Daily Saints

ജനുവരി 15: വിശുദ്ധ പൗലോസ്


ക്രൈസ്തവ സന്യാസികള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അദ്യ സന്യാസിയായി പൗലോസിനെ കണകാക്കപ്പെടുന്നു. അദ്ദേഹം ഈജിപ്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. സേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തെ ഭയന്ന് പൗലോസ് മരുഭൂമിയിലേക്ക് ഒളിച്ചുപോയി, ഒരു ഗുഹയില്‍ താമസമാക്കി. ഇലകള്‍കൊണ്ട് വസ്ത്രമുണ്ടാക്കി. മരുഭൂമിയില്‍ ലഭിക്കുന്ന പഴങ്ങള്‍ ഭക്ഷിച്ച് അദ്ദേഹം ജീവിച്ചു.

മതപീഡനം സമാപിച്ചെങ്കിലും സന്യാസത്തിന്റെ മാധുര്യം മരുഭൂമിയില്‍ തുടരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 21 കൊല്ലം കടന്നു പോയി. അപ്പോള്‍ ഒരു കാക്ക ദിനംപ്രതി അദ്ദേഹത്തിന് ഒരു ഓരോ അപ്പംകൊണ്ടുവന്നു കൊടുക്കാന്‍ തുടങ്ങി. ഈ ജീവിതം 70 കൊല്ലത്തോളം തുടര്‍ന്നു.

അങ്ങനെയിരിക്കെ തൊണ്ണൂറുകാരനായ ആന്റണി സന്യാസി പൗലോസ് സന്യാസിയെ സന്ദര്‍ശിച്ചു. അന്ന് കാക്ക രണ്ടപ്പം കൊണ്ടുവന്നിരുന്നു. ഭക്ഷണം കഴിഞ്ഞ് ഇരുവരും തീഷ്ണമായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാനന്തരം പൗലോസ് പറഞ്ഞു: ‘ഞാന്‍ താമസിയാതെ മരിക്കും. എന്റെ ശവസംസ്‌ക്കാരത്തിനായി ദൈവം താങ്കളെ അയച്ചതാണ്. അത്തനേഷ്യസ് താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള വസ്ത്രത്തില്‍ എന്നെ പൊതിയണം.’ ഈ വസ്ത്രത്തിന്റെ കാര്യം പൗലോസിന് ദൈവം തന്നെ വെളിപ്പെടുത്തിയതാണ്. ആന്റണി വസ്ത്രമെടുക്കാനായി നീങ്ങുമ്പോള്‍ പൗലോസ് മഹത്വത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് അദ്ദേഹം കണ്ടു. ആന്റണി തിരിച്ചു വന്നപ്പോള്‍ പൗലോസ് മുട്ടുകുത്തി നില്‍ക്കുന്ന നിലയില്‍ മരിച്ചതായിട്ടാണ് ദര്‍ശിച്ചത്. ദൈവത്തില്‍ ശരണം വയ്ക്കുന്നവര്‍ ലജ്ജിക്കുകയില്ല എന്ന് പൗലോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *