Vatican News

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ ഫ്രാന്‍സിസ് പാപ്പ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂര്‍, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുര്‍ എന്നീ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്‌തോലിക പര്യടനമാണിത്.

സെപ്റ്റംബര്‍ രണ്ടിന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പാപ്പ യാത്ര തിരിക്കും. റോമില്‍നിന്നു വിമാനം കയറുന്ന മാര്‍പാപ്പ പിറ്റേന്ന്് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെത്തും. ആറാം തീയതി വരെ ഇന്തോനേഷ്യയില്‍ അപ്പസ്‌തോലിക സന്ദര്‍ശനം തുടരും. 10.5 ശതമാനമാണ് ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ. ആറു മുതല്‍ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദര്‍ശനം നടത്തും. ഇവിടുത്തെ ജനസംഖ്യയില്‍ 32 ശതമാനവും കത്തോലിക്കരാണ്. പാപ്പുവ ന്യൂഗിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണ്.

സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ മാര്‍പാപ്പ കിഴക്കന്‍ ടിമുറില്‍ സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂറിലേക്കു പോകും. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ മൂന്നു ശതമാനമേ കത്തോലിക്കരുള്ളു. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങും.

ഫ്രാന്‍സിസ് പാപ്പ വിയറ്റ്‌നാമിലും സന്ദര്‍ശനം നടത്തുമെന്ന അഭ്യൂഹമുണ്ട്. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ആഴ്ച വിയറ്റ്‌നാം സന്ദര്‍ശിച്ചിരുന്നു. പേപ്പല്‍ സന്ദര്‍ശനം നടത്തുന്നതു സംബന്ധിച്ച് വിയറ്റ്‌നാം സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുവെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്‍പത്തിയേഴുകാരനായ പാപ്പയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയാകും യാത്ര. രണ്ടു വര്‍ഷമായി പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷത്തെ അവസാന പേപ്പല്‍ സന്ദര്‍ശനം ബല്‍ജിയത്തിലേക്കായിരിക്കും. കാത്തലിക് യൂണിവേഴ്‌സിറ്റി ജൂബിലി ആഘോഷത്തില്‍ പാപ്പ പങ്കെടുക്കും. ജന്മനാടായ അര്‍ജന്റീന സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *