മാര്‍ച്ച് 6: വിശുദ്ധ കോളെറ്റ് കന്യക
1381 ജനുവരി 13-ന് പിക്കാര്‍ഡിയില്‍ ഒരു തച്ചന്റെ മകളായി കോളെറ്റ് ജനിച്ചു. ബാല്യം മുതല്‍ക്കേ അവള്‍ സന്യാസത്തോട് അത്യന്തം താല്‍പര്യം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്ന് ഏകാകിനിയായി പിക്കാര്‍ഡിയിലെ ദൈവാലയത്തിനരികെ ഒരു കുടിലില്‍ താമസിച്ചു.
താദൃശ സന്യാസ ജീവിതത്തിന്റെ കാലം കഴിഞ്ഞുവെന്ന് കണ്ട് കോളെറ്റ് പൂവര്‍ ക്ലെയേഴ്‌സിന്റെ സഭയില്‍ ചേര്‍ന്നു. മാത്രമല്ല വിശുദ്ധ ഫ്രാന്‍സിസ് അസീസി അവള്‍ക്കു പ്രത്യക്ഷപ്പെട്ട് പൂവര്‍ ക്ലെയേഴ്‌സിന്റെ സഭ നവീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കരുതപ്പെടുന്നു.
സ്‌പെയിനിലെ മഠങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസ് നല്‍കിയ നിയമങ്ങളാണ് അനുസരിച്ചിരുന്നത്. പിശാച് അവളെ അങ്ങേയറ്റം പരീക്ഷിച്ചിരുന്നുവെങ്കിലും പ്രാഥമിക നിയമങ്ങളുടെ കാര്‍ക്കശ്യത്തിന് യാതൊരു കുറവും വരുത്താതെ കോളെറ്റ് അനുസരിച്ചുപോന്നു. ഭയങ്കരമായി പരീക്ഷണങ്ങളെയെല്ലാം ജയിച്ച് 1447 മാര്‍ച്ച് 6-ാം തിയതി കോളെറ്റ് ഭാഗ്യമരണം പ്രാപിച്ചു.