മാര്‍ച്ച് 22: വിശുദ്ധ സക്കറിയാസ് പാപ്പാ
യൂറോപ്പിന്റെ സമുദ്ധാരണത്തിന് അത്യധികം അധ്വാനിച്ചിട്ടുള്ള സക്കറിസ് പാപ്പ ഇറ്റലിയില്‍ കലാബ്രിയാ എന്ന പ്രദേശത്ത് ഗ്രീക്കു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. മാര്‍പ്പാപ്പായായശേഷം 11 കൊല്ലംകൊണ്ടു ചെയ്തു തീര്‍ത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തീക്ഷ്ണതയും അദ്ധ്വാനശീലവും നിതരാം സുവ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് ഗ്രീക്കു സാമ്രാജ്യവും ലൊമ്പാര്‍ഡുകാരും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിച്ചു. അങ്ങനെ ഒരു യുദ്ധം ഒഴിവാക്കി.
സഭാനിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാപ്പാ 743-ല്‍ റോമയില്‍ ഒരു സുനഹദോസു വിളിച്ചുകൂട്ടി. അന്നുവരെ ഉണ്ടായിട്ടുള്ള പ്രധാന നിയമങ്ങള്‍ മെത്രാന്മാടെ ശ്രദ്ധയില്‍ പതിക്കാന്‍ അതു സഹായിച്ചു.
ജര്‍മ്മനിയില്‍ വിശുദ്ധ ബോനിഫസ്സിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കിയ പ്രോത്സാഹനം ജര്‍മ്മനിയുടെ മാനസാന്തരം ഏതാണ്ട് പൂര്‍ത്തിയാക്കാന്‍ വഴിതെളിച്ചു. മാത്രമല്ല ഫ്രാങ്കുകാരുടെ രാജാവായി പെപ്പിനെ തിരഞ്ഞെടുത്തതു മാര്‍പ്പാപ്പാ അംഗീകരിക്കുകയും ചെയ്തു.
മോന്തെകസീനോ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുണ്ടാക്കുകയും ആശ്രമ ദൈവാലയത്തിന്റെ കൂദാശകര്‍മ്മം മാര്‍പ്പാപ്പാ നിര്‍വ്വഹിക്കുകയും ചെയ്തു. 510-ല്‍ ലൊമ്പാര്‍ഡുകള്‍ മോന്തെകസീനോ തകര്‍ത്തുകളഞ്ഞതാണ്. വിശുദ്ധ പെട്രോണാക്‌സിന്റെ പരിശ്രമത്താലും മാര്‍പ്പാപ്പായുടെ സഹകരണത്താലും മോന്തെകസിനോ വീണ്ടും ഉയര്‍ന്നുവന്നു.
റോമയുടെ സമീപത്ത് മാര്‍പ്പാപ്പാ കര്‍ഷക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ദരിദ്രര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്തു. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ ‘സംഭാഷണങ്ങള്‍’ എന്ന ഗ്രന്ഥം ഗ്രീക്കിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്തു.