ജനുവരി 27: വിശുദ്ധ ആഞ്ചെലാ മെരീച്ചി
ഉര്‍സൂളിന്‍ സന്യാസ സഭയുടെ സ്ഥാപകയായ ആഞ്ചെലാ മെരീച്ചി 1471 മാര്‍ച്ച് 21-ന് ലൊബാര്‍ഡിയില്‍ ദെസെന്‍സാനോ എന്ന നഗരത്തില്‍ ജനിച്ചു. പത്തുവയസ്സുള്ളപ്പോള്‍ അമ്മയും അച്ഛനും മരിച്ചു. പിന്നീട് അമ്മാവന്റെ കൂടെ ഭക്തിയില്‍ അവള്‍ ജീവിച്ചു. സ്വസഹോദരി കൂദാശകള്‍ സ്വീകരിക്കാതെ മരിക്കാനിടയായി. ഇത് ആഞ്ചെലായ്ക്ക് ഹൃദയഭേദകമായിരുന്നു.
അവള്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്ന് സഹോദരിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനകളും പ്രായശ്ചിത്ത പ്രവൃത്തികളും കാഴ്ചവച്ചു. പെണ്‍കുട്ടികള്‍ക്ക് ക്രിസ്തുമത പഠനം അത്യാവശ്യമാണെന്ന് കണ്ട് അവള്‍ സ്വഭവനം ഒരു പള്ളിക്കൂടമാക്കി മാറ്റി. അടുത്തുള്ള പെണ്‍കുട്ടികളെയെല്ലാം വിളിച്ചു വരുത്തി ദിവസംതോറും ക്രിസ്തുമതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചു പോന്നു. 1524-ല്‍ ആഞ്ചെലാ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മര്‍ഗ്ഗമധ്യേ ക്രെത്തെ ദ്വീപില്‍ വച്ച് അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. മടക്കയാത്രയില്‍, കാഴ്ച നഷ്ടപ്പട്ട സ്ഥലത്ത് ഒരു കുരിശു രൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. 1535 നവംബര്‍ 25-ന് 12 കന്യകമാരോടുകൂടി ബ്രേഷ്യയില്‍ ഉര്‍സൂളിന്‍ സഭ സ്ഥാപിച്ചു. 1540 ജനുവരി 27-ന് ആഞ്ചെലാ നിര്യാതയായി. ക്രിസ്തീയ വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ട ആഞ്ചെലായെ 1807-ല്‍ ഏഴാം പീയൂസ് പാപ്പ വിശുദ്ധയെന്ന് നാമകരണം ചെയ്തു.