ഫെബ്രുവരി 1: വിശുദ്ധ ബ്രിജിത്താ കന്യക
യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടിന്റെ മദ്ധ്യസ്ഥയായ വിശുദ്ധ ബ്രിജിത്താ അള്‍സ്റ്റൈറില്‍ 450 ല്‍ ജനിച്ചു. ചെറു പ്രായത്തില്‍ തന്നെ അവള്‍ തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കുകയും അവള്‍ക്ക് സ്വന്തമായിയുണ്ടായിരുന്ന സമസ്തവും ദരിദ്രര്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു.
അതീവ സുന്ദരിയായ ബ്രിജിത്തിനെ കാമുകന്മാര്‍ പൊതിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ വ്രതത്തിന് ഭംഗംവരാതിരിക്കാന്‍ വേണ്ടി തന്നെ വിരൂപയാക്കണമേയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു കണ്ണില്‍ നീരുവന്ന് മുഖം വിരൂപമായി. 20-ാമത്തെ വയസില്‍ അവള്‍ തന്റെ സമര്‍പ്പണത്തെപ്പറ്റി വിശുദ്ധ പാട്രിക്കിന്റെ സഹോദര പുത്രനായ വിശുദ്ധ മെല്ലിനോട് സംസാരിച്ചു. നിശ്ചിത ദിവസം സ്ഥലത്തെ ബിഷപ് വളരെയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ബ്രിജിത്തായ്ക്ക് ഒരു വെള്ളയുടുപ്പും ശിരോവസ്ത്രവും നല്‍കി. തല്‍സമയം അവളുടെ കണ്ണ് സുഖപ്പെട്ടു. അവളുടെ സൗന്ദര്യം മുഴുവനും തിരികെവന്നു.
തിരുവസ്ത്രങ്ങള്‍വിറ്റ് ദരിദ്രരെ സഹായിച്ചിരുന്ന അവളുടെ അനുകമ്പ വളരെ വലുതായിരുന്നു. ബ്രിജിത്തായുടെ അമ്പതുകൊല്ലത്തെ സമര്‍പ്പിത ജീവിതം കൊണ്ട് അയര്‍ലണ്ട് മുഴുവനും അവളുടെ സ്ഥാപനങ്ങളുടെ സമാധാനം ആസ്വദിച്ചു തുടങ്ങി. ദീര്‍ഘമായ അധ്വാനത്താല്‍ ക്ഷീണിതയായ ബ്രിജിത്താ 523 ഫെബ്രുവരി ഒന്നിന് ദിവംഗതയായി