Daily Saints

മാര്‍ച്ച് 3: വിശുദ്ധ മാരിനൂസ്


സേസരെയായില്‍ സമ്പത്തുകൊണ്ടും കുടുംബമഹിമകൊണ്ടും പ്രസിദ്ധനായിരുന്നു മാരിനൂസ്. 272-ല്‍ ഒരു ശതാധിപന്റെ ജോലി ഒഴിവു വന്നപ്പോള്‍ മാരിനൂസിന് ആ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ടായി. അതു മനസ്സിലാക്കിയ ഒരാള്‍ പറഞ്ഞു: ‘മാരിനൂസ് ക്രിസ്ത്യാനിയായതുകൊണ്ട് നിയമപ്രകാരം അദ്ദേഹത്തെ ആ ജോലിക്കു നിയമിക്കാവുന്നതല്ല.’

പാലസ്തീന ഗവര്‍ണര്‍ അക്കെയൂസ് മാരിനൂസിനോടു ചോദിച്ചു: ‘താങ്കള്‍ ക്രിസ്ത്യാനിയാണോ?’ അതെയെന്ന് മാരിനൂസ് മറുപടി നല്‍കി. ‘ആലോചിച്ച് ഉത്തരം പറയൂ. മൂന്നു മണിക്കൂര്‍ തരാം ചിന്തിക്കാന്‍’ ഗവര്‍ണര്‍ പറഞ്ഞു. സ്ഥലത്തെ മെത്രാനായ തെയോടെക്ക്‌നൂസ് ഇതറിഞ്ഞ് ന്യായാസനത്തിലെത്തി മാരിനൂസിനെ ദേവാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം അണിഞ്ഞിരുന്ന ഖഡ്ഗവും ഒരു സുവിശേഷ ഗ്രന്ഥവും കാണിച്ചുകൊണ്ട് ബിഷപ് പറഞ്ഞു: ‘ഇതില്‍ താങ്കള്‍ക്ക് ഏതു വേണം.’ ഒരു സംശയവും കൂടാതെ മാരിനൂസ് സുവിശേഷ ഗ്രന്ഥത്തിനായി കൈനീട്ടി.

ബിഷപ് പറഞ്ഞു: ‘ദൈവത്തോടു നിരന്തരം ചേര്‍ന്നു നില്‍ക്കുക. അവിടുന്ന് താങ്കളെ ശക്തിപ്പെടുത്തിക്കോളും.’

വീണ്ടും മാരിനൂസ് ന്യായാധിപന്റെ അടുക്കലെത്തി. മുമ്പത്തെക്കാള്‍ തീഷ്ണതയോടെ വിശ്വാസം ഏറ്റുപറഞ്ഞു. ഉടനടി അദ്ദേഹത്തിന്റെ തലയറുത്തു. അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. സ്വര്‍ഗ്ഗത്തിലേക്ക് കുരിശിന്റെ മാര്‍ഗ്ഗമല്ലാതെ മറ്റൊന്നില്ലെന്ന് വിശുദ്ധ മാരിനൂസിന്റെ ജീവിതം ഓര്‍മിപ്പിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *