ജനുവരി 28: വിശുദ്ധ തോമസ് അക്വിനസ് (വേദപാരംഗതന്‍)
‘വാനവസഹജനായ വേദപാരംഗതന്,’ ‘വിശുദ്ധരില്‍ വെച്ച് വിജ്ഞന്, വിജ്ഞരില്‍ വെച്ച് വിശുദ്ധന്‍,’ ‘കത്തോലിക്കാ കലാശാലകളുടെ മധ്യസ്ഥന്,’ ‘വിനയമൂര്ത്തി’ എന്നിങ്ങനെ അപരനാമങ്ങള് സിദ്ധിച്ചിട്ടുള്ള വിശുദ്ധ തോമസ് അക്വിനസ് ഇറ്റലിയില് നേപ്പിള്‍സിനടുത്ത് റോകാസേക്കാ എന്ന സ്ഥലത്ത് ജനിച്ചു.
പ്രഭുകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഡൊമിനിക്കന്‍ സഭാ വസ്ത്രം സ്വീകരിച്ചു. ഇത് അച്ഛനമ്മമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സ്വന്തം അമ്മയുടെ പ്രേരണയാല്‍ സഹോദരന്മാര്‍ തോമസിനെ രണ്ടു കൊല്ലം ഒരു മുറിയില്‍ അടച്ചിട്ടു. കാരാഗൃഹവാസം തോമസിന് യാതൊരു മാറ്റവും കൊണ്ടുവന്നില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലിട്ടടച്ചിട്ടു. കുറച്ചുനേരം പ്രാര്‍ത്ഥിച്ച ശേഷം ഒരു തീക്കൊള്ളിയെടുത്ത് അവളെ ആട്ടിപ്പായിച്ചു.
പ്രലോഭനത്തില്‍ വിജയം നല്‍കിയ ദൈവത്തിന് നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു സമാധിയിലമര്‍ന്നു. രണ്ടു മാലാഖമാര്‍ വന്ന് അദ്ദേഹത്തിന്റെ അരയില്‍ ഒരു പട്ട കെട്ടിക്കൊടുത്തുകൊണ്ടു പറഞ്ഞു: ‘നിത്യകന്യാത്വമാകുന്ന അരപ്പട്ടകൊണ്ട് നിന്നെ ഞങ്ങള്‍ ബന്ധിക്കുന്നു.’ അങ്ങനെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന തോമസ് വിശുദ്ധ കുര്‍ബാനയെപ്പറ്റി എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് സംശയിച്ചപ്പോള്‍ ‘തോമാ, നീ എന്നെപ്പറ്റി നന്നായി എഴുതിയിരിക്കുന്നു.’ എന്ന ഈശോയുടെ അംഗീകാര വാക്കുകള്‍ സക്രാരിയില്‍ നിന്നും അദ്ദേഹം ശ്രവിച്ചു.
ശാന്തത വിരക്തിയേക്കാള്‍ വിരളമായ പുണ്യമാണ്. അത് വിരക്തിയേക്കാളും മറ്റ് പുണ്യങ്ങളേക്കാളും ശ്രേഷ്ഠമാണ്. കാരണം അത് ദൈവിക പുണ്യങ്ങളില്‍ ശ്രേഷ്ഠമായ സ്‌നേഹത്തിന്റെ പൂരകമാണ് – എന്നു പറഞ്ഞ വിശുദ്ധ അക്വിനസിന്റെ വിശുദ്ധ കുര്‍ബാനയോടുണ്ടായിരുന്ന ഭക്തിയും തിരുസഭയോടുള്ള ബഹുമാനാദരവും അസാധരണമായ എളിമയും കണ്ടു പഠിക്കാം.