Daily Saints

ജനുവരി 22: ആര്‍ച്ചു ഡീക്കനായ വിശുദ്ധ വിന്‍സെന്റ്


സ്‌പെയിനില്‍ സരഗോസ എന്ന പ്രദേശത്തെ മെത്രാനായിരുന്ന വലേരിയൂസിന്റെ ശിഷ്യനായിരുന്നു ഡീക്കന്‍ വിന്‍സെന്റ്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഗവര്‍ണര്‍ ഡേഷ്യന്‍ ബിഷപ് വലേരിയൂസിനെയും ഡീക്കന്‍ വിന്‍സെന്റിനെയും കാരാഗൃഹത്തിലടയ്ക്കാനും പട്ടിണിയിടാനും വിവിധ തരത്തില്‍ മര്‍ദ്ദിക്കാനും കല്‍പിച്ചു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അവരെ ഡേഷ്യന്റെ പക്കല്‍ ആനയിച്ചപ്പോള്‍ അവര്‍ അക്ഷീണരായും പ്രസന്നരായും കാണപ്പെട്ടു.

പല ഭീഷണികളും ഉദാരവാഗ്ദാനങ്ങളും വഴി അവരെ മനസുമാറ്റാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും ‘ഞങ്ങള്‍ സത്യദൈവത്തെ പ്രതി എന്തും സഹിക്കാന്‍ തയ്യാറാണ്’ എന്ന് വിന്‍സെന്റ് മറുപടി പറഞ്ഞു. ഈ മറുപടി കേട്ട് ക്രുദ്ധനായ ഗവര്‍ണര്‍ വിന്‍സെന്റിനെ അതികഠിനമായി മര്‍ദ്ദിക്കാന്‍ ഉത്തരവായി. അദ്ദേഹത്തെ ഇരുമ്പു പലകയില്‍ കിടത്തി കാലും കയ്യും ബലമായി വലിച്ചു നീട്ടി. ഇരുമ്പുകൊളുത്തുകള്‍ കൊണ്ട് ശരീരം വലിച്ചു കീറി. ഉപ്പും മുളകും മുറിവില്‍ തേച്ചു. അതുകൊണ്ടും തൃപ്തിയാകാതെ പഴുത്ത ഒരു ഇരുമ്പു കസേരയില്‍ ഇരുത്തിയ ശേഷം ഏകാന്ത കാരാഗൃഹത്തിലിട്ട് ചികിത്സിച്ചു. വിന്‍സെന്റ് കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ ആ മുഖത്തുണ്ടായിരുന്ന ദിവ്യമായ പ്രസന്നതയും മുറിയിലുണ്ടായിരുന്ന പ്രകാശവും ദര്‍ശിച്ച ജയില്‍ വാര്‍ഡന്‍ തല്‍ക്ഷണം മാനസാന്തരപ്പെട്ടു ജ്ഞാനസ്‌നാനം സ്വീകരിച്ചു.

വിന്‍സെന്റിന്റെ മൃതദേഹം ഒരു കല്ലില്‍കെട്ടി കടലിലിട്ടു. അത് കരയ്ക്കടിഞ്ഞു വന്നു ക്രൈസ്തവരുടെ കൈവശമെത്തി. സഹനങ്ങളുടെയും പ്രലോഭനങ്ങളുടെയും ഇടയ്ക്ക് സമാധാനവും സംതൃപ്തിയും കണ്ടെത്താനായി പ്രാര്‍ത്ഥിക്കാം.


Leave a Reply

Your email address will not be published. Required fields are marked *