടുത്ത ചോദ്യം, ആരുടെ ഇടവക ദൈവാലയം എന്നതാണ്. വരനും വധുവിനും സ്വന്തമായ ഇടവക സമൂഹവും ഇടവകയിലെ അംഗത്വവും ഉണ്ടായിരിക്കാം. വരനും വധുവിനും ഇക്കാര്യത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാമെന്ന സൂചനയാണ് ലത്തീന്‍ സഭാനിയമം നല്‍കുന്നത്. (CIC c. 1115). എന്നാല്‍ പൗരസ്ത്യ നിയമം കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് വരന്റെ ഇടവകയില്‍ വിവാഹം ആശീര്‍വദിക്കുന്നതിനാണ് (CCEO c. 831 §2).

അതേസമയം, വരന്റെ ഇടവകയില്‍ വിവാഹം നടത്തണമെന്നുള്ള നിര്‍ദേശം മറ്റ് സാഹചര്യങ്ങള്‍ക്ക് വിധേയമായിട്ടാണ് നല്‍കിയിരിക്കുന്നത് എന്നതും മനസ്സിലാക്കണം. ഓരോ പൗരസ്ത്യ സഭയ്ക്കുമുള്ള പ്രത്യേക നിയമത്തിന് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള സ്വാതന്ത്ര്യം പൊതുനിയമം നല്‍കുന്നുണ്ട്. ന്യായമായ ഒരു കാരണം നിലനില്‍ക്കുന്നെങ്കില്‍ വരന്റെ ഇടവകയില്‍ വിവാഹം നടത്തുന്നതില്‍ നിന്ന് ഒഴിവ് എടുക്കാവുന്നതാണ്. സിറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം പറയുന്നത് ഇപ്രകാരമാണ്: ഓരോ രൂപതയിലും നിലനില്‍ക്കുന്ന രീതിയനുസരിച്ച് വരന്റെയോ വധുവിന്റെയോ ഇടവക പള്ളിയിലാണ് വിവാഹം നടത്തേണ്ടത്. സ്ഥലം വികാരിയുടെ അനുവാദത്തോടെ സൗകര്യപ്രദമായ മറ്റൊരു പള്ളിയിലും വിവാഹം നടത്താവുന്നതാണ് (PL Art 185 §81).

വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്ഥലം വികാരിയുടെയും സ്ഥലമേലധ്യക്ഷന്റെയും പ്രത്യേകമായ ദൗത്യങ്ങളെപ്പറ്റി സൂചനയുണ്ട്. ഒരു വ്യക്തി തന്റെ വികാരി അല്ലെങ്കില്‍ സ്ഥലമേലധ്യക്ഷന്‍ ആരെന്നത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കണം. വിവാഹിതരാകുന്ന കക്ഷികള്‍ക്ക് സ്ഥിരതാമസമോ, താല്‍ക്കാലിക താമസമോ ഉള്ള സ്ഥലത്തെ ഇടവക ദൈവാലയത്തിന്റെ ഉത്തരവാദിത്തമുള്ള വൈദികനാണ് വികാരി. ആ ഇടവക ഉള്‍പ്പെടുന്ന രൂപതയുടെ അധ്യക്ഷനാണ് സ്ഥലമേലധ്യക്ഷന്‍. ഇടവക ദൈവാലയത്തിലല്ലാതെ മറ്റൊരു സ്ഥലത്ത് വിവാഹം നടത്തണമെങ്കില്‍ വികാരിയുടെയോ, സ്ഥലമേലധ്യക്ഷന്റെയോ അനുവാദം ആവശ്യമാണ്.

അപ്പോള്‍, വരന്റെ അല്ലെങ്കില്‍ വധുവിന്റെ ഇടവക പള്ളിയിലാണ് സാധാരണഗതിയില്‍ വിവാഹം നടത്തേണ്ടത് എന്നു കണ്ടു. എന്നാല്‍ സ്ഥലമേലധ്യക്ഷന്റെയോ, ഇടവക വികാരിയുടെയോ അനുവാദത്തോടെ മറ്റ് ഏത് ദൈവാലയത്തിലും വിവാഹം നടത്താനുള്ള സ്വാതന്ത്ര്യം സഭാനിയമം വിവാഹിതരാകുന്നവര്‍ക്ക് നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, കൂടുതല്‍ സൗകര്യപ്രദമായ ഒരു പള്ളി വധൂവരന്മാര്‍ക്ക് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍, ഏതെങ്കിലും തരത്തില്‍ തങ്ങളുടെയോ, തങ്ങളുടെ കുടുംബത്തിന്റെയോ വിശ്വാസ ജീവിതത്തില്‍ പ്രാധാന്യമുള്ള ഒരു പള്ളിയില്‍ വച്ച് അല്ലെങ്കില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് തങ്ങളുടെ വിവാഹം നടത്താന്‍ ആവശ്യപ്പെടാം.

എന്നാല്‍ ഈ സാഹചര്യങ്ങളിലെല്ലാം സ്ഥലം വികാരിയുടെ അല്ലെങ്കില്‍ രൂപതാധ്യക്ഷന്റെ അനുവാദം മുന്‍കൂട്ടി വാങ്ങിയിരിക്കണം. സ്വന്തം ഇടവകയ്ക്കു പുറമേയുള്ള ഒരു പള്ളിയില്‍ വിവാഹം നടത്താന്‍ ആഗ്രഹിക്കുമ്പോള്‍, ആ പള്ളിയുടെ നിബന്ധനകള്‍ പാലിക്കാന്‍ വധൂവരന്മാര്‍ കടപ്പെട്ടവരാണ് എന്നത് ഓര്‍മ്മിക്കണമെന്നു മാത്രം.

ഇടവക പള്ളിയിലോ, മറ്റ് ദൈവാലയങ്ങളിലോ അല്ലാതെ മറ്റൊരു സ്ഥലത്ത് വിവാഹം നടത്താനുള്ള അനുവാദമുണ്ടോ? ഇതര സ്ഥലങ്ങളില്‍ വച്ച് വിവാഹം നടത്തുവാനുള്ള ഒരു സാധ്യത നിയമം പറയുന്നുണ്ട്. എന്നാല്‍ അതിന് സ്ഥലമേലധ്യക്ഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ആവശ്യമാണ് എന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. അതീവ ഗുരുതരമായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോള്‍, ഉദാഹരണത്തിന്, വീട്ടില്‍ വച്ചോ, ഒരു ഹാളില്‍ വച്ചോ വിവാഹം നടത്താനുള്ള അനുവാദം നല്‍കേണ്ടത് രൂപതാധ്യക്ഷനാണ്. രൂപതാധ്യക്ഷന്റെ പൂര്‍ണ്ണമായ വിവേചനാധികാരമാണ് ഒരു വ്യക്തിയുടെ ഇത്തരം ആവശ്യമുന്നയിച്ചു കൊണ്ടുള്ള അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള മാനദണ്ഡം.

ചുരുക്കത്തില്‍,
ഓരോ രൂപതയിലും പ്രദേശത്തും നിലനില്‍ക്കുന്ന ആചാരമനുസരിച്ച് വരന്റെ അല്ലെങ്കില്‍ വധുവിന്റെ ഇടവകയിലാണ് വിവാഹം നടത്തേണ്ടത്.

വരന്റെ/വധുവിന്റെ ഇടവകയ്ക്കു പുറമേ മറ്റൊരു ദൈവാലയത്തില്‍ വിവാഹം ആശീര്‍വദിക്കുന്നതിന് അനുവാദം നല്‍കേണ്ടത് നിയമപ്രകാരം വിവാഹം ആശീര്‍വദിക്കപ്പെടേണ്ട പള്ളിയിലെ വികാരിയച്ചനാണ്. ഇത് വരന്റെയോ വധുവിന്റെയോ വികാരിയാകാം.

ഇടവക ദൈവാലയത്തിനു പുറമെ മറ്റൊരു ദൈവാലയത്തില്‍ വിവാഹം നടത്തുമ്പോള്‍, ആ ദൈവാലയത്തിന്റെ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ വധൂവരന്മാര്‍ കടപ്പെട്ടവരാണ്.

തക്കതായ കാരണമുള്ളപ്പോള്‍, ദൈവാലയത്തിനു പുറത്ത്, ഉചിതമായ മറ്റൊരു സ്ഥലത്തു വച്ച് വിവാഹം നടത്താം. ഇക്കാര്യത്തില്‍ അനുവാദം നല്‍കേണ്ടത് രൂപതാധ്യക്ഷനാണ്.


Leave a Reply

Your email address will not be published. Required fields are marked *