വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങള്‍: മാര്‍ റാഫേല്‍ തട്ടില്‍

വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങളാണെന്നും അത് പരിപാവനമായി കാത്തുസൂക്ഷിക്കണമെന്നും സഭ നിര്‍ദ്ദേശിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ വചന സന്ദേശം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളികളില്‍ കുര്‍ബാന മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കുര്‍ബാനയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു ജനതയുണ്ട്. അവരുടെ ബാറ്ററി പവര്‍ പോയിന്റാണ് അള്‍ത്താരയും അവിടെ പങ്കുവയ്ക്കപ്പെടുന്ന വചനവും മുറിക്കപ്പെടുന്ന അപ്പവും. ജനങ്ങളുടെ ആവശ്യവും അനുസരിച്ച് കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സംസ്‌ക്കാരം വളര്‍ന്നു വരണം. ഇന്ന് സഭ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണം ‘ഇഷ്ടമുള്ളതുപോലെ കുര്‍ബാന ചൊല്ലണം’ എന്ന ആവശ്യമാണ്. ആദ്യത്തെ കൂടാരം എങ്ങനെ നിര്‍മ്മിക്കണമെന്ന് മോശയോടു പറഞ്ഞുകൊടുത്തത് കര്‍ത്താവാണ്. കൂടാരത്തില്‍ എന്തെല്ലാം ഉണ്ടായിരിക്കണമെന്നും ഓരോ വസ്തുക്കളും എവിടെ വയ്ക്കണമെന്നും കല്‍പ്പിച്ചത് ദൈവമാണ്. ദൈവ നിശ്ചയപ്രകാരമാണ് കൂടാരം ക്രമീകരിക്കപ്പെട്ടത്. വിശുദ്ധ കുര്‍ബാനയുടെ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റണം. ഓരോരുത്തരുടെയും ഇഷ്ടവും സൗകര്യവും അനുസരിച്ച് ചൊല്ലാനുള്ളതല്ല ആരാധനക്രമം. സഭ ക്രിസ്തുവിന്റെ മൗതിക ശരീരമാണ്. ബൈബിളിലെ ഒരു വരിപോലും മാറ്റാന്‍ ആര്‍ക്കും അവകാശമില്ല. അതുപോലെ തന്നെ കുര്‍ബാന പുസ്തകത്തില്‍ തോന്നിയതു ചേര്‍ക്കാനും വെട്ടിക്കളയാനും കഴിയില്ല. അത് കര്‍ത്താവിന്റെ പെസഹാ രഹസ്യത്തിന്റെ അടയാളവും തുടര്‍ച്ചയുമാണ് – മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.

ജനുവരി 19: വിശുദ്ധ മാരിയൂസ് മെത്രാന്‍

സ്വിറ്റ്‌സര്‍ലന്റില്‍ അവഞ്ചെസ് എന്ന സ്ഥലത്തെ മെത്രാനായിരുന്ന മാരിയൂസ് ഒരു റോമന്‍ കുലീന കുടുംബത്തില്‍ ജനിച്ചു. 574-ല്‍ അദ്ദേഹം അവഞ്ചെസിലെ മെത്രാനായി. പഠനത്തിലും പ്രാര്‍ത്ഥനയിലും സ്വര്‍ണ്ണപ്പണിയിലും അദ്ദേഹം സമയം ചെലവഴിച്ചു. തന്നിമിത്തം അലസമായ സംഭാഷണങ്ങള്‍ക്ക് സമയം തീരെ ഉണ്ടായിരുന്നില്ല. തിരുപാത്രങ്ങള്‍ അദ്ദേഹം തന്നെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കുമായിരുന്നു. ലൊസെയിനിലെ വിശുദ്ധ മേരിയുടെ ദൈവാലയം പണിയിച്ചതും കൂദാശ ചെയ്തതും അദ്ദേഹം തന്നെയാണ്. മരിച്ചനാള്‍ മുതല്‍ക്കു തന്നെ ജനങ്ങള്‍ ലൊസെയിനില്‍ മാരിയൂസിനെ വിശുദ്ധനായി വന്ദിച്ചുപോന്നു. അലസ മസ്തിഷ്‌ക്കം പിശാചിന്റെ കരകൗശലശാലയാണെന്നും എന്തെങ്കിലും പ്രയോജനകരമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് വിശുദ്ധ ജീവിതത്തിന് സഹായകമായിരിക്കും എന്നും വിശുദ്ധ മാരിയൂസിന്റെ ജീവിതം വ്യക്തമാക്കുന്നു.

കല്ലാനോട് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

മദര്‍ തെരേസ കെയര്‍ സെന്റര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മേരിക്കുന്ന് നിര്‍മ്മല ഹോസ്പിറ്റലും കല്ലാനോട് സെന്റ് മേരീസ് ചര്‍ച്ചും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 21ന് കല്ലാനോട് സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 08.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ജീവിതശൈലി രോഗങ്ങളെ തടയാനും പരിഹരിക്കാനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ഡോ. അരുണ്‍ മാത്യു നേതൃത്വം നല്‍കും. കാര്‍ഡിയോളജി, ന്യൂറോളജി, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഇസിജി, ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയം തുടങ്ങിയ പരിശോധനകള്‍ ക്യാമ്പില്‍ ഒരുക്കും.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: 7591971929, 9446261223

ജനുവരി 18: വിശുദ്ധ പ്രിസ്‌കാ

കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ പ്രിസ്‌ക ഒരു കുലീന റോമന്‍ വനിതയായിരുന്നു. 275-ല്‍ രക്തസാക്ഷിത്വം വരിച്ചു. വിയാഓസ്തിയായില്‍ വച്ചു പ്രിസ്‌കായുടെ തല വെട്ടപ്പെട്ടുവെന്നാണ് ഐതീഹ്യം. വിശുദ്ധയുടെ നാമദേയത്തിലുള്ള ഒരു ദേവാലയത്തില്‍ പുണ്യവതിയുടെ പൂജ്യാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നു. ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ സന്നദ്ധത പ്രകാശിപ്പിച്ച ഈ ധീരവനിതയുടെ ധൈര്യം സഹിച്ചുകൊണ്ട് ദൈവത്തെ സ്‌നേഹിക്കാന്‍ നമുക്ക് പ്രചോദനമായിരിക്കേണ്ടതാണ്.

മിഷന്‍ എല്ലാവരുടെയും ഉത്തരവാദിത്വം: മാര്‍ റാഫേല്‍ തട്ടില്‍

മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഷംഷബാദ് രൂപതയെക്കുറിച്ചും മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സംസാരിക്കുന്നു.

സീറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ രൂപതയാണ് ഷംഷബാദ്. ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭൂപ്രദേശവും ഷംഷബാദ് രൂപതയുടെ കീഴിലാണ്. 2014-ല്‍ സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരമാണ് രൂപത ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സീറോ മലബാര്‍ രൂപതയ്ക്ക് പുറത്തുള്ള വിശ്വാസികളെക്കുറിച്ച് പഠിക്കാന്‍ അപ്പസ്‌തോലിക്ക് വിസിറ്റേറ്ററെ നിയമിച്ചു. സീറോ മലബാര്‍ രൂപതകളില്ലാത്തയിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളെക്കുറിച്ച് വ്യക്തമായും കൃത്യമായും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഇത്തരത്തിലൊരു വിസിറ്റേറ്ററെ നിയമിച്ചത്. ഇതിന്റെ അന്തിമ ഫലമായാണ് ഷംഷബാദ് രൂപത നിലവില്‍ വരുന്നത്.

മാണ്ഡ്യാ രൂപതാ അതിര്‍ത്തിക്കപ്പുറം, കര്‍ണ്ണാടകയുടെ ബാക്കി ഭാഗങ്ങളും മറ്റു രൂപതകളില്‍പ്പെടാത്ത എല്ലാ സംസ്ഥാനങ്ങളെയും കൂട്ടിച്ചേര്‍ത്താണ് ഷംഷബാദ് രൂപത രൂപീകരിക്കപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ മുഴുവന്‍ സീറോ മലബാര്‍ സഭയ്ക്ക് അധികാര പരിധിയുണ്ടായി. രൂപത സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ പറഞ്ഞത് ഇന്ത്യയിലെ മറ്റു 30 രൂപതകളുടെ അധികാര പരിധിക്ക് പുറത്തുള്ള എല്ലാ പ്രദേശങ്ങളും ഷംഷബാദ് രൂപതയുടെ അധീനതയിലായിരിക്കും എന്നാണ്.
പുതിയ രൂപതയുടെ കീഴില്‍ ഇത്ര വലിയ ഭൂപ്രദേശത്ത് എങ്ങനെ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നത് വലിയൊരു ചോദ്യമായിരുന്നു. എന്നാല്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായി എല്ലായിടങ്ങളും സന്ദര്‍ശിച്ച അനുഭവത്തില്‍ മനസിലായത് വലിയ രൂപതയുടെ സഹകരണത്തോടെ മാത്രമേ കാര്യക്ഷമമായ രീതിയില്‍ ഇവിടെ അജപാലന പ്രവര്‍ത്തനം നടത്താന്‍ കഴിയു. അതുകൊണ്ട് വിവിധ ഭൂപ്രദേശങ്ങളെ വിവിധ രൂപതകള്‍ക്ക് എല്‍പ്പിക്കുകയാണ് ആദ്യമായി ചെയ്തത്.

ഇറ്റാവ മിഷനും രാജസ്ഥാന്‍ മുഴുവനും ചങ്ങനാശ്ശേരി രൂപതയുടെ സഹകരണത്തോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്‌കോട്ട് ഒഴികെ ഗുജറാത്തിലെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും പാലാ രൂപതയുടെ സഹകരണത്തോടെയാണ് അജപാലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിശാഖപട്ടണം മിഷന്‍ തൃശൂര്‍ രൂപത ഏറ്റെടുത്തു. കൂടാതെ മറ്റു രൂപതകളെല്ലാം ഷംഷബാദ് രൂപതയോടു സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇവിടുത്തെ അജപാലന പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു.

സഭ വ്യാപിക്കുന്നത് കുടിയേറ്റത്തിലൂടെയാണ്. കുടിയേറ്റക്കാര്‍ മിഷനറിമാരാണ്. ഈ വലിയൊരു കാഴ്ചപ്പാടോടെയാണ് ഷംഷബാദ് രൂപത പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സന്യാസ സഭകളെയും രൂപതകളെയും സഹകരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ എല്ലായിടത്തും ഷംഷബാദ് രൂപത അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഓരോ രൂപതകളും മിഷന്‍ പ്രദേശങ്ങള്‍ ഏറ്റെടുക്കുകയും അതത് രൂപതകളുടെ ഒരു ഫൊറോന പോലെ ആ പ്രദേശത്തെ പരിഗണിക്കുകയും ചെയ്താല്‍ വലിയ മാറ്റങ്ങള്‍ക്ക് അത് വഴിവയ്ക്കും. മിഷന്‍ ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ല. അത് ക്രൈസ്തവരായ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് മിഷന്‍ പ്രദേശങ്ങളിലാകെ ഭയങ്കര കുഴപ്പമാണെന്നതരത്തില്‍ പലപ്പോഴും അവതരിപ്പിച്ച് കണ്ടിട്ടുണ്ട്. അത് ശരിയല്ലെന്നാണ് അഭിപ്രായം. മിഷനിലാകെ അപകടമാണ് എന്ന തരത്തിലാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. പ്രതിസന്ധികളില്ലാതെ മിഷന്‍ പ്രവര്‍ത്തനമില്ല.

ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ഭരണത്തിലേറുമ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിസന്ധി ഉയരുന്നുണ്ട്. പക്ഷെ, പ്രതിസന്ധി കണ്ട് മാറി നില്‍ക്കാതെ ഭരണഘടന നല്‍കുന്ന സാധ്യതകളെ പരമാവധി വിനിയോഗിക്കാന്‍ കഴിയണം.

മിഷന്‍ പ്രദേശങ്ങള്‍ക്ക് വേണ്ടിയും മിഷനറിമാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. കൂടാതെ മിഷനറിമാരെ പ്രോത്സാഹിപ്പിക്കണം. സാധിക്കുന്ന സാമ്പത്തിക സഹായം നല്‍കണം. വിശ്രമ ജീവിതം നയിക്കുന്ന ആരോഗ്യമുള്ളവര്‍ക്കും മിഷനില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനാകും.

കരയിച്ച ‘ചാച്ചന്റെ’ ഡയറക്ടറോടൊപ്പം

‘ഈ ചാച്ചന്‍ കരയിച്ചു!’ ശാലോം ടെലിവിഷന്റെ യുട്യൂബ് ചാനലില്‍ അടുത്തിടെ അപ്‌ലോഡ് ചെയ്ത ‘ചാച്ചന്‍’ എന്ന ടെലിഫിലിം കണ്ടവരൊക്കെ കമന്റ് ബോക്‌സില്‍ ഒരുപോലെ കുറിച്ചതാണിത്. ഊട്ടി വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ കരുതലോടെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശം പങ്കുവച്ച ടെലിഫിലിം രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ‘ചാച്ചനെ’ക്കുറിച്ച് ഡയറക്ടര്‍ ലിജോ കെ. ജോണി സംസാരിക്കുന്നു.

  1. രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ കാഴ്ചക്കാരിലേക്ക് ‘ചാച്ചന്‍’ എത്തിയതിനെക്കുറിച്ച് എന്തു തോന്നുന്നു? എങ്ങനെയാണ് ഇത്തരമൊരു സബ്ജക്ടിലേക്ക് എത്തുന്നത്?

‘ചാച്ചന്’ ഇത്ര വലിയ സ്വീകാര്യത ലഭിച്ചത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വില മറക്കുന്ന മക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ വര്‍ഷം പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം സ്ഥിരമായി പങ്കുവച്ചിരുന്നൊരു വാര്‍ത്ത വാര്‍ദ്ധക്യത്തില്‍ അനാഥരാക്കപ്പെടുന്ന വൃദ്ധജനങ്ങളെക്കുറിച്ചായിരുന്നു. അശുപത്രികളില്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന് അവരെ അവിടെ ഉപേക്ഷിച്ചു പോകുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ടവര്‍ പിന്നീട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെയായി കഴിഞ്ഞു കൂടും. ജോലിയുമായി ബന്ധപ്പെട്ട് കുറേ യാത്രകള്‍ നടത്തുന്നതുകൊണ്ടുതന്നെ ഇത്തരം കാഴ്ചകള്‍ ഞാന്‍ നിരവധി തവണ നേരിട്ടു കണ്ടിട്ടുണ്ട്. അത്തരമൊരു യാത്രയില്‍ തോന്നിയ ചിന്തയില്‍ നിന്നാണ് ‘ചാച്ചന്റെ’ കഥ നാമ്പെടുക്കുന്നത്. നാടകകൃത്തും തിരക്കഥാകൃത്തുമായ സിബി നെല്ലിക്കലിനോട് ഈ സബ്ജക്ട് പങ്കുവച്ചു. അദ്ദേഹവും ഇതുപോലൊരു സബ്ജക്ട് എഴുതിയിട്ടുണ്ടായിരുന്നു. പിന്നീട് കുറേ ദിവസങ്ങള്‍ ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്തതാണ് ഇപ്പോള്‍ നാം കാണുന്ന ‘ചാച്ചന്‍’. ശാലോം ടെലിവിഷനിലാണ് ‘ചാച്ചന്‍’ ആദ്യമായി സംപ്രേഷണം ചെയ്യുന്നത്. അന്ന് പ്രോഗ്രാം ഹെഡ് ആയിരുന്ന ജിജോ ജോസഫ് (വരയന്‍ സിനിമയുടെ സംവിധായകന്‍) പച്ചക്കൊടി കാട്ടിയതുകൊണ്ടാണ് ചാച്ചന്‍ യാഥാര്‍ത്ഥ്യമായത്.

  1. ചാച്ചനായി അഭിനയിച്ച ശ്രീധരന്‍ പട്ടാണിപ്പാറയുടെ അഭിനയം ഏറെ പ്രശംസ നേടുന്നു… അദ്ദേഹത്തെക്കുറിച്ചും മറ്റ് അഭിനേതാക്കളെക്കുറിച്ചും എന്താണ് പങ്കുവയ്ക്കുവാനുള്ളത്?

ചാച്ചന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുമ്പോള്‍ തന്നെ ഞങ്ങളുടെ മനസില്‍ ശ്രീധരേട്ടന്റെ മുഖമായിരുന്നു തെളിഞ്ഞു നിന്നത്. വളരെ നല്ലൊരു അഭിനേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രായത്തില്‍ ഇന്ന് അഭിനയിക്കുന്നവരില്‍ വച്ച് ഏറ്റവും കൃത്യതയോടെ മികച്ച ടൈമിങ്ങോടെ വളരെ മനോഹരമായി അഭിനയിക്കുന്ന നടന്മാര്‍ വളരെ ചുരുക്കമായിരിക്കും. സീന്‍ വിശദീകരിക്കുമ്പോള്‍ സസൂഷ്മം അത് ഉള്ളിലേക്ക് സ്വാംശീകരിക്കാന്‍ പ്രത്യേക കഴിവു തന്നെയുണ്ട് അദ്ദേഹത്തിന്. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഇരട്ടിയായി അദ്ദേഹം പെര്‍ഫോം ചെയ്യും. അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സമ്മാനം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.
മറ്റ് അഭിനേതാക്കളെല്ലാം ശാലോം ഉള്‍പ്പെടുന്ന പ്രദേശത്തെ കലാകാരന്മാരാണ്. അവര്‍ക്ക് ഒരവസരം നല്‍കുകയെന്നത് ശാലോമിന്റെ ഒരു പോളിസിയാണ്. അഭിനേതാക്കളെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുത്തു എന്ന് നിസംശയം പറയാം.

  1. ഷൂട്ടിങ്ങിനിടെ മറക്കാന്‍ പറ്റാത്തതായ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിരുന്നോ? വിശദീകരിക്കാമോ?

മറക്കാന്‍ പറ്റാത്ത നിരവധി അനുഭവങ്ങള്‍ ഷൂട്ടിങ്ങിനിടെ ഉണ്ടായിട്ടുണ്ട്. നന്മയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ദൈവം പല വഴിയിലൂടെയും നമ്മെ സഹായിക്കും എന്നാണ് തോന്നിയിട്ടുള്ളത്. അവസാന സീനില്‍ ആ പൊലീസുകാരനൊപ്പം ചാച്ചന്‍ കോട്ടയത്തേക്ക് ബസ് കയറുകയാണ്. അത് ഷൂട്ട് ചെയ്യാന്‍ ഒരു ബസ് അത്യാവശ്യമായിരുന്നു. ചെറിയ ബഡ്ജറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് അത്തരമൊരു ബസ് വാടകയ്‌ക്കെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അതുവഴി സര്‍വീസ് നടത്തുന്ന ഒരു ബസ് അവിടെ പാര്‍ക്ക് ചെയ്തിരുന്നു. അവരോടു കാര്യം പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ സഹകരിച്ചു. രണ്ടു മൂന്നു തവണ ബസ് ഓടേണ്ടി വന്നെങ്കിലും നിസാരമായൊരു തുക മാത്രമേ അവര്‍ വാങ്ങിയുള്ളു. ദൈവിക ഇടപെടല്‍ അനുഭവിച്ച നിമിഷമായിരുന്നു അത്.

സെമിത്തേരിയിലിരുന്ന് ശ്രീധരേട്ടന്‍ കരയുന്നൊരു രംഗമുണ്ട്. ആദ്യമായി ഷൂട്ട് ചെയ്ത സീനായിരുന്നു അത്. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ ആ പ്രദേശത്ത് വലിയൊരു നിശബ്ദത ഉണ്ടായി. അദ്ദേഹത്തിന്റെ കരച്ചിലിന്റെ യഥാര്‍ത്ഥ ഓഡിയോ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു നോയിസും ഉണ്ടാകാതെ ആ ഒരു കരച്ചിലിന്റെ തീവ്രത ഒപ്പിയെടുക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ്.

ഇതില്‍ അഭിനയിച്ചിരിക്കുന്ന നായ്ക്കുട്ടിയുടെ പ്രകടനമാണ് മറ്റൊന്ന്്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ നായ്ക്കുട്ടിയാണ് അത്. പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടതായി വന്നില്ല, നായ്ക്കുട്ടി മനോഹരമായി അഭിനയിച്ചു. കര്‍ത്താവിന്റെ അനുഗ്രഹമായാണ് ഇത്തരം അനുഭവങ്ങളെ ഞാന്‍ നോക്കി കാണുന്നത്.

  1. പ്രേഷക പ്രതികരണം എങ്ങനെയുണ്ട്? മനസില്‍ മായാതെ നില്‍ക്കുന്ന പ്രതികരണം?

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുട്യൂബിലെ കമന്റ് ബോക്‌സില്‍ ഒരു ചേച്ചി എഴുതിയത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ മരിക്കുന്നതിന് മുമ്പ് എന്റെ ഭര്‍ത്താവിനെ സ്വര്‍ഗ്ഗത്തിലേക്ക് വിളിക്കേണമേ, അല്ലെങ്കില്‍ അദ്ദേഹം ഇവിടെ കിടന്ന് ഇതുപോലെ നരകിക്കുന്നത് എനിക്ക് സഹിക്കാനാകില്ല.’ എന്തു തീവ്രമായാണ് അവര്‍ പ്രണയിക്കുന്നത്!

ഞാന്‍ തൃശ്ശൂര്‍കാരനാണ്. അമ്പു പെരുനാള്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ അമ്പു പെരുനാളിന് ഞാന്‍ പുത്തന്‍പീടികയിലുള്ള എന്റെ പെങ്ങളുടെ വീട്ടില്‍ പോയി. അവിടെ അളിയന്റെ സുഹൃത്തുക്കളും പെരുനാള്‍ കൂടാന്‍ വന്നിരുന്നു. ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് ടിവിയില്‍ ‘ചാച്ചന്‍’ കണ്ടു. അതിഥികളായെത്തിയ നാലുപേരില്‍ മൂന്നു പേരും നിറകണ്ണുകളോടെയാണ് ടെലിഫിലിം കണ്ടു കഴിഞ്ഞ് എഴുന്നേറ്റത്.

തൃശ്ശൂരിലെ എറവ് കപ്പല്‍ പള്ളിയാണ് എന്റെ ഇടവക. ഞങ്ങളുടെ വികാരിയച്ചന്‍ ഫാ. റോയി വടക്കന്‍ ‘ചാച്ചന്‍’ കണ്ട് അഭിനന്ദിക്കുകയും ഇടവകയുടെ സ്വന്തം മകന്‍ എന്ന പേരില്‍ ഇടവകയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുകയും ചെയ്തത് വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്.

  1. വിഷ്വല്‍ മീഡിയ രംഗത്തേക്ക് എത്തുന്നത് എങ്ങനെയാണ്? പഠനം, മറ്റു വര്‍ക്കുകള്‍…

സി.എം.ഐ സഭയുടെ കീഴിലുള്ള ചേതനാ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. മീഡിയാ രംഗത്ത് ദൈവത്തിന് സാക്ഷ്യമാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. ശാലോമില്‍ ജോലി നേടുന്നത് അങ്ങനെയാണ്. ശാലോമിന് ഒരു ക്യാമറ പോലും സ്വന്തമായി ഇല്ലാതിരുന്ന കാലത്താണ് ഞാന്‍ ഇവിടെ ജോയിന്‍ ചെയ്യുന്നത്. 20 വര്‍ഷത്തോളമായി ശാലോമില്‍ ജോലി ചെയ്യുന്നു. പ്രമുഖ സംവിധായകനായിരുന്ന സിബി യോഗ്യാവീടനൊപ്പം നിരവധി പ്രോജക്ടുകള്‍ ചെയ്യാന്‍ സാധിച്ചു. അദ്ദേഹം റാണി മരിയയെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററിയുടെ ക്യാമറ കൈകാര്യം ചെയ്തത് ഞാനായിരുന്നു. റാണി മരിയയുടെ ഘാതകന്‍ സമുദര്‍ സിങ് പുല്ലുവഴിയിലെ വീട്ടിലെത്തി റാണി മരിയയുടെ അമ്മയുടെ കയ്യില്‍ നിന്ന് ചോറു വാങ്ങി തിന്നുന്നത് ഷൂട്ട് ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു. ആ ദൃശ്യങ്ങള്‍ ഒരു വിറയലോടെയാണ് ഞാന്‍ പകര്‍ത്തിയത്.

സിബി യോഗ്യാവീടന്‍ ചെയ്ത അല്‍ഫോന്‍സാമ്മ സീരിയിലിന് ഛായാഗ്രഹണം ചെയ്തത് ഞാനായിരുന്നു. സിനിമാ താരങ്ങളായ മിയ, നിഖില എന്നിവര്‍ ആദ്യമായി അഭിനയിക്കുന്നത് ആ സീരിയലിലാണ്. മികച്ച സീരിയലിനുള്ള സംസ്ഥാന അവാര്‍ഡും ആ സീരിയലിന് ലഭിച്ചിരുന്നു. എവുപ്രാസ്യ, മറിയം ത്രേസ്യ തുടങ്ങിയ സീരിയലുകളിലും സഹകരിച്ചു.

തൃശ്ശൂര്‍ അരിമ്പൂരിലെ ഏറവ് കപ്പല്‍ പള്ളി ഇടവകാംഗമായ ജോണി – ലില്ലി ദമ്പതികളുടെ മകനാണ് ലിജോ. ഭാര്യ: ആതിര ജോസ്. മക്കള്‍: എസ്സ മരിയ ലിജോ, എല്‍വിസ് ലിജോ, ഇവാനിയ ലിജോ.

ചാച്ചന്‍ ടെലിഫിലിം കാണാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനുവരി 17: ഈജിപ്തിലെ വിശുദ്ധ ആന്റണി

വിശുദ്ധ ആന്റണി ഈജിപ്തില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. ഏകദേശം 20 വയസുള്ളപ്പോള്‍ അദ്ദേഹം ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയുടെ സുവിശേഷത്തില്‍ ഇപ്രകാരം വായിക്കുന്നതു കേട്ടു, ‘നീ പരിപൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിക്കുള്ള സമസ്തവും വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക.’ ആന്റണി തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തു. മറ്റ് സന്യാസികളുടെ ജീവിതമുറ മനസിലാക്കി അദ്ദേഹം നൈല്‍ നദിയുടെ കിഴക്കുവശത്തുള്ള വിജന പ്രദേശത്തുപോയി ഏകാന്തം ഭജിച്ചു.

ആന്റണിയെ അനുകരിച്ച് അനേകര്‍ എത്തി. ശിഷ്യന്മാരുടെ ബാഹുല്യം നിമിത്തം അദ്ദേഹം നൈല്‍ നദിക്കും ചെങ്കടലിനും മദ്ധ്യേയുള്ള മറ്റൊരു വനത്തിലേക്ക് നീങ്ങി. അവിടെ 45 വര്‍ഷം താമസിച്ചു. പിശാച്ചുക്കള്‍ ആന്റണിയെ വളരെ മര്‍ദ്ദിച്ചുവെന്ന് പറയുന്നു. ‘ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല, നിങ്ങള്‍ക്ക് എന്നെ ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്ന് അകറ്റുവാന്‍ കഴിയുകയുമില്ല’ എന്നാണ് അദ്ദേഹം പിശാച്ചുക്കളോട് പറഞ്ഞത്.

പ്രലോഭനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ആന്റണി ആശാനിഗ്രഹവും പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിച്ചിരുന്നു. ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്ന് യാതൊന്നും എന്നെ അകറ്റുകയില്ലെന്ന അപ്പസ്‌തോലന്റെ മനോഭാവമായിരുന്നു സന്യാസിവര്യനായ വിശുദ്ധ ആന്റണിയുടേതും.

ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍

ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ജോസഫ് കൊല്ലംപറമ്പിനെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. 2022 ഒക്ടോബര്‍ 22നു ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയില്‍ സേവനം ചെയ്തുവരികയായിരുന്നു. ഷംഷാബാദ് രൂപതയില്‍ പുതിയ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അഡ്മിനിസ്‌ട്രേറ്ററായിരിക്കും.

ജനുവരി 16: ഹൊണോറാറ്റസ് മെത്രാന്‍

വിശുദ്ധി തഴച്ചുവളരുന്നത് മൗനത്തിലും ഏകാന്തതയിലുമാണെന്ന് ജീവിതം കൊണ്ട് വെളിപ്പെടുത്തിത്തന്ന വിശുദ്ധനാണ് വിശുദ്ധ ഹൊണോറാറ്റസ്. പണ്ട് ഗോള്‍ എന്ന് വിളിച്ചിരുന്ന ഫ്രഞ്ചു ദേശത്താണ് അദ്ദേഹം ജനിച്ചത്. പ്രസിദ്ധമായ ഒരു വിജാതിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. ക്രിസ്തുമതം ആശ്ലേഷിച്ചയുടനെ അദ്ദേഹം സ്വസഹോദരനുമൊരുമിച്ച് വിശുദ്ധ സ്ഥലങ്ങളും സിറിയായും ഈജിപ്തും സന്ദര്‍ശിക്കാനായി കപ്പല്‍ കയറി. എന്നാല്‍ സഹോദരന്റെ മരണത്തെത്തുടര്‍ന്ന് യാത്ര തുടരാതെ അദ്ദേഹം ഗോളിലേക്ക് മടങ്ങി.

ഫ്രെയൂസിലെ ബിഷപ് അദ്ദേഹത്തോട് ലെനിന്‍സു ദ്വീപില്‍ താമസിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അവിടെ അദേഹം ഒരാശ്രമം സ്ഥാപിച്ച് ഏകാന്തതയില്‍ താമസിച്ചു. ആള്‍സിലെ ആര്‍ച്ചുബിഷപ് വധിക്കപ്പെട്ടപ്പോള്‍ ഹൊണോറാറ്റസിനെ ആര്‍ച്ചുബിഷപ്പാക്കി. വിവിധ പാഷാണ്ഡതകള്‍കൊണ്ട് തകര്‍ന്ന് പോയിരുന്ന ആ അതിരൂപതയില്‍ ക്രമവും സത്യവിശ്വാസവും പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ജനുവരി 15: വിശുദ്ധ പൗലോസ്

ക്രൈസ്തവ സന്യാസികള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അദ്യ സന്യാസിയായി പൗലോസിനെ കണകാക്കപ്പെടുന്നു. അദ്ദേഹം ഈജിപ്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. സേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തെ ഭയന്ന് പൗലോസ് മരുഭൂമിയിലേക്ക് ഒളിച്ചുപോയി, ഒരു ഗുഹയില്‍ താമസമാക്കി. ഇലകള്‍കൊണ്ട് വസ്ത്രമുണ്ടാക്കി. മരുഭൂമിയില്‍ ലഭിക്കുന്ന പഴങ്ങള്‍ ഭക്ഷിച്ച് അദ്ദേഹം ജീവിച്ചു.

മതപീഡനം സമാപിച്ചെങ്കിലും സന്യാസത്തിന്റെ മാധുര്യം മരുഭൂമിയില്‍ തുടരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 21 കൊല്ലം കടന്നു പോയി. അപ്പോള്‍ ഒരു കാക്ക ദിനംപ്രതി അദ്ദേഹത്തിന് ഒരു ഓരോ അപ്പംകൊണ്ടുവന്നു കൊടുക്കാന്‍ തുടങ്ങി. ഈ ജീവിതം 70 കൊല്ലത്തോളം തുടര്‍ന്നു.

അങ്ങനെയിരിക്കെ തൊണ്ണൂറുകാരനായ ആന്റണി സന്യാസി പൗലോസ് സന്യാസിയെ സന്ദര്‍ശിച്ചു. അന്ന് കാക്ക രണ്ടപ്പം കൊണ്ടുവന്നിരുന്നു. ഭക്ഷണം കഴിഞ്ഞ് ഇരുവരും തീഷ്ണമായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാനന്തരം പൗലോസ് പറഞ്ഞു: ‘ഞാന്‍ താമസിയാതെ മരിക്കും. എന്റെ ശവസംസ്‌ക്കാരത്തിനായി ദൈവം താങ്കളെ അയച്ചതാണ്. അത്തനേഷ്യസ് താങ്കളെ ഏല്‍പ്പിച്ചിട്ടുള്ള വസ്ത്രത്തില്‍ എന്നെ പൊതിയണം.’ ഈ വസ്ത്രത്തിന്റെ കാര്യം പൗലോസിന് ദൈവം തന്നെ വെളിപ്പെടുത്തിയതാണ്. ആന്റണി വസ്ത്രമെടുക്കാനായി നീങ്ങുമ്പോള്‍ പൗലോസ് മഹത്വത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നത് അദ്ദേഹം കണ്ടു. ആന്റണി തിരിച്ചു വന്നപ്പോള്‍ പൗലോസ് മുട്ടുകുത്തി നില്‍ക്കുന്ന നിലയില്‍ മരിച്ചതായിട്ടാണ് ദര്‍ശിച്ചത്. ദൈവത്തില്‍ ശരണം വയ്ക്കുന്നവര്‍ ലജ്ജിക്കുകയില്ല എന്ന് പൗലോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Exit mobile version