ജനുവരി 20: വിശുദ്ധ സെബാസ്റ്റിയന്‍ (രക്തസാക്ഷി)
ഒരു റോമന്‍ സൈനികോദ്യോഗസ്ഥനായിരുന്ന സെബാസ്റ്റിയന്‍ ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നര്‍ബോണയിലാണ് ജനിച്ചത്. സൈനിക സേവനം അദ്ദേഹത്തിന് അരോചകമായിരുന്നെങ്കിലും ക്രിസ്തീയ വിശ്വാസത്തെ പ്രതി അറസ്റ്റുചെയ്യപ്പെടുന്നവരെ സഹായിക്കാന്‍ വേണ്ടി റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ ഉപദേശം ജയില്‍ വാസികളെ സ്വാധീനിച്ചു. 16 ജയില്‍ വാസികള്‍ മാനസാന്തരപ്പെട്ടു. നിക്കോസ്ട്രാറ്റസിന്റെ ഊമയായിരുന്ന ഭാര്യയെ അദ്ദേഹം സുഖപ്പെടുത്തി.
285-ല്‍ ഡയോക്ലീഷ്യന്‍ റോമന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം സെബാസ്റ്റിയനെ അംഗരക്ഷക സൈന്യത്തിലെ ഒരംഗമാക്കി. എന്നാല്‍ ടോര്‍ക്വാറ്റസ് എന്ന ഒരു മതത്യാഗി അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. ജൂപ്പിറ്റര്‍ ദേവനു ധൂപം സമര്‍പ്പിച്ചു ജീവന്‍ സംരക്ഷിക്കാന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ ഉപദേശിച്ചെങ്കിലും അദ്ദേഹം തിരസ്‌ക്കരിച്ചു. തീയില്‍ ദഹിപ്പിക്കുമെന്ന് ചക്രവര്‍ത്തി ഭീഷണിപ്പെടുത്തിയപ്പോള്‍ സെബാസ്റ്റിയന്‍ പറഞ്ഞത് ഈശോയോടുള്ള സ്‌നേഹത്തെ പ്രതി തീക്കനലില്‍ക്കൂടി നടക്കുന്നത് റോസാപൂമെത്തയില്‍ കൂടി നടക്കുന്നതുപോലെയാണെന്നാണ്.
സെബാസ്റ്റിയനെ അമ്പെയ്തുകൊല്ലാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. ഘാതകര്‍ സെബാസ്റ്റ്യനെ ഒരു മരത്തില്‍ വരിഞ്ഞുകെട്ടി അമ്പെയ്തു. എന്നിട്ടും മരിച്ചില്ല എന്നു മനസിലായപ്പോള്‍ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊല്ലാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. അങ്ങനെ സെബാസ്റ്റ്യന്‍ രക്തസാക്ഷി മകുടം ചൂടി.