Vatican News

ഫ്രാന്‍സീസ് പാപ്പായുടെ ‘ഊര്‍ബി ഏത്ത് ഓര്‍ബി’ സന്ദേശം


ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ സാഘോഷമായ സമൂഹ ദിവ്യബലി അര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളില്‍ മധ്യത്തിലുള്ള മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, ”റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന ”ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും നല്കി. ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജറുസലേമില്‍ നിന്നുയര്‍ന്ന പ്രഘോഷണം ഇന്ന് ലോകമെമ്പാടും മാറ്റൊലികൊള്ളുന്നു: ‘ക്രൂശിക്കപ്പെട്ട നസ്രായനായ യേശു ഉയിര്‍ത്തെഴുന്നേറ്റു!’ (മര്‍ക്കോസ് 16:6).

പ്രതീക്ഷകളെ അടയ്ക്കുന്ന വലിയ പാറകള്‍

ആഴ്ചയുടെ ആദ്യ ദിവസം പുലര്‍ച്ചെ കല്ലറയിങ്കലേക്കു പോയ സ്ത്രീകള്‍ക്കുണ്ടായ വിസ്മയം സഭയില്‍ വീണ്ടും പുനര്‍ജനിക്കുകയാണ്. യേശുവിന്റെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു; അതുപോലെ ഇന്ന് അത്യധികം ഭാരമേറിയതും കനത്തതുമായ പാറകള്‍ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: യുദ്ധത്തിന്റെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിന്റെ പാറ, തുടങ്ങിയവ. യേശുവിന്റെ ശിഷ്യകളായ സ്ത്രീകളെപ്പോലെ നമ്മളും പരസ്പരം ചോദിക്കുന്നു: ‘നമുക്കുവേണ്ടി ആരാണ് ഈ കല്ലുകള്‍ ഉരുട്ടിമാറ്റുക?’ (മര്‍ക്കോസ്16:3).

നമ്മിലും ഉളവാകുന്ന വിസ്മയം

ഉത്ഥാന ഉഷസ്സിലെ കണ്ടെത്തല്‍ ഇതാ: കല്ല്, ഇതിനകം ഉരുട്ടിമാറ്റപ്പെട്ട ആ വലിയ കല്ല്. ആ സ്ത്രീകളുടെ വിസ്മയം നമ്മുടെ വിസ്മയമാണ്: യേശുവിന്റെ കല്ലറ തുറക്കപ്പെട്ടിരിക്കുന്നു, അത് ശൂന്യവുമാണ്! ഇവിടെനിന്നാണ് എല്ലാം ആരംഭിക്കുന്നത്. ശൂന്യമായ ആ കല്ലറയിലൂടെയാണ് നമുക്കാര്‍ക്കുമല്ല, പ്രത്യുത, ദൈവത്തിനു മാത്രം തുറക്കാന്‍ കഴിഞ്ഞ പുതിയ പാത കടന്നുപോകുന്നത്: മരണത്തിനിടയില്‍ ജീവന്റെ പാത, യുദ്ധത്തിനു നടുവില്‍ സമാധാനത്തിന്റെ പാത, വിദ്വേഷത്തിനിടയില്‍ അനുരഞ്ജനത്തിന്റെ പാത, ശത്രുതയുടെ നടുവില്‍ സാഹോദര്യത്തിന്റെ പാത.

ജീവിതപാതയിലെ കല്ലുകള്‍ ആരു ഉരുട്ടിമാറ്റും?

സഹോദരീ സഹോദരന്മാരേ, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ അവനു മാത്രമേ കഴിയൂ. വാസ്തവത്തില്‍, ജീവിക്കുന്നവനായ അവന്‍തന്നെയാണ് മാര്‍ഗ്ഗം: ജീവിതത്തിന്റെ, ശാന്തിയുടെ, അനുരഞ്ജനത്തിന്റെ, സാഹോദര്യത്തിന്റെ വഴി. മാനുഷികമായി അസാദ്ധ്യമായ വഴി അവന്‍ നമുക്ക് തുറന്നുതരുന്നു, കാരണം അവന്‍ മാത്രമാണ് ലോകത്തിന്റെ പാപം നീക്കുകയും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിന്റെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപമോചനം കൂടാതെ, അടച്ചുപൂട്ടലുകള്‍, മുന്‍വിധികള്‍, പരസ്പര സംശയങ്ങള്‍, എപ്പോഴും സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഔദ്ധത്യം എന്നിവയില്‍ നിന്ന് പുറത്തുകടക്കാനാകില്ല. ഉത്ഥിതനായ ക്രിസ്തു മാത്രമാണ്, നമുക്ക് പാപമോചനമേകിക്കൊണ്ട്, ഒരു നവീകൃത ലോകത്തിനായുള്ള സരണി തുറക്കുന്നത്.

അടയ്ക്കപ്പെടുന്ന പാതകള്‍ തുറക്കുന്ന യേശു

ജീവിതത്തിന്റെ വാതിലുകള്‍, ലോകമെമ്പാടും വ്യാപിക്കുന്ന യുദ്ധങ്ങളാല്‍ നാം നിരന്തരം അടയ്ക്കുന്ന ആ വാതിലുകള്‍, നമുക്കായി തുറക്കുന്നത് അവിടന്നു മാത്രമാണ്. യേശുവിന്റെ പീഢാസഹനമരണോത്ഥാനങ്ങളുടെ സാക്ഷിയായ വിശുദ്ധനഗരമായ ജറുസലേമിലേക്കും വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹങ്ങളിലേക്കും സര്‍വ്വോപരി, ഇന്ന് നമുക്കു നോക്കാം.

യുദ്ധവേദികള്‍

ഇസ്രയേലിലും പലസ്തീനിലും ഉക്രൈയിനിലും തുടങ്ങി ലോകത്ത് നടക്കുന്ന നിരവധി സംഘര്‍ഷങ്ങളുടെ ഇരകളിലേക്കാണ് എന്റെ ചിന്തകള്‍ പോകുന്നത്. ഉത്ഥിതനായ ക്രിസ്തു, ആ പ്രദേശങ്ങളിലെ പീഡിതരായ ജനങ്ങള്‍ക്കുവേണ്ടി സമാധാനത്തിന്റെ ഒരു പാത തുറക്കട്ടെ. അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങള്‍ ആദരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, റഷ്യയും ഉക്രൈയിനും തമ്മില്‍ എല്ലാ തടവുകാരുടെയും പൊതുവായ ഒരു കൈമാറ്റം നടക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു: എല്ലാം എല്ലാവര്‍ക്കും വേണ്ടി!

ഗാസ

ഗാസയില്‍ മാനവിക സഹായസാധ്യത ഉറപ്പാക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു, ഒക്ടോബര്‍ 7 ന് തട്ടിക്കൊണ്ടുപോകപ്പെടുകയും ബന്ദികളാക്കക്കപ്പെടുകയും ചെയ്തിരിക്കുന്നവരെ ഉടന്‍ വിട്ടയയ്ക്കാനും ആ മുനമ്പില്‍ ഉടനടി വെടിനിര്‍ത്താനുമുള്ള ആവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു.

കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ

നിലവിലുള്ള ശത്രുത, തളര്‍ന്നിരിക്കുന്ന ജനങ്ങളില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതു തുടരാന്‍ അനുവദിക്കാനവില്ല. എത്ര മാത്രം യാതനകളാണ് കുട്ടികളുടെ കണ്ണുകളില്‍ നാം കാണുന്നത്. ആ യുദ്ധഭൂമികളില്‍ ആ കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കാന്‍ മറന്നുപോയിരിക്കുന്നു. അവരുടെ നോട്ടത്താല്‍ അവര്‍ നമ്മളോട് ചോദിക്കുന്നു: എന്തുകൊണ്ടിങ്ങനെ? എന്തുകൊണ്ടാണ് ഇത്രയധികം മരണം? എന്തുകൊണ്ടാണ് ഇത്രയേറെ നാശം? യുദ്ധം എല്ലായ്‌പ്പോഴും ഒരു ഭോഷത്തമാണ്, യുദ്ധം എല്ലായ്‌പ്പോഴും ഒരു തോല്‍വിയുമാണ്! യൂറോപ്പിലും മദ്ധ്യധരണിപ്രദേശത്തും കൂടുതല്‍ ശക്തമായ യുദ്ധക്കാറ്റ് വീശാന്‍ അനുവദിക്കരുത്. ആയുധങ്ങളുടെയും പുനരായുധീകരണത്തിന്റെയും യുക്തിക്ക് വഴങ്ങരുത്. സമാധാനം ഒരിക്കലും ആയുധങ്ങള്‍ കൊണ്ട് കെട്ടിപ്പടുക്കാനാകില്ല, മറിച്ച് നീട്ടിപ്പിടിക്കുന്ന കരങ്ങളാലും തുറന്ന ഹൃദയങ്ങളാലുമാണ് അത് സാധിക്കുക.

സിറിയ

സഹോദരീസഹോദരന്മാരേ, നീണ്ടതും വിനാശകരവുമായ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ പതിമൂന്നു വര്‍ഷമായി അനുഭവിക്കുന്ന സിറിയയെ നാം മറക്കരുത്. നിരവധിയായ മരിച്ചവരും കാണാതായവരും, അത്യധികമായ ദാരിദ്ര്യവും നാശവും അന്താരാഷ്ട്ര സമൂഹം ഉള്‍പ്പെടെയുള്ള എല്ലാവരിലും നിന്ന് ഉത്തരം കാത്തിരിക്കുന്നു.

ലെബനന്‍

ഇന്ന് എന്റെ നയനങ്ങള്‍ സവിശേഷമാംവിധം ലെബനനിലേക്ക് തിരിയുന്നു, വളരെക്കാലമായി ഭരണസംവിധാനപരമായ സ്തംഭനാവസ്ഥയും അഗാധമായ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളും ബാധിച്ചിരിക്കുന്ന ഒരു നാടാണത്. ഇപ്പോള്‍ ഈ പ്രതിസന്ധിയെ ഇസ്രായേലുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ വഷളാക്കിയിരിക്കുന്നു. ഉത്ഥിതന്‍ പ്രിയ ലെബനോന്‍ ജനതയ്ക്ക് സാന്ത്വനമേകുകയും സമാഗമത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും നാടായി മാറാനുള്ള വിളിയില്‍ അന്നാടിനെ ആകമാനം താങ്ങിനിറുത്തുകയും ചെയ്യട്ടെ.

പടിഞ്ഞാറന്‍ ബാള്‍ക്കന്‍ പ്രദേശം

യൂറോപ്യന്‍ പദ്ധതിയിലുള്ള സമാകലനത്തിലേക്ക് സുപ്രധാന ചുവടുകള്‍ വച്ചുകൊണ്ടിരിക്കുന്ന പശ്ചിമ ബാള്‍ക്കന്‍ മേഖലയെ ഞാന്‍ പ്രത്യേകം ഓര്‍ക്കുകയാണ്: വംശീയവും സാംസ്‌കാരികവും മതപരവുമായ വ്യത്യാസങ്ങള്‍ വിഭജനത്തിന് കാരണമാകരുത്, മറിച്ച് അത്, യൂറോപ്പിനാകമാനവും അഖില ലോകത്തിനും സമ്പന്നതയുടെ ഉറവിടമായി മാറണം.

അര്‍മേനിയയും അസര്‍ബൈജാനും

അതുപോലെ, അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു, അതുവഴി, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ അവര്‍ക്ക് സംഭാഷണം തുടരാനും കുടിയിറക്കപ്പെട്ടവരെ സഹായിക്കാനും വിവിധ മതസമൂഹങ്ങളുടെ ആരാധനാലയങ്ങളെ ആദരിക്കാനും സ്ഥായിയായ സമാധാന ഉടമ്പടിയില്‍ എത്രയും വേഗം എത്തിച്ചേരാനും കഴിയും.

ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകള്‍

ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അക്രമം, സംഘര്‍ഷം, ഭക്ഷ്യ അരക്ഷിതാവസ്ഥ, അതുപോലെതന്നെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ അനുഭവിക്കുന്ന ആളുകള്‍ക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യാശയുടെ പാത തുറന്നു നല്കട്ടെ. എല്ലാത്തരം ഭീകരപ്രവര്‍ത്തനത്തിന്റെയും ഇരകള്‍ക്ക് കര്‍ത്താവ് സാന്ത്വനമേകട്ടെ. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കുകയും അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ അനുതാപവും മാനസാന്തരവും നമുക്ക് അപേക്ഷിക്കുകയും ചെയ്യാം.

ഹൈറ്റി

ഹൈറ്റിയില്‍ കണ്ണീരും ചോരയും വീഴ്ത്തിയ അക്രമം എത്രയും വേഗം അവസാനിക്കുന്നതിനും അന്നാട് ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ പുരോഗമിക്കുന്നതിനും വേണ്ടി ഉത്ഥിതന്‍ അന്നാട്ടിലെ ജനതയെ സഹായിക്കട്ടെ.

റൊഹിങ്ക്യന്‍ ജനത

ഗുരുതരമായ മാനുഷിക പ്രതിസന്ധിയാല്‍ വലയുന്ന റോഹിങ്ക്യക്കാര്‍ക്ക് ഉത്ഥിതന്‍ സാന്ത്വനം പ്രദാനം ചെയ്യുകയും വര്‍ഷങ്ങളോളം ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ പിച്ചിച്ചീന്തപ്പെട്ട മ്യാന്‍മറില്‍ അക്രമത്തിന്റെ എല്ലാ യുക്തികളും എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെടുന്നതിനായി, അനുരഞ്ജനത്തിനുള്ള വഴി തുറക്കുകയും ചെയ്യട്ടെ.

ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ദുരിതം

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍, പ്രത്യേകിച്ച് സുഡാനിലെയും സഹേല്‍ മേഖലയിലെയും ആഫ്രിക്കയുടെ കൊമ്പ് പ്രദേശത്തെയും കോംഗൊ പ്രജാധിപത്യറിപ്പബ്ലിക്കിലെ കിവു മേഖലയിലെയും മൊസാംബിക്കിലെ കാപൊ ദെല്‍ഗാദൊ പ്രവിശ്യയിലെയും കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് കര്‍ത്താവ് സമാധാന വഴികള്‍ തുറക്കുകയും വളരെയധികം പ്രദേശങ്ങളെ ബാധിക്കുകയും ഭക്ഷ്യക്ഷാമവും പട്ടിണിയും വിതയ്ക്കുകയും ചെയ്യുന്ന നീണ്ട വരള്‍ച്ചയ്ക്ക് അറുതി വരുത്തുകയും ചെയ്യട്ടെ.

ഉത്ഥിതന്റെ സാന്ത്വനം ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ലഭിക്കട്ടെ

ഉയിര്‍ത്തെഴുന്നേറ്റവന്‍ കുടിയേറ്റക്കാര്‍ക്കും സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്കും അവരുടെ ആവശ്യസമയത്ത് സമാശ്വാസവും പ്രത്യാശയും പ്രദാനം ചെയ്തുകൊണ്ട് അവരുട മേല്‍ അവിടത്തെ വെളിച്ചം ചൊരിയട്ടെ. മെച്ചപ്പെട്ടൊരു ജീവിതത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അന്വേഷണത്തില്‍ ഏറ്റം ദരിദ്ര കുടുംബങ്ങള്‍ക്ക് മേല്‍ വന്നുപതിക്കുന്ന നിരവധി വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍, ഐക്യദാര്‍ഢ്യത്തില്‍ ഒന്നിക്കുന്നതിലേക്ക് ക്രിസ്തു നല്ല മനസ്സുള്ള സകലരെയും നയിക്കട്ടെ.

ജീവന്‍ എന്ന അമൂല്യ ദാനം

പുത്രന്റെ പുനരുത്ഥാനത്തില്‍ നമുക്ക് നല്‍കപ്പെട്ട ജീവന്‍ നാം ആഘോഷിക്കുന്ന ഈ ദിനത്തില്‍, നമുക്ക്, നാം ഓരോരുത്തരോടും ദൈവത്തിനുള്ള അനന്തമായ സ്‌നേഹം ഓര്‍ക്കാം: എല്ലാ പരിധികളെയും എല്ലാ ബലഹീനതകളെയും മറികടക്കുന്ന ഒരു സ്‌നേഹം. എന്നിട്ടും ജീവന്‍ എന്ന അനര്‍ഘ ദാനം പലപ്പോഴും എത്രമാത്രം നിന്ദിക്കപ്പെടുന്നു. വെളിച്ചം പോലും കാണാന്‍ കഴിയാതെവരുന്ന കുട്ടികള്‍ എത്രയാണ് ? പട്ടിണി മൂലം മരിക്കുന്നവര്‍ അല്ലെങ്കില്‍ അവശ്യ പരിചരണം ലഭിക്കാതെ പോകുന്നവര്‍ അല്ലെങ്കില്‍ ചൂഷണംചെയ്യപ്പെടുകയും അക്രമത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നവര്‍ ഏത്രയാണ്? മനുഷ്യക്കച്ചവട വര്‍ദ്ധനവിനവുമൂലം എത്രയെത്ര ജീവിതങ്ങളാണ് വാണിജ്യവത്കരിക്കപ്പെടുന്നത്?

മനുഷ്യക്കടത്ത് എന്ന വിപത്തിനെ ചെറുക്കുക

സഹോദരീസഹോദരന്മാരേ, മൃത്യുവിന്റെ അടിമത്തത്തില്‍ നിന്ന് ക്രിസ്തു നമ്മെ മോചിപ്പിച്ച ഈ ദിനത്തില്‍, ഞാന്‍, ചൂഷണ ശൃംഖലകള്‍ തകര്‍ക്കാനും അതിന് ഇരകളായവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും അക്ഷീണം പ്രയത്‌നിച്ചുകൊണ്ട് മനുഷ്യക്കടത്ത് എന്ന വിപത്തിനെ ചെറുക്കാന്‍ രാഷ്ട്രീയ ഉത്തരവാദിത്വം പേറുന്നവരെ ആഹ്വാനം ചെയ്യുന്നു. കര്‍ത്താവ് ആ ഇരകളുടെ കുടുംബങ്ങളെ, പ്രത്യേകിച്ച്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളറിയാന്‍ ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നവരെ ആശ്വസിപ്പിക്കട്ടെ, അവര്‍ക്ക് സാന്ത്വനവും പ്രത്യാശയും ഉറപ്പുനല്‍കട്ടെ.

പുനരുത്ഥാന വെളിച്ചം

പുനരുത്ഥാനത്തിന്റെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യപ്പെടേണ്ട ഓരോ മനുഷ്യജീവന്റെയും മൂല്യത്തെക്കുറിച്ച് നമുക്ക് അവബോധം പകരുകയും ചെയ്യട്ടെ. എല്ലാവര്‍ക്കും തുരുവുത്ഥാനത്തിരുന്നാള്‍ ആശംസകള്‍!

ആശീര്‍വ്വാദം

ഫ്രാന്‍സീസ് പാപ്പാ ”ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്‍കാന്‍പോകുകയാണെന്നും സഭ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ റേഡിയോ-ടെലെവിഷന്‍ മാദ്ധ്യമങ്ങളിലൂടെയൊ ഇതര സാങ്കേതികോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും റോമിന്റെ ചുമരുകള്‍ക്കു വെളിയിലുള്ള വിശുദ്ധ പൗലോസിന്റെ ബസിലിക്കയുടെ മുഖ്യപുരോഹിതനായ കര്‍ദ്ദിനാള്‍ ഹാര്‍വി ജെയിംസ് മൈക്കിള്‍ പ്രാര്‍ത്ഥനാനന്തരം അറിയച്ചതിനെ തുടര്‍ന്ന് മാര്‍പാപ്പ ”ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്‍കി. ആശീര്‍വ്വാദനാന്തരം, പാപ്പാ കൈകള്‍ വീശി എല്ലാവരെയും അഭിവാദ്യം ചെയ്തതിനു ശേഷം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്ന് പിന്‍വാങ്ങി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌


Leave a Reply

Your email address will not be published. Required fields are marked *