Daily Saints

ഏപ്രില്‍ 21: വിശുദ്ധ ആന്‍സലം


ഇറ്റലിയിലെ അവോസ്ത എന്ന സ്ഥലത്ത് 1033 ലാണ് വിശുദ്ധ ആന്‍സലം ജനിച്ചത്. ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ആല്‍സലം 15 വയസ്സായതോടെ അതിനായി ശ്രമിച്ചെങ്കിലും പിതാവിന്റെ എതിര്‍പ്പ് മൂലം അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല. അതിനാല്‍ വിശുദ്ധന്‍ സ്വഗ്രഹം വിട്ട് ഫ്രാന്‍സിലെ പല വിദ്യാലയങ്ങളിലും പ്രവേശിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇങ്ങനെ 12 വര്‍ഷത്തോളം അദ്ദേഹം ചെലവഴിച്ചു.

സന്യാസി ആകാനുള്ള ആഗ്രഹം വീണ്ടും തീവ്രമായി. ഉടന്‍തന്നെ ആന്‍സലം ഇംഗ്ലണ്ടിലെ ബെക്ക് എന്ന സ്ഥലത്തെ ഒരു ആശ്രമത്തില്‍ പ്രവേശിച്ചു. പുണ്യത്തില്‍ അനുദിനം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന വിശുദ്ധന്‍ 1063-ല്‍ പ്രസ്തുത ആശ്രമത്തിലെ പ്രിയോരായി. ആന്‍സലത്തിന്റെ പുണ്യയോഗ്യതകളെക്കുറിച്ച് കേട്ടറിഞ്ഞ ഇംഗ്ലണ്ട് രാജാവ് വില്യം റൂഫസ് വിശുദ്ധനെ തന്റെ ജ്ഞാന ഗുരുവായി നിയമിച്ചു.

കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ വിശുദ്ധനെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. വിശുദ്ധന്‍ തന്റെ സംഭവബഹുലമായിരുന്ന ജീവിതത്തിനിടയിലും ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. തത്വ ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം പ്രശസ്തമാണ്. ഇതിനെല്ലാമുപരിയായി ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും വിശുദ്ധന്‍ മുമ്പിലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ അമലോല്‍ഭവ മാതാവിന്റെ ഭക്തി ആദ്യമായി പ്രചരിപ്പിച്ചത് ആന്‍സലമാണ്. 1109-ല്‍ വിശുദ്ധന്‍ നിര്യാതനായി.


Leave a Reply

Your email address will not be published. Required fields are marked *